SignIn
Kerala Kaumudi Online
Sunday, 25 October 2026 4.27 AM IST

ഹായ് ! ബൈരക്കുപ്പ, വയനാടിന്റെ സ്വപ്നം പാലം കടക്കും

1

 കബനി നദിയിലെ ഓളങ്ങൾക്ക് ഇന്നും പഴയ അതേ തെളിമയുണ്ട്; പക്ഷേ, ആ നദീതീരത്ത് വസിക്കുന്ന മനുഷ്യരുടെ കണ്ണിൽ തെളിയുന്നത് പതിറ്റാണ്ടിന്റെ കാത്തിരിപ്പും പ്രതീക്ഷകളും. വയനാടിന്റെ കുടിയേറ്റ ഭൂമിയായ പെരിക്കല്ലൂരിനെയും കർണാടകയുടെ ബൈരക്കുപ്പയെയും ബന്ധിപ്പിച്ച് കബനിക്ക് കുറുകെ ഒരു പാലം—ഒരു ജനത നീണ്ട മുപ്പത്തിരണ്ട് വർഷം നെഞ്ചിലേറ്റിയ സ്വപ്നം. ആ സ്വപ്നത്തിനാണ് ഒടുവിൽ യാഥാർത്ഥ്യത്തിന്റെ പച്ചക്കൊടി ഉയർന്നിരിക്കുന്നത്.

കേരള - കർണാടക അതിർത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കബനിക്ക് കുറുകെ ബൈരക്കുപ്പ പാലം എന്ന സ്വപ്നം പൂവണിയുന്നു. നീണ്ട 32 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒടുവിൽ പാലം നിർമ്മാണത്തിന് പച്ചക്കൊടി ഉയർന്നത്. 32 വർഷങ്ങൾക്ക് മുമ്പ്, 1994 സെപ്തംബർ 24 നാണ് അന്നത്തെ കേരള മുഖ്യമന്ത്രി കെ.കരുണാകരനും, കർണാടക മുഖ്യമന്ത്രി വീരപ്പമൊയ്ലിയും ചേർന്ന് പാലത്തിന് തറക്കല്ലിട്ടത്. ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ അന്നത്തെ ഇരു മുഖ്യമന്ത്രിമാരും ചേർന്ന് തറക്കല്ലിട്ട പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നടക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു.

പക്ഷേ അനുകൂല തീരുമാനത്തിന് വർഷം മുപ്പത്തിരണ്ട് കാത്തിരിക്കേണ്ടി വന്നു. പാലം നിർമ്മാണത്തിനായി കക്ഷി രാഷ്ട്രീയഭേദമന്യേ പ്രതിഷേധമുയർന്നു. ഇതിനിടെ ഇരുസംസ്ഥാനങ്ങളിലും ഭരണം മാറി. ഇപ്പോൾ എല്ലാത്തിനും സമയമായെന്ന് തോന്നുന്നു. കേരളത്തിലും കർണാടകത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണമാണിപ്പോൾ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പാലം നിർമ്മാണത്തിന് അനുമതി നൽകിയിരിക്കുന്നു. കുടിയേറ്റ മേഖലയായ പുൽപ്പള്ളി മുള്ളൻകൊല്ലി പ്രദേശങ്ങളുടെ പുരോഗതിക്ക് ഇനി കാതോർക്കാം. കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ പാലം നിർമ്മാണത്തിന് 27 കോടി അനുവദിച്ചു. 40 കോടിയുടെ പദ്ധതിയാണ് കേരള സർക്കാർ ആദ്യം കേന്ദ്രത്തിന് സമർപ്പിച്ചത്.

കഴിഞ്ഞമാസം 8ന് ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയർ 27 കോടിയുടെ പരിഷ്‌കരിച്ച പദ്ധതി രൂപരേഖ തയ്യാറാക്കി സമർപ്പിച്ച് അനുമതി തേടി. കേന്ദ്ര അടിസ്ഥാന റോഡ് വികസനഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. അവരുടെ മാർഗനിർദ്ദേശം പാലിച്ച് കേരള സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ പാലം നിർമ്മാണം നടത്തണമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് കർണാടക സർക്കാരും കേന്ദ്രത്തിന് താൽപര്യപത്രം നൽകി. സാമ്പത്തിക ബാദ്ധ്യതകളൊന്നും കർണാടക വഹിക്കില്ല. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഇരുഭാഗത്തും വേണ്ടിവരുന്ന സ്ഥലമേറ്റെടുപ്പ്, നിർമ്മാണം, മേൽനോട്ടം, ആറ്റകുറ്റപ്പണി എന്നിവയെല്ലാം കേരള പൊതുമരാമത്ത് വകുപ്പ് വഹിക്കണം.

ഈ വ്യവസ്ഥകളെല്ലാം അംഗീകരിച്ചാണ് പാലം നിർമ്മാണവുമായി മരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നത്. അന്നത്തെ എം.എൽ.എ കെ.സി. റോസക്കുട്ടി ഇതിനായി ഏറെ പ്രയത്നിച്ചിരുന്നു. എന്തായാലും വിവിധ കാരണങ്ങളാൽ നിർമ്മാണം ആരംഭിക്കാനായില്ല. ഒടുവിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധി താത്പര്യമെടുത്താണ് പാലം നിർമ്മാണത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. ഏതാനും മാസം മുൻപ് അവർ പെരിക്കല്ലൂരിലെ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ മനസിലാക്കി. പിന്നീട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരെ കണ്ട് പാലം യാഥാർത്ഥ്യമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന മരാമത്ത് മന്ത്രി പി.കെ.ബഷീറും ഇക്കാര്യങ്ങളിൽ ഇടപെടൽ ശക്തമാക്കി. പാലത്തിന്റെ അപ്രോച്ച് റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി ചർച്ചകൾ നടത്തിവരികയാണ്. കർണാടക ഭാഗത്തേതുൾപ്പെടെയുള്ള അപ്രോച്ച് റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ, നിർമ്മാണ മേൽനോട്ടം, തുടർന്നുള്ള അറ്റകുറ്റപ്പണി എന്നിവ കേരള പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലായിരിക്കും.

 കുടിയേറ്റ മേഖല വികസിക്കും

പാലം യാഥാർത്ഥ്യമാകുന്നതോടെ പെരിക്കല്ലൂർ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാപ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാകും. നിലവിലുള്ള യാത്രാപ്രയാസം കുറയ്ക്കുന്നതിനൊപ്പം വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലും പാലം വലിയ സൗകര്യം സൃഷ്ടിക്കും. പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവർക്ക് ബൈരക്കുപ്പ പാലം പ്രധാന ബദൽ ഗതാഗത മാർഗമാകും. ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കുമിടയിലെ യാത്രാദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും പാലം സഹായകമാകും.

 രാത്രിയാത്രാ നിരോധനത്തിൽ പൊറുതിമുട്ടി ജനം

കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766ലെ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും പദ്ധതിക്ക് പ്രാധാന്യമുണ്ട്. 2009 ജൂലായ് 27നാണ് ബന്ദിപ്പൂർ വനമേഖലയിൽ സംസ്ഥാന അതിർത്തിയായ മൂലഹള മുതൽ മഥൂർ വരെ 19 കിലോമീറ്റർ ദൂരത്തിൽ രാത്രി യാത്രാ നിരോധനം നടപ്പാക്കിയത്. 2009 ജനുവരി 23ന് ബന്ദിപ്പൂർ പ്രൊജക്ട് ടൈഗർ കൺസർവേറ്റർ ചാമരാജ് നഗർ കളക്ടർക്ക് നൽകിയ കത്തിനെ തുടർന്നാണ് രാത്രിയാത്ര നിരോധിക്കുന്നതായി കളക്ടർ 2009 ജൂൺ 7ന് ഉത്തരവിട്ടത് . രാത്രി ഒമ്പത് മുതൽ പുലർച്ചെ ആറ് വരെയാണ് നിരോധനം. വയനാട്ടിലെ ബാവലിയിൽ നിന്ന് തുടങ്ങുന്ന മൈസൂരുവിലേക്കുള്ള യാത്രയും വൈകിട്ട് ആറ് മുതൽ കാലത്ത് ആറ് വരെയും നിരോധിച്ചിട്ടുണ്ട്. യാത്രാ നിരോധനം വന്നതോടെ സംസ്ഥാനത്തിന് പ്രത്യേകിച്ച് വയനാടിന്റെ വികസനത്തിന് തിരിച്ചടി നേരിട്ടു. പല തവണ നിരോധനം നീക്കാനുള്ള ശ്രമമുണ്ടായെങ്കിലും വിജയം കണ്ടില്ല. നിലവിൽ ബന്ദിപ്പൂരിലെ കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയ്ക്ക് ബദലായി കുട്ട - ഗോണിക്കുപ്പ വഴി സ്റ്റേറ്റ് ഹൈവേ 88 ഉപയോഗിച്ചാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.

രാത്രി യാത്രാനിരോധനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 17 വർഷമായി കേസ് നടക്കുന്നു. രാത്രി ഒമ്പത് മണിക്ക് ശേഷം ഗുണ്ടൽപ്പേട്ടയ്ക്ക് പോകണമെങ്കിൽ 262 കിലോ മീറ്റർ അധികം ചുറ്റി സഞ്ചരിക്കണം!. അതും മാനന്തവാടി, കുട്ട, ഗോണിക്കുപ്പ, മൈസൂർ വഴി. കഴിഞ്ഞ 17 വർഷമായി ഇങ്ങനെ യാത്ര ചെയ്യുന്നു. വയനാട്ടിലെ ബാവലിയിൽ നിന്ന് തുടങ്ങുന്ന മൈസൂരുവിലേക്കുള്ള യാത്രയും വൈകിട്ട് ആറ് മുതൽ കാലത്ത് ആറ് വരെയും നിരോധിച്ചിട്ടുണ്ട്. 17 വർഷമായി ഇതേ പോലെ കഷ്ടപ്പെട്ട് യാത്ര ചെയ്യുകയാണ് ജനങ്ങൾ. ആരോട് പറയും?. എന്ന് തീരും ഈ ദുരിതം. അറിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAIRAKUPPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION