SignIn
Kerala Kaumudi Online
Thursday, 15 October 2026 1.49 AM IST

മണ്ണിന്റെ മണമറിഞ്ഞ നെല്ലച്ഛൻ

cheruvayal-raman

നെല്ലറയെന്ന് പേരുകേട്ട വയനാട്ടിൽ നെല്ലച്ഛനായി ചെറുവയൽ രാമൻ കടന്നു വന്നത് കയ്പ്പേറിയ അനുഭവങ്ങളിലൂടെയായിരുന്നു. ഇന്ന് കാണുന്നതൊന്നുമല്ല പണ്ടത്തെ വയനാട്. തിരുവിതാംകൂറിൽ നിന്നും മറ്റുമായി വയനാട്ടിലേക്ക് കുടിയേറിയവരാണ് ഇവിടെ കാർഷിക സംസ്‌കൃതിക്ക് വിത്തിട്ടത്. അതിന് പച്ചപ്പ് നൽകി നിലനിറുത്താൻ കുടിയേറ്റക്കാരെ സഹായിച്ചതാകട്ടെ വയനാട്ടിലെ കാടിന്റെ മക്കളായ കർഷക തൊഴിലാളികളും. മണ്ണിനോടും വന്യമൃഗങ്ങളോടും പൊരുതി ചോര നീരാക്കി കാടും മേടും വെട്ടിത്തെളിച്ച് മരം കോച്ചുന്ന തണുപ്പിലും മലമ്പനിയെന്ന മാറാരോഗത്തോട് പടപൊരുതി നീങ്ങിയവർക്ക് ഏറെ മുന്നേയായിരുന്നു ചെറുവയൽ രാമന്റെ ഇടം.

കണ്ണെത്താ ദൂരത്തായി പച്ച വിതാനിച്ച് കിടക്കുന്ന നെൽവയലുകളിൽ നിന്ന് വീശിയെത്തുന്ന കാറ്റിന് രാമൻ വിതച്ച നെല്ലിനങ്ങളുടെ സുഗന്ധമാണ്. വയനാടിന്റെ ഔഷധ വീര്യമുള്ള ഗന്ധകശാലയുടെയും ജീരക ശാലയുടെയും വശീകരണ സുഗന്ധം. ഈ ജൈവ മണ്ണിൽ തീർത്ത ജൈവകാർഷിക സംസ്‌കാരമാണ് ഇവിടെ പുലരേണ്ടതെന്ന് രാമൻ പറയുമായിരുന്നു. ആ സംസ്‌കാരത്തെ രാമൻ എപ്പോഴും കെട്ടിപ്പുണർന്നിരുന്നു. ആ കാർഷിക സംസ്‌കൃതിക്ക് ചെറു പോറലേൽക്കാനും അനുവദിച്ചിരുന്നില്ല വീര കേരളവർമ്മ പഴശി രാജാവിന്റെ പോരാളി പരമ്പരകളിലെ കണ്ണിയായ ഈ കുറിച്യ കാരണവർ.

താൻ പഠിച്ച ജൈവ കാർഷിക സംസ്‌കൃതിയെ രാജ്യത്ത് മാത്രമല്ല, ലോകത്താകെ പകർന്ന് നൽകാൻ മുണ്ടും മുറുക്കിയുടുത്ത് യാത്ര ചെയ്യുമായിരുന്നു ചെറുവയൽ രാമൻ എന്ന തനി നാടൻ കർഷകൻ. രാജ്യം പദ്മശ്രീ നൽകി ആദരിച്ചപ്പോഴും എളിമയായിരുന്നു രാമന്റെ മുഖമുദ്ര. നല്ല കൃഷിയെന്ന ചിന്തയിൽ, അതിനു വേണ്ടിയുള്ള പ്രയത്നത്തിൽ കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും തന്റെ ദു:ഖങ്ങൾ,​ വിഷമങ്ങൾ അതൊന്നും അധികമാരോടും പങ്കുവച്ചിരുന്നില്ല രാമൻ. ആരാകണം എന്ന ചോദ്യത്തിന് എന്റെ മകൻ ഒരു കർഷകനാകണം എന്ന് രക്ഷിതാക്കൾ പറയുന്ന കാലം ഇവിടെ ഇനി വരുമോ എന്ന് ചോദിച്ചിരുന്ന പച്ചയായ മനുഷ്യൻ.

കർഷകൻ ഇവിടെ ആദരിക്കപ്പെടണം. അവന് സർക്കാർ ശമ്പളം നൽകണം. കുടുംബത്തിന് പരിരക്ഷ നൽകണം. അതായിരുന്നു രാമന്റെ എക്കാലത്തെയും ആഗ്രഹങ്ങൾ. കർഷകനാണ് നാടിന്റെ നട്ടെല്ല് എന്ന് എപ്പോഴും പറയുമായിരുന്നു. പദ്മശ്രീ ലഭിച്ചശേഷവും രാമൻ സെമിനാറും ക്ലാസുമൊക്കെയായി രാജ്യത്തും പുറത്തുമായി സഞ്ചരിച്ചു. കമ്മനയിലെ ചെറുവയൽ വീട്ടിൽ രാവിലെ മുതൽ അർദ്ധരാത്രി വരെ സന്ദർശകർ എത്തിയിരുന്നു.

വീട്ടിൽ നിന്ന് പുറത്തുപോയാൽ പലപ്പോഴും അർദ്ധരാത്രിയാകും തിരിച്ചെത്താൻ. അപ്പോൾ കൈയിൽ നിറയെ മെമന്റോകളും ഷാളുകളുമൊക്കെയുണ്ടാകും. പക്ഷേ, മിക്കപ്പോഴും ഷർട്ടിന്റെ കീശയിലുണ്ടാവുക ചില്ലിക്കാശാകും. ചിലപ്പോൾ കാലിയായിരിക്കും. അപ്പോഴും ആരോടും പരിഭവം പറഞ്ഞില്ല രാമൻ. അഞ്ചാംതരം വരെ മാത്രമാണ് പഠിച്ചത്. അമ്മാവന്റെ ശിക്ഷണത്തിലായിരുന്നു ജീവിതം. ഡി.എം.ഒ ഓഫീസിൽ ജോലി കിട്ടിയിരുന്നു. എന്നാൽ അമ്മാവന്റെ നിർദ്ദേശം സർക്കാർ ജോലി വേണ്ടെന്നും കൃഷി നോക്കി നടത്താനുമായിരുന്നു. അത് അക്ഷരംപ്രതി അനുസരിച്ചു. കൃഷിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു.

വിത്ത് നൽകും,

തിരിച്ച് കിട്ടില്ല

പാരമ്പര്യ നെൽവിത്തുകൾ അന്യം നിന്ന് പോകരുതെന്നായിരുന്നു രാമന്റെ പക്ഷം. അറുപതോളം പരമ്പരാഗത നെൽവിത്തുകളാണ് രാമന്റെ പക്കലുള്ളത്. കൈവശമുളള വിത്തുകളിൽ അര കിലോവച്ച് ആവശ്യക്കാർക്ക് നൽകാറുണ്ട്. അതിന് കാശൊന്നും വേണ്ട, കൃഷി ചെയ്താൽ പകരം വിത്ത് തിരിച്ച് കൊടുത്താൽ മാത്രം മതി എന്നത് മാത്രമായിരുന്നു വ്യവസ്ഥ. പക്ഷേ പലരും വാക്ക് പാലിച്ചില്ല. ശാസ്ത്ര മേളകളിലടക്കം പ്രദർശിപ്പിക്കാൻ പലർക്കും വിത്ത് നൽകിയിട്ടുണ്ട്. പക്ഷേ, മേള കഴിഞ്ഞാലും പലരും വിത്ത് തിരിച്ചെത്തിക്കാറില്ല. എങ്കിലും രാമന് പരാതിയില്ല.

എന്നാൽ, കൃഷിയിറക്കിയ ചിലർ തിരികെയെത്തും ഒരുപിടി നെൽവിത്തുമായി. അതിനൊപ്പം ഒരുപിടി മണ്ണുമുണ്ടാകും. മണ്ണറിഞ്ഞ് കൃഷി ചെയ്യണമെന്നല്ലേ. അതുകൊണ്ട് വിത്തിനൊപ്പം മണ്ണ് കൂടി ഉണ്ടെങ്കിൽ നല്ലതെന്നായിരുന്നു രാമന്റെ പക്ഷം. പരമ്പരാഗത നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജീവിതം മാറ്റിവച്ച ചെറുവയൽ രാമന് സാമ്പാദ്യമായുണ്ടായിരുന്നത് മൂന്നരയേക്കറോളം സ്ഥലം. കുറിച്യ വിഭാഗത്തിൽ ഇപ്പോഴും കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ ഭൂമി തരംതിരിച്ചിട്ടില്ല.

വയനാട്ടിൽ ആദിവാസി ഉന്നതികളൊക്കെ മാറിയിട്ടുണ്ട്. എന്നാൽ ഇന്നും കച്ചിപ്പുരയിൽ താമസിക്കുന്നത് ഒരുപക്ഷേ,​ ചെറുവയൽ രാമൻ മാത്രമായിരിക്കും. നാല് വർഷമായി വീട് കെട്ടിമേഞ്ഞിട്ട്. എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിലാണ് ലോക പ്രസിദ്ധനായ ഈ ജൈവ കർഷകന്റെ വീട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERUVAYAL RAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION