SignIn
Kerala Kaumudi Online
Thursday, 15 October 2026 1.50 AM IST

പത്തായത്തിലെ നെല്ലും കാന്താരി മുളകും

cheruvayal-raman1

ചെറുവയൽ രാമൻ കൃഷിക്കായി രാസവളം ഉപയോഗിക്കാറില്ല. അതുകൊണ്ട് സർക്കാർ സബ്സിഡിയും ലഭിക്കാറില്ല. എന്തെങ്കിലും സഹായം ലഭിക്കണമെങ്കിൽ സ്വന്തം പേരിൽ ഭൂമി വേണം. കൃഷിഭവനുകൾ കയറിയിറങ്ങി നടക്കേണ്ടിയും വന്നിട്ടില്ല. ജീവിക്കാൻ പത്തായത്തിൽ മായമില്ലാത്ത നെല്ലുണ്ട്. ഒരു കാന്താരി മുളക് ഉണ്ടെങ്കിൽ കഞ്ഞി കുടിക്കാം. അതിന്റെ സുഖം എവിടെ കിട്ടും. ബാങ്ക് വായ്പയില്ലാത്ത ജീവിതമായിരുന്നു എപ്പോഴും രാമൻ ആഗ്രഹിച്ചിരുന്നത്.

ആവശ്യം വന്നാൽ പരിചയക്കാരോട് കൈവായ്പ വാങ്ങും. അവരാരും തിരികെ ചോദിച്ച് ശല്യപ്പെടുത്തില്ല. അവർ പറയുമായിരുന്നു 'രാമേട്ടന് കിട്ടുമ്പോൾ തന്നാൽ മതിയെന്ന്'. അതൊരു കരുതലാണ്. രാമേട്ടനോടുള്ള അവരുടെ കരുതൽ. ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന മരങ്ങൾ തൊടിയിലുണ്ട്. തലമുറകളായി സംരക്ഷിച്ചു പോരുന്നവ. മരവും ഒരു വരമാണ്. അവ മുറിച്ചുവിറ്റ് കടംവീട്ടാനും രാമൻ തയ്യാറായിരുന്നില്ല.

ദുബായിലെ പുനർജന്മം

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന 'വയലും വീടും' എന്ന പരിപാടിയിൽ പങ്കെടുക്കാനായിരുന്നു 2018ൽ ചെറുവയൽ രാമന്റെ ദുബായ് യാത്ര. ദുബായിലെത്തി പരിപാടി നടക്കുന്ന സ്ഥലത്ത് നെൽവിത്തുകൾ തരം തിരിച്ച് കൊണ്ടിരിക്കുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെറുവയൽ രാമനെ അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. പ്രവാസികളുടെ സഹായം കൊണ്ടു മാത്രമാണ് രാമന് അന്ന് ജീവിതം തിരിച്ച് കിട്ടിയത്.

ദുബായ് കോൺസുലേറ്റ് വഴി സഹായം ലഭ്യമാക്കാൻ അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ ഏർപ്പാട് ചെയ്തു. അവിടെ രാമനൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ പാസ്‌പോർട്ട് ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് അവിടേക്ക് എത്താനുമായില്ല. എം.എൽ.എ ആയിരുന്ന ഒ.ആർ.കേളു ഇടപെട്ട് മകൻ രാജേഷിന് പാസ്‌പോർട്ട് ലഭ്യമാക്കാൻ സഹായം ചെയ്തു. അങ്ങനെയാണ് രാജേഷ് ദുബായിൽ അച്ഛനടുത്തെത്തിയത്. തീർന്നു പോയി എന്ന് കരുതിയ ജീവിതം കാരുണ്യമുളളവരുടെ ഇടപെടലിൽ തിരിച്ചുകിട്ടി. ഇത് പുനർജന്മമാണെന്ന് രാമൻ പലപ്പോഴും പറയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERUVAYAL RAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION