
സംസ്ഥാന ബഡ്ജറ്റിന്റെ തയ്യാറെടുപ്പിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുൻ ധനമന്ത്രിമാരെക്കാൾ പ്രതിസന്ധിയുടെ കാലത്ത് പണപ്പെട്ടിയുടെ താക്കോലെടുക്കേണ്ടിവന്ന മന്ത്രിയാണ് അദ്ദേഹം.ശമ്പളം മുടങ്ങിയേക്കുമെന്ന ആശങ്ക പോലും കഴിഞ്ഞ വർഷമുണ്ടായി. എന്നിട്ടും കഴിഞ്ഞ നാലുവർഷവും ഒരു പോറൽ പോലുമേൽക്കാതെ കേരളത്തിന്റെ സമ്പദ്സ്ഥിതി കാത്തുപോന്ന ധനമന്ത്രി സംസ്ഥാനത്തിന്റെ ഉയിർത്തെഴുന്നേൽപിനുള്ള വഴികളാണ് വരുന്ന ബഡ്ജറ്റിൽ തേടുന്നത്.
കേന്ദ്രത്തിൽ നിന്ന് ന്യായവും കാത്തിരുന്നിട്ട് ഇനി കാര്യമില്ലെന്ന തിരിച്ചറിവാണ് ഇതിനു കാരണം. വികസനത്തിന്റെ കാലമാണ് വരാനിരിക്കുന്നത്. 2025-26 വർഷത്തേക്കുള്ളത് പ്രതീക്ഷാനിർഭരമായ ബഡ്ജറ്റായിരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. തനത് വരുമാനത്തിൽ വൻവർദ്ധനവ് നേടിയതിന്റെയും ഒരു ആനുകൂല്യവും മുടങ്ങാതെ നൽകാനായതിന്റെയും ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായുള്ള സംഭാഷണത്തിൽ നിന്ന്.
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളുടെ കുടിശികയാണ്. 2021-ൽ ശമ്പളപരിഷ്കരണത്തിനു ശേഷം ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പളപരിഷ്കരണ കുടിശിക, പെൻഷൻകാരുടെ പരിഷ്കരണ കുടിശിക തുടങ്ങി നിരവധി ആനുകൂല്യങ്ങൾ നൽകാൻ നാലുവർഷവും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പു വർഷത്തിലേക്ക് കടക്കുമ്പോഴെങ്കിലും ഇതിനു മാറ്റമുണ്ടാകുമോ എന്നാണ് ആകാംഷ. മാത്രമല്ല,സർക്കാർ ജീവനക്കാരുടെ അടുത്ത ശമ്പളപരിഷ്കരണത്തിന് സമയമെത്തുകയും ചെയ്തു. ഇക്കാര്യത്തിൽ ധനമന്ത്രിക്ക് പറയാനുളളത് ഇങ്ങനെ:
പരിഷ്കരണവും
ബാദ്ധ്യതയും
കൊവിഡിനു ശേഷം കേരളവും തെലങ്കാനയുമൊഴികെ രാജ്യത്ത് ഒരിടത്തും ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. രണ്ടിടങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അതുകൊണ്ട് ഉണ്ടായത്. സംസ്ഥാനത്തിന് 25,000-ത്തിലധികം കോടിയുടെ അധികബാദ്ധ്യത ഏറ്റെടുക്കേണ്ടിവന്നു. അതിന്റെ ക്ഷീണത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. പക്ഷേ, അതിന്റെ പ്രാധാന്യം ഉൾക്കൊള്ളാത്ത മട്ടിലാണ് പുതിയ പരാതികളുമായി ജീവനക്കാരും അദ്ധ്യാപകരും പെരുമാറുന്നത്. സർക്കാർ ജീവനക്കാരുടെ ഒരു ആനുകൂല്യവും ഇടതു സർക്കാർ നിഷേധിക്കില്ല.
ക്ഷാമബത്ത കുടിശിക അടക്കം ആനുകൂല്യങ്ങൾ നൽകുന്നതിന് ചുരുങ്ങിയത് 30,000 കോടി രൂപ കണ്ടെത്തേണ്ടിവരും. കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധ സമീപനങ്ങളാണ് പണം കണ്ടെത്താൻ തടസം. സർക്കാരിന് താത്പര്യമില്ലാത്തതു കൊണ്ടല്ലെന്ന് എല്ലാവരും മനസിലാക്കണം. പക്ഷേ, നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കാനും വികസനം ഉറപ്പാക്കാനും ചില കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും. അത് ആർക്കും എതിരല്ല. ഈ സർക്കാർ എന്നും ജീവനക്കാർക്കൊപ്പമായിരിക്കും.
പെൻഷൻ പരിഷ്കരണകുടിശികയുടെ ഒരു ഗഡു കൂടി കൊടുക്കാനുണ്ട്. ഈ സാമ്പത്തിക വർഷംതന്നെ അത് നൽകും. ഉത്തരവ് താമസിയാതെ ഇറങ്ങും.
ക്ഷേമപെൻഷൻ
എന്ന കരുതൽ
സാമൂഹ്യ പെൻഷൻ തുക വർദ്ധിപ്പിക്കുമോ എന്നാണ് പുതിയ ബഡ്ജറ്റിൽ ജനം കാത്തിരിക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രി പറയുന്നു: 'ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളുടെ മുഖമുദ്രയാണ് സാമൂഹ്യ പെൻഷൻ വിതരണവും ദുർബല വിഭാഗങ്ങൾക്കുള്ള കരുതലും. 600 രൂപ വീതം നൽകിയിരുന്ന സാമൂഹ്യ പെൻഷൻ 1600 രൂപയിലേക്ക് വർദ്ധിപ്പിച്ചത് പിണറായി വിജയൻ സർക്കാരുകളാണ്. കുടിശികയില്ലാതെ കഴിഞ്ഞ ഒൻപതു വർഷവും അത് വിതരണം ചെയ്യാനായത് രാജ്യചരിത്രത്തിൽത്തന്നെ റെക്കോഡാണ്. പെൻഷൻ തുകയിൽ നാല് ഗഡു നിലവിൽ കുടിശികയാണ്. ഒരെണ്ണം ഉടൻ നൽകും. ശേഷിക്കുന്ന മൂന്ന് ഗഡു അടുത്ത ബഡ്ജറ്റ് വർഷം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്."
കേന്ദ്രത്തിന്റെ
ദുർവാശിയോ?
കേന്ദ്രവുമായി പരിഭവത്തിലാണ് സംസ്ഥാനം. പ്രധാന പ്രശ്നം ഫെഡറൽ തത്വങ്ങളോട് എൻ.ഡി.എ സർക്കാർ നീതി പുലർത്താത്തതാണ്. പുതിയ ബഡ്ജറ്റിൽ കേന്ദ്ര വിഹിതം കൂടുതൽ കിട്ടാനിടയുണ്ടോ എന്ന ചോദ്യത്തിന് 'പ്രതീക്ഷയുണ്ട്" എന്ന, യാഥാർത്ഥ്യബോധത്തോടെയുള്ള മറുപടിയാണ് ധനമന്ത്രിക്ക്. ധനകാര്യ കമ്മിഷനിൽ കുറയേറെ കാര്യങ്ങൾ സംസ്ഥാനം അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുള്ള ഗുണം അടുത്ത സർക്കാരിനാണ് കിട്ടുക. ഭാവിയിലെങ്കിലും ഈ സർക്കാർ നേരിടുന്നതു പോലുള്ള പ്രതിസന്ധി ഉണ്ടാകരുത്.
ജി.എസ്. ടി നഷ്ടപരിഹാരം തുടരണമെന്നു പറയുന്നത് ഒരു അതിമോഹമാണെന്ന മട്ടിലാണ് പ്രതിപക്ഷം പോലും പറയുന്നത്. സാമ്പത്തിക ഘടനാകമ്മി ഒരു കേന്ദ്ര ആനുകൂല്യമാണെന്നും അവർ പറഞ്ഞുവയ്ക്കുന്നു. അതൊന്നും അങ്ങനെ വിലയിരുത്തേണ്ട കാര്യമല്ല. നികുതി നിർണയിക്കാനും തനതു വരുമാനം വർദ്ധിപ്പിക്കാനുമുള്ള അവസരമാണ് ജി.എസ്.ടി പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങൾക്ക് നഷ്ടമായത്. ഇതിന് പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. വായ്പാപരിധിയിലും ധനക്കമ്മി നികത്തലിലും നികുതി വിഹിതത്തിന്റെ ന്യായമായ പങ്ക് നേടിയെടുക്കുന്നതിലും ഉൾപ്പെടെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ എല്ലാ ശ്രമവും തുടരും.
വികസനത്തിന്റെ
വിഴിഞ്ഞം തീരം
സംസ്ഥാന വികസനത്തിന് എന്തു ചെയ്യുമെന്നതാണ് ബഡ്ജറ്റിൽ ജനം കാത്തിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്ന ഉറച്ച കാഴ്ചപ്പാടാണ് ധനമന്ത്രിക്ക്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 1456ചതുരശ്ര കിലോമീറ്റർ മേഖല ഉൾപ്പെടുത്തിയുള്ള ട്രയാംഗുലർ വികസന മേഖലയുടെ നിർമ്മാണം രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സിഗ്നേച്ചർ പദ്ധതിയാകും. ജനപങ്കാളിത്തത്തോടെ വൻ നിക്ഷേപ, വികസന പദ്ധതിയാണ് ഒരുങ്ങുന്നത്. ഒരുമാസത്തിനകം ഇതിന് നടപടിയാകും.
ആസൂത്രണ പദ്ധതികളിൽ കാര്യമായ വെട്ടിച്ചുരുക്കൽ ഉണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |