SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

ടൂറിസത്തിന് പുത്തനുണർവേകി ബേപ്പൂർ വാട്ടർ ഫെസ്റ്റ്

beypoor

കരയിലും കടലിലും ആകാശത്തും സാഹസികതയുടെയും വിനോദത്തിന്റെയും വിസ്മയ വിരുന്നൊരുക്കി ബേപ്പൂർ ജലമേളയുടെ നാലാം പതിപ്പ് പിൻവാങ്ങുമ്പോൾ ജില്ലാ ടൂറിസത്തിനും പുത്തൻ ഉണർവേകുകയാണ്. വിദേശികൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് ബേപ്പൂരിലെ ജലവിസ്മയം കാണാനെത്തിയത്. കടലിന്റെ ഓളപ്പരപ്പിൽ സാഹസിക കായിക വിനോദത്തിന്റെ ദൃശ്യങ്ങൾ ഇതൾ വിരിഞ്ഞു. ബേപ്പൂർ മറീനയ്ക്കു മുകളിൽ നൂറുകണക്കിന് ഡ്രോണുകൾ എം.ടി വാസുദേവൻ നായരുടെ ചിത്രംവരച്ചു. അഭ്യാസപ്രകടനങ്ങളുമായി വ്യോമസേനാ ഹെലികോപ്ടറുകൾ ആകാശത്ത് പറന്നപ്പോൾ ഉദ്വേഗത്തിന്റെയും കൗതുകത്തിന്റെയും കാഴ്ചകൾ ആളുകളുടെ മുഖത്തും പ്രകടമായിരുന്നു. ഇവിടേക്കെത്തിയ ഓരോരുത്തർക്കും എന്നും ഓർത്തുവയ്ക്കാവുന്ന മനോഹര മുഹൂർത്തങ്ങളാണ് ബേപ്പൂർ ഫെസ്റ്റിന്റെ നാലാം സീസൺ സമ്മാനിച്ചത്. ജലമേള മലബാറിലെ ടൂറിസം മേഖലയ്ക്കും അനന്തസാദ്ധ്യതകളാണ് തുറന്നിട്ടത്.

ബേപ്പൂരിന്റെ ഉത്സവം

ജല സാഹസിക കായിക ടൂറിസത്തിന്റെ ഭൂപടത്തിൽ ബേപ്പൂരിനെ അടയാളപ്പെടുത്തുന്നതായിരുന്നു ജലോത്സവം. അനുബന്ധമായി നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലും നാവിക തീരദേശ സംരക്ഷണ സേനകളുടെ കപ്പൽ കാഴ്ചകളും സാഹസിക പ്രകടനങ്ങളിലൂടെ കാണികളെ വിസ്മയിപ്പിച്ച പാരമോട്ടറിങ്ങും ഫ്ലൈ ബോർഡ് ഡെമോയും ആസ്വാദകർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചു. പ്രാദേശിക മത്സ്യതൊഴിലാളികളുടെ വീറും വാശിയും പ്രദർശിപ്പിച്ച ചൂണ്ടയിടൽ, വലയെറിയൽ, നാടൻ വള്ളംകളി, ഡിങ്കി ബോട്ട് മത്സരങ്ങളും കയ്യടി നേടി. വൈവിദ്ധ്യമാർന്ന നാട്ടു രുചികൾ മുതൽ വിവിധ ദേശങ്ങളിലെ രുചിഭേദങ്ങളും രുചിയിലെ പുതുതരംഗങ്ങളും അണിനിരത്തിയ ഫുഡ് ഫെസ്റ്റിവൽ ഭക്ഷണപ്രേമികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ചു.

ബേപ്പൂരിൽ ഉത്സവപ്രതീതിയിൽ ആറാടിച്ച അ​ന്താ​രാ​ഷ്ട്ര വാ​ട്ട​ർ ഫെ​സ്റ്റി​ന്റെ സമാപനത്തോടനുബന്ധിച്ച് ടൂറിസംവകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്നു നടത്തിയ വർണശബളമായ ഘോഷയാത്രയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ അണിനിരന്നു. അന്നേദിവസം രാത്രിയിൽ വിനീത് ശ്രീനിവാസന്റെ സംഗീത നിശയും ഡ്രോൺ ഷോയും നല്ല അഭിപ്രായം നേടി. സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പേരായി ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മാറിയതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപനദിവസം പറഞ്ഞു. ആഘോഷങ്ങളിലൂടെ ജനങ്ങൾ ജീവിതം ആസ്വദിക്കുന്നത് കാണുന്നത് വലിയ സന്തോഷമാണെന്നാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫും പറഞ്ഞത്.

കണ്ണും മനസും നിറഞ്ഞ്

അറേബ്യൻ ഫുഡ്, നാടൻ വിഭവങ്ങൾ, വിവിധ തരം ചായകൾ, ജ്യൂസുകൾ, ഈന്തും പിടി മുതൽ പനം കഞ്ഞി വരെ... രുചി വൈവിദ്ധ്യങ്ങളുടെ കലവറയായിരുന്നു വാട്ടർ ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുഡ് ഫെസ്റ്റ്. അടിപൊളി പഞ്ചാബി ഭക്ഷണങ്ങൾ, വിവിധതരം ബിരിയാണികൾ, കോഴിക്കോടിന്റെ തനത് വിഭവങ്ങൾ എന്നിവയും ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിരുന്നു. ദോശകളുടെ വൈവിദ്ധ്യവുമായി ദോശമേള, പായസമേള, കോഴിക്കോടിന്റെ തനതു പലഹാരങ്ങളായ സമോസ, ഉന്നക്കായ, ചട്ടിപ്പത്തിരി, ദം ബിരിയാണിയും രുചിക്കാൻ ആളുകളൊഴുകിയെത്തി.

വ്യോമസേനയുടെ എയർഷോ കാണികളിൽ അത്ഭുതമാണുണ്ടാക്കിയത്. വ്യോമസേനയുടെ കോയമ്പത്തൂർ സുലൂരിലെ 43 വിങ്ങിൽ നിന്നുള്ള ദി ഗ്രേറ്റ് സാരംഗ്സ് എന്ന് വിളപ്പേരുള്ള നാല് ഹെലികോപ്ടറുകളാണ് ബേപ്പൂരിന്റെ ആകാശത്ത് സാഹസിക പറക്കൽ നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പട്ടം പറത്തൽ വിദഗ്ദരാണ് ഇത്തവണയും ബേപ്പൂരിലേക്ക് എത്തിയത്. 10 സംസ്ഥാനങ്ങളിൽ നിന്നായി 50 കൈറ്റ് ഫ്‌ളൈയർസ് പട്ടം പറത്തലിന്റെ ഭാഗമായി. പട്ടവുമായി എത്തിയവർക്ക് ബീച്ചിൽ പരിശീലനവും നൽകിയിരുന്നു. ഫെസ്റ്റ് സന്ദർശകർക്ക് കാഴ്ചവിരുന്നായി ബേപ്പൂർ തുറമുഖത്ത് ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് കബ്രയും കോസ്റ്റ്ഗാർഡിന്റെ ഐ.സി.ജി.എസ് അനഘും നങ്കൂരമിട്ടിരുന്നു. കുട്ടികളും മുതിർന്നവരും കപ്പലിൽ കയറി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തീരദേശ പെട്രോളിംഗിനും സുരക്ഷക്കുമായി ഉപയോഗിക്കുന്ന കപ്പലായ കോസ്റ്റ്ഗാർഡിന്റെ അനഘ് ആദ്യമായാണ് ബേപ്പൂർ ഫെസ്റ്റിൽ എത്തിയത്. ഡി.ടി.പി.സിയുടെയും ആർടി മിഷന്റെയും അഡ്വഞ്ചർ ടൂറിസം ക്ലബ്ബിന്റെയും നേതൃത്വത്തിലുള്ള ബേപ്പൂരിലെ സർഫിംഗ് പരിശീലന ക്ലബ്ബ് ഒരുക്കിയ സർഫിംഗ് ഡെമോയും ജനങ്ങളെ ആവേശത്തിലാഴ്ത്തി. ജനകീയവും അധികം ആളുകൾ കാണാത്തതുമായ സർഫിംഗ് നേരിട്ട് കാണാനും പരിചയപ്പെടാനും ഇത് ഉപകാരപ്രദമായി. ഗതാഗതം സുഗമമാക്കാൻ രണ്ട് ജങ്കാറുകൾ സർവീസ് നടത്തിയതും പൊലീസിന്റെ ഭാഗത്തുനിന്നുള്ള കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു.

വളരുന്ന ടൂറിസം

പുതിയ കാലത്ത് ഏറ്റവും കൂടുതൽ സാദ്ധ്യതയും പ്രതീക്ഷയും ടൂറിസം മേഖലയിയാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് സാമൂതിരിയുടെ മണ്ണിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ നടക്കുന്നത്. വിനോദസഞ്ചാര വകുപ്പ് ഫണ്ടിൽ 9.53 കോടി രൂപ ചെലവിട്ടുള്ള ഓഷ്യാനസ് ചാലിയം ബീച്ച് ടൂറിസം വികസന പദ്ധതികൾ കഴിഞ്ഞ ദിവസമാണ് നാടിന് സമർപ്പിച്ചത്. ബേപ്പൂരിൽ നിന്നു കോഴിക്കോട്ടേക്ക് യോട്ട് പദ്ധതി തുടങ്ങുന്ന കാര്യവും പുതുതായി പരിഗണിക്കുന്നുണ്ട്. 95.34 കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിയ്ക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം ശൃംഖലയാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതി. സർഗാലയ ആർട് ആന്റ് ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. ഇതോടൊപ്പംജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിരവധി പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEYPORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION