
അമേരിക്കയോടും ചൈനയോടുമൊപ്പം 2030- ഓടെ മൂന്നാം സാമ്പത്തിക ശക്തിയായി വളരാൻ ലക്ഷ്യമിടുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വർഷം മുതൽ അവതരിപ്പിക്കപ്പെടുന്ന ബഡ്ജറ്റുകൾക്ക് അതീവ പ്രാധാന്യമുണ്ട്. ഏതൊരു സമ്പദ്ഘടനയുടേയും, അടുത്ത ഒരു വർഷക്കാലത്തെ വരവുചെലവുകളെയാണ് ബഡ്ജറ്റ് എന്ന് ചുരുക്കിപ്പറയാമെങ്കിലും, ദീർഘകാല ആസൂത്രണത്തിന്റെ ഭാഗമായുള്ള പദ്ധതികളുടെയും കാര്യപരിപാടികളുടെയും ആകെത്തുകയാണ് ബഡ്ജറ്റ്.
എങ്ങനെയാണ് ഒരു ബഡ്ജറ്റിനെ വിലയിരുത്തേണ്ടത് എന്നു നോക്കിയാൽ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, കൃഷി, വാണിജ്യം, വിദ്യാഭ്യാസം, രാജ്യരക്ഷ, സാമൂഹിക സുരക്ഷ എന്നീ വിവിധ മേഖലകളുടെ വികസന ലക്ഷ്യങ്ങൾക്കുള്ള വകയിരുത്തലുകളാണ് ബഡ്ജറ്റിൽ ഉണ്ടാകേണ്ടത്. വിഭവങ്ങളെ ഓരോരോ മേഖലകൾക്കും പരിപാടികൾക്കുമായി യുക്തമായി എങ്ങനെ വകയിരുത്തുന്നു എന്നതാണ് ഏറെ പ്രാധാനം. ഓരോ ഗവൺമെന്റിന്റെയും നയപരമായ കാഴ്ചപ്പാടുകളുടെ പ്രതിഫലനം ബഡ്ജറ്റിലൂടെ വായിച്ചെടുക്കാം.
ബഡ്ജറ്റിന്റെ സാങ്കേതിത്വങ്ങളായ വരവ് - ചെലവുകളുടെ അന്തരം (fiscal deficit), ബഡ്ജറ്റ് നിർദ്ദേശങ്ങൾ നേരിട്ടോ അല്ലാതെയോ വിലനിലവാരത്തിലുണ്ടാക്കുന്ന വർദ്ധന ഇവയൊക്കെ ശ്രദ്ധാപൂർവം വീക്ഷിക്കേണ്ട ഘടകങ്ങളാണ്. എന്നാൽ പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ബഡ്ജറ്റിന്റെ സാങ്കേതികത്വത്തേക്കാളുപരി, അത് ജീവിത സാഹചര്യങ്ങളിൽ സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള പ്രതിഫലനങ്ങളാണ് നിർണായകം. പ്രത്യക്ഷവും (Direct) പരോക്ഷവുമായ (Indirect) നികുതികളുടെ നടുത്തളത്തിൽ ജീവിക്കുന്ന ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം ബഡ്ജറ്റ് നികുതി വർദ്ധനവിന്റെയോ ഇളവുകളുടേയോ പ്രഖ്യാപനമാണ്.
വരുമാന നികുതി
ഇളവുകൾ
വ്യക്തിഗത നികുതിദായകരും ഇൻകംടാക്സിന്റെ പുതിയ റെജിം (new regime) അനുസരിച്ച് നികുതി നൽകുന്നവരാണ്. വിവിധ സ്ളാബുകളിലെ നികുതി നിരക്കുകൾ കുറയ്ക്കുന്നതിനൊപ്പം അടിസ്ഥാന നികുതി മുക്ത വരുമാനത്തിന്റെ (Basic Exemption Limit) പരിധി വർദ്ധന എല്ലാ നികുതിദായകരുടെയും വലിയ പ്രതീക്ഷയാണ്. വരുമാന നികുതിലുണ്ടായേക്കാവുന്ന ഇളവുകൾ വിപണി വർദ്ധനവിനുള്ള മാർഗങ്ങളായി കാണുന്നതും സാമ്പത്തിക തത്വങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായി കരുതാവുന്നതാണ്.
ജി.എസ്.ടിയുടെ യുക്തിവത്കരണമാണ് സാധാരണ ജനങ്ങളുടെ മറ്റൊരു പ്രതീക്ഷ. 18 ശതമാനം വരെ നികുതി നൽകേണ്ട നിത്യോപയോഗ സാധനങ്ങൾ മുതൽ 28 ശതമാനം വരെ നികുതി നൽകേണ്ടുന്ന മറ്റു സാധനങ്ങളും സേവനങ്ങളും വരുത്തിവയ്ക്കുന്ന നികുതി ബാദ്ധ്യതയിൽ കുറവ് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണല്ലോ.
അടിസ്ഥാന സൗകര്യങ്ങളുടെ (Physical infra) വികസനം മോദി ഗവൺമെന്റിന്റെ മുഖമുദ്രയാണെങ്കിലും പ്രഖ്യാപിത പദ്ധതികൾക്കും പുതിയ നിർദ്ദേശങ്ങൾക്കും വർദ്ധിച്ച വകയിരുത്തലുകൾ ആവശ്യമായി വരുമെന്നതിൽ സംശയമില്ല.
കൃഷി തുടങ്ങി പരമ്പരാഗത വ്യവസായങ്ങളും MSME മേഖലകളും വലിയ പ്രതീക്ഷയാണ് ബഡ്ജറ്റിൽ അർപ്പിച്ചിരിക്കുന്നതെന്നു കാണാം. വലിയ തോതിൽ പരിഷ്കാരങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയും കാര്യമായി പ്രതീക്ഷിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെർച്വൽ റിയാലിറ്റി (VR), ഓഗ്‌മെന്റഡ് റിയാലിറ്റി (AR) മുതലായ ഇന്നവേറ്റീവ് സാങ്കേതിക വിദ്യകളുടെ വർദ്ധിച്ച ഉപയോഗം എല്ലാ മേഖലകളിലും ഉറപ്പാക്കാനുള്ള കാര്യമായ ശ്രമങ്ങൾ ബഡ്ജറ്റിന്റെ ഭാഗമായുണ്ടായേക്കും.
എല്ലാ മേഖലകളുടെയും വികസന ലക്ഷ്യങ്ങൾ സാദ്ധ്യമാക്കാനുള്ള വിഭവ സമാഹരണവും വകയിരുത്തലുകളും ഏതു ബഡ്ജറ്റിലും പ്രതീക്ഷിക്കാവുന്നതാണ്. ഭരിക്കുന്ന ഗവൺമെന്റിന്റെ പ്രത്യയശാസ്ത്രവും ഭരണത്തിലുള്ള കൂട്ടുകക്ഷികളുടെ സ്വാധീനവും മറ്റും മുൻഗണനകൾ നിശ്ചയിക്കുന്നതിലും വകയിരുത്തലുകളുടെ അളവ് തീരുമാനിക്കുന്നതിലും സ്വാധീനം ചെലുത്തുമെന്ന് തീർച്ച.
(കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഡി.ഡി.യു കൗശൽ കേന്ദ്ര ഡയറക്ടർ ആണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |