
മോശയുടെ അംശവടി, സോളാർ പാനൽ, ടോട്ടൽ ഫോർ യു തുടങ്ങി പലകാലങ്ങളിലായി മലയാളിയെ തട്ടിപ്പിൽപ്പെടുത്തി പണം തട്ടിയ സംഭവത്തിന്റെ അവസാന കണ്ണിയാണ് പകുതിവിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്.
സംസ്ഥാനമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൻസിബിലിറ്റി ഫണ്ട് (സി.എസ്.ആർ.ഫണ്ട്) ഉപയോഗിച്ച് പകുതിവിലയ്ക്ക് സ്‌കൂട്ടർ നൽകാം എന്ന വാഗ്ദാനത്തിലാണ് ഇത്തവണ മലയാളി വീണത്. സ്കൂട്ടർ മാത്രമല്ല, തയ്യൽ മെഷീൻ, ടാബ്, ലാപ്ടോപ് അങ്ങനെ നീണ്ടുപോകും ഈ നിര. വലയിൽപ്പെട്ടവരിൽ സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും വരെയുണ്ട്.
അനന്തു കൃഷ്ണൻ എന്ന ഒരു പ്രതിയിൽ തുടങ്ങി പിന്നീട് സംസ്ഥാനത്തെ പ്രമുഖരും പ്രതിപ്പട്ടികയിലെത്തി. ഓരോ ജില്ലയിലും രജിസ്റ്റർ ചെയ്തത് നൂറുകണക്കിന് പരാതികളാണ്. ആയിരം കോടിയോളം രൂപ പലരിൽ നിന്നായി തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ സർക്കാർ സമഗ്ര അന്വേഷണത്തിനായി കേസ് ക്രെെംബ്രാഞ്ചിന് കെെമാറി. കോഴിക്കോട് ജില്ലയിൽ മാത്രം അയ്യായിരത്തോളം പേരാണ് പരാതികളുമായി രംഗത്തെത്തിയത്. സന്നദ്ധ സംഘടനകളും വ്യക്തികളുമെല്ലാമുണ്ട് പറ്റിക്കപ്പെട്ടവരുടെ കൂട്ടത്തിൽ.
മോൻസൺ മാവുങ്കൽ
ടോടൽ ഫോർ യു.. നീളുന്ന നിര
മോശയുടെ അംശവടി, യൂദാസിനു ലഭിച്ച വെള്ളിക്കാശ്, ടിപ്പുസുൽത്താന്റെ സിംഹാസനം, യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണി, ഇതൊക്കെ ഇവിടെ കൊച്ചിയിലുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മോൻസൻ മാവുങ്കൽ എന്നയാൾ ഉന്നതരെയടക്കം പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയ സംഭവം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചതാണ്. പുരാവസ്തു തട്ടിപ്പിൽ കുടുങ്ങിയവരിൽ സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുമുണ്ട്.
സംസ്ഥാനത്തെ ഭരണകൂടത്തെ പിടിച്ചുലച്ച മറ്റൊരു സംഭവമായിരുന്നു സോളർ തട്ടിപ്പുകേസ്. വീടുകളിലും, സ്ഥാപനങ്ങളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി കോടികൾ വെട്ടിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ വരെ സംഭവത്തിൽ പ്രതിക്കൂട്ടിലായി. തട്ടിപ്പുകേസിലെ പ്രതി കൊടുത്ത ലൈംഗിക പീഡനക്കേസുകളും കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. കാലാകാലങ്ങളിലെ വെളിപ്പെടുത്തലുകളും അന്വേഷണ റിപ്പോർട്ടുകളും കോടതി നടപടികളുമെല്ലാമായി പണം തട്ടിയ സംഭവത്തിലെ നിരവധി കേസുകൾ ഇപ്പോളും തുടരുകയാണ്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് വിവിധ സ്ഥാപനങ്ങൾ ആരംഭിച്ച് നിക്ഷേപകരിൽ നിന്നും പണം തട്ടിയ സംഭവമായിരുന്നു ടോടൽ ഫോർ യു തട്ടിപ്പ്. തട്ടിപ്പിന്റെ സൂത്രധാരൻ 19 വയസുകാരനായ ശബരീനാഥനായിരുന്നു. നിക്ഷേപകർക്ക് 100 ശതമാനം വളർച്ചാനിരക്കും 20 ശതമാനം കമ്മിഷനും വാഗ്‌ദാനംചെയ്താണ് പണം തട്ടിയത്. ആയിരത്തോളം നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തത് 50 കോടിയോളം രൂപയാണ്.
1990 കളിലാണ് ആട്, തേക്ക്, മാഞ്ചിയം എന്നിവയുടെ പേരിൽ സംസ്ഥാനത്തെ ആദ്യ സംഘടിത സാമ്പത്തിക തട്ടിപ്പെന്ന് കണക്കാക്കാവുന്ന കുറ്റകൃത്യം നടക്കുന്നത്. ആടു വളർത്തലിന്റെയും, മാഞ്ചിയം തോട്ടങ്ങളുടെയും പേരിലായിരുന്നു തട്ടിപ്പ്. ആയിരം രൂപ നിക്ഷേപിച്ചാൽ അഞ്ചുവർഷംകൊണ്ട് 25 ഇരട്ടിയാക്കി പണം നൽകാം എന്നായിരുന്നു വാഗ്ദാനം. കാലമിത്ര കഴിഞ്ഞിട്ടും തട്ടിപ്പുകളുടെയും തട്ടിപ്പിൽ വീഴുന്നവരുടെയും എണ്ണത്തിൽ ഒരു കുറവും ഇല്ലെന്നതാണ് വസ്തുത.
ഉന്നതസ്ഥാനത്തിരിക്കുന്നവരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇത്തരം തട്ടിപ്പുകാരെല്ലാം. പല സംഭവങ്ങളിലും ഉന്നതർ ഇവരുടെ പരിപാടികളിലെല്ലാം പങ്കെടുക്കുന്നതും പതിവാണ്. ഇതുവഴി സാധാരണക്കാർക്കിടയിൽ ഇത്തരക്കാർ എളുപ്പത്തിൽ വിശ്വാസ്യത നേടിയെടുക്കും. ഒരുപാട് സാധാരണക്കാരും തട്ടിപ്പിൽപ്പെട്ടുപോകുന്നു. ഇതിനെല്ലാം പുറമേയാണ് ചിട്ടി, നിക്ഷേപം, മന്ത്രവാദം തുടങ്ങിയവയുടെ പേരിലുള്ള തട്ടിപ്പുകൾ.
ഓൺലെെനായും
തട്ടിപ്പ് വ്യാപകം
ഓൺലൈൻ ഇടപാടുകൾ ശക്തമായ കാലത്ത് ഓൺലൈൻ തട്ടിപ്പുകളും ധാരാളമാണ്. ഡീപ് ഫേക്ക്, വോയ്സ് ക്ലോണിംഗ് തുടങ്ങിയ എ.ഐ സങ്കേതങ്ങൾ ഉപയോഗിച്ച് പണം തട്ടുന്ന സംഭവങ്ങളും ഇപ്പോൾ വ്യാപകമാണ്. ഡിജിറ്റൽ അറസ്റ്റും വാട്സാപ് ഹാക്കിംഗ് തട്ടിപ്പും ഈ പരമ്പരയിലെ പുതിയ ഐറ്റങ്ങൾ. ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിൽ വീണ ബിഷപും ഷെയർ ട്രേഡിംഗ് ലിങ്ക് വഴി ലക്ഷങ്ങൾ നഷ്ടമായ റിട്ട. ജഡ്ജിയും ഇത് സാധാരണക്കാർ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നതിന്റെ തെളിവാണ്. ഡിജിറ്റൽ തട്ടിപ്പുകളെ തടയാനായി ആളുകളെ ബോധവത്കരിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ തുക മാറ്റിവെക്കേണ്ട അവസ്ഥയായി. പറ്റിക്കാൻ ആളുകൾ രണ്ടും കൽപിച്ച് രംഗത്തിറങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നമ്മളോരോരുത്തരുമാണ്. ഐഡന്റിറ്റി മോഷണം, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, ക്രിപ്‌റ്റോ കറൻസി വ്യാപാരം, ബ്രാൻഡ് നാമത്തിലുള്ള വ്യാജ വെബ്‌സൈറ്റുകൾ, വ്യാജ ഓഫറുകൾ എന്നിവയാണ് ഇവർ പ്രധാനമായും ഡിജിറ്റൽ തട്ടിപ്പിന്റെ മാർഗങ്ങൾ.
വേണ്ടത് മുൻകരുതൽ
തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മുൻകരുതൽ ഇത്തരം മോഹവാഗ്ദാനങ്ങളിൽ വീഴുന്നതിന് മുൻപ് രണ്ടാമതൊന്ന് ആലോചിക്കുക. ഏതൊരു വസ്തുവിവും ഒരു നിശ്ചിത വിലയുണ്ടാകും. അതിൽ നിന്നും തീരെ കുറഞ്ഞ തുകയ്ക്ക് ഇവയെല്ലാം ലഭിക്കും എന്ന് പറയുമ്പോൾ തന്നെ അതിന്റെ സാദ്ധ്യതകൾ മനസിലാക്കണം. വാഗ്ദാനങ്ങൾ നൽകുന്ന വ്യക്തികളെക്കുറിച്ചും, സ്ഥാപനങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണങ്ങൾ നടത്തണം. സോഷ്യൽ മീഡിയയിലടക്കം വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുന്നതിലും, പരിചയമില്ലാത്ത അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതും, ഏതൊരു വെബ്‌സൈറ്റും ഉപയോഗിക്കുന്നതിന് മുൻപ് സ്കാൻ ചെയ്ത് അവ സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുക ഇതെല്ലാം എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓൺലെെൻ തട്ടിപ്പുകളെ പ്രതിരോധിക്കാൻ വേണ്ടത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള അറിവാണ്. ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുന്നതിനായി സർക്കാർ തലത്തിൽ സംവിധാനങ്ങളുണ്ട്. ഡിജിറ്റൽ തട്ടിപ്പുകളെ പ്രതിരോധിക്കാനാവശ്യമായ സഹായങ്ങൾ പൊലീസും നൽകിവരുന്നുണ്ട്. ഇവയെല്ലാം ആവശ്യാനുസരണം ഉപയോഗിച്ചാൽ മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാനാവൂ. ഒന്നോർക്കുക നമ്മൾ പറ്റിക്കപ്പെടാതിരിക്കേണ്ട് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |