
അഞ്ഞൂറിലേറെ ജീവനെടുത്ത വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഭീതിയൊഴിയും മുൻപേ, പശ്ചിമഘട്ടത്തിലെ ഏറ്റവും ദുർബലമായ മലനിരകൾ തുരന്നുള്ള വയനാട് തുരങ്കപ്പാത പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കോഴിക്കോട്– വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത ഗതാഗത പ്രശ്നത്തിന് പരിഹാരമാണെന്നതാണ് അനുകൂലം. താമരശേരി ചുരം കയറാതെ എട്ടു കിലോമീറ്റർ ദൂരമുള്ള പാതയിലൂടെ വയനാട്ടിലെത്താം. ചുരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാവുന്ന ദുഃസ്ഥിതിക്ക് പരിഹാരമാവും. എന്നാൽ അടിക്കടി ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാവുന്ന മേഖലയിൽ മലകൾ തുരന്ന് തുരങ്കപ്പാതയുണ്ടാക്കുന്നത് കൂടുതൽ പ്രകൃതി ദുരന്തങ്ങൾക്ക് വഴിവയ്ക്കുമോയെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയടക്കം ആശങ്ക. അതേസമയം, വയനാട് വഴിയുള്ള യാത്രാദുരിതം മാറ്റാനും ടൂറിസം വികസനത്തിനും തുരങ്കപാത അനിവാര്യമാണെന്നാണ് സർക്കാർ വാദം.
പദ്ധതിക്കുവേണ്ട 90% ഭൂമിയും ഏറ്റെടുത്ത്, പണി തുടങ്ങാൻ പാരിസ്ഥിതികാനുമതി കാത്തിരിക്കുകയായിരുന്നു സർക്കാർ. അതാണിപ്പോൾ ലഭിച്ചത്. പരിസ്ഥിതി ആഘാതപഠനം നടത്തിയതാവട്ടെ ഉരുൾദുരന്തത്തിന് മുമ്പാണ്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും തീവ്രമായ സാദ്ധ്യതയുള്ള മേഖലയിലാണ് തുരങ്കനിർമ്മാണം. രണ്ട് ഗ്രാമങ്ങളെ തുടച്ചുനീക്കിയ ജൂലായ് 30ന്റെ ഉരുൾദുരന്തത്തിന് പിന്നാലെ, ഇരട്ടത്തുരങ്കപ്പാതയ്ക്കുള്ള സാമ്പത്തിക ബിഡ് സെപ്തംബർ നാലിന് തുറന്നെന്ന് സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുള്ള മേഖലയിലെ തുരങ്കപ്പാതയിൽ ഹൈക്കോടതി നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. വയനാട് പ്രകൃതിസംരക്ഷണ സമിതിയടക്കം പരിസ്ഥിതി സംഘടനകളുടെ എതിർപ്പ് തള്ളുകയാണ് സർക്കാർ. തുരങ്കപ്പാത വന്നാൽ വയനാട്ടിലേക്കുള്ള ദൂരം 30കി.മീ. കുറയുമെന്നാണ് വിലയിരുത്തൽ.
കോഴിക്കോട്ടെ ആനക്കാമ്പൊയിൽ മുതൽ വയനാട്ടിലെ മേപ്പാടിവരെയുള്ള തുരങ്കപ്പാത താമരശേരി ചുരത്തിലൂടെയുള്ള ദുരിതയാത്രയ്ക്ക് പരിഹാരമായി പ്രഖ്യാപിച്ചതാണ്. തുരങ്കപ്പാതയ്ക്കായി തുരക്കുന്ന ചെമ്പ്ര, വെള്ളരിമലനിരകൾ പശ്ചിമഘട്ടത്തിലെ ഏറ്റവും ലോലഭാഗമാണ്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് നിരവധിതവണ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. മുൻപ് ഉരുൾദുരന്തമുണ്ടായ പുത്തുമലയും കവളപ്പാറയും ഇതേമേഖലയിലാണ്. പാതയവസാനിക്കുന്ന മേപ്പാടിയിലാണ് പുത്തുമല. 7677അടി ഉയരമുള്ള വാവുൾമലയും ചെമ്പ്രയുമടങ്ങുന്ന മലനിരകളിലെ തുരങ്കനിർമ്മാണം പരിസ്ഥിതി നാശമുണ്ടാക്കുമെന്നാണ് ആശങ്ക. എന്നാൽ തുരങ്കം നിർമ്മിക്കുന്നിടത്ത് കൂടുതൽ ഉരുൾഭീഷണിയുണ്ടാവില്ലെന്നാണ് കൊങ്കൺ റെയിൽവേയുടെ നിലപാട്. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ തുരങ്കപ്പാതയുടെ എല്ലാവശങ്ങളും പരിഗണിച്ചിരുന്നോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഉരുൾമേഖലയായതിനാൽ എല്ലാവിധ പഠനങ്ങളും നടത്തിയാവണം തീരുമാനം. ടണലിന്റെ നിർമ്മാണ വിവരങ്ങൾ തുടക്കത്തിലേ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുരങ്കപ്പാതയുപേക്ഷിച്ച് 5ബദൽ റോഡുകൾ വികസിപ്പിക്കണമെന്നും ആവശ്യമുയരുന്നു. തുരങ്കപ്പാതയിൽ കൂടുതൽ ശാസ്ത്രീയപഠനം വേണമെന്നാണ് സി.പി.ഐ നിലപാട്.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുക. ആനക്കാംപൊയിലിൽനിന്നു തുടങ്ങുന്ന തുരങ്കപാത അവസാനിക്കുന്നത് ചൂരൽമലയോടു ചേർന്ന കള്ളാടിയിലാണ്. ചൂരൽമലയിലാണ് ഉരുൾദുരന്തം ഏറെ നാശം വിതച്ചത്. പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി-ആനക്കാംപൊയിൽ പാത മാറും. 8.735 കി.മീ ദൂരത്തിലുള്ള തുരങ്കപ്പാതയ്ക്ക് 2134 കോടി രൂപയാണ് കണക്കാക്കുന്ന ചെലവ്. ആകെ ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി: 14.995 ഹെക്ടർ, ഖനനമാലിന്യ നിർമ്മാർജനത്തിന് വേണ്ടി: 10 ഹെക്ടർ, ഉപയോഗിക്കേണ്ട വനഭൂമി: 34.30 ഹെക്ടർ, അനുബന്ധ റോഡുകൾക്കായി വേണ്ട വനഭൂമി: 0.21 ഹെക്ടർ എന്നിങ്ങനെയാണ്. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ടണൽ റോഡ് പദ്ധതിക്ക് 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചിരുന്നു.
തുരങ്കപ്പാത നിർമ്മാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാം ഘട്ട അംഗീകാരം നേരത്തേ നൽകിയിരുന്നു. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണം. 5 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണം. മരം നടാനായി വേണ്ട 17.263 ഹെക്ടർ ഭൂമി കണ്ടെത്തുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. വയനാട് ജില്ലയിലെ നാലു വില്ലേജുകളിലായി 7.40 ഹെക്ടർ സ്ഥലമാണ് ആദ്യം ലഭിച്ചത്. സംസ്ഥാന – ദേശീയ പാതകളുമായി ബന്ധമില്ലാത്തതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി പദ്ധതിക്കു തേടേണ്ടതില്ല. കൊങ്കൺ റെയിൽവേ പ്രാഥമിക പരിശോധന നടത്തി തയാറാക്കിയ വയനാട് മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈൻമെന്റാണ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചത്. സ്വർഗംകുന്ന് മുതൽ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റർ ദൂരത്തിൽ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധ റോഡും രണ്ടുവരി പാതയായി നിർമ്മിക്കും.
ഉരുൾപൊട്ടൽ മേഖല
തുടരെത്തുടരെ ഉരുൾപൊട്ടലുണ്ടാവുന്ന മേഖലയിലാണ് തുരങ്കപ്പാത വരുന്നത്. ഉരുൾപൊട്ടൽ സാദ്ധ്യത ഏറ്റവും കൂടുതൽ നിലനിൽക്കുന്ന സ്ഥലമാണിത്. 2019ൽ പുത്തുമലയിലെ ഉരുൾപൊട്ടലിൽ നിരവധിപ്പേർ മരിച്ചു. ഈ മലനിരകളുടെ പല ഭാഗത്തും ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി. മഴ പെയ്താൽ ഏതു നിമിഷവും ഇടിഞ്ഞുവീഴാൻ പാകത്തിനാണ് ഈ മലകളുടെ പല ഭാഗവും. ഓരോ വർഷം കഴിയുന്തോറും മഴയുടെ തീവ്രത ഈ പ്രദേശത്ത് കൂടിക്കൂടി വരുകയാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. തുരങ്കം നിർമിക്കാൻ കൂറ്റൻ പാറകൾ പൊട്ടിച്ചു നീക്കേണ്ടി വരും. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മലമുകളിലേക്കു വരെ എത്താം. ഇതോടെ മണ്ണിന് കൂടുതൽ ബലക്ഷയം സംഭവിക്കും. ഉരുൾപൊട്ടലിന് ആക്കം കൂടാം. തുരങ്കപദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ആവശ്യം.
ടണൽ റോഡിന് 0.85 കിലോമീറ്റർ അടുത്താണ് പുത്തുമലയിൽ ഉരുൾപൊട്ടിയത്. 1960കൾ മുതൽ ഈ ഭൂപ്രദേശങ്ങളിൽ നിരവധി ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വയനാട്ടിലും കോഴിക്കോട് ജില്ലയിലുമായി 32 ആദിവാസി സെറ്റിൽമെന്റുകളാണ് നിർദിഷ്ട ടണൽ റോഡിന് സമീപത്തുള്ളത്. മുണ്ടക്കൈ ഉരുൾപൊട്ടലിലുണ്ടായത് പദ്ധതിക്കായി നിർദ്ദേശിച്ച പ്രദേശത്തിന് സമീപമാണിത്. 1960കൾ മുതൽ ഈ ഭൂപ്രദേശങ്ങളിൽ നിരവധി ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. 1984ൽ മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ 17 പേരുടെ ജീവനെടുത്തു. 2019ലും 2020 ലും മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായി. 1962ൽ ചെമ്പ്ര മലയിൽ നടന്ന ഉരുൾപൊട്ടൽ എണ്ണമറ്റ മനുഷ്യരെ വിഴുങ്ങിയത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 1996ലും 2024ലും ചെമ്പ്രയിൽ ഗുരുതരമായ ഉരുൾപൊട്ടലുണ്ടായി. കൂടാതെ സമാനമായ വിനാശകരമായ വിവിധ ഉരുൾപൊട്ടൽ കവളപ്പാറയിലും പാതാറിലും ഉണ്ടായത് നിർദ്ദിഷ്ട പദ്ധതി പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ്.
₹2134.50കോടി
തുരങ്കപ്പാതയ്ക്ക് സാമ്പത്തികാനുമതി
₹2043.75കോടി
പദ്ധതിക്കുള്ള ഭരണാനുമതി
8.735കി.മീ പാതയിൽ 8.11കി.മീ തുരങ്കം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |