SignIn
Kerala Kaumudi Online
Friday, 23 October 2026 11.16 AM IST

മുണ്ടക്കൈയിൽ സംഭവിക്കുന്നത്

a

മുണ്ടക്കൈ-ചൂരൽമല പ്രദേശം. ഇവിടെ ഇപ്പോൾ ആളും ആരവവും ഇല്ല. ഒരമ്മ പെറ്റമക്കളെപ്പോലെ ഓരോരുത്തരും കഴിഞ്ഞു പോന്ന നാട്. വയനാട്ടിൽ പ്രകൃതി അനുഗ്രഹിച്ച് നൽകിയ പ്രശാന്തസുന്ദരമായ ഇടം. ചുറ്റും പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങളും കുന്നുകളും മലനിരകളും. ആരുടെയോ കണ്ണ് തട്ടിയത് പോലെ പ്രകൃതി ദുരന്തങ്ങൾ ഈ സുന്ദരഭൂമിയെ നെടുകെ കീറിമുറിച്ചു. ഒന്നുറങ്ങി നേരം പുലരുമ്പോഴേക്കും നാടും നാട്ടാരും ഇല്ലാതായി. ഒരു ഉറക്കത്തിന്റെ മറവിലാണ് എല്ലാം സംഭവിച്ചത്. പ്രകൃതി സംഹാരതാണ്ഡവമാടിയ മുണ്ടക്കൈയും ചൂരൽമലയും ഇന്നില്ല. ദുരന്തം കഴിഞ്ഞ് എട്ടു മാസം പിന്നിടുന്നു. വേലിക്കെട്ടുകളുടെ വേർതിരിവില്ലാതെ നാനാജാതിയിൽപ്പെട്ട ജനത ഒത്തൊരുമയോടെ കഴിഞ്ഞ ആ നാട് ഇന്നില്ല. വീടുകളും കെട്ടിടങ്ങളും നിന്ന ഇടങ്ങളിലേക്ക് മുണ്ടക്കൈയുടെ ഭാഗമായ വനങ്ങൾ പതുക്കെ താഴ്വാരത്തേക്ക് ഇറങ്ങി വരാൻ തുടങ്ങി. ഒപ്പം വന്യമൃഗങ്ങളും. ആളും ആരവവുമില്ലാതെ നിന്ന ഇടങ്ങളിലേക്ക് വന്യമൃഗങ്ങൾ വിഹാര കേന്ദ്രങ്ങളാക്കാൻ തുടങ്ങി. കാലക്രമേണ ഇനി ഇവിടം വനമാകും. ഇവിടെ ഒരു ജനപഥം ഉണ്ടായിരുന്നുവെന്ന് കാലം പറയും.

ദുരന്തമുണ്ടായിട്ട്

എട്ടുമാസം

ഏവരെയും ആകർഷിച്ച്, പാലരുവി കണക്കെ ഒഴുകിയ പുന്നപ്പുഴ കഴിഞ്ഞ ജൂലായ് ഇരുപത്തിയൊമ്പതുവരെ ശാന്തമായിരുന്നു. മുപ്പതിന്റെ പുലരി പിറന്നപ്പോൾ തന്നെ പുഴയുടെ നിറം മാറിയത് ഇവിടെ ജനിച്ച് വളർന്നവർ മനസിലാക്കി. എന്തോ പന്തികേട് പലരും നേരത്തെ കണ്ടു. മാനം വല്ലാതെ കറുത്തു. മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളുടെ ഉള്ളിന്റെ ഉള്ളിലും ഭീതി പടർന്നു. സന്ധ്യയോടെ പുന്നപ്പുഴയിലെ ആ പാലരുവി ഇല്ലാതായി. കുത്തിയൊലിച്ചെത്തിയ പുഴവെള്ളത്തിന് ചോര കലർന്ന ഒരു നിറഭേദം. പുന്നപ്പുഴയെ ഈ നാട്ടുകാർ ഇതിന് മുമ്പൊന്നും ഇങ്ങനെ കണ്ടിട്ടെയില്ല. മഴയുടെ ശക്തി കൂടി.ചൂരൽമല അങ്ങാടിയിൽ നിന്ന് നേരത്തെ തന്നെ കടകമ്പോളങ്ങൾ അടച്ച് എല്ലാവരും വീടുകളിലേക്ക് അഭയം പ്രാപിച്ചു. കട പൂട്ടി പോകുമ്പോൾ ചൂരൽമല പാലത്തിന് അടിയിലൂടെയുളള മലവെള്ളപ്പാച്ചലിന് ഒരു ഭീകര ശബ്ദമായിരുന്നു. അവസാനത്തെ ആളും പാലം വഴി കടന്ന് പോയി. അർദ്ധരാത്രിയോടെ അത് സംഭവിച്ചു. അങ്ങ് പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടി. കല്ലും മണ്ണും വൻ പാറക്കെട്ടുകളും വൃക്ഷങ്ങളുമെല്ലാം താഴ്വാരത്തേക്ക് കുലം കുത്തിയൊഴുകി. പുന്നപ്പുഴക്ക് ഇതിനെയൊന്നും ഉൾക്കെളളാനായില്ല. പുന്നപ്പുഴയുടെ ഗതിമാറി. മലവെളളം കുന്നുകളിലെ വീടുകളെയും കെട്ടിടങ്ങളെയും എല്ലാം വിഴുങ്ങിക്കൊണ്ട് ചാലിയാറിലേക്ക് കുതിച്ചു. ഒരമ്മ പെറ്റമക്കളെപ്പോലെ കഴിഞ്ഞ് പോന്നവർക്ക് ഒന്നു നിലവിളിക്കാൻ പോലും അവസരം ലഭിച്ചില്ല. എന്തിനേറെ കണ്ണൊന്ന് തുറക്കാൻ പോലും പലർക്കും സമയം കിട്ടിയില്ല. അതിന് മുമ്പ് തന്നെ പലരും മരണത്തെ പുൽകി. ചിതറി തെറിച്ച ശരീരാവശിഷ്ടങ്ങൾ മുണ്ടക്കൈ മുതൽ അങ്ങ് മലപ്പുറം ജില്ലയിലെ ചാലിയാറിന്റെ ഇരുകരകളിൽ നിന്നുവരെ കണ്ടെത്തി. മാസങ്ങളോളം ഇതു തുടർന്നു. മുന്നൂറോളം പേരെയാണ് ഈ ദുരന്തം കവർന്നത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. ഇവരെ മരിച്ചവരായി കഴിഞ്ഞ മാസമാണ് സർക്കാർ പ്രഖ്യാപിച്ചത്.

കടലാസിൽ ഒതുങ്ങുന്ന

പ്രഖ്യാപനങ്ങൾ

ദുരന്തശേഷം പ്രദേശത്തുകാർ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ചിന്നിചിതറി വാടക വീടുകളിൽ കഴിയുന്നു. ആറായിരം രൂപ വച്ച് ഇവരുടെ വീടുകളുടെ വാടക സംസ്ഥാന സർക്കാരാണ് നൽകുന്നത്. പലർക്കും വാടക കുടിശ്ശികയുണ്ടെന്ന് പരാതിയുണ്ട്. പരസ്പരം കാണാൻ കഴിയാതെ ജില്ലയുടെ വിവിധഭാഗങ്ങളിൽ കഴിയുന്നവർ വിധിയെ ശപിക്കുന്നു. എല്ലാവിധ സൗകര്യങ്ങേളാടുംകൂടി കഴിഞ്ഞവരാണ് ദുരിതക്കയങ്ങളിലേക്ക് പറിച്ച് നടപ്പെട്ടത്. എത്ര നാളത്തേക്കെന്നറിയില്ല. പരാതികളും പരിഭവങ്ങളും മാത്രമെ ഇവർക്കെല്ലാം പറയാനുള്ളു. കേന്ദ്രം സഹായം ലഭിച്ചില്ലെങ്കിലും ഉരുൾബാധിതരെ സർക്കാർ കൈവെടിയില്ലെന്ന സംസ്ഥാനത്തിന്റെ ഉറച്ച നിലപാടാണ് പലർക്കും ആശ്വാസം നൽകുന്നത്. പക്ഷെ സർക്കാർ പറഞ്ഞ കണക്കൊന്നുമല്ല ഇപ്പോൾ ഉരുൾ ദുരിതബാധിതരുടെ പേരിൽ നടക്കുന്നത്. പ്രഖ്യാപനങ്ങൾ വിഴുങ്ങുന്നത് പോലെ. ഇതൊക്കെ കണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് കഴിയുന്നവർ തങ്ങൾ ഇനിയെന്ത് ചെയ്യുമെന്നോർത്ത് ഭീതിയിലാണ്. തുടക്കത്തിൽ നെഞ്ചോട് ചേർത്തവരെയൊന്നും അധികമൊന്നും കാണാനുമില്ല. വഞ്ചിക്കപ്പെടുകയാണോ എന്ന തോന്നൽ അറിയാതെ ഇവരുടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകുന്നത് പോലെ. ചിലപ്പോൾ വെറും തോന്നലാകാം എന്നോർത്ത് ഇവർ സ്വയം സമാധാനിക്കുന്നു.

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു മുണ്ടക്കൈയിൽ നടന്നത്. നേരത്തെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലുമായി ഉരുൾദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്നായിരുന്നു തീരുമാനം. ഇപ്പോൾ അത് എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായതൊതുക്കി. നെടുമ്പാലയിലുളളവർക്ക് ആയിരം സ്ക്വയർ ഫീറ്റിൽ വീടും പത്ത് സെന്റ് ഭൂമിയും എന്നതായിരുന്നു തീരുമാനം. എന്നാൽ എൽസ്റ്റൺ എസ്റ്റേറ്റിലുളളവർക്ക് അഞ്ച് സെന്റിലാണ് ആയിരം സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതിഷേധം ഏറെ ഉണ്ടായി. പ്രതിഷേധിച്ചാലെ എന്തെങ്കിലും അനുവദിക്കൂ എന്ന നയമാണ് ഉരുൾദുരിതബാധിതരോട് സർക്കാരിനുള്ളതെന്ന് തോന്നുന്നു. ഉരുൾ ദുരിതബാധിതരുടെ ഗുണഭോക്തൃ പട്ടിക തയാറാക്കിയപ്പോഴും കല്ലുകടികൾ ഏറെയുണ്ടായി. 'നോ ഗേ' സോൺ ‌‌ഏരിയയിലുളളവരും പട്ടികയിൽ നിന്ന് പുറത്താണ്. ഇവരും പ്രതിഷേധവുമായി രംഗത്തേക്ക് വരുന്ന കാഴ്ചയാണ് ഉരുൾദുരിത മേഖലയിൽ നിന്ന് നാം കാണുന്നത്.

കേരളം

എന്താ ഇന്ത്യയിലല്ലേ

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കേരളം എന്താ ഇന്ത്യയിലല്ലേ എന്നാണ് ഉരുൾദുരിതബാധിതരെ ചൂണ്ടിക്കാട്ടി സർക്കാർ ചോദിക്കുന്നത്. ഇപ്പോൾ തന്നെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി ചുരുക്കിയിട്ടുണ്ട്. ഇത് ഒറ്റ ‌‌ടൗൺ ഷിപ്പിന് വേണ്ടിയാണോ എന്ന സംശയവും ഉണ്ടായിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് സർക്കാർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഉരുൾമേഖലയിലെ 1053 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇത് 1024 ആയി കുറഞ്ഞു. കുടുംബശ്രീയുടെ മൈക്രോ പ്ളാൻ പദ്ധതിയിൽ 1084 കുടുംബങ്ങളാണ് ഉൾപ്പെട്ടിരുന്നത്.‌ ടൗൺ ഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളുമുണ്ട്. ഇവരുടെ എണ്ണം കൂ‌ടിയാകുമ്പോൾ പട്ടിക വീണ്ടും ചുരുങ്ങും. സർക്കാരിന്റെ മെല്ലെപ്പോക്ക് കണ്ട് മുസ്ലീം ലീഗ് പുനരധിവാസ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നും അറിയിച്ച് കഴിഞ്ഞു. ഇങ്ങനെ വരുമ്പോൾ രണ്ടാം ടൗൺ ഷിപ്പ് നടപ്പിലാക്കുമോ എന്നും കണ്ടറിയണം. 'കേരളം എന്താ ഇന്ത്യയിലല്ലെ' എന്ന് ചോദിക്കുമ്പോൾ ഉരുൾ ദുരിതബാധിതർ ചോദിക്കാതെ ചോദിക്കുന്നു 'ഞങ്ങൾ എന്താ രണ്ടാം തരം പൗരന്മാരാണോ' എന്ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION