SignIn
Kerala Kaumudi Online
Sunday, 31 May 2026 12.46 AM IST

വ്യാജവെെദ്യത്തിനോ സുഖചികിത്സ ?

a

യോഗ്യതയും രജിസ്ട്രേഷനും ഇല്ലാത്ത പാരമ്പര്യ വെെദ്യന്മാരുടെ ചികിത്സയെ സുപ്രീംകോടതി ഏഴുവർഷം മുൻപ് വിലക്കിയതാണ്. പക്ഷേ, നാട്ടുവൈദ്യത്തിനായി കമ്മിഷൻ രൂപീകരിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നാട്ടു, പാരമ്പര്യ വൈദ്യ കമ്മിഷനും ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കാൻ പ്രാഥമിക ചെലവുകൾക്കായി ഒരു കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചത്. പൊതുജനാരോഗ്യമെന്നത് സർക്കാരിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണ്. പൗരന് ജീവന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് മതിയായ യോഗ്യതയുള്ളവർ മാത്രം ചികിത്സ നടത്തുന്നതിന് നിയമം വഴി നിഷ്കർഷിക്കുന്നതും അതിനായി സർക്കാർ റെഗുലേറ്ററി അതോറിറ്റിയായി മെഡിക്കൽ കൗൺസിൽ രൂപീകരിക്കുന്നതും.

കേരളത്തിലെ പാരമ്പര്യ അറിവുകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിന് ട്രെഡിഷണൽ നോളജ് ഇന്നൊവേഷൻ കേരള ഇപ്പോൾ തന്നെ സർക്കാരിന്റെ ആയുഷ് വകുപ്പിന് കീഴിൽ ആയുർവേദ വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നുണ്ട്. താളിയോലകൾ പരിശോധിച്ച് കൊണ്ടുള്ള പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല സർക്കാർ ആയുർവേദത്തെ തെളിവ് അധിഷ്ഠിതമാക്കി മാറ്റാനായി കണ്ണൂരിൽ കോടികൾ ചെലവഴിച്ച് പണി തുടങ്ങിയ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായും ട്രഡീഷണൽ നോളജ് ഇന്നവേഷൻ സെന്റർ മാറും.

ആഗോളതലത്തിൽ ആയുർവേദത്തിന് ലഭ്യമാകുന്ന സ്വീകാര്യതയ്ക്ക് അടിസ്ഥാനം അതിന്റെ അക്കാഡമിക അടിത്തറയാണ്. അതിനാൽ വ്യാജചികിത്സ വ്യാപിക്കാൻ ഇടയുണ്ടാവരുത്. അങ്ങനെയായാൽ വിദേശികളിൽ ആയുർവേദത്തോടുളള വിശ്വാസ്യത ഇല്ലാതാകും. കേരളത്തിന്റെ സമ്പത്തിനെ കൂടി ബാധിക്കും.

നാട്ടുവെെദ്യ കമ്മിഷനെതിരേ, സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഗവ ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന, പ്രൈവറ്റ് ആയുർവേദ കോളേജ് ടീച്ചേഴ്സ് ഓർനെസേഷൻ , കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസഴ്സ് അസോസിയേഷൻ , ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ, ആയുർവേദ മെഡിസിൻ മാനുഫാക്ചറിംഗ് ഓർഗനൈസേഷൻ, കോളേജ് മാനേജ്മെന്റ് അസോസിയേഷൻ, നാഷണൽ ഹെൽത്ത് മിഷൻ -നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് യൂണിയനുകൾ, വിദ്യാർത്ഥി യൂണിയനുകൾ, ആയുർവേദ കോളേജ് പി.ടി.എകൾ, പി.ജി അസോസിയേഷൻ എന്നിവർ ഉൾപ്പെടുന്ന കോ ഓഡിനേഷൻ കമ്മറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

ബഡ്ജറ്റിലെ വ്യാജ ചികിത്സ പ്രോൽസാഹിപ്പിക്കുന്ന തീരുമാനം പിൻവലിക്കണമെന്നാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ആവശ്യം. വ്യാജ ചികിത്സകൊണ്ട് പൊതുജനാരോഗ്യത്തിന് ഉണ്ടാകുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞാണ് പരിഷ്കരിക്കപ്പെട്ട ദേശീയ ആക്റ്റും 2021 ലെ നിയമസഭ പാസാക്കിയ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്റ്റീഷണേഴ്സ് ആക്റ്റും അംഗീകൃത യോഗ്യതയുള്ളവർ മാത്രം ചികിത്സിച്ചാൽ മതിയെന്ന് കർശനമായി നിഷ്കർഷിക്കുന്നത്. നാട്ടുവൈദ്യമെന്നത് ഇന്നത്തെ ഭാരതീയ ചികിത്സാ വകുപ്പിന്റെ മുൻപേരാണെന്നും മർമ്മ ചികിത്സയെന്നത് ആയുർവേദ ചികിത്സയുടെ കേവലം ഒരു വിഭാഗം മാത്രമാണെന്നും ഇവിടെയെല്ലാം ആയുർവേദ മരുന്നുകൾ മാത്രമാണ് ഉപയോഗപ്പെടുത്തുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

ചികിത്സിക്കാൻ

അനുമതി ആർക്ക്

1970ൽ ഇന്ത്യൻ മെഡിക്കൽ സെൻട്രൽ കൗൺസിൽ നിയമം പാർലമെന്റ് പാസാക്കിയപ്പോൾ അന്നുവരെ പാരമ്പര്യ ചികിത്സ നടത്തുന്നവർക്ക് മാത്രം പാരമ്പര്യ വൈദ്യൻമാർ നൽകിയ കേസ് പ്രകാരം ഇളവു നൽകിയിരുന്നു. നിലവിൽ അക്കാഡമിക് യോഗ്യതയുള്ളവർക്ക് മാത്രമാണ് ചികിത്സിക്കാൻ അനുമതി. 2021ലെ സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ടിലും അംഗീകൃത യോഗ്യതയുള്ളവർ മാത്രമേ ചികിത്സിക്കാവൂ എന്നുണ്ട്. നാട്ടുവൈദ്യ, പാരമ്പര്യ നിയമം നടപ്പാക്കുന്നത് വ്യാജചികിത്സയ്ക്ക് അംഗീകാരം നല്‍കുന്നതിന് തുല്യമാണെന്നും പരാതിയുണ്ട്. നാട്ടുവൈദ്യ നിയമനിർമാണം മുൻപ് എതിർപ്പുമൂലം ഉപേക്ഷിച്ചിരുന്നു. എന്നാൽ വീണ്ടും നാട്ടുവൈദ്യൻമാരെ അംഗങ്ങളാക്കി ആവശ്യമുന്നയിച്ചത് സി.ഐ.ടി.യു ആണെന്നാണ് ആരോപണം. ഇതിനിടെ വെെദ്യൻമാരെ സംഘടിപ്പിച്ച് രംഗത്തിറക്കാൻ കേന്ദ്രസർക്കാരുമുണ്ട്. ആയുർവേദവും നാട്ടുവൈദ്യവും വ്യത്യസ്തമാണ് എന്ന പ്രചരണം തള്ളിക്കളയേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തീരുമാനം ശ്രദ്ധിച്ചുവേണം

മനുഷ്യരാശിയുടെ വളർച്ചയ്ക്കും വികാസത്തിനും ശാസ്ത്രപുരോഗതിയ്ക്കും ഭാരതം നൽകിയ സംഭാവനകൾ ചരിത്രസത്യമാണ്. അടുത്ത കാലത്താണ് യോഗ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. യോഗയുടെ ഗുണവശങ്ങളെ വ്യക്തമാക്കി അവതരിപ്പിച്ചതോടെ നിരവധി രാജ്യങ്ങളിൽ ജീവിതത്തിന്റെ ഭാഗമായി. കൊവിഡാനന്തര ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയായി ജീവിതശൈലി രോഗങ്ങൾ മാറി. ജീവിതശൈലീ രോഗങ്ങൾ പറഞ്ഞുപറഞ്ഞു തഴകിയ പ്രയോഗമാണെങ്കിലും കൊവിഡ് മഹാമാരിയേക്കാൾ ഭീകരമായിക്കൊണ്ടിരിക്കുകയാണ്‌. ഭീകരവൈറസുകൾ ആശങ്ക പരത്തുമ്പോൾ, പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളുമെല്ലാമുള്ളവർക്ക് അതിനെ പ്രതിരോധിക്കാൻ എളുപ്പമാവില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വൈറസുകളുടെ ആക്രമണം ഭൂമിയുള്ളിടത്തോളം കാലം നിലനിൽക്കുമെന്ന് ശാസ്ത്രലോകത്തിനറിയാം. അതുകൊണ്ടു തന്നെ പ്രതിരോധം മാത്രമാണ് നമ്മുടെ കൈയിലുളള ആയുധം. ശരീരത്തിന്റെ പ്രതിരോധക്കോട്ടയ്ക്ക് ശക്തിയും ആർജ്ജവവും പകരാൻ യോഗയും ആയുർവേദവും പരമ്പരാഗത ഭക്ഷണരീതികളും പ്രകൃതിചികിത്സാ മാർഗങ്ങളുമെല്ലാം നൽകുന്ന സംഭാവനകൾ ഏറെ ചർച്ചയാകുന്ന കാലം കൂടിയാണിത്.

കേരളത്തിൽ കൊവിഡ് പ്രതിരോധത്തിന് ആയുർവേദ ചികിത്സ നടത്താൻ ആദ്യം നമ്മൾ ഏറെ മടിച്ചു. പക്ഷേ, ഒടുവിൽ സംസ്ഥാനസർക്കാർ ആയുർവേദത്തെ ചേർത്തുപിടിച്ചു. അതുകൊണ്ടുണ്ടായ നേട്ടത്തിന് ഏറെ ആഴവും പരപ്പുമുണ്ട്. കേരളത്തിൽ ആയുർവേദ ചികിത്സ തേടിയവരിൽ നടത്തിയ പഠനം ലോകപ്രശസ്തമായ ഫ്രന്റിയേഴ്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെ, മറ്റ് രാജ്യങ്ങൾക്കും മാതൃകയാക്കാനുള്ള വഴിയാണ് തുറന്നത്. വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ചതടക്കം ആദ്യം പുറത്തുവിട്ട ഈ ജേർണൽ, ആധികാരികതയിലും സമഗ്രതയിലും ആദ്യസ്ഥാനത്താണ്. ആയുർവേദത്തിന്റെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കപ്പട്ട കേരളത്തിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മറ്റു രാജ്യങ്ങൾ പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർവേദത്തെ ആശ്രയിച്ചു.

പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഒരു ചികിത്സാരീതിയുടെ ഫലസിദ്ധി കണ്ടെത്തുന്ന രീതി മറ്റു രാജ്യങ്ങളും മാതൃകയാക്കിയിട്ടുണ്ടാകാം. അടിസ്ഥാനസൗകര്യം കുറഞ്ഞാലും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ ആയുർവേദം വിപുലമായി സ്വീകരിക്കപ്പെടുന്നു. കേരളത്തിലെ, മാനവവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളുമുള്ള പൊതുജനാരോഗ്യ സംവിധാനം ഇക്കാര്യങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിച്ചു. ഈ പശ്ചാത്തലം നിലനിൽക്കുമ്പോൾ തീരുമാനങ്ങൾ ശ്രദ്ധിച്ചുവേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION