SignIn
Kerala Kaumudi Online
Sunday, 31 May 2026 1.11 AM IST

വൈരാഗ്യത്തോടെ യുവതികൾ

d

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പൊലീസുകാരൻ പിന്മാറിയപ്പോൾ യുവതി കൂട്ടുകാരിയുമൊത്ത് പൊലീസുകാരന് നൽകിയത് എട്ടിന്റെ പണി. പൊലീസുകാരന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്ത ബുള്ളറ്റ് ബൈക്ക് രാത്രിയുടെ മറവിൽ യുവതികൾ പെട്രോൾ ഒഴിച്ച് തീവച്ച ശേഷം രക്ഷപ്പെട്ടെങ്കിലും വൈകാതെ പിടിയിലായി. സിനിമ കഥകളെ വെല്ലുന്ന സംഭവം നടന്നത് കൊല്ലം ജില്ലയിൽ അഞ്ചൽ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്. വിവേകിന്റെ വീട്ടിലെ കാർപോർച്ചിൽ മേയ് 23 ന് പുലർച്ചെ 1 മണിയോടെയാണ്. വിവേകിന്റെ ബൈക്ക് കത്തുന്നതു കണ്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കം പൂർണമായി കത്തി നശിച്ചിരുന്നു. പരിസരത്ത് ആരെയും കണ്ടെത്താനായില്ല. എന്നാൽ തൊട്ടടുത്തു നിന്ന് ഒരു കുറിപ്പ് ലഭിച്ചു. ഭീഷണിയുടെ സ്വരത്തിലുള്ള കുറിപ്പായിരുന്നു അത്. മൂന്ന് വർഷം മുമ്പ് പുനലൂർ ശ്രീനാരായണ കോളേജിൽ വിവേക് ഉൾപ്പെട്ട പൊലീസ് സംഘം ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകരെ തല്ലിയതിന് പ്രതികാരമായി ബൈക്ക് കത്തിച്ചുവെന്ന തരത്തിലാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അടുത്ത ദിവസം പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടന്ന അന്വേഷണത്തിൽ സംശയകരമായി അസമയത്ത് കണ്ട യുവതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. യുവതികൾ വിവേകിന്റെ വീട്ടിലേക്ക് വരുന്നതും മടങ്ങിപ്പോകുന്നതും സി.സി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. അന്വേഷണം വഴി തെറ്റിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു കത്തിനു പിന്നിലെന്ന് പൊലീസിന് മനസിലായി. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് ഇടപ്പന പാറക്കടവ് വീട്ടിൽ ആരതി രാജ് (26), ഇടുക്കി കട്ടപ്പന നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി (26) എന്നിവരാണ് പിടിയിലായത്. പൊലീസ് പിടിയിലായ ശേഷം മെഡിക്കൽ പരിശോധനക്ക് കൊണ്ടു പോകവെ കൈവശം കരുതിയിരുന്ന എലിവിഷം കഴിച്ച ആരതി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹം നടക്കാത്തതിലെ വൈരാഗ്യം

ക്രിമിനലുകൾ പോലും ചെയ്യാൻ മടിക്കുന്ന തരത്തിൽ ആസൂത്രിതമായി നടത്തിയ കുറ്റകൃത്യം കണ്ട പൊലീസുകാർ പോലും അമ്പരന്നു. ആരതിയുമായി ഉറപ്പിച്ചിരുന്ന വിവാഹത്തിൽ നിന്ന് വിവേക് പിൻമാറിയതിന്റെ വൈരാഗ്യത്തിലാണ് ബൈക്ക് കത്തിച്ചതെന്നാണ് യുവതികൾ പൊലീസിനോട് പറഞ്ഞത്. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിവേകിനൊപ്പം അടൂർ പൊലീസ് ക്യാമ്പിൽ ജോലി ചെയ്തിരുന്ന പൊലീസുകാരനുമായി ആരതിയുടെ വിവാഹം ആലോചിച്ചിരുന്നെങ്കിലും നാൾപൊരുത്തം ഇല്ലാത്തതിനാൽ സുഹൃത്തായ വിവേകിന്റെ വിവരങ്ങൾ ആരതിയുടെ ബന്ധുവിന് നൽകി. അങ്ങനെ ആരതിയും വിവേകുമായുള്ള വിവാഹ നിശ്ചയം 6 മാസം മുമ്പ് നടന്നു. എന്നാൽ എന്തോ കാരണത്താൽ വിവേക് വിവാഹത്തിൽ നിന്ന് പിന്മാറി. നിശ്ചയത്തിന്റെ ചെലവടക്കം ആരതിയുടെ വീട്ടുകാർക്ക് നൽകിയാണ് വിവേക് പിന്മാറിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് ബൈക്ക് കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

പ്രതികാരം ചെയ്യാൻ കൂട്ടുകാരിയെ ഒപ്പം കൂട്ടി

തിരുവനന്തപുരത്ത് പി.എസ്.സി കോച്ചിംഗ് സെന്ററിൽ ഒരുമിച്ച് പഠിക്കുന്നവരാണ് ആരതിയും ഗായത്രിയും. മേയ് 23 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഇരുവരും ഹോസ്റ്റലിൽ നിന്നിറങ്ങി. തിരുവനന്തപുരത്തെ പെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി. സന്ധ്യയോടെ ബസിൽ അഞ്ചലിൽ ഇറങ്ങിയ യുവതികൾ പലയിടത്തും കറങ്ങി. രാത്രിയോടെ വിവേകിന്റെ വീടിനു മുന്നിലെത്തി കാർ പോർച്ചിലിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം നടന്ന് അഞ്ചലെത്തി. വെളുപ്പിന് 5 മണിയോടെ ആട്ടോയിൽ കയറി ആയൂരിലെത്തിയ ശേഷം അവിടെ നിന്ന് ബസിൽ കയറി തിരുവനന്തപുരത്ത് ഹോസ്റ്റലിലെത്തി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച കൃത്യത്തിനു ശേഷവും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഹോസ്റ്റലിലെത്തിയാണ് പൊലീസ് യുവതികളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ മെഡിക്കൽ പരിശോധനക്ക് കൊണ്ടു പോകുന്നതിനിടെ വസ്ത്രത്തിൽ ഒളിപ്പിച്ചു വച്ച വിഷമാണ് ആരതി കഴിച്ചത്. റിട്ട. പൊലീസുദ്യോഗസ്ഥന്റെ മകളാണ് ഗായത്രി. റിമാന്റിൽ കഴിയുന്ന ഗായത്രിയെയും വിഷം കഴിച്ച് ചികിത്സയിൽ കഴിയുന്ന ആരതിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION