
ഏപ്രിൽ ഒന്നു മുതൽ നികുതിദായകർക്ക് പല ഇളവുകളും നിലവിൽ വരുകയാണ്. ആദായ നികുതി (ടി.ഡി.എസ്) പരിധി ഉയർത്തൽ, വിദേശത്തേക്ക് പണം അയയ്ക്കുന്നതിനുള്ള നികുതിയിളവ്, 50 ലക്ഷം രൂപയിലധികം വിൽപനയുള്ള ബിസിനസുകാർക്കുള്ള ഇളവ്, റിട്ടേൺ ഫയൽ ചെയ്യാത്ത വ്യക്തികൾക്ക് ആശ്വാസമേകുന്ന നടപടികൾ, ബിസിനസുകാർക്കുള്ള നികുതിയായ ടി.സി.എസ് ഒടുക്കാൻ വൈകുന്നവരെ തടവുശിക്ഷയിൽ നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥ എന്നിവയാണ് ഇതിൽ പ്രധാനം.
''അയ്യോ ടാക്സ് വരും!"" എന്ത് പണമിടപാടുകളെക്കുറിച്ച് ചർച്ച വന്നാലും സാധാരണക്കാരും കച്ചവടക്കാരും പറയുന്ന പല്ലവിയാണിത്. ആദായ നികുതിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ഗവേഷണം ചെയ്യുന്നവരുണ്ട്. ചില്ലറ കള്ളത്തരങ്ങൾക്കും തയാർ. ബിസിനസുകാരിൽ പലരും ഡൂപ്ലിക്കേറ്റ് ബില്ലുകൾ നൽകുകയും ഉപയോക്താക്കൾ അത് സ്വീകരിക്കുകയും ചെയ്തുന്നു. കാരണം നികുതിയായി ചുമത്തുന്നത് വലിയ സംഖ്യയാണ്. അദ്ധ്വാനിച്ചുണ്ടാക്കുന്ന നികുതിപ്പണം ഭരണാധികാരികൾ ധൂർത്തടിക്കുകയാണെന്ന പൊതുധാരണയുമുണ്ട്. അതേസമയം, രാഷ്ട്രപുനർനിർമ്മാണത്തിനുള്ള മുഖ്യ ഫണ്ടായ നികുതിപ്പണം കൃത്യമായി ഖജനാവിലെത്തേണ്ടത് സർക്കാരിനെ സംബന്ധിച്ച് സുപ്രധാനമാണു താനും. ഈ സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രി ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം പുതിയ നികുതി നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. ഇടത്തരക്കാർക്കും സംരംഭകർക്കും വലിയ ബാദ്ധ്യതയില്ലാത്തവിധമാണ് പരിഷ്കരണം. അതേസമയം വിപണിയിലേക്കുള്ള പണമൊഴുക്ക് ശക്തപ്പെടുത്തി പരോക്ഷ നികുതികൾ ഖജനാവിലെത്തിക്കുന്ന തന്ത്രമാണ് ആവിഷ്കരിച്ചത്. ഏപ്രിൽ ഒന്നു മുതൽ അതെല്ലാം പ്രാബല്യത്തിലാവുകയാണ്.
മടിയിൽ കനമുണ്ടാകും
നികുതിദായകരിൽ വലിയൊരു ശതമാനം വരുന്ന മാസ ശമ്പളക്കാർക്ക് ഏറ്റവും ആശ്വാസകരമായ പ്രഖ്യാപനമാണ് കേന്ദ്ര ബഡ്ജറ്റിലുണ്ടായത്. റിബേറ്റ് വർദ്ധിപ്പിച്ച് 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ പൂർണമായും ആദായനികുതി ബാദ്ധ്യതയിൽനിന്ന് ഒഴിവാക്കി. 75,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ കൂടി ചേരുമ്പോൾ ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. പുതിയ നികുതി സമ്പ്രദായ പ്രകാരം നിലവിൽ ഏഴ് ലക്ഷം രൂപവരെയുള്ളവർക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്.
ബഡ്ജറ്റിന് പിന്നാലെ, നടപടിക്രമങ്ങൾ ലളിതമാക്കിക്കൊണ്ട് പുതിയ ആദായനികുതി ബില്ലും പാർലമെന്റിൽ അവതരിപ്പിച്ചു. കാലങ്ങളായി ആദായ നികുതിദായകർക്ക് ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന സാമ്പത്തിക വർഷം, അസസ്‌മെന്റ് വർഷം , പ്രീവിയസ് ഇയർ എന്നീ പ്രയോഗങ്ങൾ പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കി. ഇവയ്‌ക്കെല്ലാം പകരമായി നികുതി വർഷം (Tax Year) എന്ന ഒറ്റ പ്രയോഗം മാത്രമാക്കി.
വിദേശപഠനത്തിന്
നികുതി വലയമില്ല
ഉപരിപഠനത്തിനായി ഇന്ത്യക്കാർ ധാരാളമായി വിദേശ യൂണിവേഴ്സിറ്റികളിലേക്ക് ചേക്കേറുന്ന കാലഘട്ടമാണിത്. ഇത്തരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബാദ്ധ്യത കുറയ്ക്കുന്ന വിധമുള്ള നികുതി നിർദ്ദേശവും അടുത്തമാസം പ്രാബല്യത്തിലാകും. വിദ്യാഭ്യാസ വായ്പ മുഖേന ലഭിക്കുന്ന തുക വിദേശക്കേത്ത് അയക്കുന്നതിനുള്ള നികുതി പൂർണമായി നീക്കി. മറ്റു രീതിയിൽ അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കുന്ന പരിധി ഉയർത്തുകയും ചെയ്തു. നിലവിൽ 7 ലക്ഷം രൂപയ്ക്ക് മുകളിൽ നികുതിയുണ്ടെങ്കിൽ വരുന്ന സാമ്പത്തിക വർഷം മുതൽ 10 ലക്ഷം രൂപ വരെ അയയ്ക്കുന്നതിന് ടി.സി.എസ് നൽകേണ്ടതില്ല. വിദ്യാഭ്യാസത്തിന് മാത്രമല്ല, മറ്റാവശ്യങ്ങൾക്കായി വിദേശത്തേക്ക് അയയ്ക്കുന്ന തുകയ്ക്കും ഈ പരിധി ബാധകമാണ്.
ഒരു സ്ഥാപനത്തിന്റെ ഭാഗമല്ലാത്ത തൊഴിലാളികൾ പലപ്പോളും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത സാഹചര്യമുണ്ട്. അതേക്കുറിച്ചുള്ള അറിവ് കുറവോ കൃത്യമായി ഫയൽ ചെയ്യാനുള്ള പരിചയക്കുറവോ ഇതിന് കാരണമായേക്കാം. ഇവർ ഒരു തവണ നികുതി വലയിൽപ്പെട്ടുപോയാൽ തുടർന്ന് കനത്ത പിഴ സഹിതം നികുതി ഈടാക്കുന്ന പ്രവണതയുണ്ട്. ഇതിനുള്ള ചട്ടങ്ങൾ പുതിയ നികുതി നിയമത്തിൽ എടുത്തുകളഞ്ഞിട്ടുണ്ട്. ദിവസവേതനക്കാർക്കും സ്വയം തൊഴിൽ സംരംഭകർക്കും ചെറുകിട ബിസിനസുകാർക്കും ഇത് നേട്ടമാണ്.
സംരംഭകർക്കും തലോടൽ
ബിസിനസ് സംരംഭങ്ങൾക്ക് പ്രോത്സാഹനമാകുന്ന നികുതി നിർദ്ദേശവും ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാവുകയാണ്. വാർഷിക വിൽപന 50 ലക്ഷം രൂപ കവിഞ്ഞാൽ ഇപ്പോൾ 0.1% ടി.സി.എസ് ഈടാക്കുന്നുണ്ട്. ഓരോ 50 ലക്ഷത്തിന്റെ ഇടപാടിനും ബാധകമാകുന്ന ഈ നികുതി നിരക്ക് ഇനി പൂർണമായും ഒഴിവാക്കുകയാണ്. വമ്പൻ തുകയുടെ ഇടപാടുകൾ നടത്തുന്നവർക്ക് ഇത് ആശ്വാസമാണ്.
അതുപോലെ സ്രോതസ്സിലെ നികുതിയായ ടി.സി.എസ് ഒടുക്കാൻ വൈകുന്നവർക്ക് 7 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കടുത്ത നിയമനടപടികൾ ഇപ്പോൾ നിലവിലുണ്ട്. ഇത് പല സംരംഭകർക്കും ആശങ്കയുണ്ടാക്കുന്ന വ്യവ്യസ്ഥയാണ്. നിശ്ചിത സമയപരിധിയിൽ തുക അടച്ചു തീർത്ത് ഇത്തരം നിയമ നടപടികൾ ഒഴിവാക്കാനുള്ള അവസരം നൽകിയാണ് പുതിയ നികുതി നിർദ്ദേശങ്ങൾ വരുന്നത്.
വർഷത്തിൽ 10,000 രൂപയ്ക്ക് മുകളിൽ ലോട്ടറിയടിക്കുന്നവർക്ക് നിലവിൽ നികുതിയുണ്ട്. പണം മറിയുന്ന കുതിരപ്പന്തയം, പസിൽ ഗെയിം തുടങ്ങിയ കാര്യങ്ങൾക്കും ഇത് ബാധകമാണ്. പുതിയ നിയമംനടപ്പാകുമ്പോൾ ഇക്കാര്യങ്ങളിലും ചില ഇളവുകളുണ്ട്. ഉദാഹരണത്തിന് ഇപ്പോൾ ഒരാൾക്ക് 8000 രൂപ വീതം വർഷത്തിൽ മൂന്നുതവണ ലോട്ടറിയടിച്ചാൽ 24,000 രൂപയ്ക്കുള്ള നികുതി നൽകണം. ഏപ്രിൽ ഒന്നു മുതലാണ് ഈ സാഹചര്യമുണ്ടാകുന്നതെങ്കിൽ ഒരു പൈസയും നികുതി നൽകേണ്ടതില്ല.
ശമ്പളക്കാർക്കുള്ള നികുതി ഇളവുകളും ബിസിനസുകാരെ പ്രോത്സാഹിപ്പിക്കുന്ന ഇളവുകളുമാണ് പുതിയ നികുതിനയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇത്തരക്കാരായ വോട്ടു ബാങ്കുകളേയും കേന്ദ്രസർക്കാരിന്ന് വേണ്ടപ്പെട്ട കോർപറേറ്റുകളേയും തൃപ്തിപ്പെടുത്താനാണ് പുതിയ നികുതി നിർദ്ദേശങ്ങളെന്ന ആരോപണം ശക്തമാണ്. എന്നിരുന്നാലും ആദായ നികുതിയുടെ ഉരുക്കുമുഷ്ടിയിൽ നിന്ന് ജനത്തിന് അൽപം അയവുകിട്ടുന്ന നിർദ്ദേശങ്ങളെന്ന നിലയിലാണ് പുതിയ പ്രഖ്യാപനങ്ങൾ പരക്കെ അംഗീകരിക്കപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |