
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായ വയനാട് ഉരുൾദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിന് അങ്ങനെ അറുതിയാവുന്നു. ഈ വരുന്ന 27ന് ദുരിതബാധിതരുടെ ടൗൺ ഷിപ്പിനായി മുഖ്യമന്ത്രി തറക്കല്ലിടാൻ വയനാട്ടിലെത്തുന്നു. ആഹ്ളാദ നിമിഷമാണിത്. അതിനുള്ള ഒരുക്കങ്ങൾ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ തകൃതിയായി നടക്കുന്നു. പക്ഷേ, എൽസ്റ്റൺ എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല.
വയനാടിന്റെ വിവിധ ഭാഗങ്ങളിലായി ഉരുൾ ദുരിതബാധിതർ വാടക ക്വാർട്ടേഴ്സുകളിലാണ് കഴിയുന്നത്. ഇവരെല്ലാം പഴയതുപോലെ സർക്കാർ വിലക്ക് വാങ്ങുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലൂടെ ഒന്നിക്കാൻ ഒരുങ്ങുകയാണ്. മുണ്ടക്കൈയിലും ചൂരൽമലയിലും കഴിഞ്ഞത് പോലെ. ഇക്കാലയളവിൽ പ്രതിസന്ധികൾ പലതുമുണ്ടായിട്ടും സർക്കാർ അതിനെയൊക്കെ നേരിട്ടുകൊണ്ട് ദുരിതബാധിതർക്കൊപ്പം നിന്നിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ നിരന്തരമായി ഇതുമായി ബന്ധപ്പെട്ട് ഉരുൾ ദുരിതബാധിതർക്കൊപ്പമുണ്ട്. പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം ഇവരുടെ കണ്ണീരൊപ്പണം. അതാണ് ലക്ഷ്യം.
എസ്റ്റേറ്റ് തൊഴിലാളികളുടെ
വേതന പ്രതിസന്ധി
പുനരധിവാസ ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ദുരിതബാധിതരെ ഇവിടെ പാർപ്പിക്കുന്നതിൽ എൽസ്റ്റൺ എസ്റ്റേറ്റിലെ മുന്നൂറോളം വരുന്ന തൊഴിലാളികൾക്ക് ഒരു പരാതിയുമില്ല. ഒറ്റമനസോടെ എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളും ദുരിതബാധിതരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഒരുക്കമാണ്. പക്ഷെ, തങ്ങൾക്ക് എസ്റ്റേറ്റ് മാനേജ്മെന്റ് തരാനുള്ള ആനുകൂല്യങ്ങൾ ഏറെയുണ്ട്. അത് കിട്ടാതെ ഇവിടെ ഒരു ഏറ്റെടുക്കൽ പ്രവർത്തിയും പെട്ടെന്ന് നടക്കില്ലെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പുൽപ്പാറ ഉൾപ്പെടെ എൽസ്റ്റൺ എസ്റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിൽ നിന്ന് വിരമിച്ചശേഷവും ജോലിയിൽ തുടരുന്നവരടക്കം മുന്നൂറോളം പേരാണ് ഇവിടെയുള്ളത്. മാനേജ്മെന്റ് ഇവർക്ക് കൊടുക്കാനുള്ളത് ചെറിയ തുകയൊന്നുമില്ല.11 കോടി രൂപ! ഇതിനായി കഴിഞ്ഞ കുറെ ദിവസങ്ങളായി എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സമരമുഖത്താണ്. ആനുകൂല്യം ലഭിക്കാതെ ഇവിടെ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികളും സംയുക്ത യൂണിയനുകളും. മാനേജ്മെന്റ് തീർക്കേണ്ടതായ പ്രശ്നമാണിത്. ഇതിനിടയിൽ മുഖ്യമന്ത്രി നടത്തുന്ന തറക്കല്ലിടൽ എന്താകുമെന്ന് ഒരു ധാരണയുമില്ല. സമരം കൊഴുക്കുന്നതിനിടെ മാനേജ്മെന്റ് പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അവർ പറയുന്നത് സർക്കാർ നഷ്ടപരിഹാരമായി നൽകുന്ന തുക ലഭിക്കുന്ന മുറക്ക് തൊഴിലാളികൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകാമെന്നാണ്. സർക്കാർ കാര്യമാണ്. അത് കൃത്യമായി നടക്കണമെന്നുണ്ടോ?അപ്പോൾ പുനരധിവാസത്തിനുള്ള ഭൂമിയിൽ നിന്ന് തൊഴിലാളികൾ കുടിയിറങ്ങുന്നത് വൈകും. വൈകിയാൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും തടസം നേരിടും. ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 26.56 കോടി രൂപ നഷ്ടപരിഹാരം നൽകി എസ്റ്റേറ്റ് ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായിരുന്നു.
പുനരധിവാസം നീളുമോ?
ഉരുൾദുരിതബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാൻ നാളെ ലേബർ കമ്മീഷൻ ട്രേഡ് യൂണിയൻ നേതാക്കളുടെയും മാനേജ്മെന്റിന്റെയും യോഗം തിരുവനന്തപുരം ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ നടക്കും. അവിടെ വച്ച് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തൊഴിലാളികളുടെ സമരം കൊഴുക്കും, ഉരുൾദുരിതബാധിതരുടെ പുനരധിവാസം വീണ്ടും നീളും. നാലുമാസത്തെ ശമ്പള കുടിശ്ശിക, 2016 മുതലുളള പി.എഫ്. കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഏഴു വർഷമായുളള മെഡിക്കൽ ആനുകൂല്യങ്ങൾ, കൂലി പുതുക്കിയതിന് ശേഷമുളള രണ്ട് വർഷത്തെ കുടിശ്ശിക തുടങ്ങിയ മുഴുവൻ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കുവാനുണ്ട്. അർഹമായ ആനുകൂല്യങ്ങൾ നൽകാതെ ഭൂമി ടൗൺഷിപ്പിനായി ഒഴിഞ്ഞ് കൊടുക്കില്ലെന്നാണ് തൊഴിലാളികളുടെയും സംയുക്ത ട്രേഡ് യൂണിയനുകളുടെയും തീരുമാനം. ഇന്നലെ കൈക്കുഞ്ഞങ്ങളുമായി എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയിൽ വയനാട് കളക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം നടത്തി. ദയനീയ രംഗമായിരുന്നു അത്. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ രണ്ടാം ഘട്ടമെന്ന നിലയിൽ വയനാട് കളക്ട്രേറ്റ് വളയുമെന്നും എന്നിട്ടും തീരുമാനമായില്ലെങ്കിൽ ഉരുൾ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി പിടിച്ചെടുക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
തൊഴിലാളികളുടെ ജോലിയും
സുരക്ഷിതത്വം ഉറപ്പാക്കണം
38 വർഷം ജോലി ചെയ്തിട്ടും ആനുകൂല്യങ്ങൾ ലഭിക്കാതെ മരണപ്പെട്ട സംഭവവും എൽസ്റ്റൺ എസ്റ്റേറ്റിലുണ്ട്. 2014 മുതൽ തൊഴിലാളികളിൽ നിന്ന് പിടിച്ച പി.എഫ് വിഹിതവും ഉടമ അടക്കേണ്ട വിഹിതവും പി.എഫ് അക്കൗണ്ടിൽ ഇതേവരെ അടച്ചിട്ടില്ല. നൂറ്റമ്പതോളം വരുന്ന സർവീസിൽ നിന്ന് വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി ലഭിക്കാനുണ്ട്. ഒരു വർഷത്തെ ലീവ് വിത്ത് വേജ്സ്, രണ്ടുവർഷത്തെ മെഡിക്കൽ ആനുകൂല്യങ്ങൾ, അത്രയും വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യങ്ങൾ, രണ്ട് ഘട്ടങ്ങളിലായി കൂലി പുതുക്കിയ സമയത്തെ അരിയേഴ്സ് തുക എന്നിവയാണ് നൽകേണ്ടത്. പുൽപ്പാറ ഡിവിഷൻ പൂർണ്ണമായും ഏറ്റെടുക്കുന്നതോടെ ഫാക്ടറിയിലും ഫീൽഡിലുമായി ജോലി ചെയ്തിരുന്ന മുഴുവൻ സ്ഥിരം തൊഴിലാളികളുടെയും ജോലി സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. എൽസ്റ്റൺ എസ്റ്റേറ്റിൽ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ എൽ.എ ആർ ആർ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. മാനേജ്മെന്റിന്റെ ധിക്കാരപരമായ നിലപാടുകാരണം ബുദ്ധിമുട്ട് അനുഭവിക്കാൻ പോകുന്നത് ഉരുൾ ദുരിതബാധിതരാണ്. ദുരന്തമുണ്ടായി വിധിയെ ശപിച്ച് കഴിയുകയാണ് ഉരുൾദുരിത ബാധിതർ. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കുന്നത് മനുഷ്യമനസാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും. ദുരന്തം നടന്നിട്ട് ഒരു വർഷം തികയാൻ കേവലം 131 ദിവസം മാത്രമാണ് ഇനിയുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |