
വീരശൂര പരാക്രമികളായ ദ്രാവിഡ മക്കൾ ഊണും ഉറക്കവും ഉപേക്ഷിച്ച് കാവൽ നിൽക്കുമ്പോൾ നേരിട്ടൊരു പോരാട്ടത്തിലൂടെ തമിഴ്‌നാട് പിടിച്ചടക്കാൻ വടക്കന്മാർക്ക് കഴിയില്ല. മുൻവാതിലിലൂടെ അകത്തുകടക്കാൻ പറ്റില്ലെന്നായപ്പോൾ പിൻവാതിലിലൂടെ നുഴഞ്ഞു കയറാനാണ് ശ്രമം. ഹിന്ദി എന്ന വടക്കൻ ഗോസായി ഭാഷയെ തമിഴ്‌നാട്ടിൽ കുടിയിരുത്തി തമിഴിനെ പടിയിറക്കാനാണ് നീക്കം. പണ്ടും പലതവണ ഇതിനു ശ്രമിച്ചിട്ടുണ്ട്. ഹിന്ദി സിനിമകൾ കാണിച്ചും പാട്ടുകൾ കേൾപ്പിച്ചും തമിഴ്മക്കളുടെ മനസിൽ ഇടംനേടാൻ ശ്രമിച്ചെങ്കിലും കലൈഞ്ജർ കരുണാനിധിയടക്കമുള്ള ദ്രാവിഡ നേതാക്കളുടെ ചില മർമ്മാണി പ്രയോഗങ്ങൾമൂലം വിജയിച്ചില്ല. കളർഫുൾ ഡാൻസുകളും പാട്ടുകളും കുത്തിനിറച്ച കോളിവുഡ് സിനിമകൾക്കു മുന്നിൽ ബോളിവുഡുകാർ നിഷ്പ്രഭരായി. കായികമായി വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാംസ്‌കാരികമായി കീഴടക്കുക എന്ന പഴയ തന്ത്രമാണ് വടക്കന്മാർ പ്രയോഗിച്ചത്. സാംസ്‌കാരിക അധിനിവേശം എന്നാണിതിന് പറയുക. പക്ഷേ, അവർക്കു തെറ്റി. ആളും തരവുമറിഞ്ഞ് കളിക്കണം. വിദ്യാഭ്യാസമില്ലാത്ത വടക്കന്മാർക്ക് ചരിത്രം അറിയില്ല. ആരാണ് സ്റ്റാലിൻ എന്നെങ്കിലും മനസിലാക്കണമായിരുന്നു. പഴയ സോവിയറ്റ് യൂണിയനിലെ സ്റ്റാലിൻ കമ്മ്യൂണിസത്തിനായി പോരാടിയ നല്ലവനായ വിപ്ലവകാരി ആയിരുന്നെങ്കിൽ, തമിഴക സ്റ്റാലിൻ മാതൃഭാഷയ്ക്കായി കരി ഓയിലൊഴുക്കുന്ന 'കൊടും ഫീകരനാണ് ". പാർലമെന്റിൽ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കേണ്ടി വരുമല്ലോ എന്നോർത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിപദം വേണ്ടെന്നുവച്ച സാക്ഷാൽ കാമരാജിന്റെ നാടാണ് തമിഴ്‌നാട്. ഹിന്ദിയും ഇംഗ്ലീഷും കേട്ടാൽ കലിവരും. അത്രമാത്രം വെറുത്തുപോയി. തിരുക്കുറലോ ചിലപ്പതികാരമോ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കിൽ വടക്കന്മാർ ഈ റൂട്ടിൽ വരുമായിരുന്നില്ല. തിരുവള്ളുവർ, ഇളങ്കോ അടികൾ എന്നിവരെക്കുറിച്ചുപോലും കേട്ടിട്ടില്ലെങ്കിൽ എന്തുചെയ്യും. പുവർ ഫെലോസ്!. ഇതൊന്നും അറിയില്ലെങ്കിൽ, തമിഴക മുഖ്യൻ സ്റ്റാലിനോട് ചോദിച്ചിരുന്നെങ്കിൽ മണിമണിയായി പറഞ്ഞുതരുമായിരുന്നു. മനസിലാക്കിയാൽ, തമിഴിനെ ദേശീയ ഭാഷയാക്കണമെന്ന് പറഞ്ഞ് വടക്കന്മാർ തന്നെ മുന്നിട്ടിറങ്ങും.
റെയിൽവേ സ്റ്റേഷനിലെ ഉൾപ്പെടെ ഹിന്ദി ബോർഡുകൾ കരി ഓയിലൊഴിച്ച് മറയ്ക്കാൻ തമിഴകത്തെ വീരപുത്രൻമാരായ ഡി.എം.കെക്കാർ രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതൊരു സൂചന മാത്രമാണ്. സൂചനകൊണ്ട് പഠിച്ചില്ലെങ്കിൽ വടക്കന്മാർ നാളെ കരയേണ്ടിവരും.
ചുരിദാർ, ഗെറ്റൗട്ട്
ഫ്രം തമിഴ്നാട്
ഹിന്ദിപ്പാട്ടുകൾ, വേഷങ്ങൾ, ഡാൻസുകൾ, ഭക്ഷണം എന്നിവയെല്ലാം നിരോധിക്കാനാണ് ആലോചന. ചുരിദാറിന്റെ കാര്യത്തിൽ വൈകാതെ തീരുമാനമാകും. പകരം 18 മുഴം ചേല, പട്ടുപാവാട എന്നിവ നിർബന്ധമാക്കും. പാന്റിട്ട് നടന്നാൽ പെയിന്റടിച്ച് പറപ്പിക്കും. ഈയൊരു നീക്കത്തിലൂടെ പരമ്പരാഗത നെയ്ത്തുതൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ദീർഘദർശിയായ മുഖ്യമന്ത്രി സ്റ്റാലിൻ ലക്ഷ്യമിടുന്നു. പൂരി, ചപ്പാത്തി അടക്കമുള്ള ഉത്തരേന്ത്യക്കാരെ പടികടത്തി ഇഡലി, മസാലദോശ, ഉഴുന്നുവട, തൈരുസാദം തുടങ്ങിയവ നിർബന്ധമാക്കും. മലയാളികൾ ഇതിനോട് യോജിക്കുമെന്നാണ് സ്റ്റാലിന്റെ പ്രതീക്ഷ.
'നവോത്ഥാന കവാടം" ഒരുക്കി സാംസ്‌കാരിക വിപ്ലവം നടത്തിയ കേരളമാണ് മാതൃക. തമിഴ്‌നാടും കേരളവും കൈകോർത്താൽ ചിലതെല്ലാം നടക്കും. കേരളത്തെ പ്രത്യേക രാജ്യമാക്കണമെന്ന് പണ്ട് തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ആവശ്യപ്പെട്ടത് വെറുതെയല്ല. അത്രമാത്രം മിടുമിടുക്കന്മാരുള്ള നാടാണ്.
ഹിന്ദിയുടെ സ്വാധീനമുള്ള അയൽസംസ്ഥാനക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് സ്റ്റാലിൻ സർക്കാരിന്റെ പരിഗണനയിലാണെന്നാണ് സൂചന. ഹിന്ദിയുടെ നേരിയ കലർപ്പുള്ള കന്നഡയോട് തമിഴകത്തിന് പണ്ടേ അത്ര താത്പര്യമില്ല. കാവേരി നദിയിലെ വെള്ളം ഒരുതുള്ളി പോലും തമിഴന്മാർക്ക് തരില്ലെന്നു വാശിപിടിച്ച കശ്മലൻമാരാണ് കന്നഡക്കാർ. കന്നഡ നാട്ടിലെ അഭിമാന താരമായിരുന്ന ഡോ. രാജ്കുമാറിനെ കൊടുംകാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ കാട്ടുകള്ളൻ വീരപ്പൻ തമിഴനാണെന്നു പറഞ്ഞ് കുറേ ദ്രോഹിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുപോയ ലോഡുകണക്കിന് പാവം കോഴികളെ കർണാടക അതിർത്തിയിൽ അവന്മാർ കത്തിച്ചത് മറന്നിട്ടില്ല. എന്തായാലും തമിഴ്‌മക്കളുടെ നീക്കത്തിൽ ഇവന്മാരെല്ലാം ഞെട്ടിയിരിക്കുകയാണ്.
ഡൽഹിയിലേക്കൊരു
കരി ഓയിൽ മാർച്ച്
പ്രൊഫഷണൽ കോളേജുകളിലടക്കം പാഠ്യപദ്ധതികൾ തമിഴിലാക്കണമെന്നാണ് സ്റ്റാലിന്റെ ആഗ്രഹം. സകലവന്മാരും തമിഴ്‌നാട്ടിലേക്കു വരണം, തമിഴ് പഠിച്ച് മിടുക്കരാവണം. ഇന്ത്യക്കാർക്കു പുറമേ അയൽരാജ്യക്കാരും അറബികളും സംസാരിക്കുന്ന ഹിന്ദി പഠിച്ചാൽ പല ഗുണങ്ങളുമുണ്ടെന്നാണ് വടക്കൻമാരുടെ വാദം. സ്വൽപം ഹിന്ദി കൈയിലുണ്ടെങ്കിൽ പല ആഫ്രിക്കൻ രാജ്യങ്ങളിലും പിടിച്ചുനിൽക്കാമത്രേ. ഇതൊക്കെ കുറേ കേട്ടിട്ടുണ്ട്. ഇംഗ്ലീഷ് പഠിച്ച് ഇംഗ്ലീഷുകാരനും, ഫ്രഞ്ച് പഠിച്ച് ഫ്രഞ്ചുകാരനുമായാൽ ലോകത്തെവിടെയും ധൈര്യമായി പോകാമെന്നും ഒരുപാട് ഗുണങ്ങളുണ്ടാകുമെന്നും മറ്റുചിലർ പറഞ്ഞു പരത്തുന്നു. ഇവിടെയാണ് ചങ്കിലെ ചൈന വ്യത്യസ്തമാകുന്നത്. ചീനന്മാരോ അവരുടെ സാധനങ്ങളോ ഇല്ലാത്ത ഒരു നാടുമില്ല. അവർ ഹിന്ദിയോ ഇംഗ്ലീഷോ പഠിച്ചിട്ടല്ല ഇതൊക്കെ സാധിച്ചത്. വിമാനവും റോക്കറ്റും ഉൾപ്പെടെ സകലതും സ്വന്തമായി ഉണ്ടാക്കുന്നു. വിമാനങ്ങൾ മൂളുന്നതുപോലും ചൈനീസിലാണ്. അപ്പോഴാണ് ലവന്മാരുടെയൊരു ഹിന്ദി!.
ഈ നിലയിലേക്കു വളരാൻ കഴിയുന്ന രണ്ടേരണ്ടു നാടുകളേ ഈ ഉലകത്തിലുള്ളൂ. അത് തമിഴ്‌നാടും കേരളവുമാണ്. മലയാളത്തിനും തമിഴിനും ലോകരാജ്യങ്ങൾ കാതോർക്കുന്ന കാലം ഏറെ അകലെയല്ല. ഇതു തിരിച്ചറിയാൻ ഒരുപാട് വൈകി. മലയാളത്തിന്റെ അമ്മയാണ് തമിഴ്. മലയാളികൾക്ക് തമിഴ് പെട്ടെന്നു പഠിച്ചെടുക്കാം. അല്ലെങ്കിലും മലയാളത്തിൽ സംസാരിക്കാൻ ഒട്ടും താത്പര്യമില്ലാത്തവരാണ് മലയാളികൾ.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം വിജയിക്കില്ലെന്നു മനസിലായപ്പോൾ വടക്കന്മാർ ലൈനൊന്നു മാറ്റി. വിശ്വഭാഷയായ ഇംഗ്ലീഷും ദേശീയ ഭാഷയായ ഹിന്ദിയും സ്വന്തം ഭാഷയും നന്നായി കൈകാര്യം ചെയ്യാൻ അറിയണമെന്നാണ് ഇപ്പോൾ പറയുന്നത്. ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിച്ചശേഷം തമിഴിനെ കൊല്ലാനാണ് പരിപാടി. ഇന്ത്യയിൽ 25 ഭാഷകളെ ഹിന്ദിക്കാർ കൊന്നു. തമിഴാണ് അടുത്ത ലക്ഷ്യം. ഇതിനെതിരെ കൂടുതൽ സമരമുറകൾ ആരംഭിക്കും. കരി ഓയിലുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നതാണ് അടുത്തഘട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |