
ഒരു യുവാവ് സന്യസിക്കാൻ ഹിമാലയത്തിലേയ്ക്ക് യാത്രയായി. അവിടെ ആശ്രമത്തിൽ താമസിച്ച് ധ്യാനവും മറ്റു സാധനകളും അഭ്യസിച്ചു. മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഉദ്ദേശിച്ച പുരോഗതിയില്ലാതായപ്പോൾ നിരാശയായി. ഇനിയും പ്രയത്നിച്ചാൽ ഒരു ഫലവുമുണ്ടാകില്ലെന്ന് കരുതി അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചു. യാത്രാമദ്ധ്യേ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെത്തി. നേരം സന്ധ്യാസമയം. വലിയൊരു പന്തലിൽ ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. പ്രശസ്തയായ ഒരു നർത്തകിയുടെ നൃത്തം നടക്കുകയാണ്. സന്യാസി ആ പന്തലിൽ ഇരുന്നു. നൃത്തം അവസാനിക്കുമ്പോൾ രാജാവ് നർത്തകിക്ക് സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്. എന്നാൽ അന്ന് രാജാവിന് സമയത്തിന് എത്താനായില്ല. നർത്തകി ക്ഷീണിച്ചെങ്കിലും രാജാവ് ഉടനെത്തുമെന്ന പ്രതീക്ഷയിൽ നൃത്തം തുടർന്നു. രാജാവിന്റെ വരവ് വൈകുംതോറും നർത്തകിയുടെ ക്ഷീണവും വർദ്ധിച്ചു. ഏതു നിമിഷവും തലകറങ്ങി വീഴാമെന്ന സ്ഥിതിയായി. എന്നിട്ടും രാജാവിന്റെ സമ്മാനം കൊതിച്ച നർത്തകി നൃത്തം തുടർന്നു. ഒടുവിൽ അർദ്ധരാത്രി അടുത്തപ്പോൾ രാജാവെത്തി. നർത്തകിയുടെ മികവിലും ക്ഷമയിലും പ്രീതനായ രാജാവ് അവൾ പ്രതീക്ഷിച്ചതിലും വളരെയധികം സ്വർണ്ണനാണയങ്ങൾ സമ്മാനിച്ചു.
ഇതുകണ്ട സന്യാസി ചിന്തിച്ചു, ''ഈ നർത്തകിയിൽ നിന്ന് എനിക്കു വളരെയധികം പഠിക്കാനുണ്ട്. തീരെ വയ്യാതായെങ്കിലും അവർ നൃത്തം തുടർന്നു. ഒടുവിൽ വിജയം കൈവരിച്ചു. ഞാൻ ഇത്രപെട്ടെന്ന് സാധന ഉപേക്ഷിച്ചത് ശരിയായില്ല. ഹിമാലയത്തിലേയ്ക്ക് തിരികെപ്പോയി പഴയതിലും ഉത്സാഹത്തോടെ ആദ്ധ്യാത്മികസാധന തുടരണം'' അങ്ങനെ ചിന്തിച്ചുകൊണ്ട് അദ്ദേഹം ഹിമാലയത്തിലെത്തി തപസു തുടർന്നു.
അലസതയും ആത്മവിശ്വാസമില്ലായ്മയും സ്ഥിരോത്സാഹത്തിന്റെ കുറവുമാണ് കർമ്മരംഗങ്ങളിൽ വിജയം വരിക്കുന്നതിന് നമുക്കെല്ലാം തടസം. അലസതയും ആത്മവിശ്വാസക്കുറവും മൂലം ചിലർ പ്രയത്നം ചെയ്യാൻ മടിക്കുന്നു. ചിലർ തുടക്കത്തിൽ നല്ലതുപോലെ പ്രയത്നിക്കുമെങ്കിലും ചെറിയ വിഘ്നങ്ങളോ പരാജയങ്ങളോ സംഭവിക്കുമ്പോൾ പെട്ടെന്ന് നിരാശരായി പിൻവാങ്ങുന്നു. ശരിയായ മനോഭാവത്തോടെ കർമം ചെയ്യേണ്ടത് വിജയപ്രാപ്തിക്ക് ആവശ്യമാണ്.
പിച്ചവച്ചു നടക്കുന്ന കുട്ടി എത്രയോ പ്രാവശ്യം നിലത്തു വീഴുന്നു. കുട്ടി ഉടനെ എഴുന്നേറ്റ് വീണ്ടും നടക്കാൻ ശ്രമിക്കുന്നു. എത്ര പ്രാവശ്യം കാൽ തെറ്റി വീണാലും അവൻ ശ്രമം ഉപേക്ഷിക്കുന്നില്ല. വീഴ്ചയിൽ മുറിവോ ചതവോ വന്നാലും കുട്ടി ശ്രമം വിടുന്നില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിന്റെ ഫലമായി അവൻ നടക്കാൻ പഠിക്കുന്നു. കൊച്ചുകുട്ടികളുടെ മനസാണ് നമ്മളും വളർത്തിയെടുക്കേണ്ടത്.
പരാജയങ്ങളുടെയും തടസങ്ങളുടെയും മുമ്പിൽ തളരാതിരിക്കാനും ഉത്സാഹവും പ്രതീക്ഷയും നിലനിറുത്താനും കഴിയണം. ശരീരം തളർന്നാലും മനസു തളരാൻ ഒരിക്കലും അനുവദിക്കരുത്. എത്ര തടസമുണ്ടായാലും ക്ഷമയോടെ, ധീരതയോടെ പ്രയത്നം തുടരുന്നവൻ മാത്രമേ വിജയിക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |