
ആൻജിയോപ്ളാസ്റ്റി ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ അടുത്തിടെ നടത്തിയ പരാമർശം പൊതുസമൂഹത്തിലും മെഡിക്കൽ രംഗത്തും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളുടെ കച്ചവട താത്‌പര്യങ്ങൾക്കെതിരെ സമൂഹത്തിൽ പൊതുവേ ശക്തമായ പ്രതിഷേധവും രോഷവും നിലനിൽക്കുന്നുണ്ട്. അതാകട്ടെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ ഉണ്ടായതല്ല. ഐ.സി.യുവിന്റെയും വെന്റിലേറ്ററിന്റെയും മറ്റും പേരും പറഞ്ഞ് മണിക്കൂറുകൾക്ക് ലക്ഷങ്ങൾ ഈടാക്കുന്ന രീതിയിലേക്ക് പല ആശുപത്രികളും മാറിയതും അതിന്റെ പൊള്ളൽ ഏൽക്കേണ്ടിവന്നവരുടെ പ്രതിഷേധവും ആശുപത്രികൾക്കെതിരെയുള്ള ആക്രമണങ്ങളും മറ്റും ഫേസ്‌ബുക്കിലൂടെയും അല്ലാതെയുമൊക്കെ സമൂഹത്തിൽ ചർച്ചയായി നിലനിൽക്കുന്നുണ്ട്. 40 രൂപയുടെ ഗുളികയ്ക്ക് 400 രൂപ വരെ ഈടാക്കിയ ആശുപത്രികൾ കേരളത്തിൽ തന്നെ ഉണ്ടെന്നും ഇപ്പോഴും നല്ലതുപോലെ പ്രവർത്തിച്ചുവരുന്നുണ്ട് എന്നതും എല്ലാവർക്കും അറിയാവുന്നതാണ്.
അതിനാൽ മുഖ്യമന്ത്രി നടത്തിയ പരാമർശം സാധാരണ മനുഷ്യരുടെ മനസിലുള്ള വികാരത്തിന്റെ നേർ പ്രതിഫലനമായാണ് സമൂഹത്തിന് ബോദ്ധ്യപ്പെട്ടത്. ചെറിയ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയാൽ പോലും വിശദ പരിശോധനയുടെ ഒടുവിൽ ആൻജിയോപ്ളാസ്റ്റി വേണമെന്ന് നിർദ്ദേശിക്കുന്നത് ഒരു പതിവായി മാറിയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഡോക്ടർമാർ തന്നെ രംഗത്ത് വരികയും ചെയ്തു. രോഗികളുടെയും ബന്ധുക്കളുടെയും അജ്ഞതയും ഭീതിയും മുതലെടുക്കുന്ന ഒരു രംഗമായി ആരോഗ്യമേഖല അധഃപതിച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ സ്വകാര്യ ആശുപത്രികളുടെയും മറ്റും കച്ചവടതാത്‌പര്യമല്ലാതെ മറ്റൊന്നുമല്ല. സ്റ്റെന്റ് ലോബിയും ഇതിന് പിന്നിൽ സജീവമാണ്. സ്റ്റെന്റ് നിർമ്മാണ കമ്പനികൾ വലിയ ഓഫറുകൾ നൽകി ഡോക്ടർമാരെ പ്രേരിപ്പിക്കാറുണ്ടെന്നും ആരോപണമുണ്ട്.
സ്റ്റെന്റ് ഉപയോഗത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെന്നാണ് അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ പ്രതിമാസം പതിനായിരത്തോളം സ്റ്റെന്റുകൾ ഉപയോഗിക്കപ്പെടുന്നു. പല വിലയ്ക്കുള്ള സ്റ്റെന്റുകൾ ലഭ്യമാണ്. ഇതിനായി ലക്ഷങ്ങളുടെ ചെലവ് വേണ്ടിവരും. ആവശ്യമില്ലാത്തവർക്ക് പോലും അടിച്ചേൽപ്പിക്കുന്ന ഒന്നായി കേരളത്തിൽ ആൻജിയോപ്ളാസ്റ്റി ചികിത്സ മാറിയിരിക്കുന്നു എന്നത് വസ്തുതയാണ്. ചില സ്വകാര്യ ആശുപത്രികൾ ഡോക്ടർമാർക്ക് ആൻജിയോപ്ളാസ്റ്റി ടാർഗറ്റും നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗുരുതരമായ പ്രശ്നങ്ങളില്ലാത്തവർക്കും സ്റ്റെന്റ് ഇടുന്നത്. ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളുടെ പ്രവണത തടയാൻ നിയമ നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ 2025ൽ മാത്രം നടന്നത് 52,621 ആൻജിയോപ്ലാസ്റ്റിയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം പ്രതിമാസം 350 വരെ ആൻജിയോപ്ളാസ്റ്റി ചെയ്യുന്നുണ്ട്. അനിവാര്യമായവർക്ക് മാത്രമാണ് ഇവിടെ ഇത് ചെയ്യുന്നതെന്നാണ് കാർഡിയോളജി വിഭാഗം പറയുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ആൻജിയോപ്ളാസ്റ്റികൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ എവിടെയും ലഭ്യമല്ല. സ്വകാര്യ ആശുപത്രികളിലെ ആൻജിയോപ്ളാസ്റ്റിക്ക് മൂന്നുലക്ഷം മുതൽ 5 ലക്ഷം വരെയാണ് ഈടാക്കാറുള്ളത്. ചികിത്സയെ വെറുമൊരു ബിസിനസായി കാണുന്ന ചില കോർപ്പറേറ്റ് ആശുപത്രികൾ യഥാർത്ഥത്തിൽ സ്വകാര്യ മേഖല എന്ന സങ്കൽപ്പത്തിന് തന്നെ കളങ്കമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് കയ്‌പേറിയ സത്യമാണെന്ന് സമ്മതിച്ചുകൊണ്ട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ജി.രാജേഷ് തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ ഐ.എം.എ ഇതിനെ എതിർക്കുകയാണ് ചെയ്തത്. എന്തായാലും ഇതുസംബന്ധിച്ച ഒരു സംവാദം നടക്കുന്നത് നല്ലതാണ്. കയ്‌പേറിയ ഒട്ടേറെ യാഥാർത്ഥ്യങ്ങൾ പുറത്തുവരാൻ അത് വഴിതെളിക്കും.
Chief Minister V.D. Satheesan’s recent remarks on angioplasty treatment have sparked considerable discussion among the public and within the medical community. His comments, particularly on avoiding unnecessary angioplasty procedures, have drawn both support and criticism from doctors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |