
അഭിമുഖം ഡോ. രാമാനുജ് നാരായൺ, ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി, ഭുവനേശ്വർ
ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ് കേരളം. പലപ്പോഴും പവർകട്ട് വേണ്ടിവരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രപൂളിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. വനഭൂമിയെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധം കാരണം വലിയ ജലവൈദ്യുത പദ്ധതികൾ തുടങ്ങാനാവുന്നില്ല. സോളാർ വൈദ്യുതി ഉത്പാദനമുണ്ടെങ്കിലും രാത്രികാല ആവശ്യത്തിനായി സംഭരിക്കാനാവുന്നില്ല. പ്രതിസന്ധി മറികടക്കാൻ തലപുകയ്ക്കുകയാണ് സർക്കാരും കെ.എസ്.ഇ.ബിയും. ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജിയുടെ ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ.രാമാനുജ് നാരായൺ 'കേരളകൗമുദി'യോട് സംസാരിക്കുന്നു:
?കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ കാരണങ്ങൾ
വൻതോതിലുള്ള ഉപഭോഗമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. വർഷങ്ങൾക്ക് മുൻപുള്ള സ്ഥിതിയല്ല ഇന്ന് കേരളത്തിൽ. ഏതാണ്ടെല്ലാ വീടുകളിലും ഒന്നിലേറെ എ.സികളായി. ഉപഭോഗം നിയന്ത്രിക്കാനാവുന്നില്ല. ഇനിയുള്ള വർഷങ്ങളിൽ ഇത് കൂടുകയേയുള്ളൂ.
?പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങൾ
കേരളത്തിന് ഏറ്റവും അനുയോജ്യം ആണവോർജ്ജ പദ്ധതികളാണ്. കേരളത്തിന് മാത്രമല്ല, രാജ്യത്തിനു തന്നെ നല്ലതാണ്. കാരണം നമ്മുടേത് ഏറ്റവും ഉയർന്ന ജനസംഖ്യയാണ്. തുടർച്ചയായ ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ ആണവോർജ്ജ പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താം. കേരളത്തിനും ഇത് ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ.
?ചീമേനി ആണവനിലയത്തോട് വൻ എതിർപ്പായിരുന്നല്ലോ
ഹരിത ഊർജ്ജം (ഗ്രീൻ എനർജി) ഉണ്ടാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ആണവോർജ്ജ പദ്ധതികൾ. ഏറ്റവും സുരക്ഷിതമാണത്. കേരളത്തിന് തൊട്ടടുത്ത് കൂടംകുളത്ത് ആണവോർജ്ജ നിലയമുണ്ടല്ലോ. അവിടെനിന്ന് കേരളത്തിനും വൈദ്യുതി ലഭിക്കുന്നില്ലേ. പ്ലാന്റ് വന്നിട്ട് ഇത്രയും കാലമായില്ലേ. അതിനാൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ടതില്ല. ജനങ്ങളെ ഒരുതരത്തിലും ബാധിക്കില്ല.
?വിഴിഞ്ഞം തുറമുഖം കേരളത്തിൽ വികസനമുണ്ടാക്കുമോ
കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമായിരിക്കും അത്. മിനറൽ മേഖല എപ്പോഴും തുറമുഖത്തെ ആശ്രയിച്ചാണുള്ളത്. അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനുള്ള പ്രധാന മാർഗമാണ് തുറമുഖം. വിഴിഞ്ഞം വന്നതോടെ വ്യവസായങ്ങൾക്കടക്കം അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നത് എളുപ്പമാകും. ചെലവ് കുറയും. വിഴിഞ്ഞം തുറമുഖം സജ്ജമായതോടെ മേഖലയിൽ വ്യവസായങ്ങൾ വികസിക്കും. തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കും. മിനറൽ പ്രോസസിംഗ് പരിസ്ഥിതി സൗഹൃദതലത്തിലേക്ക് മാറിയതിനാൽ, അവിടെ സ്റ്റാർട്ടപ്പുകൾക്കും സംയോജനത്തിനും വലിയ സാദ്ധ്യതകളുണ്ട്.
?വിഴിഞ്ഞം കേന്ദ്രമാക്കിയുള്ള 'മിഷൻ സമുദ്ര' വിജയമാവുമോ
പുതിയ മുഖ്യമന്ത്രിയുടെ മികച്ച പദ്ധതിയാണത്. ബ്ലൂ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുകയും തുറമുഖത്തിന്റെ ഗുണം നാടിന് പ്രയോജനപ്പെടുത്തുകയും ചെയ്യാൻ ഇതു സഹായിക്കും. തുറമുഖം വികസിക്കുന്നതോടെ നാട് വികസിക്കും.
?വിഴിഞ്ഞത്ത് ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് ഗുണകരമാണോ
കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ പ്രയോജനകരമാണിത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകളിലൊന്നായി ഒഡീഷയിലെ പാരാദീപ് പോർട്ട് വികസിക്കുകയാണ്. ഭാവി ഗ്രീൻ ഹൈഡ്രജന്റേതാണ്. മുന്നോട്ടുവരുന്ന സംസ്ഥാനങ്ങൾക്കെല്ലാം അത് ഗുണകരമായിരിക്കും. 2030ഓടെ ഇന്ത്യയെ ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും ആഗോള കേന്ദ്രമാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
?കരിമണൽ ഖനനം വിവാദത്തിൽ കുരുങ്ങിയല്ലോ
ടൈറ്റാനിയം അടങ്ങിയ റെയർ എർത്തുകൾ കേരളത്തിന്റെ സമ്പത്താണ്. ടൈറ്റാനിയം വിലപിടിപ്പുള്ള ലോഹമാണ്. ആലപ്പുഴ, കൊല്ലം തീരത്ത് ഖനനം നടത്തുന്ന ഐ.ആർ.ഇയുമായി ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒഡീഷയിലും അവർക്കൊരു പ്ലാന്റുണ്ട്. വികസന പ്രവർത്തനങ്ങളിൽ അവരുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ടൈറ്റാനിയത്തിന്റെ കുറവുണ്ട്. നമ്മൾ ലോകമെമ്പാടുനിന്നും ടൈറ്റാനിയം ഇറക്കുമതി ചെയ്യുകയാണ്. ഖനനം നടത്തിയാൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുണ്ടാവില്ല.
?കരിമണൽ ഖനനം പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കില്ലേ
ഇലക്ട്രോണിക്സ് നിർമ്മാണത്തിനും എയ്‌റോസ്‌പേസ് മേഖലയിലുമടക്കം ഇത് നിർണായകമാണ്. കരിമണൽ ഖനനംകൊണ്ട് ദോഷകരമായ പ്രത്യാഘാതങ്ങളൊന്നുമില്ല. പരിസ്ഥിതി സൗഹൃദമായ ഖനനത്തിന് ശാസ്ത്രീയമായ പരിഹാരങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരിസ്ഥിതിയെ ബാധിക്കാത്ത വിധത്തിൽ നമ്മുടെ തന്ത്രപരമായ ആവശ്യങ്ങൾക്ക് വേണ്ട മൂലകങ്ങൾ വേർതിരിച്ചെടുക്കാനാവണം. ഇത് നേട്ടങ്ങൾ കൂട്ടുകയല്ലാതെ യാതൊരുവിധ പ്രതികൂല ആഘാതവും ഉണ്ടാക്കില്ല.
?ആഴക്കടൽ ഖനനപദ്ധതി കേരളത്തിലുണ്ടോ
കടലിന്റെ അടിത്തട്ടിൽ നിന്ന് വിലയേറിയ ധാതുക്കളും ലോഹങ്ങളും വേർതിരിച്ചെടുക്കുന്നതാണ് ഡീപ്പ് ഓഷ്യൻ മിഷൻ. കടലിൽ 4,000 മുതൽ 6,000 മീറ്റർ വരെ താഴ്ചയിൽ നിന്ന് നിക്കൽ, കൊബാൾട്ട്, ചെമ്പ്, മാംഗനീസ് എന്നീ അപൂർവവും വിലയേറിയതുമായ ലോഹങ്ങൾ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയുണ്ടാക്കി. ചന്ദ്രയാൻ പോലെ 'സമുദ്രയാൻ' എന്ന പേരിൽ പേടകങ്ങൾ വികസിപ്പിക്കും. 'സമുദ്രയാൻ' ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് കടലിൽനിന്ന് ലോഹങ്ങൾ കൊണ്ടുവരും. കേരളത്തിൽ ആഴക്കടലിലെ ഖനനം അടുത്തെങ്ങുമില്ല. ആൻഡമാനിലാണ് തുടക്കം. കേരളത്തിൽ ആഴക്കടലാണ്. എന്നാൽ ആൻഡമാനിലെ ആഴം കുറഞ്ഞ വെള്ളത്തിൽ ലോഹങ്ങൾക്ക് സാദ്ധ്യതയുണ്ട്. .
സോളാർ പാനലുകളുടെ പുനരുപയോഗം
ഉപയോഗശൂന്യമായ സോളാർ പാനലുകളിൽ അടങ്ങിയിരിക്കുന്ന സിലിക്കൺ, ചെമ്പ്, വെള്ളി തുടങ്ങിയ ലോഹങ്ങളും സെമികണ്ടക്ടർ ഘടകങ്ങളും ഹൈഡ്രോമെറ്റലർജിക്കൽ സാങ്കേതികവിദ്യകൾ വഴി വേർതിരിച്ചെടുക്കാനാവും. സോളാർ പാനലുകളുടെ 25 വർഷ കാലാവധി കഴിയുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത വിധം പുനരുപയോഗിച്ച് പുതിയ പാനലുകൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കളാക്കി മാറ്റുന്ന 'സർക്കുലർ ഇക്കോണമി' മാതൃകയാണ് നടപ്പാക്കുക. ഭാവിയിലെ വൻതോതിലുള്ള സോളാർ വേസ്റ്റ് വെല്ലുവിളികളെ നേരിടാൻ ഇത് സഹായിക്കും. തിരുവനന്തപുരത്തെ എൻ.ഐ.ഐ.എസ്.ടിയും ഇക്കാര്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |