SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

അപര്യാപ്തതകളിൽ കിതച്ചും തളർന്നും പ്രതിഭകൾ

hj

കായലുകളുടെയും തോടുകളുടെയും നാട്. വള്ളംകളി പോലുള്ള പരമ്പരാഗത ജലകായിക വിനോദങ്ങൾ. അത്‌ലറ്റിക്സ്, ഫുട്ബാൾ, വോളിബാൾ തുടങ്ങിയ വിവിധയിനം കായികമേഖലകളിലും മികച്ച പ്രതിഭകളെ വാർത്തെടുക്കാനായിട്ടും പരിതാപകരമാണ് ആലപ്പുഴയിലെ കായികമേഖലയുടെ വർത്തമാനകാലം. കേരളത്തിന്റെ സാംസ്കാരിക, കായിക ഭൂപടത്തിൽ സ്വന്തമായൊരു മേൽവിലാസമുള്ള ജില്ലയായിരുന്നു ആലപ്പുഴ.

നാൾക്കുനാൾ വളർന്നുറച്ചു വരേണ്ട ആലപ്പുഴയിലെ കായിക അടിസ്ഥാന സൗകര്യം പക്ഷേ ആഴമുള്ള പ്രതിസന്ധിയിലാണ്.

കായികമേളകൾ സംഘടിപ്പിക്കുമ്പോഴോ താരങ്ങളെ പരിശീലിപ്പിക്കുമ്പോഴോ ആവശ്യത്തിന് സ്റ്റേഡിയങ്ങളോ ആധുനിക സജ്ജീകരണങ്ങളോ ഇല്ല. കായിക ആസ്ഥാനമായി കണക്കാക്കപ്പെടുന്ന ആലപ്പുഴ ജില്ല സ്പോർട്സ് കൗൺസിൽ സ്റ്റേഡിയവും സമീപ പ്രദേശങ്ങളും ഇന്ന് പലവിധ പരിമിതികളുടെ നിഴലിലാണ്. സ്കൂൾ കായികമേളകളോ ജില്ലാതല ടൂർണമെന്റുകളോ നടക്കുമ്പോൾ കൃത്യമായ ട്രാക്കോ, മഴ നനയാതെ മത്സരം നടത്താനുള്ള ഇൻഡോർ സ്റ്റേഡിയങ്ങളോ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളത്.

മിക്ക ജില്ലകളിലും ആധുനിക നിലവാരത്തിലുള്ള സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കുകൾ യാഥാർത്ഥ്യമായെങ്കിലും ആലപ്പുഴയിൽ ഇതിനിയും പൂർണ്ണതോതിൽ സജ്ജമല്ല. നിലവിലുള്ള മണ്ണുപാകിയ ട്രാക്കുകൾ മഴക്കാലത്ത് വെള്ളക്കെട്ടിലമരുന്നത് മത്സരവും പരിശീലനവും മുടക്കും. ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, വോളിബാൾ, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇൻഡോർ ഗെയിമുകൾക്ക് അനുയോജ്യമായ ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങൾ ജില്ലയുടെ ഗ്രാമീണ മേഖലകളിൽ തീർത്തും അപര്യാപ്തമാണ്. നിലവിലുള്ള പല ചെറിയ ഗ്രൗണ്ടുകളും പ്രാദേശിക ക്ലബ്ബുകളുടെയോ കായിക പ്രേമികളുടെയോ കൂട്ടായ്മയിലാണ് നിലനിൽക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സ്പോർട്സ് കൗൺസിലിന്റെയോ കൃത്യമായ ഫണ്ടോ പരിപാലനമോ ലഭിക്കാത്തതിനാൽ കാടുകയറി നശിക്കുന്ന കാഴ്ചയാണ് പലയിടത്തും.

ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടാണ് അത്‌ലറ്റിക് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിൽ ഒരിടത്തും 400 മീറ്റർ ഗ്രൗണ്ടില്ലാത്തതാണ് പ്രതിസന്ധി. പ്രീതികുളങ്ങര ഗ്രൗണ്ടിന് മൂന്ന് ട്രാക്ക് മാത്രമേയുള്ളൂ. കഴിഞ്ഞവർഷം മഴ കാരണം ഗ്രൗണ്ടുകൾ ചെളിക്കുഴിയായതോടെ പല മത്സരങ്ങളും ഒന്നിച്ചുവരികയും പലർക്കും മത്സരങ്ങളിൽ പങ്കെടുക്കാനാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു.

ഇതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ജില്ലയിലെ പ്രധാന കളിക്കളമായ ഇ.എം.എസ് സ്റ്രേഡിയം തകർന്നുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. കായികമേള പോയിട്ട് ഒരു കബഡി മത്സരം പോലും ഇവിടെ നടത്താനാകില്ല. മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ പേരിൽ ആലപ്പുഴയിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് 2010ൽ ആന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാ നന്ദനാണ്. 16 വർഷം പിന്നിടുമ്പോഴും ഇന്നുവരെ ഒരു ഓട്ടമത്സരം പോലും സ്റ്റേഡിയത്തിൽ നടന്നിട്ടില്ല. സ്റ്റേഡിയത്തിന്റെ നിർമ്മാണം 2023ൽ പൂർത്തിയാക്കുമെന്ന് മുൻ കായികമന്ത്രി വി.അബ്ദുറഹ്മാന്റെ പ്രഖ്യാപനവും പാഴായി. ട്രാക്ക് ഇല്ലാത്തതിനാൽ ഇ.എം.എസ് സ്റ്റേഡിയവും ഉപയോഗിക്കാനാവില്ല.

 കായിക ടൂറിസം സൗകര്യമേറെ


പ്രകൃതിദത്തമായ കായലും ജലാശയങ്ങളും ധാരാളമുണ്ടായിട്ടും അവയെ കായിക ടൂറിസത്തിനോ പരിശീലനത്തിനോ ആയി ബന്ധിപ്പിച്ച് ശാസ്ത്രീയമായി വികസിപ്പിക്കാൻ അധികൃതർക്കായിട്ടില്ല. സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി മെഡൽ നേടിയ റോവിംഗ് താരങ്ങൾ പോലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം സ്വന്തം ചെലവിലോ അല്ലെങ്കിൽ മറ്റ് ജില്ലകളിലെ അക്കാഡമികളെ ആശ്രയിച്ചോയാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് കായികരംഗത്തേക്ക് വരുന്നത്. എന്നാൽ മികച്ച ഡയറ്റോ, ആധുനിക ജിംനേഷ്യം സൗകര്യങ്ങളോ, ശാസ്ത്രീയമായ പരിശീലനമോ നൽകാൻ തക്കവണ്ണം കായിക സ്കൂളുകളോ ഹോസ്റ്റലോ ഇല്ല. ജില്ലാതല കായികമേള നടക്കുമ്പോൾ പങ്കെടുക്കുന്ന കുട്ടികൾക്ക് താത്കാലികമായി ഒരുക്കുന്ന സൗകര്യം പോലും അപര്യാപ്തമാണ്. ഇത് കായികരംഗത്തോടുള്ള കുട്ടികളുടെ താല്പര്യം നഷ്ടപ്പെടുത്തുന്നു. ആലപ്പുഴയിലെ കായിക പ്രതിഭകൾക്ക് കഴിവ് തെളിയിക്കാൻ അവസരം നിരവധിയുണ്ടെങ്കിലും, അവരെ പിന്തുണയ്ക്കാൻ തക്കവണ്ണമുള്ള അടിസ്ഥാനസൗകര്യം ഇനിയും അകലെയാണ്. കായികമേളകൾ വെറുമൊരു വാർഷിക ചടങ്ങായി ഒതുക്കാതെ, നാളെയുടെ ഒളിമ്പ്യൻമാരെ വാർത്തെടുക്കുന്ന കളിത്തട്ടായി ആലപ്പുഴ മാറണമെങ്കിൽ സർക്കാരും സമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

 വേണ്ടത് അടിയന്തര ഇടപെടൽ


കായിക മേഖലയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ സർക്കാർ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിലും അടിയന്തരമായി ഇടപെടണം.

പ്രധാന സ്റ്റേഡിയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും സിന്തറ്റിക് ട്രാക്കുകളുടെ നിർമ്മാണം വേഗത്തിലാക്കുകയും വേണം.

പഞ്ചായത്ത് തലത്തിൽ പോലും ഓരോ മിനി സ്റ്റേഡിയങ്ങളോ പ്ലേ ഗ്രൗണ്ടുകളോ ഉറപ്പാക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുക.

ജലകായിക ഇനങ്ങൾക്കും അത്‌ലറ്റിക്സിനുമായി പ്രത്യേക സർക്കാർ സ്പോർട്സ് അക്കാഡമികൾ ആരംഭിക്കുക കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാക്കുക

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗപ്പെടുത്തി കായികസൗകര്യം വികസിപ്പിക്കുക.

 400 മീറ്റർ ഗ്രൗണ്ടില്ലാത്തത് വെല്ലുവിളി

 കായികതാരങ്ങൾക്ക് പരിശീലനം നൽകാനുതകുന്ന നല്ല മൈതാനം പോലുമില്ല. ആകെയുള്ളത് പ്രീതികുളങ്ങരയിലെ ഗ്രൗണ്ട്. ഇവിടത്തെ ട്രാക്ക് ചെറുതും

 ഒരു മാസം മുമ്പ് അറിയിച്ചാൽ പോലും കായികമേളയ്ക്ക് മൈതാനം കണ്ടെത്തുക പ്രയാസം. കഴിവുള്ള ധാരാളം വിദ്യാർത്ഥികളുണ്ട്. എന്നാൽ,​ അവർക്ക് പരിശീലനത്തിന് ഇടമില്ല

 കായിക മേളകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉൾപ്പെടെ എത്തിച്ചാണ് ട്രാക്ക് പരിശീലനം നൽകുന്നത്.

കഴിഞ്ഞ ജില്ലാകായിക മേള വലിയ പരാധീനതയിലും പരാതിയിലുമാണ് അവസാനിച്ചത്. പ്രധാന കാരണം ഗ്രൗണ്ടുകളുടെ അപര്യാപ്തതയാണ്. മഴവെള്ളം കാരണം പല ഗ്രൗണ്ടുകളും ചെളിക്കുണ്ടായി.

മത്സരങ്ങൾ പലതും ഒരുമിച്ച് വന്നതോടെ,​ പ്രഗത്ഭരായ പല വിദ്യാർത്ഥികൾക്കും പങ്കെടുക്കാനായില്ല. ഒരു മത്സരം അരൂരാണെങ്കിൽ അടുത്ത മത്സരം കായംകുളത്താണ് നടന്നത്. ജില്ലയുടെ രണ്ടറ്രത്തും ഓടിയെത്താനായില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION