SignIn
Kerala Kaumudi Online
Sunday, 25 October 2026 4.38 AM IST

യഥാർത്ഥ ആത്മസ്‌നേഹം

amritha

ബഹുനിലകളുള്ള സൂപ്പർ മാർക്കറ്റിൽ ആവശ്യത്തിന് ലിഫ്റ്റുകളില്ലായിരുന്നു. അതുകാരണം ലിഫ്റ്റ് വരാൻ ആളുകൾക്ക് ഏറെ സമയം കാത്തുനിൽക്കേണ്ടി വന്നു. മടുത്തിട്ട് പലരും ബഹളം തുടങ്ങി. സ്ഥാപനത്തിന്റെ പരാതിപ്പെട്ടി നിറഞ്ഞു. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ബിസിനസിന് വലിയ ദോഷം ചെയ്യുമെന്ന് ഉടമസ്ഥന് മനസിലായി. ബിൽഡിംഗിൽ കൂടുതൽ ലിഫ്റ്റുകൾ സ്ഥാപിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏതുവിധത്തിൽ പ്രശ്നം പരിഹരിക്കാൻ പറ്റും എന്ന് അയാൾ തല പുകച്ചു. ഒടുവിൽ സമർത്ഥമായ പരിഹാരം കണ്ടെത്തി. ആളുകൾ ലിഫ്റ്റിൽ കയറാൻ കാത്തുനിൽക്കുന്ന ഇടത്തിലും ലിഫ്റ്റിനകത്ത് ചുമരുകളിലും കൂറ്റൻ കണ്ണാടികൾ സ്ഥാപിച്ചു. അത്ഭുതമെന്ന് പറയട്ടെ അതിനുശേഷം ആരുടെയും പരാതി വന്നില്ല. കാരണം ലിഫ്റ്റിൽ കയറാൻ കാത്തുനിൽക്കുന്നവർ ആരും തന്നെ സമയം പോയതറിഞ്ഞതേയില്ല. അവർ അവിടെയിരുന്ന് കണ്ണാടിയിൽനോക്കി മുടി ചീകുകയും ചുണ്ട് മിനുക്കുകയും കണ്ണെഴുതുകയും വസ്ത്രം അഡ്ജസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ലിഫ്റ്റിനകത്തും അവർ അതു തുടർന്നു. സമയം പോകുന്നത് അറിഞ്ഞിട്ട് വേണ്ടേ പരാതി നൽകാൻ!

സുന്ദരനാകാനും സുന്ദരിയാകാനും സൗന്ദര്യം സംരക്ഷിക്കാനും ആഗ്രഹിക്കാത്ത ആരാണുള്ളത്? ചിലർ രാവിലെ എഴുന്നേറ്റാൽ കണ്ണാടിക്ക് മുമ്പിൽ എത്ര സമയമാണ് ചെലവാക്കുന്നത് ! വസ്ത്രം ധരിക്കാനും കറുത്ത തൊലി വെളുപ്പിക്കാനും വെളുത്ത മുടി കറുപ്പിക്കാനും കറുത്ത മുടി ചുവപ്പിക്കാനും, പച്ചയാക്കാനുമൊക്കെ ശ്രമിക്കുന്നു.

സ്വന്തം നേട്ടങ്ങൾ ആഗ്രഹിക്കാത്ത ആരാണുള്ളത്? സ്വന്തം സുഖം ആഗ്രഹിക്കാത്ത ആരാണുള്ളത്? എന്നാൽ യഥാർത്ഥ ആത്മസ്‌നേഹം ഇതാണോ? യഥാർത്ഥത്തിൽ തന്നെത്തന്നെ സ്‌നേഹിക്കാൻ ഇവർക്ക് കഴിയുന്നുണ്ടോ?തന്നിൽ തന്നെ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ കഴിയുന്നുണ്ടോ?ഇല്ല എന്നതാണ് ദുഃഖകരമായ ഉത്തരം .അതുകാരണം സ്വയം സ്‌നേഹിക്കാൻ അവർക്ക് കഴിയുന്നില്ല,അവർ സ്വയം വെറുക്കാൻ തുടങ്ങുന്നു,അസംതൃപ്തിയോടെ ആത്മനിന്ദയോടെ ജീവിക്കുന്നു.

അവർ തങ്ങളെ തന്നെ വെറുക്കുന്നു, മറ്റുള്ളവരെയും വെറുക്കുന്നു. അതു കൊണ്ടു തന്നെ ജനങ്ങൾക്കിടയിൽ മാനസിക തകർച്ചയും ആത്മഹത്യയും കുടുംബ കലഹങ്ങളും വർദ്ധിക്കുന്നു. യഥാർത്ഥത്തിൽ സ്വയം സ്‌നേഹിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് മതങ്ങളും ഗുരുക്കന്മാരും മനഃശാസ്ത്രജ്ഞരുമെല്ലാം പഠിപ്പിക്കുന്നത്.

രാമനും സീതയും കുന്തിയും പാണ്ഡവരും ഒക്കെ എത്രയോ കഷ്ടപ്പാടുകൾ സഹിച്ചു. എന്നിട്ടും ആത്മാഭിമാനം അവർക്ക് നഷ്ടപ്പെട്ടില്ല. ആത്മ സംതൃപ്തിയിൽ തന്നെ അവർ കഴിഞ്ഞു. കാരണം അവരുടെ ജീവിതത്തിന് മൂല്യങ്ങളിലും ആത്മീയതയിലും അധിഷ്ഠിതമായ ഭദ്രമായ ഒരു അടിത്തറ ഉണ്ടായിരുന്നു

സ്വയം സ്‌നേഹിക്കുക എന്നാൽ തന്നിൽ തന്നെ തൃപ്തി തോന്നുക, തന്നോട് തന്നെ സന്തോഷം തോന്നുക എന്നാണ്. അതിന് കഴിയണമെങ്കിൽ ചില അടിസ്ഥാന മൂല്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കണം, നാം ആരാണ് എന്നതിനെക്കുറിച്ച് ചില അടിസ്ഥാന തത്വങ്ങൾ നമ്മൾ മനസിലാക്കിയിരിക്കണം. അപ്പോൾ നിസാര കാര്യങ്ങളെ ചൊല്ലി നമ്മൾ അസംതൃപ്തരാകില്ല. ചെറിയ പരാജയങ്ങളിൽ നമ്മുടെ ജീവിതം തകർന്നു പോവുകയുമില്ല. ആത്മസ്‌നേഹവും ശാന്തിയും സന്തോഷവും എന്നും നമ്മുടെ കൂടെ ഉണ്ടാവുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMRITHANANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION