SignIn
Kerala Kaumudi Online
Thursday, 22 October 2026 10.44 AM IST

കുട്ടികളെ സുരക്ഷിതരാക്കാം

s

സ്വന്തം വീട്ടിലും അടുത്ത ബന്ധുക്കളുടെ വീട്ടിലും പൊതുഇടങ്ങളിലും സ്‌കൂളുകളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പിച്ച് പറയാൻ ആർക്കും സാധിക്കാത്ത കാലമാണിന്ന്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ നേരിടാൻ 2012ലെ ശിശുദിനത്തിലാണ് പോക്‌സോ നിയമം നിലവിൽ വന്നത്. എന്നാൽ, നിയമങ്ങൾ കർശനമാകുമ്പോഴും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ തെല്ലും കുറവ് വന്നിട്ടില്ലായെന്നതാണ് വസ്തുത. ഓരോ വർഷം കൂടുന്തോറും കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ കണക്കുകളിൽ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 15,000ത്തോളം കുട്ടികളാണ് ഓരോ വർഷവും പലതരത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നത്. സംസ്ഥാനത്ത് ഈ വർഷം ഒക്ടോബർ വരെ 4,011 പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്നാണ് സ്റ്റേറ്റ് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. 400 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട മലപ്പുറത്താണ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം സിറ്റി - 199, തിരുവനന്തപുരം റൂറൽ -379, കൊല്ലം സിറ്റി -204, കൊല്ലം റൂറൽ - 216, പത്തനംതിട്ട -229,ആലപ്പുഴ-228, കോട്ടയം-180, ഇടുക്കി-159, എറണാകുളം സിറ്റി-130, എറണാകുളം റൂറൽ-244, തൃശൂർ സിറ്റി-170, തൃശൂർ റൂറൽ-158, പാലക്കാട്-213,മലപ്പുറം -400, കോഴിക്കോട് സിറ്റി- 182, കോഴിക്കോട് റൂറൽ-212, വയനാട്-142, കണ്ണൂർ സിറ്റി -87, കണ്ണൂർ റൂറൽ-76, കാസർഗോഡ് 198, റെയിൽവേ പൊലീസ് -5 എന്നിങ്ങനെയാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട പോക്‌സോ കേസുകളുടെ എണ്ണം.
ഒരുകാലത്ത് അപമാനം ഭയന്ന് കേസുമായി മുന്നോട്ട് പോകാൻ അധിക പേരും താത്പര്യപ്പെട്ടിരുന്നില്ല. എന്നാൽ, നിരന്തര ബോധവത്കരണത്തിലൂടെ ഈ ചിന്താഗതിയ്ക്ക് വലിയ മാറ്റമാണ് സംഭവിച്ചത്. മാത്രമല്ല, തങ്ങൾക്ക് നേരെ നടന്നത് ചൂഷണമാണെന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കുട്ടികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയതോടെ വെളിച്ചം കാണാതെ പോകുമായിരുന്ന പല സംഭവങ്ങളും പുറത്ത് വരുകയും ചെയ്തിട്ടുണ്ട്.

സമൂഹത്തിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ പ്രധാന കാരണമാണ്. ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗികചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചൈൽഡ് ലൈനിന്റേയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൊവിഡ് സമയത്ത് പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാർത്ഥികളുടെ കൈവശം മൊബൈൽ ഫോൺ വ്യാപകമായതും കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. അയൽവാസികളിൽ നിന്നും നേരിട്ട ലൈംഗികാതിക്രമ കേസുകളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ അധികവും ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുന്ന കേസുകളാണ്. ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് നിർബന്ധിതരാവുന്നു. കോടതികളിലെത്തുന്ന പോക്‌സോ കേസുകളിൽ 25 ശതമാനത്തോളവും പ്രണയ ബന്ധത്തെ എതിർത്ത് രക്ഷിതാക്കൾ നൽകുന്ന പോക്‌സോ കേസുകളാണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് സാധാരണമാണ്. ഇത് കുട്ടികളിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനിടയാകും എന്നതിനാൽ രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുന്ന കേസുകളും നിരവധിയാണ്. വിചാരണ നടപടികൾ നീണ്ടുപോകുന്നതോടെ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ, കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്‌പര്യപ്പെടുന്നില്ല. ഇര സ്‌കൂൾ വിദ്യാർത്ഥിയാണെങ്കിൽ കേസിന്റെ പേരുപറഞ്ഞ് ആളുകൾ കാണാൻ വരുന്നതും കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് നയിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ മൊഴിയെടുപ്പും വിചാരണയും പൂർത്തിയാക്കി പ്രതിക്ക് അനിവാര്യമായ ശിക്ഷ വിധിക്കുകയാണ് വേണ്ടത്.

ലൈംഗിക ചൂഷണത്തിന് വിധേയരാകേണ്ടി വന്നാൽ ഉത്തരവാദിത്വപ്പെട്ട മാതാപിതാക്കളോടോ അദ്ധ്യാപകരോടോ അംഗനവാടി ടീച്ചർമാരോടോ സ്‌കൂൾ കൗൺസിലർമാരോടോ തുറന്നുപറയാൻ കുട്ടികളെ പ്രീസ്‌കൂൾ മുതൽ തന്നെ പഠിപ്പിക്കണം. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നത് എന്താണെന്നും അതെങ്ങനെ തിരിച്ചറിയണമെന്നും ദുരുദ്ദേശത്തോടെ തന്നെ സമീപിക്കുന്നവരിൽ നിന്നും എങ്ങനെ സ്വയം രക്ഷ കൈവരിക്കണമെന്നുമുള്ള ട്രെയിനിംഗ് കുട്ടികൾക്ക് വളരെ ചെറുപ്പം മുതൽ തന്നെ നൽകണം. ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൃത്യമായ കൗൺസലിംഗ് സംവിധാനം ആൺകുട്ടികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണ് എന്നതിനപ്പുറത്തേക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണം. ആദിവാസി മേഖലയിലെ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ അവബോധം നൽകണം.
ലൈംഗികാതിക്രമം എന്നത് അന്തസ്സുമായി ബന്ധപ്പെട്ടതല്ലെന്നും തന്റെ ശരീരത്തിന് നേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ആക്രമിക്കപ്പെട്ട കുട്ടിയെ കോടതി വരെ എത്തിക്കുന്നതിന് ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കോടതിയിൽ സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യം ഉണ്ടായാൽ മാത്രം പോരാ. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POCSO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION