SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

വനിതാ സംവരണ ഭേദഗതി ബിൽ

a

സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും നമ്മുടെ പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നോക്കിയാൽ ഒറ്റനോട്ടത്തിൽത്തന്നെ പുരുഷാധിപത്യമാണ് നിലനിൽക്കുന്നതെന്ന് കാണാനാവും. സ്‌ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വാചാലരാകുമെങ്കിലും സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോഴും അധികാര സ്ഥാനങ്ങൾ നൽകുമ്പോഴും ഏതു രാഷ്ട്രീയ കക്ഷിയിലും സ്‌ത്രീകളുടെ സ്ഥാനം പിന്നിൽ തന്നെയാണ്.

കോട്ട പോലെ ഉറച്ചുപോയ പുരുഷാധിപത്യം ഒരു ദിവസം കൊണ്ട് തകർക്കാനാവുന്നതല്ല. അധികാരത്തിന്റെ മുൻനിരയിലേക്ക് വരാൻ സ്‌ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവർക്ക് അതിനുള്ള അവസരങ്ങൾ നിയമപരമായി ഒരുക്കുകയും വേണം. വനിതകൾക്ക് സംവരണം നൽകി പാർലമെന്റിൽ മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കുക എന്നതിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ എന്ന തിരിച്ചറിവിന്റെ ഭാഗമായാണ് വനിതാ സംവരണം എന്ന ആശയം ഉടലെടുത്തത്.

1974-ൽ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാൻ വിദ്യാഭ്യാസ - സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് വനിതാ പ്രാതിനിദ്ധ്യം സംബന്ധിച്ച ആദ്യ പരാമർശമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന് ഈ സമിതി ശുപാർശ ചെയ്തു. എന്നാൽ ഇത് നടപ്പിലായത് പിന്നീടും ദശാബ്ദങ്ങൾ കഴിഞ്ഞ് 1993-ൽ ഭരണഘടനയുടെ 73, 74 വകുപ്പുകൾ ഭേദഗതി ചെയ്ത് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തപ്പോഴായിരുന്നു. എന്നാൽ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്‌ത്രീകളുടെ പ്രാതിനിദ്ധ്യം ഇതുവരെ നിയമപരമായി സംവരണം ചെയ്യപ്പെട്ട് ഉറപ്പാക്കിയിട്ടില്ല. അതിനാൽ പാർലമെന്റിലും സംസ്ഥാന അസംബ്ളികളിലും ഇപ്പോഴും സ്‌ത്രീകളുടെ സാന്നിദ്ധ്യം തുലോം കുറവാണ്. പല തവണ വനിതാ സംവരണ ബിൽ പാസാക്കപ്പെടുകയും പാർലമെന്റിന്റെ കാലാവധി തീരുന്നതോടെ കാലഹരണപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ കാര്യകാരണങ്ങളിലേക്ക് ഇനി കടന്നിട്ട് കാര്യമില്ല. ഏറ്റവും ഒടുവിൽ 33 ശതമാനം വനിതാ സംവരണം വേഗത്തിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഈ ആഴ്ച പാർലമെന്റിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം നിശ്ചയിക്കാനാണ് നീക്കം. ഇതുപ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആകും. കേരളത്തിലെ ലോക്‌സഭാ സീറ്റ് 30 ആയും നിയമസഭാ അംഗബലം 210 ആയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്.

ലോക്‌സഭാ സീറ്റുകൾ 816 ആകുമ്പോൾ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാം.

ലോക്‌സഭയിലും നിയമസഭയിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതാ സംവരണം ഉറപ്പാക്കുന്ന 2023-ലെ നാരിശക്തി വന്ദൻ നിയമം പാർലമെന്റ് പാസാക്കിയെങ്കിലും 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ നടപ്പാക്കാനാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ, 2026-ൽ തുടങ്ങുന്ന സെൻസസ് പൂർത്തിയാവാൻ 2029-ഉം കഴിഞ്ഞെന്നിരിക്കും. അതിനാൽ ബില്ലിൽ ചേർത്തിരുന്ന പഴയ വ്യവസ്ഥ ഒഴിവാക്കാനാണ് പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്. എല്ലാ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. കാൽനൂറ്റാണ്ടിലധികം നീണ്ടുപോയതാണ് വനിതാ സംവരണമെന്ന സ്വപ്നം. ഇനി ഇത് നീണ്ടുപോകാതിരിക്കാൻ എല്ലാ കക്ഷികളുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY