SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.35 AM IST

മാലദ്വീപ് മുതൽ മൗറീഷ്യസ് വരെ

s

ദുരന്ത സാഹചര്യങ്ങളിൽ പല രാജ്യങ്ങളും ഇന്ത്യയെയാണ് വിളിക്കുന്നത്.

ഈ മേന്മ കേവലം നയതന്ത്രപരം മാത്രമല്ല. മറിച്ച് പ്രായോഗിക പ്രവർത്തനങ്ങളിലൂടെ

ഇന്ത്യ നേടിയെടുത്ത ഗുഡ് വിൽ കൂടിയാണ്.

ആഫ്രിക്കയുടെ കിഴക്കൻ തീരം മുതൽ ആസ്ട്രേലിയയുടെ പശ്ചിമ തീരം വരെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ സമുദ്രതീരത്തിലൂടെയാണ് ആഗോള തലത്തിൽ കടൽമാർഗമുളള എണ്ണ വ്യാപാരത്തിന്റെ 80 ശതമാനവും ഒഫ് ഷോർ എണ്ണയുത്പാദനത്തിന്റെ 40 ശതമാനവും നടക്കുന്നത്. ചുഴലിക്കാറ്റ്, സുനാമി, മഹാമാരികൾ, സമുദ്രനിരപ്പിന്റെ ഉയർച്ച, മറ്റുതരത്തിലുളള സമുദ്ര സുരക്ഷാ ഭീഷണി എന്നിവ ശല്യം ചെയ്യുന്ന രാജ്യങ്ങളുടെയെല്ലാം വാസസ്ഥാനമാണിത്. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ ഈ രാജ്യങ്ങൾക്ക് രക്ഷാകവചമൊരുക്കുന്ന ആദ്യ രാഷ്ട്രമായി കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യയ്ക്കു മാറാ‌നായി.

ഈയൊരു മാറ്റം ഒറ്റ രാത്രി കൊണ്ടുണ്ടായതല്ല. അത് കാലങ്ങൾ കൊണ്ട് രൂപപ്പെടുത്തിയതാണ്. നാവിക ശക്തിയിൽ സ്ഥിരമായി നടത്തുന്ന നിക്ഷേപങ്ങൾ, വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കൽ, മാനുഷികമായ സഹായങ്ങൾ, പ്രാദേശിക സഹകരണത്തിലധിഷ്ഠിതമായ വിദേശ നയം എന്നിവയെല്ലാം കൊണ്ട് വികസിപ്പിച്ചെടുത്തതാണ്. ഇന്നിപ്പോൾ മാലദ്വീപിലെ കുടിവെള്ള ക്ഷാമമാകട്ടെ, മൗറീഷ്യസിലെ എണ്ണചോർച്ചയാകട്ടെ, ശ്രീലങ്കയിലെ ചുഴലിക്കാറ്റാകട്ടെ, മ്യാൻമറിലെ ഭൂചലനമാകട്ടെ, ദുരിതാശ്വാസങ്ങളും സുരക്ഷാദൗത്യങ്ങളും മെഡിക്കൽ സഹായങ്ങളും ഒക്കെയായി ആദ്യം ഓടിയെത്തുന്നത് ഇന്ത്യയായിരിക്കും. ഇതിന് അടിത്തറയിട്ടത് 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസ് സന്ദർശനത്തിനിടെ രൂപം നൽകിയ 'സാഗർ' തത്വമാണ്. മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്നതാണ് സാഗർ തത്വങ്ങളുടെ അടിസ്ഥാനം. പോയ വർഷങ്ങളിലെ പ്രായോഗിക നടപടികളിലൂടെ ഇത് വികസിപ്പിക്കാൻ ഇന്ത്യക്കായി.

ഇന്ത്യ നൽകുന്ന ഈ സഹായ ഹസ്തത്തിന്റെ സുപ്രധാനമായ ഒരേട് 2014ൽ സംഭവിച്ചതാണ്. അന്ന് മാലദ്വീപിലെ ഉപ്പു വറ്റിക്കുന്ന ഒരു പ്ലാന്റിൽ വലിയ തീപിടുത്തമുണ്ടായി. ഇതേ തുടർന്ന് തലസ്ഥാനമായ മാലിയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം രൂപപ്പെട്ടു. നഗരത്തിലെ ഒന്നര ലക്ഷത്തിലേറെ ജനങ്ങളെയാണ് കുടിവെള്ള ക്ഷാമം ബാധിച്ചത്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഇന്ത്യൻ വ്യോമ - നാവിക സേനകൾ ആയിരക്കണക്കിനു ടൺ കുടിവെള്ളം അവിടെ എത്തിച്ചു. ദിവസങ്ങൾക്കുളളിൽ ഇന്ത്യ 1200 ടൺ കുടിവെള്ളമാണ് എത്തിച്ചത്.

അന്നുമുതൽ ഇന്ത്യൻ സമുദ്രത്തിലെ ഇന്ത്യയുടെ മാനുഷിക പാദമുദ്രകൾ വിപുലപ്പെട്ടു. കൊവിഡ് 19 മഹാമാരിയിലും ഇന്ത്യ സമാന സഹായ ദൗത്യം നിർവഹിച്ചു. മാലദ്വീപ്, മൗറീഷ്യസ്, സെയ്ഷെൽസ്, മഡഗാസ്കർ,

കോമ റോസ് എന്നിവിടങ്ങളിലേക്കെല്ലാം ഭക്ഷണവും മരുന്നും എത്തിച്ചു. സാമീപ്യമാണ് ഏറ്റവും പ്രധാനമെന്ന് ആ മഹാമാരി തെളിയിച്ചു. വൻശക്തികൾ ഇത്തരം സഹായങ്ങളെത്തിക്കാൻ ആഴ്ചകളോളം എടുത്ത സാഹചര്യത്തിലാണിത്. ഇന്ത്യയുടെ ഈ പങ്ക് മൗറീഷ്യസ് ഒന്നുകൂടി അടിവരയിട്ടു. 2020ലായിരുന്നു അത്. അന്ന് ജപ്പാന്റെ എം.വി. വകാഷിയോ എന്ന കപ്പൽ കരയ്ക്കടിഞ്ഞ് ദ്വീപിലാകെ കൊടിയ പരിസ്ഥിതി ദുരന്തമുണ്ടാക്കി. അപ്പോൾ അവരെ സഹായിക്കാൻ ധൃതഗതിയിൽ ഇന്ത്യ സാങ്കേതിക വിദഗ്ദ്ധരെയും മലിനീകരണ നിയന്ത്രണ ഉപകരണങ്ങളും മറ്റും അയച്ചു.

ഓപ്പറേഷൻ

ബ്രഹ്മയും

2025ലെ മ്യാൻമർ ഭൂകമ്പത്തിൽ അവരെ സഹായിക്കാൻ ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ പ്രയോഗിച്ചു. ഇതിലൂടെ മണിക്കൂറുകൾക്കുള്ളിൽ സുരക്ഷാ സേനയെയും മെഡിക്കൽ സംവിധാനങ്ങളെയും എത്തിച്ചു. സമാന ദുരന്തങ്ങളിൽ ഇന്ത്യ ശ്രീലങ്കയിലും സഹായങ്ങളെത്തിച്ചു. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും തുടങ്ങി സാമ്പത്തിക പ്രതിസന്ധിയിൽ വരെ ഇന്ത്യ ശ്രീലങ്കയെ സഹായിച്ചു. സാമ്പത്തിക തകർച്ചയിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് 400 കോടി ഡോളർ പല വിധത്തിൽ സഹായമായി നൽകി.

എന്നാൽ ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ മാത്രമല്ല ഇന്ത്യ സഹായ ഹസ്തം നീട്ടുന്നത്. തീരദേശ പര്യവേക്ഷണം, മാരിടൈം പരിശീലനം, ഹൈഡ്രോഗ്രാഫിക് സർവെ , സംയുക്ത പട്രോൾ സംവിധാനം എന്നിവയിലൂടെയെല്ലാം ഡൽഹി സഹായങ്ങൾ എത്തിക്കുന്നു. സമുദ്ര ഗതാഗത സുരക്ഷയ്ക്ക് മാലദ്വീപ്, മൗറീഷ്യസ്, സെയ്ഷെൽസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുമായി കൈകോർത്തു പ്രവർത്തിക്കാൻ സന്നദ്ധരായിട്ടുണ്ട്.

ഇന്ത്യൻ നാവികസേന മേഖലയിലാകെ ഡസൻ കണക്കിന് സംയുക്ത അഭ്യാസങ്ങൾ നടത്തിവരുന്നു. ഇന്ത്യൻ സമുദ്രവുമായി ബന്ധപ്പെട്ട പല രാജ്യക്കാർക്കും അടുത്തയിടെ ഇന്ത്യ പട്രോൾ വെസ്സലുകൾ, ഡോണിയർ വിമാനങ്ങൾ തുടങ്ങിയവ നൽകിയിട്ടുണ്ട്. ഇതിന്റെയെല്ലാം നട്ടെല്ലായി ഇന്ത്യൻ നാവികസേന മാറിയിട്ടുണ്ട്. 130 യുദ്ധക്കപ്പലുകളും, 250ലേറെ വിമാനങ്ങളും നാവിക സേനയ്ക്കുണ്ട്. 150 ലേറെ കപ്പലുകളിലായി തീരസംരക്ഷണ സേനയും സജ്ജമാണ്. ഇങ്ങനെ ദുരന്ത സാഹചര്യങ്ങളിലെ ഇന്ത്യയുടെ പ്രതികരണം കേവലം നയതന്ത്ര പരം മാത്രമല്ല. ഈ മേഖലയിലെ സുരക്ഷയും വളർച്ചയും വളരെ ആഴത്തിൽ വേരൂന്നിയതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യൻ വ്യാപാരത്തിന്റെ 95 ശതമാനവും 70 ശതമാനത്തിലേറെ വില വരുന്നതുമായ കച്ചവടം നടക്കുന്നത് സമുദ്രമാർഗത്തിലൂടെയാണ്.

കാലാവസ്ഥാ വ്യതിയാനം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സമയമാണിത്. സമുദ്ര ജലനിരപ്പുയരൽ, തീരശോഷണം, പരിസ്ഥിതിത്തകർച്ച എന്നിവ വർദ്ധിക്കുകയാണ്. ഇതെല്ലാം കൊണ്ട് വരും വർഷത്തിൽ മനുഷ്യർ കൂടുതൽ പ്രതിസന്ധിയിലാകും. ഇത്തരമൊരു പശ്ചാത്തലത്തിൽ പെട്ടെന്നുളള സഹായങ്ങൾ സൈനിക ശക്തി പോലെ തന്നെ പ്രധാനമാണ്. അതുകൊണ്ട് ദുരന്ത സാഹചര്യങ്ങളിൽ പല രാജ്യങ്ങളും ഇന്ത്യയെയാണ് വിളിക്കുന്നത്. ഈ മേന്മ കേവലം നയതന്ത്രപരം മാത്രമല്ല. മറിച്ച് പ്രായോഗിക പ്രവർത്തനങ്ങളിലൂടെ ഇന്ത്യ നേടിയെടുത്ത ഗുഡ്വിൽ കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY