
കണ്ണൂർ ചൊക്ലിയിലെ കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യയെ കാണാതായിട്ട് രണ്ട് മാസം ആകുന്നു. ഈ പതിനേഴുകാരൻ എവിടെയാണെന്നത് സംബന്ധിച്ചുള്ള യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന് യാതൊരു തുമ്പും കിട്ടാത്തിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ശിവസൂര്യയുടെ അച്ഛൻ ജിഗീഷ് ആവശ്യപ്പെട്ടതോടെയാണ് തിരോധാനക്കേസിൽ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് രൂപം നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത്.
ആവശ്യമുന്നയിച്ച് ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ആഭ്യന്തര മന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിക്കുകയായിരുന്നു. എ.ഡി.ജി.പിക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണത്തിന്റെ വ്യാപ്തി കൂട്ടുകയും ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. കുട്ടി എവിടേക്കാണ് പോയത്, ബന്ധങ്ങൾ, സുഹൃത്തുക്കൾ, യാത്ര ചെയ്യാൻ സാദ്ധ്യതയുള്ള റൂട്ടുകൾ എന്നിവയെല്ലാം നിലവിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്. എങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്താൽ കൂടുതൽ വിപുലമായ അന്വേഷണത്തിന് സാദ്ധ്യത തെളിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്ന് സംശയിക്കുന്നതായും കുടുംബം പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് ആവശ്യം.
ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 93 ദിവസം തികയുകയാണ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിലോ മറ്റ് പ്രധാന കേന്ദ്രങ്ങളിലോ കുട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. വീട്ടുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്നായിരുന്നു ശിവസൂര്യയുടെ നാട് വിടൽ. കുട്ടി കാശിയിലേക്ക് പോകുന്നുവെന്ന് കത്തിൽ എഴുതിവച്ചത് ആരുടെയെങ്കിലും ബാഹ്യപ്രേരണ മൂലമായിരിക്കാമെന്ന് ശിവസൂര്യയുടെ ബന്ധു ബബിജ നേരത്തെ പ്രതികരിച്ചിരുന്നു. കുട്ടി അമ്പലങ്ങളിൽ പോകുന്ന ആളോ ഭക്തനോ ആയിരുന്നില്ലെന്നും ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നുവെന്നുമാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. ചൊക്ലിയിലെ രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ 12-ാം ക്ലാസ് വിദ്യാർത്ഥിയായ ശിവ സൂര്യയെ ആഗസ്റ്റ് ഒമ്പത് ശനിയാഴ്ച മുതലാണ് കാണാതായതായത്.
പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച മിടുക്കനായ വിദ്യാർത്ഥിയാണ് ശിവസൂര്യ. കുടുംബത്തിൽ സംസാരിച്ച ചില കാര്യങ്ങൾ കുട്ടി തെറ്റായ രീതിയിൽ ഉൾക്കൊണ്ടതാകാമെന്നും ഇത്തരമൊരു ഒളിച്ചോട്ടത്തിന് കാരണമെന്നും ബന്ധുക്കൾ പറയുന്നു. മൊബൈൽ ഫോണിൽ ഗെയിമുകൾക്ക് കുട്ടി അടിമപ്പെട്ടതിനെത്തുടർന്ന് പിതാവ് ഫോൺ വാങ്ങി വച്ചതിന്റെ പേരിൽ കഴിഞ്ഞ ആഗസ്റ്റ് എട്ടിന് വൈകിട്ട് മൂന്നോടെയാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. താൻ ദൈവത്തോട് അലിയാൻ കാശിയിലേക്ക് പോകുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പ് വീട്ടിൽ എഴുതിവച്ചതിനു ശേഷമായിരുന്നു യാത്ര. 'ഞാൻ കാശിയിലേക്ക് പോകുന്നു. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അവിടെ ചെലവഴിച്ച് ദൈവത്തിൽ ലയിക്കും,' എന്നായിരുന്നു കുറിപ്പ്.
കേരളത്തിൽ വിവിധ ഇടങ്ങളിലും, വാരണാസിയിലും വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവുമില്ല. തലശ്ശേരി എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാശിയിൽ ഉൾപ്പെടെ നേരിട്ടെത്തി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു തുമ്പും കണ്ടെത്താൻ സാധിച്ചിരുന്നില്ല. വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങി. പാലക്കാട്ടെ ഒറ്റപ്പാലം, തമിഴ്നാട്ടിലെ രാമേശ്വരം എന്നിവിടങ്ങിലും തിരച്ചിൽ നടത്തി. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. യു.പി പൊലീസിന്റെ സഹായത്തോടെ 200ലേറെ സി.സി.ടി.വി ക്യാമറകളാണ് പരിശോധിച്ചത്. പലയിടങ്ങളിലും ശിവസൂര്യയെ കണ്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഒറ്റപ്പാലത്തും രാമേശ്വരത്തുമെത്തി പരിശോധിച്ചത്. മലയാളി അസോസിയേഷൻ പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു.
പ്രാദേശിക പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് വിട്ടത്. കൗമരക്കാർ നാടുവിടുന്നതിൽ ആശങ്കയിലാണ് പൊലീസ്. കാണാതാകുന്ന കൗമാരക്കാരെ കണ്ടെത്തുന്നതിനുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകൾ വേറെയും. കൗമാരക്കാരനായ ശിവസൂര്യക്ക് ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന ശീലമുണ്ടായിരുന്നു, ഗെയിമിംഗിലൂടെ പണം നഷ്ടപ്പെട്ടു. തുടർന്ന് പിതാവ് ജിഗീഷ് മകന്റെ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഇത്തരത്തിൽ പരീക്ഷ, മാർക്ക്, ഭാവിയെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ, പ്രണയബന്ധങ്ങൾ, പ്രണയത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, വീട്ടുകാരുടെ എതിർപ്പ് തുടങ്ങിയ നിസാര പ്രശ്നങ്ങളാണ് കൗമാരക്കാർ വീടുവിട്ടിറങ്ങുന്നതിന് കാരണമാകുന്നത്. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങളും കാരണമാകാറുണ്ട്. വീട്ടിൽ സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നൽ, സോഷ്യൽ മീഡിയയുടെ സ്വാധീനം ഇവയെല്ലാം നാടു വിടുന്നതിന് കാരണമാകുന്നുണ്ട്.
പത്ത് വർഷം കഴിഞ്ഞു,
ഹസ്‌റത്ത് എവിടെ?
കുറ്റ്യാട്ടൂർ സ്വദേശി ഹസ്‌റത്തിനെ (19) കാണാതായിട്ട് പത്ത് വർഷം തികഞ്ഞു. മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പിതാവായ കുറ്റിയാട്ടൂരിലെ മുഹമ്മദലി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി. കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞായിരുന്നു ഹസ്റത്ത് വീട്ടിൽ നിന്നിറങ്ങിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഉൾപ്പെടെ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കോട്ട കാണാൻ ഇറങ്ങിയ യുവതി എവിടെ പോയെന്നതിന് കേസ് അന്വേഷിച്ച മയ്യിൽ പൊലീസിനോ ഹസ്‌റത്തിൻറെ വീട്ടുകാർക്കോ ഉത്തരമില്ല. മകളെ കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്ന തീരുമാനത്തിലാണ് കുടുംബം.
മകളെ ജീവനോടെ തിരികെ ലഭിക്കണമെന്നാണ് കുടുംബത്തിന്റെ പ്രാർത്ഥന. ഇതുവരെയുണ്ടായ മെല്ലപ്പോക്ക് അവസാനിപ്പിച്ച് മകളെ എത്രയും വേഗം കണ്ടെത്തണമെന്നാണ് ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ മുഹമ്മദാലി ആവശ്യപ്പെട്ടത്. 2016 സെപ്തംബർ 18നായിരുന്നു കുറ്റിയാട്ടൂരിലെ മുഹമ്മദാലിയുടെ കുടുംബത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് മകളെ കാണാതയത്. മകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അച്ഛൻ മുഹമ്മദാലി മയ്യിൽ പൊലീസിൽ പരാതി നൽകി. കണ്ണൂർ കോട്ടയിലും പരിശോധന നടത്തി. ബിരുദ വിദ്യാർത്ഥിയായിരുന്നു ഹസ്റത്ത്. പഠനത്തിൽ മിടുക്കിയായിരുന്ന ഹസ്‌റത്ത് കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |