
'മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലയോ ഇത് എന്ന് വർണ്യത്തിലാശങ്ക ഉൽപ്രേക്ഷാഖ്യയലംകൃതി'. സംഭവം കൊല്ലത്ത് ചിന്നക്കടയിൽ. യൂത്ത് കോൺഗ്രസ് അക്രമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ എസ്.എഫ്.ഐക്കാർ വഴിനീളെ
കണ്ണിൽപ്പെട്ട കോൺഗ്രസ് നേതാക്കളുടെ പടമുള്ള ഫ്ളക്സ് ബോർഡുകളടക്കം തകർത്ത് മുന്നേറുകയായിരുന്നു.പ്രകടനത്തിന്റെ മുൻനിരയിലെ പ്രവർത്തകന് മുന്നിലൊരു ഫ്ളക്സ് ബോർഡ് കണ്ടപ്പോൾ വർണ്യത്തിൽ ആശങ്ക.അതിലെ ചിരിക്കുന്ന മുഖം ഏതോ കോൺഗ്രസ് നേതാവിന്റേതല്ലേ?
താൻ അറിയുന്ന സി.പി.എം നേതാക്കളാരും ഇങ്ങനെ വെളുക്കെ ചിരിച്ചു കണ്ടിട്ടില്ല.പലരെയും കണ്ടാൽ ചിരിക്കാൻ മറന്നു പോയവരാണെന്ന് തോന്നും. ഇത് ' ലവന്മാർ' വച്ച ബോർഡ് തന്നെ.പിന്നെ അമാന്തിച്ചില്ല.ഓടിച്ചെന്ന് വലിച്ച് കീറിയെറിഞ്ഞു. അബദ്ധം തിരിച്ചറിഞ്ഞ പ്രവർത്തകർ പറഞ്ഞു .' അയ്യോ, ഇത് നമ്മുടെ കോടിയേരി സഖാവിന്റേതാണ്'. കോടിയേരി അനുസ്മരണത്തിന്റെ ഭാഗമായി പാർട്ടിവച്ച ബോർഡിന്റെ ബലം കൊണ്ടാവാം ആ പ്രവർത്തകൻ നിലത്ത് മറിഞ്ഞ് വീണു.
എസ്.എഫ്.ഐയിൽ ചേർന്നിട്ട് നാളുകളായെങ്കിലും, ഫ്ളക്സ് ബോർഡിലുള്ള സ്വന്തം പാർട്ടി നേതാവിന്റെ പടം പോലും അതിനുമുമ്പ് കക്ഷി കണ്ടിട്ടില്ല! ഓടിക്കൂടിയ നേതാക്കൾ അയാളെ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം,കീറിയ ബോർഡ് അധികം ആരും കാണാതെ അവിടെ നിന്ന് മാറ്റി. പക്ഷേ, ആ രംഗം പകർത്തിയ ചാനലുകളും,സോഷ്യൽ മീഡിയയും അതാഘോഷമാക്കി. ചമ്മൽ മറയ്ക്കാൻ ആ പ്രവർത്തകൻ എസ്.എഫ്.ഐക്കാരനല്ലെന്നും,പ്രകടനത്തിൽ ഓടിക്കയറിയതാണെന്നും നേതാക്കൾ പറഞ്ഞു.
എസ്.എഫ്.ഐക്കാരൻ തന്നെയെന്നും,അറിഞ്ഞുകൊണ്ട് കീറിയതാണെന്നും കോൺഗ്രസുകാർ. പിന്നീട് എസ്.എഫ്.ഐക്കാർ പകരം ബോർഡ് വച്ചു.യൂത്ത് കോൺഗ്രസുകാരും വച്ചു കോടിയേരിയുടെ മറ്റൊരു ഫ്ളക്സ് ബോർഡ്.അതിൽ 'എസ്.എഫ്.ഐക്കാർ കീറിയെറിഞ്ഞതിന് പകരം' എന്നെഴുതി വച്ചു. താൻ എസ്.എഫ്.ഐക്കാരനാണെന്നും, ഏതോ കോൺഗ്രസ് നേതാവിന്റേതാണെന്ന് കരുതി കീറിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ കക്ഷി ഇപ്പോൾ പൊലീസ് കേസിൽ പ്രതിയാണ്.
ഇനി, എസ്.എഫ്.ഐ നേതാക്കൾ അറിയാൻ- അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളെങ്കിലും പ്രവർത്തകരെ പരിചയപ്പെടുത്തണം. ഇല്ലെങ്കിൽ അവരുടെ ഫ്ളക്സ് ബോർഡുകൾ കാണുമ്പോൾ പ്രവർത്തകർക്ക് 'വർണ്യത്തിൽ ആശങ്ക' സംഭവിക്കാം!
'അധികാരം ദുഷിപ്പിക്കും. പരമാധികാരം പരമാവധി ദുഷിപ്പിക്കും'. 102 സീറ്റിന്റെ തകർപ്പൻ ഭൂരിപക്ഷം നേടി വി.ഡി.സതീശൻ സർക്കാർ അധികാരമേറ്റ് നാല് മാസം കഴിഞ്ഞ് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സംഗതി 'ഡിം'.12 ജില്ലകളിലെ 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 22ൽ നിന്ന് 19ലേക്ക്.എൽ.ഡി.എഫ് 15ൽ നിന്ന് 18ലേക്ക്.നീണ്ട പത്ത് കൊല്ലം കേരളം ഭരിച്ച പിണറായി സർക്കാർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂക്കും കുത്തി നിലം പൊത്തിയത് ജനങ്ങളെ മറന്നുള്ള ഭരണവും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റും ധാർഷ്ട്യവും കാരണമാണെന്നാണ് ഉയർന്ന വിമർശനം.
പത്ത് വർഷത്തെ തെറ്റുകൾക്കാണ് സി.പി.എം ഇപ്പോൾ പിഴ മൂളുകയും ജില്ലകൾതോറും ഓടി നടന്ന് തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നത്. എന്നാൽ, സതീശൻ സർക്കാരിന് തിരുത്തൽ തുടങ്ങാൻ വെറും നാല് മാസമേ വേണ്ടി വന്നുള്ളൂ. അതിനുള്ള ഷോക്ക് ചികിത്സയാണ് വോട്ടർമാർ നൽകിയത്. പി.എംശ്രീയിലെ താളം ചവിട്ടൽ മുതൽ പരിചയക്കാരന്റെ വിമാനത്തിൽ സഞ്ചരിച്ച മുഖ്യമന്ത്രി സതീശന്റെയും, സുഹൃത്തിന്റെ ആഡംബര കാറിൽ സർക്കാരിന്റെ ബോർഡുവച്ച് യാത്ര ചെയ്ത മന്ത്രി കെ.എം.ഷാജിയുടെയും ധാർഷ്ട്യം നിറഞ്ഞ പ്രതികരണങ്ങൾ വരെ അതിന് കാരണമായതായി പറയുന്നു.
അസുഖകരമായ ചോദ്യങ്ങളുമായി പിന്നാലെ കൂടുന്ന മാദ്ധ്യമ പ്രവർത്തകരെ
മുഖ്യമന്ത്രി അകറ്റി നിറുത്തുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ പൊട്ടിത്തെറിച്ച വി.ഡി.സതീശനിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഇതൊന്നുമല്ല.
കൊട്ടിഘോഷിച്ച ടീം യു.ഡി.എഫിൽ ഇപ്പോൾ 'ടീം' കാണാനില്ലെന്നാണ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതി.സർക്കാരിൽ നടക്കുന്ന കാര്യങ്ങളൊന്നും മുന്നണി യോഗം വിളിച്ച് ചർച്ച ചെയ്യുന്നില്ല.യു.ഡി.എഫ് ചെയർമാനായ മുഖ്യമന്ത്രി യോഗം വിളിക്കാൻ താത്പര്യം കാട്ടുന്നില്ല.ലീഗ് നേതാവ് എം.കെ.മുനീറിനെ ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായും ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജനെ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായും ക്യാബിനറ്റ് റാങ്കിൽ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം യു.ഡി.എഫ് ചെയർമാൻ മാദ്ധ്യമങ്ങളിലൂടെ അറിയേണ്ടി വരുന്നത് അത്ര സുഖകരമല്ല.
പുതിയ സർക്കാർ വന്ന് നാല് മാസം കഴിഞ്ഞിട്ടും, പല ബോർഡുകളുടയും, കോർപ്പറേഷനുകളുടെയും തലപ്പത്ത് എൽ.ഡി.എഫുകാർ തുടരുന്നതിൽ നീരസമുള്ളത് കൺവീനർക്ക് മാത്രമല്ല. ഒരേസമയം സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രതിഷേധങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിടുന്നതിനിടെ, അടൂർ പ്രകാശ് പരസ്യമായി പൊട്ടിച്ച ബോംബിന് പിന്നിൽ ചില ഉന്നതരുടെ കൈകളുണ്ടെന്നാണ് സതീശൻ അനുകൂലികളുടെ നിഗമനം.
സംശയമുന എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിലേക്ക് നീണ്ടപ്പോൾ തന്നെ,അദ്ദേഹം അടൂരിന്റെ പരസ്യ പ്രതികരണത്തെ തള്ളി തടിയൂരി. ഇപ്പോൾ സംശയം കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മാഡത്തെയാണ്. കെ.പി.സി.സിയെ അനാഥമാക്കിയ പാർട്ടി ഹൈക്കമാൻഡ് തന്നെ പറയട്ടെ മറുപടി!
(വിദുരരുടെ ഫോൺ: 9946108221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |