
പരസ്പരം
റോജി എം.ജോൺ,
ഉന്നതവിദ്യാഭ്യാസ മന്ത്രി
.................................................................................
അഭിമുഖം തയ്യാറാക്കിയത്
എം.എച്ച്. വിഷ്‌ണു
സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനവും നാലുവർഷ ബിരുദത്തിലെ പാളിച്ചകളുമടക്കം ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിയന്തര നടപടികൾ ഏറെ ആവശ്യമുണ്ട്. ഇതേക്കുറിച്ചടക്കം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ കേരളകൗമുദിയോട് സംസാരിക്കുന്നു:
?കേന്ദ്രവുമായി ഏറ്റുമുട്ടൽ ഒഴിവാക്കുമോ
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തിൽ മാത്രം കാണാനാവില്ല. അർഹമായ ഫണ്ട് നേടിയെടുക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നമ്മുടെ അവകാശങ്ങൾ സംരക്ഷിച്ചും, രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും സഹകരിക്കാവുന്നിടത്ത് സഹകരിക്കുക എന്നതാണ് നിലപാട്. വിദ്യാർത്ഥികൾക്കും സർവകലാശാലകൾക്കും ലഭിക്കേണ്ട കേന്ദ്രസഹായം നേടിയെടുക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തും.
?കലാലയ രാഷ്ട്രീയ നിരോധനമോ നിയന്ത്രണമോ പരിഗണനയിലുണ്ടോ
ക്യാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം ഉണ്ടാകണം. ഇന്നത്തെ ഭരണാധികാരികളും നേതാക്കളുമെല്ലാം രൂപപ്പെട്ടത് അതിലൂടെയാണ്. എന്നാൽ രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളെ ന്യായീകരിക്കാനാവില്ല. വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്റ്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതിനൊപ്പം അതിക്രമങ്ങളും ഭീഷണിയും തടയാൻ കർശനമായ നടപടികൾ സ്വീകരിക്കും. ഭയമില്ലാതെ പഠിക്കാനും അഭിപ്രായം പറയാനും ഇടപെടാനും കഴിയുന്ന സുരക്ഷിതമായ ക്യാമ്പസ് അന്തരീക്ഷമാണ് നമുക്ക് വേണ്ടത്. അക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടിയുണ്ടാവും.
?എയ്ഡഡ് കോളേജ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുമോ
നിലവിലുള്ള നിയമസംവിധാനം, ഭരണഘടനാപരമായ അവകാശങ്ങൾ, സാമൂഹ്യനീതി, സുതാര്യത എന്നിവ പരിഗണിച്ചായിരിക്കും തീരുമാനം. പ്രിൻസിപ്പൽ നിയമനങ്ങളും വേഗത്തിലാക്കും.
?റാഗിംഗ് തടയാനുള്ള നിയമം വൈകുന്നല്ലോ
അതിന്റെ പ്രായോഗിക നടപടികളിലേക്ക് കടന്നിട്ടുണ്ട്. സിദ്ധാർത്ഥന്റെ പേരിലുള്ള റാഗിംഗ് വിരുദ്ധ നിയമവും വിദ്യാർത്ഥികൾക്ക് അടിയന്തരമായി സഹായം തേടാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനവും ഫലപ്രദമായി നടപ്പാക്കും. റാഗിംഗ് തടയുന്നതിനും പരാതി നൽകുന്ന വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ സംവിധാനമായി അത് മാറും.
?സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് ഉപരിപഠനത്തിന് സഹായമൊരുക്കുമോ
വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് സാമ്പത്തിക സ്ഥിതി തടസമാവരുത്. ബാങ്കുകളുമായി സഹകരിച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ വിദ്യാഭ്യാസ വായ്പയും, സർക്കാർ ഗ്യാരന്റി സംവിധാനവും ഉൾപ്പെടെയുള്ള മാതൃകകൾ പരിശോധിക്കും. എം.ബി.ബി.എസ്, എൻജിനിയറിംഗ് അടക്കം പ്രൊഫഷണൽ കോഴ്സുകളിൽ വായ്പയ്ക്കോ തിരിച്ചടവിനോ ബുദ്ധിമുട്ടുണ്ടായാൽ പഠനാവസരം നഷ്ടപ്പെടാതിരിക്കാൻ സർക്കാർ ഇടപെടും.
?സർവകലാശാലകളിൽ സ്ഥിരം വൈസ്ചാൻസലറില്ലാത്ത സ്ഥിതിയാണല്ലോ
വി.സി നിയമനങ്ങൾ അനിശ്ചിതമായി നീളാൻ പാടില്ലെന്നാണ് സർക്കാർ നിലപാട്. നിയമപരമായ തടസങ്ങളൊഴിവാക്കി സമയബന്ധിതമായി നിയമനങ്ങൾ നടത്തേണ്ടതുണ്ട്. ഇതിനായി ഗവർണറുമായടക്കം സഹകരണം ഉറപ്പാക്കുകയും വേണം. ഇതാണ് ഈ വിഷയത്തിലെ സർക്കാരിന്റെ സമീപനം. സർവകലാശാലകളുടെ സ്വയംഭരണവും അക്കാഡമിക് സ്വാതന്ത്റ്യവും സംരക്ഷിച്ചുകൊണ്ട് സുതാര്യമായിട്ടായിരിക്കണം വി.സി നിയമനങ്ങൾ.
?ഗവർണറുമായി വി.സി നിയമനത്തിൽ ഒത്തുതീർപ്പുണ്ടാക്കിയെന്ന്
പ്രതിപക്ഷം ആരോപിക്കുന്നുണ്ടല്ലോ
ഒത്തുതീർപ്പ് എന്ന വാക്കുതന്നെ ശരിയല്ല. ഒത്തുതീർപ്പിന്റെയോ രഹസ്യ ധാരണകളുടെയോ ആവശ്യമില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടാതിരിക്കുകയാണ് മുഖ്യം. വി.സി നിയമനങ്ങളിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും സർവകലാശാലകളുടെ അക്കാഡമിക് സ്വാതന്ത്റ്യം സംരക്ഷിച്ചുമാണ് മുന്നോട്ടുപോകുന്നത്. വ്യക്തിപരമായ ഏറ്റുമുട്ടലുകൾക്കല്ല, അക്കാഡമിക് സ്ഥാപനങ്ങളുടെയും വിദ്യാർത്ഥികളുടെയും താത്പര്യങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.
?നാലുവർഷ ബിരുദത്തിന്റെ നടത്തിപ്പിലെ പോരായ്മകൾ എങ്ങനെ പരിഹരിക്കും
പെട്ടെന്നൊരു മാറ്റമല്ല ലക്ഷ്യം. വിദ്യാർത്ഥികളും അദ്ധ്യാപകരും നേരിടുന്ന ബുദ്ധിമുട്ടുകൾ ഗൗരവമായി കാണുന്നു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ സമഗ്രമായ അവലോകനം നടത്തുന്നുണ്ട്. പഠനഭാരം, ക്രെഡിറ്റ് സംവിധാനം, ഇന്റേൺഷിപ്പ്, മൂല്യനിർണയം തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും. ഗുണനിലവാരം, തൊഴിൽക്ഷമത, ഗവേഷണം എന്നിവയുറപ്പാക്കും.
?നാലുവർഷ ബിരുദ ഇന്റേൺഷിപ്പ് സൗജന്യമാക്കുമോ
ഇന്റേൺഷിപ്പ് വിദ്യാർത്ഥിക്ക് അധികസാമ്പത്തിക ബാദ്ധ്യതയാകരുതെന്നാണ് സർക്കാരിന്റെ നിലപാട്. സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലയിലും സ്വകാര്യ സ്ഥാപനങ്ങളിലുമടക്കം കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. സംസ്ഥാനതലത്തിൽ ഇന്റേൺഷിപ്പ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. സൗജന്യവും ഗുണമേന്മയുള്ളതുമായ ഇന്റേൺഷിപ്പ് അവസരങ്ങൾ പരമാവധി വർദ്ധിപ്പിക്കും. വിദ്യാർത്ഥികളിൽ നിന്ന് അനാവശ്യമായി വൻതുക ഈടാക്കുന്നത് തടയും.
?സി.ഇ.ടിയെ കോൺസ്റ്റിറ്റ്യുവന്റ് കോളേജാക്കുന്ന നടപടി തുടരുമോ
സി.ഇ.ടിയുടെ നിലവാരം സംരക്ഷിച്ചുകൊണ്ടുള്ള സ്ഥാപനപരമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പഠനത്തിന് ഒരു വർക്കിംഗ് ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയുമടക്കം ആശങ്കകൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമതീരുമാനം.
?ഫീ റഗുലേറ്ററി കമ്മിഷൻ അദ്ധ്യക്ഷ നിയമനത്തിൽ ആരോഗ്യമന്ത്റിയുമായി തർക്കമുണ്ടോ
നിയമപ്രകാരമുള്ള ഒരു സമിതിയാണിത്. സർക്കാർ ഉത്തരവനുസരിച്ചാണ് സമിതി പുനഃസംഘടിപ്പിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയടക്കം സമിതിയിൽ എക്സ്ഓഫിഷ്യോ അംഗങ്ങളാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശനവും ഫീസ് നിയന്ത്റണവും സുതാര്യമായിരിക്കണമെന്നാണ് നിലപാട്. അതിനായി വകുപ്പുകൾ തമ്മിൽ ആവശ്യമായ ഏകോപനം ഉണ്ടാകും.
?എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ ഒഴിവാക്കുമോ
എൻട്രൻസ് പരീക്ഷ ഒഴിവാക്കുകയെന്നത് മാത്രം ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളുണ്ടാവില്ല. പ്രവേശനത്തിലെ മികവ്, സാമൂഹ്യനീതി, സുതാര്യത, പരീക്ഷാഭാരം തുടങ്ങിയ ഘടകങ്ങളെല്ലാം പരിശോധിക്കണം. ഭാവിയിലെ പ്രവേശന സംവിധാനം കൂടുതൽ വിദ്യാർത്ഥിസൗഹൃദമാക്കാൻ വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.
?വിദേശത്തേയ്ക്കടക്കമുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ പദ്ധതികളുണ്ടോ
വിദ്യാർത്ഥികൾ പുറത്തേക്ക് പോകുന്നത് പൂർണമായി തടയുക പ്രായോഗികമല്ല. അവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കാവുന്ന വിദ്യാഭ്യാസത്തിനും അവസരങ്ങൾക്കും തുല്യമായ സാദ്ധ്യതകൾ കേരളത്തിൽതന്നെ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നോളഡ്ജ് വാലിയടക്കം പദ്ധതികൾ ഇതിനായാണ്. ലോകോത്തര സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ-അക്കാഡമിക് സഹകരണം എന്നിവയെ ഏകോപിപ്പിക്കും.
?എ.ഐ അടക്കം സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുമോ
ഇന്നത്തെ വിദ്യാർത്ഥിയെ ഇന്നലത്തെ പാഠ്യപദ്ധതി ഉപയോഗിച്ച് ഭാവിയിലേക്ക് തയ്യാറാക്കാൻ കഴിയില്ല. എ.ഐ, ഡേറ്റാസയൻസ്, സൈബർസെക്യൂരിറ്റി, റോബോട്ടിക്സ് എന്നിവയെല്ലാം പാഠ്യപദ്ധതിയിലുമുണ്ടാവണം. കുട്ടികളിൽ ക്രിട്ടിക്കൽ തിങ്കിംഗ്, കമ്മ്യൂണിക്കേഷൻ, പ്രോബ്ലം സോൾവിംഗ്, സംരംഭകത്വം എന്നിവ വളർത്തണം. വ്യവസായമേഖലയുടെ ആവശ്യങ്ങളുമായി പാഠ്യപദ്ധതിയെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിരന്തര പരിഷ്‌കാരമാണ് വേണ്ടത്.
?സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ കുറയ്ക്കുമോ
അക്കാഡമിക് തീരുമാനങ്ങളിൽ അനാവശ്യ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാനാണ് ശ്രമം. സർവകലാശാല നിയമങ്ങളിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നതിന്റെ പ്രധാനലക്ഷ്യവും ഇതുതന്നെയാണ്.
?ഗവേഷണ മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തുമോ
കേരളത്തിന്റെ അടുത്ത വളർച്ചാഘട്ടം ഗവേഷണാധിഷ്ഠിതമായിരിക്കണം. അതിനായി സർവകലാശാലകളിലെ ഗവേഷണ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തും. ഗവേഷണ പാർക്കുകൾ, വ്യവസായ-അക്കാഡമിക് സഹകരണം എന്നിവ വികസിപ്പിക്കും. ദേശീയ-അന്താരാഷ്ട്ര സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരണം ഉറപ്പാക്കും.
?കോളേജുകളിൽ സൗകര്യങ്ങളൊരുക്കാൻ 2000കോടി വായ്പയെടുക്കുന്നുണ്ടോ
ചില നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്. നടപടിക്രമങ്ങളിലേക്ക് കടന്നിട്ടില്ല. വായ്പയുടെ ആവശ്യകത, സാമ്പത്തിക ബാദ്ധ്യത, സാദ്ധ്യതകൾ തുടങ്ങിയവയെല്ലാം പരിശോധിച്ച് തീരുമാനമെടുക്കും.
......................................................
ബോക്സ്
......................................................
വിദേശ, സ്വകാര്യ
സർവകലാശാലാ നിയമം
കേരളത്തിലേക്ക് ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സംവിധാനങ്ങളും കൊണ്ടുവരുന്നതിന് പുതിയ സാദ്ധ്യതകൾ തുറക്കണം. ഇതിന് സ്വകാര്യ, വിദേശ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച സാദ്ധ്യതകൾ പരിശോധിച്ചുവരികയാണ്. അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങൾ കേരളത്തിലേക്ക് എത്തിക്കും.
പരീക്ഷകളും
ഫലപ്രഖ്യാപനവും
ഫലത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാവരുത്. സർവകലാശാലകളുടെ അക്കാഡമിക് കലണ്ടർ കൃത്യമായി പാലിക്കുന്നതും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ സമയബന്ധിതമാക്കുന്നതിനും നടപടികളുണ്ടാവും. സാങ്കേതികവിദ്യ ഉപയോഗിച്ച് എക്സാം-ടു-സർട്ടിഫിക്കറ്റ് നടപടികൾ നിരീക്ഷിക്കാവുന്ന സംവിധാനം കൊണ്ടുവരും.സർവകലാശാലകൾക്ക് ഉത്തരവാദിത്വവും സമയപരിധിയും ഉറപ്പാക്കുന്ന ഏകീകൃത സംവിധാനം ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |