
80 ലക്ഷം! പറന്നാലും ഇല്ലെങ്കിലും, ആകാശത്ത് വട്ടമിട്ടാലും വിമാനത്താവളത്തിലെ ഹാംഗറിൽ സുഖനിദ്രയിലാണ്ടാലും ശരി, ഓരോ മാസവും ഈ വൻതുക കൃത്യമായി ചിപ്സൺ ഏവിയേഷൻ കമ്പനിയുടെ അക്കൗണ്ടിലേക്ക് നൽകണം. 2019ൽ തുടക്കം കുറിച്ച ഈ ആകാശച്ചെലവ് ഇതുവരെയായി വിഴുങ്ങിയത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള 47 കോടിയോളം രൂപയാണ്. സർക്കാരിലെയും പൊലീസിലെയും ഉന്നതർക്ക് പവറോടെ പറന്നുനടക്കാൻ വേണ്ടിയായിരുന്നു കോപ്ടർ വാടകയ്‌ക്കെടുത്തത്. പ്രതിമാസം 80 ലക്ഷം നൽകിയാൽ 25 മണിക്കൂർ പറക്കാം. അതിൽ കൂടുതൽ പറക്കുന്ന ഓരോ മണിക്കൂറിനും അധികമായി 90,000 രൂപ വേറെയും. എന്നാൽ വി.ഐ.പി യാത്രകളും വല്ലപ്പോഴും നടക്കുന്ന അവയവ മാറ്റത്തിനായുള്ള എയർലിഫ്ടിംഗും കഴിച്ചാൽ കാര്യമായ പണിയൊന്നും ഈ ആഡംബര വാഹനത്തിനില്ല.
മാസം 80ലക്ഷം നൽകാനുള്ള വാടക കരാർ ഒഴിവാക്കി ഹെലികോപ്ടർ ധൂർത്ത് ജനത്തിന്റെ തലയിൽ നിന്നൊഴിവാക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 2019 മുതൽ ഇതുവരെ 47 കോടിയോളം രൂപ കോപ്ടറിന് വാടകയിനത്തിൽ നൽകി. പൊലീസിലെയും സർക്കാരിലെയും ഉന്നതർക്കും ഉദ്യോഗസ്ഥ പ്രമാണികൾക്കും പറക്കാനായിരുന്നു ചിപ്സൺ ഏവിയേഷന്റെ കോപ്ടർ വാടകയ്ക്ക്എടുത്തത്. മാസ വാടകയൊഴിവാക്കിയാൽ പറക്കുന്ന മണിക്കൂറിന് 4 ലക്ഷം വാടകയ്ക്ക് പറക്കാമെന്ന് കമ്പനിയറിയിച്ചിട്ടുണ്ട്. കുറയ്ക്കണമെന്നാണ് സർക്കാർ ആവശ്യം. മാസവാടകക്കരാർ പ്രകാരം 80 ലക്ഷത്തിന് 25 മണിക്കൂറാണ് പറക്കുക. അധികമുള്ള മണിക്കൂറൊന്നിന് 90,000 രൂപ വീതം നൽകണം. വി.ഐ.പികൾ ഇടയ്‌ക്ക് പറക്കുന്നതൊഴിച്ചാൽ കാര്യമായ പണിയൊന്നും ഹെലികോപ്ടറിനില്ല. ഇടയ്ക്കിടെ അവയവങ്ങളുമായും പറന്നു. എപ്പോൾ വേണമെങ്കിലുമുണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങൾക്കും വി.ഐ.പി യാത്രകൾക്കുമടക്കം കോപ്ടർ അത്യാവശ്യമാണെന്നും കരാർ തുടരണമെന്നുമാണ് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ശുപാർശ. പ്രതിമാസം 80 ലക്ഷം രൂപയായിരുന്ന ഹെലികോപ്ടർ വാടക പകുതിയാക്കി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
ചിപ്സൺ കമ്പനിയുമായുള്ള കരാർ ഈ മാസം 19ന് കഴിഞ്ഞു. 25 മണിക്കൂർ പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം നൽകണം. ഇത് വലിയ തുകയാണ്. നാലോ അഞ്ചോ മണിക്കൂർ മാത്രമാണ് യാത്രയുള്ളത്. ഈ സർക്കാർ വന്നശേഷം രണ്ടു തവണയാണ് കോപ്ടർ ഉപയോഗിച്ചത്. അവയവ ദാനത്തിനും ദുരന്ത നിവാരണത്തിനുമടക്കം കോപ്ടർ അത്യാവശ്യമാണെന്നാണ് പൊലീസിന്റെ നിലപാട്. കേന്ദ്ര സർക്കാരിന്റെ നിലപാടും ഇങ്ങനെയാണ്. പ്രതിവർഷം 10 കോടിയ്ക്കടുത്ത് ചെലവുണ്ട്. ഇപ്പോൾ ആറുമാസത്തെ തുക നൽകാനുണ്ട്. പണം കുറയ്ക്കാനുള്ള മാർഗ്ഗം ആലോചിക്കുകയാണ്. കരാർ തുടരണമെന്ന് കോപ്ടർ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ ചെലവ് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്-സതീശൻ വ്യക്തമാക്കി.
സേനാകോപ്ടർ തയ്യാർ
ദുരന്തങ്ങളടക്കം അടിയന്തര സാഹചര്യങ്ങളിൽ സൈന്യത്തിന്റെ കോപ്ടർ ചീഫ്സെക്രട്ടറി മുഖേന ആവശ്യപ്പെടും. രക്ഷാദൗത്യത്തിനടക്കം സംസ്ഥാനത്തിന്റെ എന്ത് ആവശ്യത്തിനും ഹെലികോപ്ടറും എയർലിഫ്‌റ്റിംഗ് വിദഗ്ദ്ധരെയും സേനാംഗങ്ങളെയും വിട്ടുനൽകാൻ സൈന്യം സന്നദ്ധരാണ്. ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമസേന തിരുവനന്തപുരത്ത് നിന്നും നാവികസേന കൊച്ചിയിൽ നിന്നും കോപ്ടർ വിട്ടുനൽകും. വാടക കോപ്ടറിന് 18 ശതമാനം ജി.എസ്.ടിയുണ്ട്. സേനയ്ക്ക് നികുതി നൽകേണ്ട. വാടക കോപ്ടറിന് കൊടുക്കുംപോലെ സേനാ കോപ്ടറുകൾക്ക് പണം നൽകേണ്ടതില്ല. ഒരു ലക്ഷം വരെ ബിൽ നൽകുമെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പണമിടപാടിൽ കുറവുവരുത്തും. ഏത് കാലാവസ്ഥയിലും പറക്കാനും എയർലിഫ്‌റ്റ് അടക്കം രക്ഷാദൗത്യം നടത്താനും സേനാകോപ്ടറുകൾക്ക് കഴിയും. വറ്റിവരണ്ട പുഴയിലും റോഡിലും വീടിന്റെ ടെറസിലുമെല്ലാം കോപ്ടറുകൾ ഇറക്കിയ വിദഗ്ദ്ധപൈലറ്റുമാർ സേനകൾക്കുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവയവങ്ങളെത്തിക്കാനും വി.വി.ഐ.പി യാത്രയ്ക്കുമെല്ലാം സേനാകോപ്ടറുകൾ സർക്കാരിന് വിട്ടുനൽകും.
കോപ്ടറിന് യാർഡിൽ സുഖനിദ്ര
വൻതുകയ്ക്ക് വാടകയ്ക്കെടുക്കുന്ന കോപ്ടറുകൾ കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ പറക്കില്ല. കാര്യമായ പണിയൊന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ സുഖനിദ്രയിലായിരുന്നു ആദ്യ കോപ്ടർ. ചാലക്കുടിയിലെ ഹാംഗർ യൂണിറ്റിലാണ് രണ്ടാം കോപ്ടറിന് ഉറക്കം.
സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടതെങ്കിലും നടന്നില്ല. എയർലിഫ്‌റ്റിംഗ്, റെസ്ക്യൂ പരിശീലനം ലഭിച്ചവർ കോപ്ടറിലില്ല. മാവോയിസ്റ്റ് വേട്ടയ്ക്കും നിരീക്ഷണത്തിനും കോപ്ടറിൽ സേനയെ എത്തിച്ചപ്പോൾ ശബ്ദം കേട്ട് മാവോയിസ്റ്റുകൾ കടന്നുകളഞ്ഞു.
മാവോയിസ്റ്റ് വേട്ടയ്ക്കുള്ള കേന്ദ്രഫണ്ട് വെട്ടിക്കുറച്ചതോടെ ഹെലികോപ്ടറിന് മാസം 80 ലക്ഷം വാടക നൽകാനുള്ള വഴിയടഞ്ഞിരുന്നു. പ്രതിവർഷം 20 കോടിയാണ് കേന്ദ്രം നൽകിയിരുന്നത്. ഇപ്പോൾ അഞ്ചു കോടിയിൽ താഴെയേയുള്ളൂ. കോപ്ടറിന് മൂന്നു വർഷത്തേക്ക് 28.8 കോടിയാണ് വാടക. ഇത് ഖജനാവിൽ നിന്ന് നൽകണം.
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ മാവോയിസ്റ്റ് മുക്തമായതോടെയാണ് 75% ഫണ്ട് വെട്ടിക്കുറച്ചത്. ശേഷിച്ച 5 കോടിക്ക് വനത്തിലെ തിരച്ചിൽ, വാഹനങ്ങളും ആയുധങ്ങളും വാങ്ങൽ എന്നിവയെല്ലാം നടത്തണം. കണ്ണൂർ, വയനാട് ജില്ലകളെ മാവോയിസ്റ്റ് ബാധിത പട്ടികയിൽ നിലനിറുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |