SignIn
Kerala Kaumudi Online
Friday, 02 October 2026 2.59 AM IST

ശ്രീനാരായണ ഗുരുദേവന്റെ ഈശ്വരീയഭാവം

ss

ശ്രീനാരായണ ഗുരുദേവനെ ഈശ്വരസ്വരൂപിയായി കാണണമോ? അതോ മനുഷ്യനായി, സാമൂഹിക പരിഷ്‌കർത്താവായി കാണണമോ? ഈ ചോദ്യത്തിന് ഏറെ പഴക്കമുണ്ട്. ഒരു മഹാത്മാവിനെ പഠിച്ചറിഞ്ഞിട്ടു വേണമല്ലോ വിലയിരുത്തുവാൻ. ശ്രീനാരായണ ഗുരുദേവനെ ഉപരിപ്ലവമായി മാത്രം വീക്ഷിച്ച് വിലയിരുത്തുന്നവർ ഏറെയുണ്ട്. അവർ ഗുരുവിന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഭാഗം തെറ്റായി മനസിലാക്കി ഇതാണ് ശ്രീനാരായണ ഗുരുവെന്ന് വിലയിരുത്തും.

ശ്രീനാരായണസ്വരൂപം കണ്ടെത്തണമെങ്കിൽ സമഗ്രമായ പഠനം വേണം. മുൻവിധി കിഴ്‌പ്പെടുത്താത്ത സ്വത്രന്തബുദ്ധി വേണം. മഹാഗുരുവിന്റെ 73 വർഷത്തെ ദീപ്തമായ ജീവിതത്തെ സമ്പൂർണമായും പഠിച്ചറിഞ്ഞ് വിലയിരുത്തണം. ഈ അടുത്ത ദിവസങ്ങളിലായി ഗുരുദേവൻ ദൈവമല്ല; ദൈവമായി കാണരുത് എന്ന് ചിലർ പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഗുരുദേവനെ നിന്ദ്യമായി വിമർശിച്ച ഒരു കുതന്ത്രിയെ അറസ്റ്റു ചെയ്തു ജയിലിലാക്കി.

അയാൾ വർഷങ്ങളായി ഗുരുദേവനെ വളരെ നിന്ദ്യവും നീചവുമായ ഭാഷയിൽ അവമതിപ്പെ ടുത്തുകയും നൂറുകണക്കിന് ഭക്തജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ഹീനപ്രവൃത്തിയിൽ യഥാർത്ഥ ഗുരുഭക്തന്മാർക്ക് ഏറെ ദുഃഖവും അമർഷവും ഉണ്ടായിട്ടുണ്ട്. ഈ കുതന്ത്രിയോട് അയാളുടെ പാപഹരണത്തിനു വേണ്ടി നിർദ്ദേശിക്കുകയാണ്. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്തും മഹാസമാധിക്കു ശേഷവും ഒരു വ്യക്തിയും ഗുരുദേവനെ നിന്ദിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല.

താങ്കൾ ഇത് ചെയ്തതിലൂടെയും സാധുക്കളായ ഭക്തജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്തതിന്റെയും പാപക്കറ കഴുകിക്കളയുവാൻ ഗുരുദേവ തൃപ്പാദങ്ങളെ ശരണീകരിച്ച് മാപ്പുപറയുകയും ഗുരുസന്ദേശ പ്രചാരകനായിത്തീരുകയും ചെയ്യണമെന്ന് താത്പര്യപ്പെടുകയാണ്. ഒരു മഹാത്മാവിനെ വിലയിരുത്തേണ്ടത് പ്രധാനമായും അദ്ദേഹം അനുവർത്തിച്ച ജീവിതംകൊണ്ടും തത്വദർശനം കൊണ്ടുമാണ്. കേവലം അക്കാഡമിക് എഡ്യുക്കേഷനിലൂടെ അദ്ധ്യാത്മിക ഗുരുക്കന്മാരെ വിലയിരുത്താനാവില്ല.

ആദ്യമായി നാമറിയേണ്ടത് 'ശ്രീനാരായണഗുരു' എങ്ങനെ ഉണ്ടായി എന്നാണ്? ചെമ്പഴന്തിയിൽ വന്നു പിറന്നത് നാരായണനാണ്. തപസാണ് ഗുരുക്കന്മാരെ സൃഷ്ടിക്കുന്നത് എന്നു നാമറിയണം. ചെമ്പഴന്തിയിലെ നാരായണൻ മരുത്വാമലയിലും മറ്റും ചെയ്ത തപസിലൂടെ നാരായണഗുരുവായി​ ശ്രീനാരായണപരമഹംസനായി​ അഥവാ ബ്രഹ്മത്തെ സാക്ഷാത്കരിച്ച് ബ്രഹ്മനിഷ്ഠനായി​​ പരബ്രഹ്മസ്വരൂപിയായി​ പരമദൈവമായി. തപസാണ് ശ്രീനാരായണ ഗുരുവിനെ സൃഷ്ടിച്ചത്.

ഭാരതീയ സംസ്‌കാരത്തെ പശ്ചാത്തലമാക്കിയാണ് ശ്രീനാരായണഗുരു വിശ്വദർശനം ചമച്ചത് എന്നു നാമോർക്കണം. ഗുരു വേദത്തെ ​ശ്രുതിയെ അംഗീകരിച്ച വേദാന്തിയായിരുന്നു, അദ്വൈതിയായിരുന്നു. ഒരു ജീവൻ ബ്രഹ്മഭാവത്തിലമരുന്നത് സമുദ്രത്തിന്റെ ആഴമളക്കാൻ പോയ ഉപ്പുപാവയുടെ അവസ്ഥ പോലെയാണെന്ന് വേദാന്തശാസ്ത്രത്തിൽ പറയുന്നു. അപ്പോൾ ഉപ്പുപാവ സമുദ്രം മാത്രമായി തീരുമല്ലോ. സർവ സംഗപരിത്യാഗിയായി ഇറങ്ങിത്തിരിച്ച നാരായണൻ അതുപോലെ ദൈവസത്തയിൽ വിലയം പ്രാപിച്ച് ബ്രഹ്മ-ദൈവസ്വരൂപം മാത്രമായി. ഇതിന്റെ ഉണർത്തുപാട്ടുകളാണ് ആത്മോപദേശശതകം, അദ്വൈതദീപിക, അറിവ്, സ്വാനുഭവഗീതി തുടങ്ങിയ ഗുരുദേവകൃതികൾ.

സ്വന്തം കൃതികളിലൂടെ ഗുരുദേവൻ അനുഭവിച്ച ഈശ്വരീയഭാവം വെളിപ്പെടുത്തിയിട്ടുണ്ട്. ആത്മവിലാസമെന്ന ഗദ്യകൃതിയിലൂടെ ഉപദേശിക്കുന്നു: "ദൈവം കണ്ണില്ലാതെ കാണുകയും ചെവിയില്ലാതെ കേൾക്കുകയും ത്വക്കില്ലാതെ സ്‌പർശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുന്നു. നാമും ദൈവവും ഒന്നായിരിക്കുന്നു. ഓ നാം ദൈവത്തോട് ഒന്നായിപ്പോകുന്നു''.

ഗുരുദേവകൃതികൾ

പഠിക്കണം

ചിലർ പറയുംപോലെ ഗുരു ദൈവസമാനനല്ല എന്നോർക്കണം. സാക്ഷാൽ ദൈവം തന്നെയാണ് എന്ന് ഈ ഗുരുവാണി നമ്മെ പഠിപ്പിക്കുന്നു. ശ്രീനാരായണഗുരു എല്ലാ ദേവിദേവ തലങ്ങൾക്കും അതീതമാണ് എന്ന പാരമാർത്ഥികസത്യം വേണ്ടവണ്ണം അറിയുവാൻ ഗുരുഭക്തന്മാർ വേദാ ന്തശാസ്ത്രവും ഗുരുദേവകൃതിയും നല്ലവണ്ണം പഠിക്കണം. ഗുരുദേവകൃതികളിലുടനീളം ദൈവത്തെ അറിവ് എന്ന വാക്കുകൊണ്ടാണ് ഗുരുദേവൻ വിവരിക്കുന്നത്. അറിവ് എന്ന കൃതിതന്നെ ഗുരു രചിച്ചിട്ടുണ്ട്.

ഗുരു ജനന മരണങ്ങൾക്കപ്പുറത്താണ്. ഗുരുദേവന്റെ ഈശ്വരീയഭാവം അന്യഥാകരിക്കുവാൻ ഒരാൾക്കും സാധിക്കുകയില്ല. ശ്രീനാരായണ ഗുരുദേവൻ സശ്ശരീരനായി ഇരുന്ന കാലം മുതൽക്കുതന്നെ 'ഗുരു പ്രത്യക്ഷദൈവതം'- ഗുരു പ്രത്യക്ഷമായ ദൈവം തന്നെയാണ്. സർവ്വരാലും ആരാധിക്കപ്പെട്ടതും അതുകൊണ്ടുതന്നെയാണ്.

“നമിക്കുവിൻ സഹജരേ നിയതമീ ഗുരുപാദം നമുക്കിതിൽപ്പരം ദൈവം നിനയ്ക്കിലുണ്ടോ" എന്നും "ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൻ നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം" എന്നും മഹാകവി കുമാരനാശാൻ ഗുരുദേവനെ സ്‌തുതിച്ചത് ഗുരുസന്നിധിയിൽ വച്ചുതന്നെയാണ്.

"ഓം ബ്രഹ്മണേ മൂർത്തിമതേ"- ബ്രഹ്മം രൂപം പ്രാപിച്ചതാണ് ഗുരു എന്ന് ഗുരുവിന്റെ പ്രഥമ ശിഷ്യനായ ശിവലിംഗസ്വാമി പ്രാർത്ഥിക്കുന്നു. നാമവും രൂപവുമില്ലാത്ത ദൈവം നാമവും രൂപവുമാർന്നതാണ് ഗുരുദേവനെന്നു താല്പര്യം.

ഗുരുസ്വരൂപത്തിലേക്ക്

ഇറങ്ങിച്ചെല്ലണം

ഗുരുവിനെ ദൈവമായി കാണാൻ പാടില്ല എന്ന് വിമർശിക്കുന്നവർ ഗുരുസ്വരൂപത്തിലേക്ക് ഇറങ്ങിച്ചെന്ന് പഠിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഒരു യഥാർത്ഥ ഗുരുഭക്തന് ശ്രീനാരായണ ഗുരുവിനപ്പുറത്ത് ഒരു ഈശ്വരസങ്കല്പ‌ം ഇല്ലേയില്ല. ഗുരുദേവന്റെ 73 വർഷത്തെ ജീവിതവും 75ഓളം വരുന്ന കൃതികളും തൃപ്പാദങ്ങളുടെ ദൈവസ്വരൂപത്തെ വെളിവാക്കിത്തരുന്നു.

ഗുരുദേവനെ ദൈവമായി ആരാധിക്കുന്നവരാണ് ഗുരുദർശനത്തിന്റെ കാലികപ്രസക്തിയിലൂന്നി നിന്ന് പ്രവർത്തിക്കുന്നവർ. അവർ ഗുരുദേവനെ ദൈവമായി ഹൃദയ ത്തിൽ പ്രതിഷ്ഠിച്ച് ബുദ്ധിയിൽ ഗുരുദർശനത്തെ നിറച്ച് അതിന്റെ സാഫല്യതയ്ക്കുവേണ്ടി പ്രവർത്തിക്കുന്നു. ഗുരുവിന്റെ ജീവിതവും ദർശനവും പഠിച്ചറിഞ്ഞവന് ഗുരു പ്രത്യക്ഷബ്രഹ്മമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY