
ബാലഗോകുലം എന്ന പ്രസ്ഥാനം ഇന്ന് ഇന്ത്യയിലുടനീളം അറിയപ്പെടുന്നു എന്നുപറയുന്നതിൽ അതിശയോക്തിയില്ല. ആ പേര് കേൾക്കുമ്പോൾ പെട്ടെന്ന് ആർക്കും ഓർമ്മ വരുന്നത് ശ്രീകൃഷ്ണന്റെ ജന്മദിനമായ ചിങ്ങ മാസത്തിലെ അഷ്ടമിരോഹിണി നാളിൽ നാടും നഗരവും അമ്പാടിയാക്കി മാറ്റുന്ന കൃഷ്ണവേഷം ധരിച്ച കുട്ടികളുടെ ശോഭാ യാത്രകളാണ്. ഇന്ത്യയിലെ എന്നല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബാലജന സംഘടനയായ ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ് വർഷംതോറുമുള്ള ജന്മാഷ്ടമി ആഘോഷം. മറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് അധികമാർക്കും അത്ര അറിയില്ല.
അടുത്ത കാലത്തായി കേരളീയ പൊതുസമൂഹം ഏറ്റെടുത്തു കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളുടെ ഉപജ്ഞാതാവ് ആരെന്നും, അവയെ ഒരു വൻ ജനകീയ പ്രസ്ഥാനമായി വളർത്തിയെടുത്ത വ്യക്തി ആരെന്നതും പൊതുജനത്തിന് അജ്ഞാതമാണ്. അതിനുകാരണം അദ്ദേഹമല്ലാതെ മറ്റാരുമല്ല. പ്രസിദ്ധിയോ പ്രശസ്തിയോ പദവിയോ ഒരിക്കലും ആഗ്രഹിക്കാത്ത കർമ്മയോഗി. ഇത്തരത്തിൽ 'കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കാദാചന' എന്ന ഗീതാവാക്യം ജീവിത മന്ത്രമായി ജപിച്ച് ജീവിച്ച മഹാമനീഷിയാണ് കഴിഞ്ഞ ചൊവ്വാഴ്ച വിട വാങ്ങിയ എം.എ സാർ എന്നുവിളിച്ചിരുന്ന എം.എ.കൃഷ്ണൻ.
സാഹിത്യകാരനോ സാംസ്കാരിക പ്രതിഭയോ ഒന്നുമായിരുന്നില്ല എം.എ സാർ. ബുദ്ധിജീവിയോ ജനനേതാവോ ആയിരുന്നില്ല. പക്ഷേ, നൂറുശതമാനം ലക്ഷണമൊത്ത സാംസ്കാരിക പ്രവർത്തകൻ. കേരളത്തിന്റെ സാംസ്കാരിക തനിമയെ അദ്ദേഹം തൊട്ടറിഞ്ഞു. അതിനെ താലോലിച്ച് വളർത്തി, ജീവിതത്തിൽ ഉടനീളം. രാഷ്ട്രീയം എം.എ സാറിന് എന്നും അന്യമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ സാംസ്കാരിക പ്രവർത്തനത്തിന് ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. വ്യക്തവും ശക്തവും ആയിരുന്നു അത്. സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും സമഗ്ര രാഷ്ട്രീയം.
ആദ്യകാലത്ത് അദ്ധ്യാപകൻ ആയിരുന്നത് കൊണ്ടാവാം എം.എ എന്ന അദ്ദേഹത്തിന്റെ 'ഇനിഷ്യലു'കൾക്കൊപ്പം സാർ ചേർത്ത് ഏവരും വിളിച്ചിരുന്നത്. ആരും അദ്ദേഹത്തെ കൃഷ്ണൻ എന്ന പേര് വിളിച്ച് കേട്ടിട്ടേയില്ല. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും കൃഷ്ണമയം. ലക്ഷ്യവും മാർഗവും കൃഷ്ണൻ തന്നെ. ഏറ്റവുമൊടുവിൽ, തൊണ്ണൂറ്റി എഴിന്റെ ചെറുപ്പത്തിൽ, എം.എ സാർ കെട്ടിപ്പടുക്കാൻ പണിപ്പെട്ടതും പുതിയൊരു കൃഷ്ണപദ്ധതിക്ക് തന്നെ. ഡിസ്‌നി ലാൻഡിന്റെയും മറ്റും ചുവടുപിടിച്ച്, കേരളത്തിൽ അതിനെയൊക്കെ വെല്ലുന്ന ഒരു അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം.
അതിന്റെ അടിസ്ഥാന പ്രവൃത്തി പൂർത്തിയാക്കി തന്നെയാണ് എം.എ.കൃഷ്ണൻ കൃഷ്ണപാദത്തിൽ ലയിച്ചത്. പത്രപ്രവർത്തനം അടിച്ചേൽപ്പിച്ചതായിരുന്നു എം.എ സാറിനെ. അദ്ദേഹം പത്രാധിപരായി പോറ്റി വളർത്തിയ വാരികയ്ക്ക് ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വരിക്കാരും വായനക്കാരുമുണ്ട്. പത്രാധിപർ ആയിരിക്കവേ തന്നെയാണ്, സാംസ്കാരിക രംഗത്തെ എം.എ സാറിന്റെ വലിയൊരു ഇടപെടൽ.
അടിയന്തരാവസ്ഥയുടെ നാളുകളായിരുന്നു അന്ന്. കോഴിക്കോട് കടപ്പുറത്ത്, അദ്ദേഹത്തിന്റെ സൂത്രധാരകത്വത്തിൽ അക്കാലത്ത് ഇടയ്ക്കിടെ സമ്മേളിക്കുകയും സംവദിക്കുകയും ചെയ്തുവന്നിരുന്ന സാംസ്കാരിക പ്രവർത്തകരാണ് 'തപസ്യ' എന്ന കലാ-സാഹിത്യ വേദിയെ വളർത്തി വലുതാക്കിയത്. അക്കിത്തം, വി.എം.കോറാത്ത്, ഒ.വി.വിജയൻ, എസ്.രമേശൻ നായർ, എം.വി.ദേവൻ, കാവാലം നാരായണ പണിക്കർ, മാണി മാധവ ചാക്യാർ, കുഞ്ഞുണ്ണി മാസ്റ്റർ, സുഗതകുമാരി, എൻ.എൻ.കാക്കാട് എന്നിങ്ങനെ എത്രയെത്ര പ്രതിഭകളെ എം.എ സാർ 'തപസ്യ'യിൽ അണിനിരത്തി. എം.ടിയെയും ഒ.എൻ.വിയെയും മറ്റും അദ്ദേഹം 'തപസ്യ'യുടെ വേദിയിൽ എത്തിച്ചു.
രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ഏറ്റവും മുതിർന്ന പ്രചാരകനാണ് കഴിഞ്ഞ ദിവസം പ്രണാമം ചൊല്ലി പിരിഞ്ഞത്. ആദ്യകാല ആർ.എസ്.എസ് പ്രചാരകരിലെ അവസാനത്തെ കണ്ണി. ഏഴ് പതിറ്റാണ്ടിലേറെയായി, എം.എ സാർ സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തനത്തിൽ മുഴുകിയിട്ട്. കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം, ഒരു കാല ഘട്ടത്തിനാണ് ഇവിടെ തിരശീല വീഴുന്നത്.
'തപസ്യ'യ്ക്കും ബാലഗോകുലത്തിനും പുറമെ അമൃത ഭാരതി, ബാല സാഹിതി, ബാല സംസ്കാര കേന്ദ്രം, ബാലാവകാശ പ്രസ്ഥാനമായ 'സൗരക്ഷിക' തുടങ്ങിയ സംവിധാനങ്ങളുടെ പിന്നിലെ മസ്‌തിഷ്കവും കേരളത്തിലെ കുട്ടികൾക്ക് ഭഗവാൻ കൃഷ്ണനെ മാതൃകയാക്കി മാറ്റിയ എം.എ സാറിന്റേതു തന്നെ. ഈയുള്ളവന് അദ്ദേഹവുമായി ഉണ്ടായിരുന്ന അമ്പതാണ്ടിന്റെ അടുപ്പത്തിന്റെ അനുഭവങ്ങൾ അനേകമാണ്. അവ ഒന്നൊന്നായി ഓർമ്മയിലേക്ക് ഓടിയെത്തുന്നെങ്കിലും അവയൊക്കെ തികച്ചും വ്യക്തിപരം. അതുകൊണ്ട് ഇവിടെ പ്രതിപാദിക്കേണ്ടതായില്ല. ഇത്, ഭക്തിപുരസരം എള്ളും പൂവും ചന്ദനവും കണ്ണീരിൽ കുതിർത്ത് ആ മഹാമുനിക്കുള്ള തിലോദകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |