
കേരളത്തിലെ ഗുരുതര വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ശക്തമായ ഇടപെടലിലൂടെ മറ്റ് വിജയ മാതൃകകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതിയ നയങ്ങളും നടപടികളും ആവിഷ്‌കരിക്കണം
സംസ്ഥാനം ഇപ്പോൾ നേരിടുന്ന കടുത്ത ഊർജ്ജ പ്രതിസന്ധി അടുത്ത വർഷം ഏപ്രിൽ-മേയ് മാസങ്ങൾ വരെയെങ്കിലും ഏറിയും കുറഞ്ഞും തുടരുമെന്ന് വ്യക്തമായിരിക്കുകയാണ്. 3500 മെഗാവാട്ടിലധികം ഊർജ്ജ ആവശ്യം വർദ്ധിച്ചപ്പോൾ കഴിഞ്ഞ 15ഓളം വർഷമായി വൈദ്യുതി ഉത്പാദന പദ്ധതികളിൽ വരുത്തിയ തുടർച്ചയായ വൈകല്യവും വീഴ്ചകളും കാരണം കേവലം 200 മെഗാവാട്ട് മാത്രം ഉത്പാദനത്തിൽ കൂട്ടിച്ചേർത്തതാണ് അടിസ്ഥാനപരമായി കേരളത്തിന്റെ ദൗർബല്യമായി മാറിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളെല്ലാം ഇതിൽ കേരളത്തെ പിന്നിലാക്കി. ചില അയൽസംസ്ഥാനങ്ങൾ 70-80 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചത് ഇതേ സമയത്താണ്.
2011-2026ൽ വന്ന അനാസ്ഥ തന്നെയാണ് പ്രശ്നത്തിന്റെ മൗലിക കാരണം. ഇക്കാലത്ത് രണ്ട് വലിയ ഊർജ്ജ പ്രസരണ ഇടനാഴികൾ കേരളം സൃഷ്ടിച്ചെങ്കിലും, അതിനു ചെലവിട്ടതിന്റെ പത്തിലൊന്നു പോലും ഊർജ്ജോത്പാദന പദ്ധതികൾക്കായി ചെലവഴിക്കാൻ സാധിച്ചില്ല. ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങൾ കെ.എസ്.ഇ.ബിക്കുണ്ടെങ്കിലും, ഊർജ്ജോത്പാദന പദ്ധതികളെ അവഗണിക്കുന്ന പ്രവർത്തനങ്ങളാണ് ബോർഡിന്റെ ബിസിനസ് നയത്തിൽ ഉണ്ടായത്.
ഇതര മുഖ്യധാരാ സംസ്ഥാനങ്ങൾ ചെയ്തതുപോലെ ഊർജ്ജോത്പാദനത്തിൽ കേന്ദ്രീകരിക്കുന്ന പ്രത്യേക കമ്പനി 2013ൽ സൃഷ്ടിക്കാഞ്ഞത് കേരളത്തിന് വലിയ തിരിച്ചടിയായി. വൈദ്യുതി വാങ്ങി വിൽക്കുന്ന ഒരു ഇടനാഴിയായി മാത്രം ക്രമേണ ചുരുങ്ങിയ കെ.എസ്.ഇ.ബിക്ക്, രാജ്യത്തെ മികച്ച ജനറേഷൻ കമ്പനികളുമായി കരാറുകളിൽ ഏർപ്പെടാനോ വിജയകരമായി ദീർഘകാല, മദ്ധ്യകാല കരാറുകളിലൂടെ വേണ്ടത്ര വൈദ്യുതി സുസ്ഥിരമായി ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി പ്രവചിക്കുന്ന 2030ലെ സംസ്ഥാനത്തിന്റെ വൈദ്യുതിയുടെ പ്രതിവർഷ ആവശ്യകത 10,000 മെഗാവാട്ടായി ഉയരുകയും നിലവിലെ സ്ഥിതി തുടർന്നാൽ ഏകദേശം 3000 മെഗാവാട്ടിന്റെ കമ്മി 2026-2030ൽ സൃഷ്ടിക്കപ്പെടുകയും ചെയ്യും എന്ന് വ്യക്തമാണ്. കേരളത്തിന്റെ സുസ്ഥിര വികസനത്തെ സംബന്ധിച്ച് ഇത് ആത്മഹത്യാപരമായ ഒരു സാഹചര്യമായിരിക്കും.
വൈദ്യുതി വാഹനങ്ങളുടെ (ഇ-വെഹിക്കിൾ) വർദ്ധിച്ച ഉപയോഗവും, സംസ്ഥാനം ആഗ്രഹിക്കുന്ന തൊഴിലുകൾ തേടിയുള്ള വളർച്ചയും കരഗതമാകാൻ ഒരു സാമ്പത്തിക വർഷം 1200 മെഗാവാട്ട് വൈദ്യുതിയുടെ അധിക ലഭ്യതയെങ്കിലും ഉറപ്പാക്കേണ്ടതായിട്ടുണ്ട്. ഏകദേശം ഇരുപതിനായിരം കോടിരൂപയുടെ ആകെ നിക്ഷേപം ആവശ്യമുള്ള നാല് സാമ്പത്തിക വർഷങ്ങളാണ് ഇരുട്ടിലാവാതിരിക്കാൻ കേരളം ചെലവഴിക്കേണ്ടത് എന്നർത്ഥം. പെരുകിയ കടബാദ്ധ്യതയും നിർവഹണ ശേഷിക്കുറവും സാങ്കേതികവിദ്യ ആധുനികവൽക്കരിക്കാത്തതും കെ.എസ്.ഇ.ബിയെ ഈ കർത്തവ്യത്തിൽ വിജയിക്കുന്നതിൽ നിന്നും കാര്യമായി തടഞ്ഞിട്ടുണ്ട്.
കെ.എസ്.ഇ.ബി.എല്ലും നിലവിലുള്ള അനർട്ട് മുതലായ ചെറിയ സംഘടനകളും വിചാരിച്ചാൽ, അധികം വേണ്ടതായ 4000 മെഗാവാട്ടിലധികം ഉത്പാദന ശേഷിയുടെ പകുതിപോലും കണ്ടെത്താനോ ഉത്പാദിപ്പിക്കാനോ സാധിക്കുകയില്ല. കഴിഞ്ഞ 100 ദിവസം കൊണ്ട് സംസ്ഥാനത്തുണ്ടായ ഒരു പ്രതിസന്ധിയല്ല ഇത്; കഴിഞ്ഞ 15 വർഷമായി തുടരുന്ന ഊർജ്ജ മേഖലയിലെ നമ്മുടെ നയങ്ങളുടെ പോരായ്മയുടെ പൊട്ടിത്തെറിയാണിത്.
പ്രതിസന്ധി മറികടക്കാൻ
നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇടക്കാല നടപടികളുടെ നീണ്ട നിര തന്നെ ആവശ്യമാണ്. പുതിയ ഹ്രസ്വകാല, മദ്ധ്യകാല കരാറുകൾ മിച്ച വൈദ്യുതി ലഭ്യമായ കേന്ദ്ര ജനറേറ്റിംഗ് സ്റ്റേഷനുകളുമായും ന്യൂക്ലിയർ പവർ കോർപ്പറേഷനുമായും മറ്റും ഉറപ്പിക്കേണ്ടതുണ്ട്. ഇതിന്, ലഭ്യമായതിൽ നിന്നും മികച്ച കരാറുകൾ കണ്ടെത്തുന്നതിന് നിർമ്മിത ബുദ്ധി സങ്കേതങ്ങളും ഡാറ്റ വിശകലനവും മറ്റുമായി കെ.എസ്.ഇ.ബി.എല്ലിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ദേശീയ ഊർജ്ജ മേഖലാ വിദഗ്ദ്ധരുടെ സേവനവും ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിക്ക് ലഭ്യമാക്കണം.
എന്നാൽ എത്രകണ്ട് പരിശ്രമിച്ചാലും 2027 മദ്ധ്യംവരെ അല്ലെങ്കിൽ ഒരു സാധാരണ ജലവർഷം വീണ്ടും ലഭിക്കുന്നതുവരെ വൈദ്യുതിയിൽ പ്രതിസന്ധികൾ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കാനാണ് സാദ്ധ്യത. ഇതു മറികടക്കാനായി അടിയന്തരമായി ചെയ്യേണ്ടത് അനർട്ടിന്റെ നിലവിലെ ഭൗതിക സൗകര്യം ഉപയോഗിച്ച് കെ.എസ്.ഇ.ബിക്ക് പുറമെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനായി രണ്ടാമതൊരു വൈദ്യുതി ജനറേഷൻ കമ്പനി കൂടി സ്ഥാപിക്കുകയാണ്. ഇത് 'സിയാൽ' മോഡൽ കമ്പനിയായിരിക്കുന്നത് ഉചിതമായിരിക്കും.
സംസ്ഥാന സർക്കാരിന് 33ശതമാനം ഓഹരിയും, എൻ.ടി.പി.സി, എൻ.എൽ.സി, ന്യൂക്ലിയർ പവർ കോർപ്പറേഷൻ എന്നിവയ്ക്ക് കെ.എം.ആർ.എൽ മാതൃകയിൽ ഇതിൽ ഓഹരി പങ്കാളിത്തം സൃഷ്ടിക്കുന്നതും ഉചിതമായിരിക്കും. ഈ കമ്പനിക്ക് ജനറേഷനിൽ കേന്ദ്രീകരിക്കാൻ ആവശ്യമായ ആധുനികമായ ആഭ്യന്തര ചട്ടക്കൂടും നേതൃത്വവും സംവിധാനവും പ്രത്യേകം ചട്ടങ്ങളുടെ കീഴിൽ ഒരുക്കണം.
വൈദ്യുതി സ്റ്റോറേജിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനും, ഹൈഡൽ പദ്ധതികൾ, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം, കാറ്റാടി സൗരോർജ്ജ പദ്ധതികൾ എന്നിവ വിപുലീകരിക്കുന്നതിനും ആവശ്യമായ ഭൂമിയും ആസ്തികളും ഈ കമ്പനിയിൽ നിക്ഷിപ്തമാക്കണം. ശക്തമായ ധനകാര്യ മാനേജ്‌മെന്റ് സംവിധാനവും ദേശീയതലത്തിൽ പരിചയസമ്പന്നരായ നേതൃത്വവും ലഭ്യമാക്കിയാൽ, അടുത്ത നാലുവർഷം കൊണ്ട് 3000 മെഗാവാട്ടിന്റെ ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്താൻ കേരളത്തിന് സുസാദ്ധ്യമാണ്.
കെ.എസ്.ഇ.ബി പുനഃസംഘടന
കെ.എസ്.ഇ.ബി.എല്ലിൽ രണ്ട് ലാഭ കേന്ദ്രങ്ങളായി പ്രസരണവും വിതരണവും മെച്ചപ്പെടുത്തുന്നതിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഉചിതം. പുതിയ ജനറേഷൻ കമ്പനി ശക്തി പ്രാപിച്ചു കഴിഞ്ഞാൽ, നിലവിലെ കെ.എസ്.ഇ.ബി.എൽ ജനറേറ്റിംഗ് സ്റ്റേഷനുകളുടെ ചുമതലകൂടി പുതിയ കമ്പനിക്ക് ഘട്ടംഘട്ടമായി കൈമാറുന്നതായിരിക്കും നല്ലത്.
പുറമേ നിന്നു നോക്കുമ്പോൾ കെ.എസ്.ഇ.ബി ഒരു വലിയ സ്ഥാപനമായി തോന്നാമെങ്കിലും, അതിന്റെ ധനകാര്യവും നേതൃത്വവും സുതാര്യതയും സംബന്ധിച്ച എല്ലാ സൂചികകളും ആപത്കരമായ ഒരു ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. ഈ ദുരവസ്ഥകൾ പരിഹരിച്ചുകൊണ്ട് മാത്രമേ കേരളത്തിന് അതിനെ തുറിച്ചു നോക്കുന്ന ഇരുട്ടിനെ അകറ്റുന്ന, പ്രകാശമായി മാറാൻ കഴിയുന്ന വൈദ്യുതി നയവും നടപടിയും ആവിഷ്‌കരിക്കാനാകൂ.
ഓരോ നിമിഷവും രാജ്യത്താകെ സംഭവിക്കാൻ സാദ്ധ്യതയുള്ള ഗുരുതര വൈദ്യുതി പ്രതിസന്ധിയുടെ ഭാഗമായി കേരളവും മാറുകയാണെങ്കിൽ, അത് സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തുകയും കേരളത്തിന്റെ കഴുത്തിനെ ഞെരിക്കുന്ന തരത്തിലേക്ക് ഊർജ്ജ പ്രതിസന്ധി മാറുകയും ചെയ്യും. കെ.എസ്.ഇ.ബിയെ മാത്രം ആശ്രയിച്ചുകൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാനാവില്ല. ശക്തമായ ഇടപെടലിലൂടെ മറ്റ് വിജയ മാതൃകകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതിയ നയങ്ങളും നടപടികളും ആവിഷ്‌കരിക്കേണ്ട സമയമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |