
ഒരുകാലത്ത് മലയാള സിനിമയിലെ കോടതിമുറികൾക്ക് ഒരു പ്രത്യേക ശബ്ദമുണ്ടായിരുന്നു. പ്രബല കുടുംബങ്ങളുടെ കുടിപ്പക, ദാമ്പത്യ കലഹങ്ങൾ, കൊലക്കേസുകളുടെ ദുരൂഹതകൾ—എല്ലാം ഒടുവിൽ എത്തിച്ചേരുന്നത് കോടതി മുറിയിലായിരുന്നു. ഘോരഘോരം വാദിക്കുന്ന 'താര' വക്കീലന്മാരും, കൈയിൽ കൊട്ടുവടിയുമായി ഗൗരവത്തോടെ ഇരിക്കുന്ന ന്യായാധിപരുമായിരുന്നു അവിടുത്തെ സ്ഥിരം കഥാപാത്രങ്ങൾ. കഥയുടെ വഴിത്തിരിവും പലപ്പോഴും ക്ലൈമാക്സും ഈ കോടതി സെറ്റുകളിലായിരുന്നു. പക്ഷേ, സിനിമയിൽ കണ്ട ആ കോടതി ഇപ്പോൾ സിനിമാക്കാരുടെ ജീവിതത്തിലും യാഥാർഥ്യമാകുകയാണ്.
താരസംഘടനയായ 'അമ്മ'യിലെ തർക്കങ്ങൾ വ്യക്തിപരമായ പരാതികളിൽ നിന്ന് സംഘടനാ പോരാട്ടങ്ങളിലേക്കും അവിടെ നിന്ന് പൊലീസ് സ്റ്റേഷനുകളിലേക്കും ഒടുവിൽ കോടതിമുറികളിലേക്കും നീളുന്നു. അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കും ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും പല കോടതികളിലായി തുടർക്കഥകൾ എഴുതപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് 'അമ്മ'യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പ്രത്യേക കോടതി തന്നെ വേണ്ടിവരുമോ എന്ന തരത്തിലുള്ള പരാമർശം ഹൈക്കോടതിയിൽ നിന്നുണ്ടായത്. സാധാരണക്കാരുടെ കേസുകൾ തീർപ്പാക്കാൻ കോടതികൾ കാത്തിരിക്കുമ്പോഴാണ് താരങ്ങളുമായി ബന്ധപ്പെട്ട ഇത്തരം തർക്കങ്ങൾ വീണ്ടും വീണ്ടും മുന്നിലെത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
ആരോപണങ്ങളുടെ തിരശീല ഉയരുമ്പോൾ
താരങ്ങളുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുമ്പ് ക്രിമിനൽ കേസുകളുടെ കുത്തൊഴുക്കായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കത്തിക്കയറിയ ലൈംഗികാപവാദ കേസിൽ പല പ്രമുഖരും കുടുങ്ങി. 'അമ്മ'യിലെ പവർഗ്രൂപ്പ് വിറച്ചു. ഇനിയെന്തുണ്ടാകുമെന്ന ആശങ്കയിൽ പുരുഷാധിപത്യമുണ്ടായിരുന്ന ഭരണസമിതി രാജിവച്ചു. അഡ്‌ഹോക് കമ്മിറ്റിയിൽ സംഘടന ഒരു വർഷത്തോളം ഓടി. തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തി വനിതകൾക്ക് മേൽക്കൈയുള്ള ഭരണസമിതി വന്നത്. ചരിത്രപരമെന്ന് കൊട്ടിഘോഷിച്ച വനിതാ ഭരണസംവിധാനത്തിനും വലിയ നിലനിൽപ്പുണ്ടായില്ല. അദ്ധ്യക്ഷയും കാര്യദർശിയും നിർവാഹക സമിതിയംഗങ്ങളുമെല്ലാം ഉടക്കി. പരസ്പരം ചെളിവാരിയെറിഞ്ഞു. പല വെളിപ്പെടുത്തലും നടത്തിയത് അൻസിബ ഹസനായിരുന്നു. അപഹസിച്ച് അടിച്ചിരുത്താൻ കൂടെയുള്ളവരിൽ നിന്ന് ശ്രമമുണ്ടായി. തുടർന്ന് പരാതികളുടെ പരമ്പരകളുമായി അൻസിബ പൊലീസ് സ്റ്റേഷനും കോടതികളും കയറി. ഇതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവേയാണ് 'അമ്മ'യ്ക്ക് വേണ്ടി പ്രത്യേക കോടതി ആവശ്യമായ സ്ഥിതിയാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടത്.
വാട്സ് ആപ്പ് വഴി കോടതിയിലേക്ക്
നടി ലക്ഷ്മിപ്രിയയുടെ പരാതിയിൽ, തന്നെ സ്റ്റേഷനിൽ വരുത്തി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് നടി അൻസിബ ഹസൻ ആദ്യം കോടതിയിൽ ഹർജി നൽകിയത്. ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മജിസ്‌ട്രേട്ട് കോടതിയിലായിരുന്നു ഈ ഹർജി.
അൻസിബയുടെ വാട്സാപ്പ് സന്ദേശം കുടുംബകലഹത്തിന് ഇടയാക്കിയെന്നാരോപിച്ച് ലക്ഷ്മിപ്രിയ നൽകിയ പരാതിയിലാണ് അൻസിബയെ എസ്.ഐ രേഷ്മ വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യലിന്റെ പേരിൽ മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ചെന്നും ഭീഷണിപ്പെടുത്തി മൊഴിയിൽ ഒപ്പിടുവിച്ചെന്നുമായിരുന്നു അൻസിബയുടെ പരാതി. ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെങ്കിൽ ക്രിമിനൽ കേസിൽ കുടുക്കി ജയിലിലയ്ക്കുമെന്ന് എസ്.ഐ രേഷ്മ ഭീഷണിപ്പെടുത്തിയതായും അൻസിബ ആരോപിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പങ്കുചേർന്ന ലക്ഷ്മിപ്രിയ, ജയേഷിനോട് മാപ്പ് പറയാൻ തന്നോട് നിർബന്ധിച്ചെന്നും അൻസിബ ആരോപിച്ചിരുന്നു. ഹിൽപാലസ് പൊലീസിൽ പ്രത്യേക പരാതി നൽകുകയും ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് കേസെടുക്കാനുള്ള വസ്തുതയില്ലെന്നാണ് പൊലീസ് അറിയിച്ചത്. പിന്നീട് കോടതി ഇടപെലിനെ തുടർന്നാണ് കേസെടുത്തത്.
പിന്നാലെ യുട്യൂബ് കേസ്
ഈ കേസിലും അൻസിബയും ലക്ഷ്മിപ്രിയയും തന്നെയാണ് കഥാപാത്രങ്ങൾ. കാൻ എന്ന യുട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ തനിക്കെതിരേ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് അൻസിബയുടെ പരാതി. ഇതിൽ ക്രിമിനൽ കേസെടുക്കാൻ വസ്തുതയില്ലെന്ന പാലാരിവട്ടം പൊലീസിന്റെ റിപ്പോർട്ട് മജിസ്‌ട്രേട്ട് കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് അൻസിബ ആദ്യമായി ഹൈക്കോടതിയിലെത്തിയത്. അനുകൂല വിധിയാണ് ഉണ്ടായത്. തുടർന്ന് മജിസ്‌ട്രേട്ട് കോടതി വിഷയം വീണ്ടും പരിശോധിച്ച് കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് പൊലീസ് വേണ്ടവിധം പാലിച്ചില്ലെന്നാരോപിച്ച് അൻസിബ വിചാരണക്കോടതിയിൽ ഇപ്പോൾ പുതിയ ഹർജി നൽകി. പാലാരിവട്ടം എസ്.എച്ച്.ഒ പി.എസ്. മഞ്ജിത്ലാൽ കോടതി ഉത്തരവ് പൂർണമായി പാലിച്ചിക്കാത്തതിനാൽ, അദ്ദേഹത്തിനെതിരെ നിയമനടപടി വേണമെന്നാണ് ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യമുണ്ട്. ചാനൽ പ്രതിനിധികളടക്കം എല്ലാ പ്രതികളെയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ, മാനനഷ്ടത്തിന് ലക്ഷ്മിപ്രിയയ്‌ക്കെതിരെ മാത്രമാണ് കേസെടുത്തത്. ഇക്കാര്യം പരിശോധിക്കണമെന്നും എസ്.എച്ച്.ഒയിൽ നിന്ന് വിശദീകരണം തേടണമെന്നും കോടതി നിർദ്ദേശിച്ച പ്രകാരം എല്ലാ പ്രതികളെയും ഉൾപ്പെടുത്തി കൃത്യമായ വകുപ്പ് ചുമത്തി അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൗണ്ടർ കേസുമായി ലക്ഷ്മിപ്രിയയും
അൻസിബയുടെ നിയമനടപടികളും കോലാഹലങ്ങളും ഇങ്ങനെ തുടരുമ്പോഴാണ് ലക്ഷ്മിപ്രിയയും ഭർത്താവും ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. വാട്സാപ്പ് സന്ദേശത്തിന്റെ പേരിൽ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ നടന്ന ചോദ്യം ചെയ്യലിനെ തുടർന്ന് അൻസിബ നൽകിയ കേസ് റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. മുമ്പ് അൻസിബ ലക്ഷ്മിപ്രിയ യുട്യൂബ് കേസിലെ അന്വേഷണാവശ്യം തീർപ്പാക്കിയ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ബെഞ്ചിലേക്കാണ് ഈ ഹർജിയുമെത്തിയത്. തുടർന്നാണ് 'അമ്മ'യിലെ പ്രശ്നം തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമോ എന്ന് കോടതി അഭിപ്രായപ്പെട്ടത്. താരസംഘടനയും അൻസിബയുമായി ബന്ധപ്പെട്ട മറ്റു കേസുകളും വിവിധ കോടതികളിൽ തീർപ്പാകാനുണ്ട്. ടിനി ടോം തനിക്കെതിരെ വർഗീയ പരാമർശങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തിയെന്നാരോപിച്ച് അൻസിബ നൽകിയ പരാതിയിൽ പൊലീസ് നേരത്തേ കേസെടുത്തിരുന്നില്ല. പിന്നീട് നടിയുടെ ഹർജിയിൽ കോടതി നിർദ്ദേശപ്രകാരമാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. ടിനി മുൻകൂർ ജാമ്യം നേടിയെങ്കിലും തുടർനടപടികൾ ബാക്കിയാണ്. 'അമ്മ'യിലെ അഡ്‌ഹോക് കമ്മിറ്റിക്ക് എതിരായ ശ്വേത മേനോന്റെ ഹർജിയെ എതിർത്ത് അൻസിബ ഹസൻ എറണാകുളം മുനിസിഫ് കോടതിയിലുമെത്തിയിരുന്നു. വിഷയം സ്റ്റേയിൽ കിടക്കുന്നതിനാൽ തത്കാലം അനക്കമില്ല. ഇത്തരത്തിൽ മൊത്തത്തിൽ നോക്കുമ്പോൾ 'അമ്മ'യ്ക്കും അംഗങ്ങൾക്കുമായി സ്‌പെഷ്യൽ കോടതികൾ വേണമെന്ന് ജനത്തിനും തോന്നിപ്പോവുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |