
കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനപ്പുറം കേരളത്തെ ലോകത്തിന്റെ മുന്നിൽ അടയാളപ്പെടുത്തുന്നതിന് ആയുർവേദം എന്ന മഹത്തായ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആയുർവേദത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും നടത്തുന്ന ഏത് ശ്രമവും അഭിനന്ദനാർഹവും സ്വീകാര്യവുമാണ്. എന്നാൽ ആയുഷ് സർവകലാശാലയുടെ ആവശ്യകതകളെയും സാദ്ധ്യതകളെയും പറ്റി ഉയർന്നുവരുന്ന ചർച്ചകളുടെ ശരിയായ ലക്ഷ്യം ഇതാണോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.
കുറേ കോളേജുകൾ, കോഴ്സുകൾ, സീറ്റുകൾ എന്നിവയ്ക്കപ്പുറം ആയുർവേദത്തെയും മറ്റു ആയുഷ് വിഭാഗങ്ങളെയും ലോകോത്തരമാക്കുന്നതിന് എന്ത് പ്രവർത്തനമാണ് നിലവിലുള്ള സംവിധാനത്തെക്കാൾ മികച്ച രീതിയിൽ ഒരു പുതിയ സർവകലാശാലയ്ക്ക് ചെയ്യാൻ കഴിയുക എന്ന് ചിന്തിക്കണം. പുതിയ ആയുഷ് സർവകലാശാല കേരളത്തിലേക്ക് സാമ്പത്തിക നേട്ടം കൊണ്ടുവരുമെന്ന് വാദം തികച്ചും തെറ്റായ ഒന്നാണ്.
ആയുഷിന് കേന്ദ്രഫണ്ട് മുൻപ് എന്നത്തേക്കാളും കൂടുതലായി അനുവദിക്കപ്പെടുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ അവയൊന്നും ഒരു യൂണിവേഴ്സിറ്റിക്കായി അനുവദിക്കപ്പെടുന്നില്ല എന്നുള്ളതും കാണാൻ കഴിയും. മറ്റു സംസ്ഥാനങ്ങളിലായി ഏതാണ്ട് ആറോളം ആയുഷ് യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാംതന്നെ ഇന്ന് പരീക്ഷ ക്രമക്കേടുകൾ, റിസൾട്ടിനുള്ള കാലതാമസം, കുത്തഴിഞ്ഞ ഭരണസംവിധാനങ്ങൾ, സാമ്പത്തിക ബാദ്ധ്യത, ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങൾകൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ചിരിക്കുകയാണ്. പലയിടത്തും ഇവയ്‌ക്കെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്.
ഇതേ അവസ്ഥയായിരിക്കും കേരളത്തിലും ആയുഷ് യൂണിവേഴ്സിറ്റി ഉണ്ടാക്കാൻ പോകുന്നത് എന്ന് സംശയമില്ല. ആയുർവേദ ഗവേഷണമാണ് ലക്ഷ്യമെങ്കിൽ ഗവേഷണത്തിന് ഉതകുന്ന തരത്തിൽ കേരളത്തിൽ ഇപ്പോൾതന്നെ രണ്ട് സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് തൃപ്പൂണിത്തുറയിലെ സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദയും, കണ്ണൂരിൽ കല്ല്യാട് സ്ഥാപിക്കപ്പെട്ട ഐ.ആർ.ഐ.എയും. ഇവയെ ശരിയായ ദിശയിൽ പ്രവർത്തിപ്പിക്കാനും മറ്റ് ശാസ്ത്ര മേഖലകളുമായി ചേർന്ന് ഗവേഷണത്തിനുള്ള സാദ്ധ്യത ഒരുക്കാനും സാധിച്ചാൽ അത് ആയുർവേദ ഗവേഷണത്തിന് മുതൽക്കൂട്ടാകും.
എന്നാൽ കഴിഞ്ഞവർഷം സ്ഥാപിക്കപ്പെട്ട ഐ.ആർ.ഐ.എയുടെ തുടർപ്രവർത്തനങ്ങൾക്കായി ഒരു ചില്ലി കാശുപോലും ഇപ്രാവശ്യത്തെ ബഡ്ജറ്റിൽ മാറ്റിവച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്. മാത്രമല്ല ആയുഷ് സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു എന്ന് പറയപ്പെടുന്ന സ്ഥലം തൃപ്പൂണിത്തറയിലെ സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ എന്ന സ്ഥാപനമാണ്. റിസർച്ചിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സ്ഥലപരിമിതിയുടെയും ഫണ്ടിന്റെയും അഭാവംകൊണ്ട് ആ സ്ഥാപനത്തിന് ആകുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ യൂണിവേഴ്സിറ്റിക്ക് അന്തർദ്ദേശീയ തലത്തിൽ നിന്നും കേന്ദ്രത്തിൽ നിന്നും ഫണ്ടുകളുടെ കുത്തൊഴുക്കുണ്ടാകും എന്ന് പകൽക്കിനാവുപോലും നമുക്ക് കാണാൻ കഴിയില്ല.
കേരളത്തിൽ വേണ്ടത് ആയുഷ് സർവകലാശാലയല്ല മറിച്ച് ആയുർവേദ ഗവേഷണത്തിന് വേണ്ടുന്ന ഒരു പോസിറ്റീവ് എക്കോ സിസ്റ്റമാണ് എന്ന് പറയാം. ആധുനിക വൈദ്യശാസ്ത്രത്തിന്റെപോലും ഭാവി അന്തർവിജ്ഞാനീയ ഗവേഷണങ്ങളിലാണ് എന്ന് ഈ മേഖലയിലുള്ള ഗവേഷകർ തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്.
പരീക്ഷാനടത്തിപ്പ്, പുതിയ കോഴ്സുകളും മറ്റും കൊണ്ടുവരൽ തുടങ്ങിയ അക്കാഡമിക വ്യാപാരങ്ങൾക്ക് മാത്രം ഉതകുന്ന ഒരു യൂണിവേഴ്സിറ്റി സംവിധാനം ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിക്കില്ല. എന്നുമാത്രമല്ല നിലവിലുള്ള ആരോഗ്യ സർവകലാശാലയുടെ കീഴിൽ നിന്ന് ആയുഷ് വൈദ്യശാസ്ത്രങ്ങളെ മാറ്റുന്നതോടുകൂടി ഈ ശാസ്ത്രമേഖലയെ ഒറ്റതുരുത്താക്കാനും അന്തർവിജ്ഞാനീയ ഗവേഷണങ്ങളുടെ സാദ്ധ്യതകളെ തല്ലി കെടുത്താനും മാത്രമേ വഴിവയ്ക്കൂ.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിന്
ശ്രമം നടത്തണം
ഈയടുത്ത് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയിൽ ഒന്നിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ അത് കേരളത്തിന്റെ ആയുർവേദ ചികിത്സയിലും പഠനഗവേഷണ രംഗങ്ങളിലും അന്തർദ്ദേശീയ തലത്തിൽ കേരളീയ ആയുർവേദം കൂടുതൽ ഔന്നിത്യങ്ങളിലേക്ക് എത്തിക്കാനാകും. ഇത്തരമൊരു സ്ഥാപനം സ്ഥാപിക്കുന്നതിന് ഏതാണ്ട് ആയിരം കോടിയാണ് കേന്ദ്രസർക്കാർ ചിലവഴിക്കുക. അതിന് ആവശ്യമായ 50 ഏക്കറോളം സ്ഥലം മാത്രം കേരളം ചൂണ്ടിക്കാണിച്ചാൽ മതിയാകും.
ഈ സ്ഥാപനം ആരംഭിക്കുന്നതിന് കേരളത്തിന്റെ താല്പര്യമാരാഞ്ഞ് രണ്ടുമാസം മുമ്പ് കേന്ദ്ര ആയുഷ് സെക്രട്ടറിയിൽ നിന്ന് കേരള ചീഫ് സെക്രട്ടറിക്ക് ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു സെന്റർ ഫോർ എക്സലൻസ് കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആവശ്യം.
(ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |