
മുംബയ് നഗരത്തെയും ബോളിവുഡിനെയും അശാന്തിയുടെ കയങ്ങളിലേക്ക് തള്ളിയിട്ട അധോലോക സംഘങ്ങളെ മുൻപിൻ നോക്കാതെ നേരിട്ട ചരിത്രമുണ്ട് മുംബയ് പൊലീസിന്. സേനയിലെ 'ഡിറ്റക്ഷൻ യൂണിറ്റ്' 1980കളിലും 90കളിലും അധോലോക സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 'എൻകൗണ്ടർ സ്‌ക്വാഡ് " എന്ന വിശേഷണം നേടി ഈ യൂണിറ്റ്. കർണാടകയിലെ ഉഡുപ്പി സ്വദേശി ദയാ നായകായിരുന്നു പ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ നേടിയ 'എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് ".
1995ൽ ജൂഹുവിൽ എസ്.ഐയായി. 96 ഡിസം. 31ന് ജൂഹുവിൽ ചോട്ടാ രാജൻ ഗ്യാംഗിലെ രണ്ടു പേരെ വെടിവച്ചു കൊന്നാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് തുടക്കമിട്ടത്. അക്കാലത്ത് 83 പേരെ വെടിവച്ചുകൊന്നു. 1997ൽ ഏറ്റുമുട്ടലിനിടെ വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ബോളിവുഡ് താരങ്ങൾക്ക് പ്രിയങ്കരനായി മാറി ദയാ നായിക്. ഗ്രാമത്തിൽ സ്‌കൂൾ പണിതപ്പോൾ താരങ്ങൾ സംഭാവന നൽകി. സ്‌കൂൾ ഉദ്ഘാടനം ചെയ്‌തത് സൂപ്പർ താരം അമിതാഭ് ബച്ചൻ. 'അബ് തക് ചപ്പൻ" സിനിമയിൽ നാനാ പടേക്കർ അനശ്വരമാക്കിയ പൊലീസ് കഥാപാത്രം ദയാ നായിക്കിനെ അനുകരിച്ചുള്ളതാണ്.
പിന്നെയുമിറങ്ങി സിനിമകൾ. കന്നഡയിൽ 'എൻകൗണ്ടർ ദയാ നായക് " എന്ന പേരിൽ, ഹിന്ദിയിൽ 'കഗാർ-ലൈഫ് ഓൺ ദ എഡ്‌ജ് ", 'റിസ്‌ക് ", 'ഡിപ്പാർട്ട്മെന്റ്" തുടങ്ങിയ സിനിമകളിലും തെലുഗിലെ 'ഗോലിമാർ', 'ടെംപർ' സിനിമകളിലും നായക കഥാപാത്രങ്ങൾക്കെല്ലാം ദയയുടെ ഛായയായിരുന്നു. ഇതിനിടെ അധോലോകവുമായി ബന്ധമുണ്ടെന്നും, കോടികളുടെ അനധികൃത സ്വത്തുണ്ടാക്കിയെന്നും ആരോപണമുണ്ടായി. സസ്‌പെൻഷനിലായി, പിന്നീട് കുറ്റവിമുക്തനും. എ.സി.പിയായി 2025 ജൂലായിൽ വിരമിച്ചു.
അശോക ചക്ര നൽകി ആദരിച്ച സലസ്‌കർ
'മുംബയ് പൊലീസ് ഡിറ്റക്ഷൻ യൂണിറ്റിലെ" മറ്റൊരു നിർഭയനായ ഉദ്യോഗസ്ഥൻ വിജയ് സലസ്‌കറായിരുന്നു. എൻകൗണ്ടറിലൂടെ 80ൽപരം പേരെ കൊന്നെന്നാണ് കണക്ക്. 2008 മുംബയ് ഭീകരാക്രമണത്തിനിടെ സലസ്‌കർ പാക് ഭീകരൻ അജ്മൽ കസബിന്റെ വെടിയേറ്ര് വീരമൃത്യു വരിച്ചു. രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി. സലസ്‌കറുടെ മരണത്തോടെ സ്‌ക്വാഡ് പിരിച്ചുവിട്ടു. അതിനകം 1,600ൽപരം പേരെ ജയിലിലടച്ചിരുന്നു. ജോയിന്റ് പൊലീസ് കമ്മിഷണറായിരുന്ന കോയമ്പത്തൂരിൽ നിന്നുള്ള ഡി. ശിവാനന്ദന്റെ നേതൃത്വത്തിൽ 238 ഏറ്റുമുട്ടലുകളുണ്ടായി. 2002ലെ കമ്പനി എന്ന രാംഗോപാൽ വർമ്മ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഐ.ജി വീരപ്പള്ളി ശ്രീനിവാസൻ എന്ന കഥാപാത്രം ശിവാനന്ദന്റേതാണ്.
വ്യാജ ഏറ്റുമുട്ടലെന്നും ആരോപണം
1982 ജനുവരി 11നായിരുന്നു മുംബയിലെ ആദ്യ പൊലീസ് എൻകൗണ്ടർ. മന്യ സർവെ എന്ന അധോലോക നേതാവ് കൊല്ലപ്പെട്ടു. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായ പ്രദീപ് ശർമ്മ 312 ക്രിമിനലുകളെയും ലഷ്കറെ ത്വയ്ബ ഭീകരരെയും അടക്കം വകവരുത്തി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെയും അറസ്റ്റ് ചെയ്‌തു. അതേസമയം, അധോലോക നേതാക്കൾ എതിരാളികളെ ലക്ഷ്യം വച്ച് പൊലീസ് ഉദ്യോഗസ്ഥരെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് പരാതികളുണ്ടായി. 2006ലെ ലഖൻ ഭയ്യാ എൻകൗണ്ടർ കേസിൽ ബോംബെ ഹൈക്കോടതി പ്രദീപ് ശർമ്മയ്‌ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചു. 2024 മേയിൽ സുപ്രീംകോടതി ജാമ്യമനുവദിച്ചു. 1991 നവംബറിൽ മുംബയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ ഏറ്റുമുട്ടൽ വ്യാജമായിരുന്നുവെന്ന് ആരോപിച്ചത് ചോട്ടാ രാജനാണ്. തന്റെ സാമ്രാജ്യം തകർക്കാനുള്ള ദാവൂദ് ഇബ്രാഹിമിന്റെ നീക്കങ്ങളായിരുന്നു അതെന്നായിരുന്നു ആക്ഷേപം. പട്ടാപ്പകൽ പൊതുജനമദ്ധ്യത്തിൽ ഏഴ് കുറ്റവാളികളാണ് കൊല്ലപ്പെട്ടത്. ജുഡിഷ്യൽ അന്വേഷണത്തിന് പിന്നാലെ ഉദ്യോഗസ്ഥർ കുറ്റവിമുക്തരായി. 2007ൽ 'ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല" എന്ന പേരിൽ സിനിമയിറങ്ങി.
മക്കോക്കയുടെ ചരിത്രം
ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജൻ, അരുൺ ഗാവ്‌ലി ഗ്യാംഗുകളെ അടിച്ചമർത്താൻ 1999ൽ മഹാരാഷ്ട്രയിലെ അന്നത്തെ ബി.ജെ.പി-ശിവസേന സഖ്യ സർക്കാർ മഹാരാഷ്ട്ര കൺട്രോൾ ഒഫ് ഓർഗനൈസ്ഡ് ക്രൈം ആക്‌ട് (മക്കോക്ക) കൊണ്ടുവന്നു. സംഘടിത കുറ്റകൃത്യം കൈകാര്യം ചെയ്യാനുള്ള നിയമനിർമ്മാണം രാജ്യത്ത് ആദ്യമായിരുന്നു. 2002ൽ ഡൽഹിയെയും വിജ്ഞാപനത്തിലൂടെ, ഈ നിയമത്തിന്റെ പരിധിയിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അധോലോക കൊലപാതകങ്ങൾക്ക് തൂക്കുകയർ വ്യവസ്ഥ ചെയ്‌തു. പൊലീസ് ഉദ്യോഗസ്ഥർക്ക് നിയമനടപടികളിൽ നിന്ന് വരെ സംരക്ഷണമൊരുക്കി. പൊലീസിനു നൽകുന്ന കുറ്റസമ്മതം വരെ കോടതിയിൽ തെളിവാകും. ജാമ്യം നേടി പുറത്തിറങ്ങുക ദുഷ്‌കരം. 2006 മുംബയ് ട്രെയിൻ ബോംബ് സ്‌ഫോടനം, 2013ലെ ഐ.പി.എൽ വാതുവയ്‌പ്പ്, 2008ലെ മലേഗാവ് സ്‌ഫോടനം തുടങ്ങിയ സംഭവങ്ങളിൽ ഉൾപ്പെടെ മക്കോക്ക ചുമത്തി. ഐ.പി.എൽ വാതുവയ്‌പ്പിൽ ശ്രീശാന്തിനെതിരെ ഉൾപ്പെടെ മക്കോക്ക ചുമത്തിയെങ്കിലും തെളിവില്ലെന്ന് കണ്ട് 2015ൽ ഒഴിവാക്കി. ന്യൂജെൻ കുറ്റവാളികൾ ബോളിവുഡിനെ ഭീതിയുടെ മുൾമുനയിൽ നിറുത്തുമ്പോൾ കടുത്ത നടപടികളാണുണ്ടാകേണ്ടത്. അധികാരികൾ നിർഭയമായി പ്രവർത്തിക്കണം.
(അവസാനിച്ചു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |