
മദ്യവർജ്ജനമെന്നത് കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. പക്ഷേ കേരളം പോലൊരു സംസ്ഥാനത്ത് അത് അത്ര വേഗത്തിൽ നടക്കുന്ന കാര്യമല്ലെന്ന് ഏറ്രവും നന്നായി അറിയുന്നതും അഭിനവ ഗാന്ധിശിഷ്യന്മാർക്കാണ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കോൺഗ്രസിനും കോൺഗ്രസ് സർക്കാരുകൾക്കും മദ്യമേഖല പലപ്പോഴും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ബാർ ലൈസൻസ് എന്ന ഭൂതത്തിന് ചുറ്റും കറങ്ങുകയാണ് വിവാദങ്ങൾ.
എക്സൈസ് മന്ത്രിയും മുൻ എക്സൈസ് മന്ത്രിയും കൊമ്പുകോർത്തു നിൽക്കുന്നതിനിടെ മുഖ്യമന്ത്രിയും വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തി. വരും ദിവസങ്ങളിൽ നിറം പിടിച്ചതും നാറ്റമുള്ളതുമായ പല കഥകളും ചർച്ചകളിലേക്ക് വന്നേക്കാം. അനധികൃത മദ്യമായാലും അംഗീകാരമുള്ള മദ്യമായാലും കോൺഗ്രസ് സർക്കാരുകൾക്ക് ഏൽപ്പിച്ചിട്ടുള്ള ക്ഷതങ്ങൾ പലപ്പോഴും താങ്ങാവുന്നതിനപ്പുറവുമായിരുന്നു. 77 പേരുടെ മരണത്തിനും 66 പേരുടെ കാഴ്ച നഷ്ടമാവുന്നതിനും വഴിവച്ച 1982 ലെ വൈപ്പിൻ മദ്യദുരന്തം ഇപ്പോഴും നടുക്കുന്ന ഓർമ്മയാണ്. സർക്കാർ അംഗീകൃത ചാരായഷാപ്പുകളിലൂടെ വിതരണം ചെയ്ത ചാരായമാണ് ഈ ദുരന്തത്തിന് വഴി വച്ചത്. ഈ ദുരന്തത്തിലേക്ക് നയിച്ച പിന്നാമ്പുറ സംഭവങ്ങൾ എന്തുതന്നെയായാലും ലീഡർ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സർക്കാരിന് മേലാണ് അതിന്റെ പഴി വീണത്.
പിന്നീട് 1995-96 കാലത്ത് എ.കെ ആന്റണി സർക്കാരാണ് ചരിത്രപരമായ പ്രാധാന്യമുള്ള ചാരായ നിരോധനം നടപ്പാക്കിയത്. അസാദ്ധ്യമെന്ന് കരുതിയ തീരുമാനം നടപ്പാക്കിയപ്പോൾ , മദ്യപരുടെ വീടുകളിലെ സങ്കടമനസുകളുടെ മുഴുവൻ വോട്ടും കോൺഗ്രസിന് കിട്ടുമെന്നും വീണ്ടും അധികാരത്തിലെത്താൻ കഴിയുമെന്നും മോഹിച്ചു. പക്ഷേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് വെറുതെ മോഹിക്കാൻ വേണ്ടിയുള്ള മോഹായിരുന്നു അതെന്ന് തിരിച്ചറിഞ്ഞത്. തീരുമാനത്തിന്റെ ഉദ്ദേശശുദ്ധിയിൽ ആർക്കും സംശയമില്ലെങ്കിലും പിന്നീട് മദ്യമേഖലയിൽ ഉണ്ടായ മാറ്റങ്ങൾ അത്ര ഗുണകരമോ എന്ന ചിന്തയ്ക്കും പ്രസക്തിയുണ്ട്.
2011-16 കാലത്തെ ഉമ്മൻചാണ്ടി സർക്കാർ സംസ്ഥാനത്തെ ബാറുകൾ അടുച്ചുപൂട്ടാൻ കൈക്കൊണ്ട തീരുമാനവും ഫലത്തിൽ ഗുണകരമായിരുന്നെന്ന് തീർത്തും പറയാനാവില്ല. കേരളം ലഹരി വസ്തുക്കളുടെ വിപത്തിലേക്ക് കൂപ്പുകുത്തിയതിന്റെ പഴി കേൾക്കേണ്ടിയും വരുന്നുണ്ട്. നിലവാരമില്ലാത്തതിന്റെ പേരിൽ അടച്ചുപൂട്ടുകയും പിന്നീട് ബിയർവൈൻ പാർലർ ലൈസൻസ് ലഭിക്കുകയും ചെയ്ത മൂന്ന് ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവമാണ് പുതിയ വിവാദങ്ങൾക്ക് ആധാരം. മദ്യത്തിന്റെ മണമോ ഗുണമോ അറിയാത്ത, ശുദ്ധഗാന്ധി ഭക്തനായ എക്സൈസ് മന്ത്രിയാണ് ഇപ്പോഴുള്ളത്. മദ്യമേഖലയിൽ ഒരു ശുദ്ധികലശം നടത്തണമെന്നത് മന്ത്രിപദവി ഏറ്റെടുത്തതു മുതലുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ്. പക്ഷെ എന്തു ചെയ്യാം മന്ത്രി ചിന്തിക്കും പോലെ വകുപ്പിലെ മറ്റുള്ളവർ ചിന്തിക്കുന്നോ എന്നതാണ് സംശയം.
കോട്ടയത്ത് സമയക്രമം തെറ്റിച്ച് ബാറുകൾക്ക് മദ്യവില്പനയ്ക്ക് അവസരമൊരുക്കിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി എടുത്തായിരുന്നു തുടക്കം. മന്ത്രിക്കും നേരിട്ട് അന്വേഷണത്തിനിറങ്ങി കുഴപ്പക്കാര തന്ത്രപരമായി കുടുക്കിയ എക്സൈസ് കമ്മിഷണർക്കും ഒരു പോലെ കൈയ്യടി കിട്ടിയ ഓപ്പറേഷനായിരുന്നു അത്. എന്നാൽ,ഹോർട്ടി വൈനിന്റെ ബേക്കറി വഴിയുള്ള വില്പനയുടെ പേരിലുയർന്ന വിവാദം ആദ്യനേട്ടത്തിന്റെ ശോഭ കെടുത്തുന്നതായി. അതിന്റെ അലയൊലികൾ അടങ്ങും മുൻപേയാണ് മൂന്ന് ബിയർ വൈൻ ലൈസൻസുകളുടെ ബാർ ലൈസൻസായുള്ള തരംമാറ്റൽ. കേരളത്തിലെ കർഷകർക്ക് അധികവരുമാനമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതെന്നും സുതാര്യമെന്നും മുൻ എക്സൈസ് മന്ത്രി അവകാശപ്പെടുന്നതും മറ്ര് താത്പര്യങ്ങൾക്ക് വേണ്ടിയുള്ളതെന്ന് ഇപ്പോഴത്തെ എക്സൈസ് മന്ത്രി ഉറച്ചു വിശ്വസിക്കുന്നതുമായ നടപടികളാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ. ഏതായാലും മുൻ എക്സൈസ് മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും കളത്തിൽ മുഖാമുഖമാണ് ഏറ്റുമുട്ടൽ.
മുൻപ് അടച്ചു പൂട്ടുകയും പിന്നീട് ബിയർവൈൻ ലൈസൻസ് ലഭിക്കുകയും ചെയ്ത ഹോട്ടലുകൾക്ക്,ത്രീ സ്റ്റാറോ അതിന് മുകളിലോ ക്ളാസിഫിക്കേഷൻ യോഗ്യത നേടിയാൽ ബാർ ലൈസൻസിന് അർഹതയുണ്ടെന്നത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ തീരുമാനമാണ്. അതിനുള്ള ചട്ടങ്ങളും അവർ ചമച്ചിരുന്നു. ഇത്തരം ലൈസൻസ് അനുവദിക്കാൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് അധികാരവും നൽകിയിട്ടുണ്ട്. ഈ വഴിക്ക് നോക്കുമ്പോൾ രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാരുടെ പേരിൽ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് എക്സൈസ് കമ്മിഷണറുടെ നിലപാട്. അപ്പോൾ ഇത് വിവാദമാവേണ്ടതുണ്ടോ എന്നതാണ് ഒരു ചോദ്യം.
2016ൽ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാരാണ് അടച്ചുപൂട്ടിയ ബാറുകൾ തുറക്കാനും മദ്യസമൃദ്ധമായ ഒരു അന്തരീക്ഷം തിരികെ കൊണ്ടുവരാനും അവസരമൊരുക്കിയത്. പത്തു വർഷം അവരുടെ ഭരണം നീണ്ടു. അക്കാലത്തൊന്നും ബിയർ വൈൻ ലൈസൻസ് മാറ്റി ബാർ ലൈസൻസാക്കാൻ ശ്രമിക്കാതിരുന്നവർ യു.ഡി.എഫ് അധികാരത്തിലെത്തിയതിന്റെ തൊട്ടു പിന്നാലെ എങ്ങനെ ബാർ ലൈസൻസ് കരസ്ഥമാക്കി. ന്യായമായ മറ്റൊരു ചോദ്യമാണ് ഇത്. ശുദ്ധഗതിക്കാരനായ മന്ത്രി എം.ലിജുവും ഉന്നയിക്കുന്നത് ഈ സംശയമാണ്.
കാതലായ മാറ്റങ്ങളോടെ പുതിയ മദ്യനയത്തിന് രൂപം നൽകാൻ മുമ്പെങ്ങുമില്ലാത്ത വിധം വിശാലമായ ചർച്ചകളും അഭിപ്രായ രൂപീകരണവും നടത്തി സർക്കാർ തയ്യാറെടുക്കുമ്പോൾ പെട്ടെന്ന് ലൈസൻസ് നൽകാൻ ഉദ്യോഗസ്ഥർക്കെങ്ങനെ മനസ് വന്നു. എന്തെല്ലാം സംശയങ്ങളുന്നയിച്ചാലും ഇതിന്റെയെല്ലാം ഉത്തരം ചെന്നു നിൽക്കുന്നത് ഒരിടത്താണ്, മദ്യം ഒരു ചെറിയ ബിസിനസ് അല്ല. അതിൽ നിന്നുള്ള വരുമാനവും അത്ര ചെറുതല്ല.ആര്,എന്ത് നയം രൂപീകരിച്ചാലും പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയും മദ്യവിപത്തിൽ നിന്ന് ക്രമേണയെങ്കിലും സമൂഹത്തെ മോചിപ്പിക്കും വിധമുള്ളതുമായ നടപടികളാണ് വരേണ്ടത്. അതിൽ അമിത രാഷ്ട്രീയം കലർത്തേണ്ടതുമില്ല.
ഇതുകൂടി കേൾക്കണേ
മദ്യനിരോധനമാണ് ഏറ്റവും അനുയോജ്യമെന്ന് വാദിക്കുന്ന ഒരു കൂട്ടരുണ്ട്. ആ ആവശ്യം തെറ്റല്ല,പക്ഷേ നമുക്ക് ചുറ്റും മനുഷ്യത്വമില്ലായ്മയുടെ അന്ധകാരം വളർത്തുന്ന രാസലഹരി എന്ന എന്ന നിർദ്ദയനായ ശത്രുവിനെ കൂടി കാണാതിരിക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |