മുംബയ്: തന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചും മദ്യപാനശീലത്തിൽ നിന്ന് പുറത്തുകടക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹൽ. വിവാഹമോചനത്തിന് പിന്നാലെ കടുത്ത മാനസിക സമ്മർദവും ഉത്കണ്ഠയും പാനിക് അറ്റാക്കുകളും നേരിട്ടതായാണ് താരം വെളിപ്പെടുത്തിയത്. മദ്യപാനം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പുനരധിവാസ കേന്ദ്രത്തിൽ 26 ദിവസം കഴിയേണ്ടിവന്നതായും ചഹൽ വെളിപ്പെടുത്തി.
ഹരിയാന സ്വദേശിയായ ചഹൽ മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് ജീവിതത്തിലെ പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവിധ മേഖലകളിൽ പ്രശസ്തരായവരുടെ സ്വകാര്യജീവിതം പോലും ജനങ്ങൾ ചർച്ചാവിഷയമാക്കുമ്പോൾ അതിന്റെ ആഘാതം വളരെ വലുതാണെന്നും താരം പറഞ്ഞു. ഇത്തരത്തിലുള്ള ചർച്ചകൾ മാനസികാരോഗ്യത്തെയും കരിയറിനെയും പ്രതികൂലമായി ബാധിക്കുമെന്നും ചഹൽ വ്യക്തമാക്കി.
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ തന്റെ പ്രകടനത്തെയും ക്രിക്കറ്റിനോടുള്ള സമീപനത്തെയും ബാധിച്ചുവെന്ന് ചഹൽ പറഞ്ഞു. മാനസികമായി ഒട്ടും ശരിയല്ലാത്തതിനെത്തുടർന്ന് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നുപോലും ഇടവേളയെടുക്കേണ്ടതായി വന്നു. 2024–25 ആഭ്യന്തര ക്രിക്കറ്റിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ട്വന്റി20 മത്സരങ്ങളിൽ പങ്കെടുക്കാതിരുന്നതിന് പിന്നിലും മോശം മാനസികാവസ്ഥയായിരുന്നു കാരണം. തന്റെ അവസ്ഥ ടീമിന്റെ പ്രകടനത്തെ ബാധിക്കരുതെന്ന് ആഗ്രഹിച്ചിരുന്നതായും ചഹൽ വ്യക്തമാക്കി.
ഒരു ഘട്ടത്തിൽ കാര്യങ്ങൾ നിയന്ത്രണാതീതമായിരുന്നു. മദ്യപാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനായി പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിക്കുകയും 26 ദിവസം അവിടെ കഴിയുകയും ചെയ്തു. ആ തീരുമാനം വ്യക്തിജീവിതത്തിലും വലിയ മാറ്റമുണ്ടാക്കി. ഇപ്പോൾ വികാരങ്ങൾ കൂടുതൽ പക്വതയോടെ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടെന്നും താരം വ്യക്തമാക്കി. മദ്യപാനം ഉപേക്ഷിച്ചതിനുശേഷം ശാരീരികക്ഷമതയിലും വലിയ പുരോഗതിയുണ്ടായി. ജിമ്മിലെ പരിശീലനം, ഫീൽഡിംഗ് പരിശീലനം, ശാരീരിക വ്യായാമങ്ങൾ എന്നിവ കൂടുതൽ കൃത്യമായി ചെയ്യാൻ സാധിച്ചു. ഐപിഎൽ മത്സരങ്ങൾക്കിടെ ശരീരത്തിന് വീണ്ടും യുവത്വത്തിന്റെ ഊർജം അനുഭവപ്പെട്ടുവെന്നും ചഹൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് നൽകിയ ഉപദേശം ജീവിതത്തിൽ മാറ്റം വരുത്താൻ സഹായിച്ചെന്ന് ചഹൽ വ്യക്തമാക്കി. ജീവിതത്തിൽ മനഃസാന്നിദ്ധ്യം കൈവരിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്നോട് സംസാരിച്ചിരുന്നു. വിവാഹമോചനവും തുടർന്നുണ്ടായ മദ്യപാനവും അതിരുവിട്ടുപോയെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തിൽത്തന്നെ നിർത്താൻ ശ്രമിക്കുകയായിരുന്നു. ഇല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റിനെത്തന്നെ കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ കൂടുതൽ സന്തോഷത്തോടും മെച്ചപ്പെട്ട മാനസികാവസ്ഥയോടെയുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും താരം പറഞ്ഞു.
Indian cricketer Yuzvendra Chahal opened up about his struggles following his divorce, revealing that he experienced severe stress, anxiety and panic attacks. His drinking habit became excessive, leading him to spend 26 days at a rehabilitation centre. The leg-spinner said his mental health affected his cricket career. Advice from AB de Villiers helped him regain balance, improve his fitness and move forward positively.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |