SignIn
Kerala Kaumudi Online
Thursday, 15 October 2026 1.49 AM IST

ദസറ വൈബ്

ph-1

പ്രകാശപൂരിതമായ നഗരവീഥികൾ... ആഹ്ലാദതിമിർപ്പിൽ ജനസാഗരം... കലയും സംസ്‌കാരവും വിശ്വാസവും ഒരുമിക്കുന്ന ഉത്സവാന്തരീക്ഷം... കണ്ണൂർ ദസറയെ വരവേറ്റ് നാടും നഗരവും...

നഗരത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും മതസൗഹാർദ്ദത്തിനും മാറ്റുകൂട്ടുന്ന പ്രധാന ആഘോഷമാണ് കണ്ണൂർ ദസറ. 21 വരെ നീളുന്ന ആഘോഷം ജനത്തിനു പുത്തൻ ഉണർവും ആവേശവും പകരുകയാണ്. വിവിധ കലാ- സാംസ്‌കാരിക പരിപാടികളാൽ സമ്പന്നമായ ആഘോഷം, കണ്ണൂരിന്റെ ഉത്സവപ്പെരുമയുടെ പ്രതീകമാണ്.

ദസറയോടനുബന്ധിച്ച് കണ്ണൂർ നഗരത്തിലാകെ വർണശബളമായ ദീപാലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാന റോഡുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വിവിധ നിറങ്ങളിലുള്ള വിളക്കുകളാൽ അലങ്കരിച്ചതോടെ നഗരം രാത്രിയിലും പകലെന്നപോലെ പ്രകാശിക്കുകയാണ്. അലങ്കരിച്ച നഗരവീഥികൾ കാണാനും ആഘോഷങ്ങളിൽ പങ്കുചേരാനുമായി വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ദിവസേനയെത്തുന്നത്.

വിവിധ കലാപരിപാടികൾ, സംഗീത- നൃത്ത വിരുന്നുകൾ, പ്രദർശനങ്ങൾ തുടങ്ങിയവ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു. കണ്ണൂർ ദസറ വെറുമൊരു ആഘോഷമല്ല, കണ്ണൂരിന്റെ സാംസ്‌കാരിക വൈവിദ്ധ്യവും കൂട്ടായ്മയും വിളിച്ചോതുന്ന ജനകീയ ഉത്സവമാണ്. പത്ത് ദിവസവും നഗരത്തെ ആവേശത്തിലും പ്രകാശത്തിലുമാഴ്ത്തി, ഓരോ വർഷവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുകയാണ്.

ഈ വ‌ർ‌ഷത്തെ ആഘോഷങ്ങൾക്ക് 12ന് തുടക്കമായി. റാപ്പർ ഫിജോ, ഗായകൻ കെ.എസ്.ഹരിശങ്കർ, വയലിനിൽ മാന്ത്രികത തീർക്കുന്ന ഗംഗ ശശിധരൻ തുടങ്ങിയവർ കണ്ണൂരിൽ വിസ്മയം തീർക്കുകയാണ്. 21 വരെ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ആഘോഷത്തിൽ മെഗാ ഡ്രോൺ ഷോ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. ഇന്ന് സോംഗ് ഒഫ് മോൾ ആൻഡ് സോയിൽ- ബിൻസിയും ഇമാമും പാടുന്നു, 16ന് നവ്യരസം- നവ്യ നായർ ക്ലാസിക് ലൈവ്, 17ന് മസാല കോഫി മ്യൂസിക് ബാൻഡ്, 18ന് വില്ലിംഗ്ടൺ ഐലൻഡ് മ്യൂസിക് ബാൻഡ്, 19ന് ഇശൽ നൈറ്റ്- ആസിഫ് കാപ്പാട്, 20ന് ഗംഗാ തരംഗം- ഗംഗ ശശിധരൻ വയലിൻ ഫ്യൂഷൻ, അഥീന ഫോക്ക് മെഗാ ഷോ, 21ന് ത്രയംബകം ഭജൻസ് എന്നിവ അരങ്ങേറും.

 മൈസൂരു ഡ്രോൺ

ഷോ കണ്ണൂരും

മൈസൂർ ദസറയുടെ മുഖ്യ ആകർഷണമായ മെഗാ ഡ്രോൺ ഷോ ഇത്തവണ കണ്ണൂരിൽ മാറ്റുകൂട്ടും. സമാപന ദിവസമായ 21നാണിത്. 500ലധികം ഡ്രോണുകൾ മെഗാഷോയുടെ ഭാഗമായി വർണവിസ്മയം തീർക്കും. കണ്ണൂരിന്റെ തനത് കലാരൂപങ്ങളും ആകാശത്ത് തെളിയും. മൈസൂരുവിൽ ഡ്രോൺ ഷോ ഒരുക്കുന്ന സംഘമാണ് ഇവിടെയും എത്തുന്നതെന്ന് മേയർ അഡ്വ. പി.ഇന്ദിര പറഞ്ഞു.

മൈസൂരു ദസറ കണ്ടവർ പണ്ടുമുതൽ രണ്ടാം ദസറ എന്ന് പേരിലാണ് കണ്ണൂരിലെ നവരാത്രി ആഘോഷങ്ങളെ വിശേഷിപ്പിക്കുന്നത്. മൈസൂരു ദസറയുടെ ഒരു ചെറുപതിപ്പ് എന്നുതന്നെ കണ്ണൂർ ദസറയെ വിശേഷിപ്പിക്കാം. നഗരപരിധിയിൽ വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കോവിലുകളിലെ കലാപരിപാടികൾ കൂടിയാകുന്നതോടെ നഗരം മറ്റൊരു ലോകത്തെത്തും. ദേവിയുടെ വിദ്യ, കല എന്നീ ഭാവങ്ങളെ ഒൻപത് ദിവസങ്ങളിലായി ഉപാസിക്കുന്ന നവരാത്രി ദിനങ്ങളിൽ നഗരത്തിലെ ക്ഷേത്രങ്ങളിൽ ദീപാലംകൃതമാക്കി നടത്തുന്ന വിശേഷാൽ പൂജകളും കലാപരിപാടികളും കണ്ണൂർ നഗരത്തിനും പരിസരത്തിനും ആത്മീയ ഉണർവ് പകരും. ദസറആഘോഷത്തിന്റെ പ്രചരണാർത്ഥമുള്ള വിവിധ പരിപാടികൾ ഇതിനോടകം നടത്തിക്കഴിഞ്ഞു.

ആത്മീയത തുളുമ്പുന്ന ആഘോഷം

മുനീശ്വരൻ കോവിൽ, പിള്ളയാർ‌കോവിൽ, കാഞ്ചികാമാക്ഷി അമ്മൻ കോവിൽ എന്നീ കോവിലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഉത്സവങ്ങൾ പ്രസിദ്ധമാണ്. ഏഴു നൂറ്റാണ്ടിന് മുൻപു ജീവിച്ച മുനീശ്വരന്റെ സമാധി സ്ഥലത്താണ് മുനീശ്വരൻ കോവിൽ സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വാസം. ഇപ്പോൾ മുനീശ്വരൻ കോവിൽ സ്ഥിതി ചെയ്യുന്ന സ്ഥലം കാനത്തൂർ ബ്രാഹ്‌മണരുടെ വേദപാഠശാലയായിരുന്നു. ഇവിടെ വരരുചി, പാണിനി, പതഞ്ജലി എന്നീ മഹർഷിമാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച്, ആരാധിച്ച ക്ഷേത്രവും ഉണ്ടായിരുന്നു. ഈ സ്ഥലം തപോവനം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അക്കാലത്തു കേരളത്തിനു പുറത്തു നിന്ന് ഒരു മുനിശ്രേഷ്ഠൻ തീർത്ഥയാത്രയ്ക്കിടെ തന്റെ ശിഷ്യഗണത്തോടൊപ്പം ഇവിടെയെത്തി.

കൊല്ലൂർ മൂകാംബികയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ തന്റെ സമാധി സമയം അടുത്തുവെന്നു മുനിയുടെ ജ്ഞാന ദൃഷ്ടിയിൽ തെളിഞ്ഞു. ഉടനെ മുനി മൂകാംബികാ ദേവിയെ പ്രാർത്ഥിച്ചു. ദേവി പ്രത്യക്ഷപ്പെട്ടു ദർശനം നൽകി. ശേഷം മുനി സമാധിയായി. മുനിക്ക് മൂകാംബികാ ദേവി ദർശനം നൽകിയ സ്ഥലമായതു കൊണ്ടാണ് ദേവിയെ ആരാധിക്കുന്ന നവരാത്രി ഉത്സവത്തിന് മുനീശ്വരൻ കോവിലിനു പ്രാധാന്യം കൈവന്നതെന്നാണ് ഐതിഹ്യം. കണ്ണൂർ മുനീശ്വരൻ കോവിലിൽ ഇന്ത്യയിലെ പ്രശസ്ത സംഗീത കലാകാരന്മാരിൽ ഭൂരിഭാഗം പേരും സംഗീതാർച്ചന നടത്തിയിട്ടുണ്ട്. ഡോ. ബാലമുരളീ കൃഷ്ണ, ബോംബെ സിസ്റ്റേർസ്, പി.ലീല, പി.സുശീല, കദ്രി ഗോപാൽ നാഥ്, കുന്നക്കുടി വൈദ്യനാഥൻ, കെ.ജെ.യേശുദാസ്, യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ്, നാദസ്വര വിദ്വാൻ ഷെയ്ക് മൗലാന സാഹിബ്, വയലിൻ ചക്രവർത്തി ചൗഡയ്യ, പി.ജയചന്ദ്രൻ, എം.ജി.ശ്രീകുമാർ, വൈക്കം വിജയലക്ഷ്മി ഇങ്ങനെ നീളുന്നു നവരാത്രി നാളുകളിൽ ഇവിടെ സംഗീത കച്ചേരികൾ നടത്തിയ പ്രമുഖരുടെ നിര. ഇത്തവണയും നവരാത്രി ദിനങ്ങളിൽ സംഗീതാർച്ചനയടക്കം വിപുലമായ പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR DASARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION