SignIn
Kerala Kaumudi Online
Sunday, 11 October 2026 2.53 AM IST

ഡൽഹിയിലെ പ്രതിനിധി അനിവാര്യം, രാഷ്‌‌‌ട്രീയം കാണുന്നില്ല: ജി.ദേവരാജൻ

g-devarajan

 കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നാളെ രാവിലെ ഡൽഹി കേരളാ ഹൗസിൽ ചുമതലയേൽക്കുന്ന ഫോർവേഡ് ബ്ളോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ സംസാരിക്കുന്നു

എൽ.ഡി.എഫ് സർക്കാർ തുടങ്ങിയ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവി യു.ഡി.എഫും തുടരുന്നു. പുതിയ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഡൽഹിയിൽ പ്രതിനിധി അനിവാര്യമാണെന്നും യു.ഡി.എഫിലും ദേശീയ തലത്തിൽ ഇടതിനൊപ്പവും നിൽക്കുന്ന ഫോർവേഡ് ബ്ളോക്കിന്റെ രാഷ്‌ട്രീയം പദവിക്ക് തടസമാകില്ലെന്നും ജി. ദേവരാജൻ കേരള കൗമുദിയോട് പറഞ്ഞു. യു.പി.എയിൽ, മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ദേശീയോദ്ഗ്രഥന സമിതി അംഗമായിരുന്നു. 2023 മുതൽ ഫോർവേഡ് ബ്ളോക്ക് ജനറൽ സെക്രട്ടറിയാണ്. അദ്ദേഹം പുതിയ പദവിയെക്കുറിച്ചും മറ്റും സംസാരിക്കുന്നു.

? ഡൽഹിയിൽ പ്രതിനിധി അനിവാര്യമോ

നേരത്തെ സംസ്ഥാനങ്ങൾ ആസൂത്രണം ചെയ്‌ത് ഡൽഹിയിൽ വന്ന് ചർച്ച ചെയ്യുന്ന രീതിക്ക് പകരം നിതി ആയോഗിന് ശേഷം കേന്ദ്രസർക്കാരാണ് വിഹിതം തീരുമാനിക്കുന്നത്. എന്നാൽ പാൻ ഇന്ത്യ തലത്തിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ സംസ്ഥാനത്തിന് യോജിച്ചതാകണമെന്നില്ല. ഇക്കാര്യം ബോദ്ധ്യപ്പെടുത്താൻ ഉദ്യോസ്ഥർക്കാകില്ല. നമ്മുടെ നാട്ടിൽ നിന്ന് പിരിക്കുന്ന ജി.എസ്.ടിയിൽ നിന്ന് അർഹമായ വിഹിതം ചോദിച്ചുവാങ്ങേണ്ടതുണ്ട്. കേന്ദ്രവുമായി രാഷ്‌ട്രീയ തലത്തിൽ ഇടപെടാൻ കഴിയുന്ന, ചില സ്ഥലങ്ങളിൽ എത്തിപ്പെടാൻ കഴിവുള്ള പ്രത്യേകപദവിയുടെ അനിവാര്യത ഇവിടെയാണ്. തമിഴ്നാട്, തെലങ്കാന, മഹാരാഷ്‌ട്ര, ബംഗാൾ സംസ്ഥാനങ്ങൾക്കും ഇപ്പോൾ പ്രത്യേകപ്രതിനിധിയുണ്ട്. ഫെഡറൽ സംവിധാനത്തിൽ ഈ പദവി അനിവാര്യമാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട ഡൽഹി ജീവിതത്തിലുണ്ടാക്കിയ ബന്ധങ്ങൾ അത്തരം ഇടപെടലിനായി പ്രയോജനപ്പെടുത്താനാകും. ത്രിപുര, പശ്ചിമബംഗാൾ, തമിഴ്നാട്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ പാർട്ടി, സർക്കാരിന്റെ ഭാഗമായിരുന്നതിന്റെയും പാർലമെന്റ് അംഗങ്ങൾക്കൊപ്പം പ്രവർത്തിച്ചതിന്റെയും അനുഭവ പരിചയവമുണ്ട്.

? എൽ.ഡി.എഫ് സർക്കാർ പ്രതിനിധിയെ നിയമിച്ചതിനെ എതിർത്ത കോൺഗ്രസിന്റെ തീരുമാനം വിവാദമായിട്ടുണ്ട്

എൽ.ഡി.എഫ് സർക്കാർ അഡ്വ.എ.സമ്പത്തിനെ നിയമിച്ച സമയത്ത് ഈ പദവിയെക്കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. കെ.വി.തോമസിനെ നിയമിച്ചപ്പോൾ അദ്ദേഹം സീറ്റു കിട്ടാതെ കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയതിന്റെ പേരിലായിരുന്നു വിമർശനം.

? പാർട്ടി ഈ പദവി ആവശ്യപ്പെട്ടിരുന്നോ

മുന്നണി മര്യാദയുടെ ഭാഗമായി ലഭിച്ചതാണ്. പത്ത് വർഷമായി മുന്നണിയുടെ ഭാഗമാണ്. വിജയത്തിനായി പ്രവർത്തിക്കുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിലും അതിന് മുൻപ് ധർമ്മടത്തും വാഗ്‌ദാനം ചെയ്‌ത നിയമസഭാ സീറ്റ് വേണ്ടെന്നുവച്ചതാണ്. അതിനാൽ ഉത്തരവാദിത്തപ്പെട്ട ഒരു പദവി നൽകുന്നത് സ്വാഭാവികം.

?സംസ്ഥാനത്ത് യു.ഡി.എഫിലും ദേശീയ തലത്തിൽ ഇടതിനൊപ്പവും. ഇത് ഈ പദവിയിൽ പ്രശ്നമാകില്ലേ

പ്രത്യേക പ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കാൻ അത് തടസമല്ല. ഫോർവേഡ് ബ്ളോക്ക് പാർട്ടിയുടെ രാഷ്ട്രീയ നിലപാട് തുടർന്നുകൊണ്ട് പ്രവർത്തിക്കാനാകും. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിൽ എല്ലാവരുമുണ്ടല്ലോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVARAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION