
രാത്രി ഉറങ്ങാനുള്ള ആചാരക്രമങ്ങൾ ഒന്നൊന്നായി അനുഷ്ഠിച്ചുവരുന്നതിനിടയിൽ ഒരു ഫോൺകാൾ. സുഹൃത്ത് ശാന്തൻ.
'പലതവണ ആലോചിച്ചു." ശാന്തൻ അങ്ങനെയാണ്. എല്ലാം നാടകീയമായേ അവതരിപ്പിക്കൂ. ഞാൻ ചോദിച്ചു:
'എന്ത്?"
'നിന്നെ വിളിക്കണോ വേണ്ടയോയെന്ന്!"
'എന്നിട്ട്?"
'വിളിക്കാൻ തീരുമാനിച്ചു."
'കാര്യമെന്താ സുഹൃത്തേ, എമർജൻസി വല്ലതും?"
'നിനക്ക് എമർജൻസിയായി തോന്നണമെന്നില്ല. എന്നാൽ എനിക്ക് വെരി എമർജൻസിയാണ്..."
'വിശദീകരിക്ക്."
'നാളെ കോഫി ഹൗസിലേയ്ക്ക് വരാമോ ? സംഭവം അവിടെവച്ച് സംസാരിക്കാം."
പിറ്റേന്ന് ശാന്തൻ പറഞ്ഞ കോഫി ഹൗസിലേക്കു വിട്ടു. ഒരു ഡബിൾ സീറ്റർ കോർണർ ടേബിൾ തരപ്പെടുത്തി, എന്നെയും കാത്ത് ശാന്തൻ ഇരിക്കുകയായിരുന്നു.
'എന്തൊക്കെയാണെടേ നമ്മുടെ നാട്ടിൽ നടക്കുന്നത്. ഒന്നിനുപുറകേ ഒന്നായി എന്തെല്ലാം വാർത്തകളാണ് കേൾക്കേണ്ടിവരുന്നത്! ഇതു വായിച്ചും കണ്ടും കേട്ടും എന്റെ മനസ് മരവിച്ചുപോകുന്നു..."
ഞാൻ ഉദ്വേഗത്തോടെ സുഹൃത്തിനെ നോക്കി. ഈ നാട്ടിലെ പ്രശ്നം ചർച്ച ചെയ്യാനായിരുന്നോ ഇത്ര അത്യാവശ്യമായ കൂടിക്കാഴ്ച?
'സഹോദരിയുടെ വെറുതെയിരുന്ന കുട്ടിയെ എടുത്ത് കിണറ്റിലിടുന്നു; പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ. സ്‌നേഹം കുറഞ്ഞുപോകുമോ എന്നൊരു സംശയം തോന്നിയപ്പോൾ വെറുതേ ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് പ്രായ പൂർത്തിയാകാത്ത ഒരു പെൺകുട്ടി കിണറ്റിലിടുന്നു... എന്തോന്നാടേ ഇത്? കിണറ്റിലെറിയാനുള്ള കളിക്കോപ്പുകളാണോ ഈ കുഞ്ഞുങ്ങൾ? അവർക്ക് ജീവിക്കാൻ ഇവിടെ അവകാശമില്ലേ?"
ഞാൻ അന്തംവിട്ടു നിന്നു. അവൻ പറയുന്നതിൽ കാര്യമുണ്ട്. പക്ഷേ...
'സ്വന്തം അമ്മയെ കൊല്ലുക, സ്വന്തം അനുജനെ കൊല്ലുക, അമ്മൂമ്മയെ... ഉറ്റബന്ധുക്കളെ എല്ലാം മണിക്കൂറുകൾക്കുള്ളിൽ... ഒരുത്തന് വെറുതെയൊന്നു തോന്നി... കൊന്നതോടെ അവന് ടെൻഷൻ മാറിക്കിട്ടി! എന്തോന്നാടേയിത്? ഊളമ്പാറയും കുതിരവട്ടവും കേരളത്തെ ദത്തെടുത്തോ?"
ശാന്തൻ അശാന്തനായി, ആവേശഭരിതനായി എന്നോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ്.
'ഇങ്ങനെ ഭീകരങ്ങളായ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഈ രാഷ്ട്രീയകക്ഷി നേതാക്കൾ വേറെയെന്തൊക്കെയോ വേണ്ടാതീനം പറഞ്ഞുകൊണ്ടിരിക്കുകയല്ലേ? പിന്നെ... ആനകളും പുലികളും കാടുകളിൽ നിന്നിറങ്ങി മനുഷ്യരെ വകവരുത്തിക്കൊണ്ടിരിക്കുന്നു! പട്ടികൾ സംഘംചേർന്ന് മനുഷ്യരെ കടിച്ചുവലിക്കുന്നു! എന്നെയും നിന്നെയും പോലെയുള്ള മനുഷ്യരല്ലേ അവരും? എന്തോന്നാടേയ് ഇതൊക്കെ?"
ശാന്തൻ വീണ്ടും വീണ്ടും വികാരാധീനനായിക്കൊണ്ടിരിക്കുന്നു. വെയിറ്റർ ഐസിട്ട് രണ്ടു നാരങ്ങാവെള്ളം കൊണ്ടുവന്നു.
കോഫി ഹൗസിലായത് രക്ഷയായി. ബാറിൽ വരാൻ പറഞ്ഞിരുന്നെങ്കിലോ? ശാന്തൻ എമ്പുരാനാകുന്നത് കാണേണ്ടി വന്നേനെ. എന്റെ ഭാഗ്യം!
ഞാൻ ശാന്തനെ ശാന്തനാക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു: 'നമുക്കെന്തു ചെയ്യാൻ കഴിയും, ഇവിടെ പെട്ടുപോയില്ലേ? കണ്ടുംകേട്ടും ഇങ്ങനെ ജീവിച്ചുപോകാം. അത്ര തന്നെ..."
'ജീവിക്കാൻ പറ്റുന്നില്ല, അതല്ലേ പ്രശ്‌നം... കിടന്നിട്ട് ഉറക്കം വരുന്നില്ല."
നിനക്കെങ്ങനെ ഉറങ്ങാൻ പറ്റുന്നു എന്ന തരത്തിൽ ചോദിക്കുന്ന മുഖവുമായി അവൻ എന്നെയൊന്നു നോക്കി!
'ഭാര്യ ഭർത്താവിനെ കൊല്ലുന്നു, ഭർത്താവ് ഭാര്യയെ കൊല്ലുന്നു, കാമുകൻ കാമുകിയെ കൊല്ലുന്നു, കാമുകി കാമുകനെ കൊല്ലുന്നു... അച്ഛൻ മകനെ, മകൻ അച്ഛനെ! റാഗിംഗ് ചെയ്ത് സഹപാഠികളെ കൊല്ലുന്ന വിദ്യാർത്ഥികൾ! നരുന്തു പോലെയുള്ള സ്‌കൂൾ കുട്ടികൾ സംഘംചേർന്ന് തമ്മിൽത്തല്ലി ചാകുന്നു. കുരുന്നു പിള്ളേർ രാസലഹരിയടിച്ച് ജീവിതം ഹോമിക്കുന്നു. എന്തോന്നാടേയ് ഇതൊക്കെ? ആൾക്കാർ ഇതൊന്നും കാണുന്നില്ലേ, വായിക്കുന്നില്ലേ... നാളെ അവനവന്റെ വീട്ടിലും കുടുംബത്തിലും ഇതെല്ലാം സംഭവിക്കാമെന്ന് ഒരു വിചാരവുമില്ലാതെ എമ്പുരാനും കണ്ട് നടക്കുയാണ് ഒന്നും പഠിക്കാത്ത മലയാളികൾ! ഇതൊക്കെ അറിഞ്ഞിട്ട് നിനക്കെങ്ങനെ പോത്തുപോലെ കിടന്നുറങ്ങാൻ കഴിയുന്നു?'
ഞാനാകെ വിഷമിച്ചു വിയർത്തു... സുഹൃത്തിനെ ആശ്വസിപ്പിക്കാൻ ഭയം തോന്നി! അത്രയ്ക്ക് അസ്വസ്ഥനായിരുന്നു അയാൾ. നാട്ടിൽ നടക്കുന്ന ഓരോ അനിഷ്ടസംഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞ് അയാൾ കൂടുതൽ കൂടുതൽ അസ്വസ്ഥനായിക്കൊണ്ടിരുന്നു.
അപ്പോഴാണ് അതു സംഭവിച്ചത്. ശാന്തന്റെ ഭാര്യയും സഹോദരനും ഞങ്ങളുടെ അടുത്തേയ്ക്ക് ഭയചകിതരായി പാഞ്ഞുവന്നു. ശാന്തനെ കണ്ടപ്പോൾത്തന്നെ അവർക്ക് ആശ്വാസമായി!
വീട്ടിൽ നിന്ന് ആരും കാണാതെ ചാടിപ്പോന്നതാണ്. കുറേ മാസങ്ങളായി ശാന്തൻ അസ്വസ്ഥനാണെന്ന് ഭാര്യ.
ഞെട്ടരുത്! ഒരു കാര്യം കൂടി പറയാം.
എന്റെ സുഹൃത്ത് ശാന്തൻ നാട്ടുകാരുടെ ഭയാശങ്കകളും വിഷാദവും മാറ്റിക്കൊടുക്കുന്ന നഗരത്തിലെ അറിയപ്പെടുന്ന മനോരോഗ ചികിത്സകനാണ്!
(ലേഖകന്റെ ഫോൺ: 94470 55050)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |