
കുറച്ചുനാൾ മുമ്പാണ്. ഒരു മരുന്ന് കമ്പനിയുടെ ഡീലർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു ഓഫീസിലെത്തി. തന്റെ കമ്പനിയുടെ മരുന്ന് കൂടുതലായി വാങ്ങുന്നില്ലെന്നായിരുന്നു പരാതി.
ഗുണനിലവാരം പോരെന്നായി ഉദ്യോഗസ്ഥർ. അതെല്ലാം നേരത്തെ പറഞ്ഞ് സെറ്രിൽ ചെയ്തതാണെന്ന് ഡീലർ. ഉദ്യോഗസ്ഥരുടെ സംശയം തീർക്കാൻ ഉടൻ ഡീലർ ഉന്നതന്റെ പേര് വെളിപ്പെടുത്തിയശേഷം അദ്ദേഹത്തെ ഫോണിൽ വിളിക്കുന്നു. ഉദ്യോഗസ്ഥർ വിളിച്ചാൽപോലും ഫോണെടുക്കാത്ത ഉന്നതൻ ഡീലറുടെ ഫോണെടുത്തു. പിന്നാലെ കാര്യങ്ങൾക്കെല്ലാം ശരവേഗം.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഡീലർ എന്ന പേരിൽ അറിയപ്പെടുന്ന ഇടനിലക്കാരാണ് മലയാളി ഏത് മരുന്ന് കഴിക്കണമെന്ന് തീരുമാനിക്കുന്നത്. കമ്മിഷൻ ഏർപ്പാട് പൊടിപൊടിക്കുമ്പോൾ മരുന്നുകൾക്ക് കൊള്ളവില നൽകി വാങ്ങേണ്ടി വരുന്നതാകട്ടെ പാവപ്പെട്ട രോഗികൾക്കും. ഒരു ഉദാഹരണം: ക്യാൻസറിനുള്ള എർലോനാറ്റ് 150 മില്ലിഗ്രാമിന്റെ 30 ടാബ്‌ലറ്റുകളുള്ള ഒരു പായ്ക്കറ്റിന്റെ യഥാർത്ഥ വില 1669.50 രൂപ. എന്നാൽ പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് (എം.ആർ.പി) 8768.66 രൂപ. 7099.16 രൂപയുടെ വ്യത്യാസം!
ഇത്തരം കൊള്ളയ്ക്കെതിരെയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി കർശന നിലപാടെടുത്തതും കൂട്ടക്കൊലയ്ക്ക് സമാനമെന്ന് വിശേഷിപ്പിച്ചതും. ചില വൻകിട സ്വകാര്യ ആശുപത്രികൾ മരുന്നിന്റെ എം.ആർ.പി കൂട്ടാനും മരുന്ന് കമ്പനികളെ നിർബന്ധിക്കാറുണ്ടത്രേ. ഇതുമൂലം ചോരുന്നത് സാധാരണക്കാരുടെ പോക്കറ്റും. സർക്കാർ ആശുപത്രികളിലും ഇതേ വില നൽകേണ്ടി വരുമ്പോഴാണ് പാവപ്പെട്ട രോഗികൾ പെട്ടു പോകുന്നത്.
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ ഷോപ്പുകളിൽ മരുന്നുകൾക്ക് 20 ശതമാനം വരെ വിലക്കുറവുണ്ട്. പക്ഷേ, ഇത്തരത്തിൽ കൊള്ളവില എം.ആർ.പിയിൽ രേഖപ്പെടുത്തിയശേഷം 20 ശതമാനം കുറച്ചിട്ട് എന്തുകാര്യം!
പരസ്പര ധാരണ
ഇടനിലക്കാർ പരസ്പരം ധാരണ ഉണ്ടാക്കിയ ശേഷമാണ് കെ.എം.എസ്.സി.എല്ലിന്റെ ഉൾപ്പെടെ ടെൻഡറുകളിൽ പങ്കെടുക്കുന്നത്. ടെൻഡർ ലഭിച്ചു കഴിഞ്ഞാൽ വാങ്ങിയ മരുന്ന് പെട്ടെന്ന് വിറ്റു പോകാനും പുതിയ ഓർഡർ കിട്ടാനുമൊക്കെ അടുത്ത തന്ത്രമിറക്കും. ആ ഘട്ടത്തിലാണ് ഡോക്ടർമാരെ സ്വാധീനിക്കുന്നത്. ആ പ്രത്യേക കമ്പനിയുടെ മരുന്നുകൾ നിരന്തരം കുറിച്ചു നൽകും.
ഇതിന് പ്രതിഫലമായി ഡോക്ടർമാർക്ക് വിദേശയാത്ര അടക്കമുള്ള ഓഫറുകളുണ്ടാകും. ചില മരുന്നു കമ്പനികൾ ഡോക്ടർമാർ ഉൾപ്പെട്ട പരിപാടികളുടെ സ്പോൺസർഷിപ്പ് ഏറ്രെടുക്കാറുമുണ്ടത്രേ. എന്തായാലും ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ ആശുപത്രികളിലേക്ക് മരുന്നു വാങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞത് സ്വാഗതാർഹമാണ്.
അത് വളരെയധികം സഹായകമാവുക സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികൾക്കായിരിക്കും. ഇതിനെ ടോർപിഡ വയ്ക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കുകയും നടപടിക്ക് വിധേയമാക്കുകയും ചെയ്താൽ സിസ്റ്റം ഒരുവിധം ശരിയാകുമെന്ന് ഉറപ്പാക്കാം.
മരുന്നു കൊള്ളയുടെ സാമ്പിൾ
...............................................................
ക്യാൻസർ മരുന്നുകളുടെ
വില വ്യത്യാസം
(മരുന്ന്, കമ്പനികളുടെ വിൽപ്പനവില,
എം.ആർ.പി ക്രമത്തിൽ)
ടെമോസോലോമൈഡ് (100 എം.ജി)..................... 331.74, 7920
പാക്ലിറ്റാക്സൽ 260 എം.ജി ഇൻജക്ഷൻ................... 647.34, 10053
സോൾഡോനാറ്റ് 4 എം.ജി ഇൻജക്ഷൻ............... 149, 2238
പാക്ലിറ്റാക്സൽ 100 എം.ജി ഇൻജക്ഷൻ................... 280.34, 2868.40
ഒക്സാലിപ്ലാറ്റിൻ 100 എം.ജി ഇൻജക്ഷൻ................. 462.01, 5319.65
ജെംസിറ്റാബിൻ 200 എം.ജി ഇൻജക്ഷൻ................122.25, 1364.70
വോറിക്കൊണസോൾ 200 എംജി ടാബ്................370.15, 3401.25
ഒക്സാലിപ്ലാറ്റിൻ 50 എം.ജി ഇൻജക്ഷൻ................... 407.49, 2386.46
ഇമാറ്റിനിബ് വീനാറ്റ് 100 എംജി ടാബ്.................... 89.57, 651.56
ജെംസിറ്റാബിൻ 1ഗ്രാം ഇൻജക്ഷൻ........................849.46, 5871
ജെഫിറ്റിനിബ് 250 എം.ജി ടാബ്.................................370.43, 2489
പാക്ലിറ്റാക്സൽ 30 എം.ജി ഇൻജക്ഷൻ........................181.32, 1158.20
ലെട്രോസോൾ 2.5 എംജി ടാബ്................................39.92, 195
കാപെസിറ്റാബിൻ 500 എം.ജി ടാബ്........................ 190.70, 1044.38
ഹെപ്സിനാറ്റ് 400 എം.ജി ടാബ്......................................2490.72, 13593.75
ജെഫിറ്റിനിബ് 250 എം.ജി ടാബ്..................................1150, 5251.14
സുനിറ്റിനിബ് 12.5 എം.ജി ക്യാപ്സ്യൂൾ.......................... 1019.25, 5000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |