
ചില കാര്യങ്ങൾ പതിവ് തെറ്റിക്കാതെ എല്ലാ വർഷവും ആവർത്തിക്കാറുണ്ട്. അതിൽ ഒന്നാണ് അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും വിമാന കമ്പനികൾ പ്രത്യേക കാരണങ്ങളൊന്നും കൂടാതെ നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നത്. വേനൽ അവധിയിലും ഓണക്കാലത്തുമൊക്കെ ഗൾഫിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെ വർദ്ധിക്കാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നവരിൽ ഭൂരിപക്ഷവും കേരളത്തിൽ നിന്നുള്ള പ്രവാസികളാണ്. പലപ്പോഴും ഇതിനെതിരെ പരാതിയും രോഷവും ഉയരാറുണ്ടെങ്കിലും അതെല്ലാം വനരോദനങ്ങളായി പരിണമിക്കുന്നതായിരുന്നു പതിവ്. പിന്നീട് ഇതേ ആവശ്യം പൊതുതാത്‌പര്യ ഹർജിയായി സുപ്രീംകോടതിയുടെ മുന്നിലെത്തിയതോടെയാണ് ഇക്കാര്യത്തിൽ ചട്ടങ്ങൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്.
വിമാനക്കൂലിയിലെ അനിയന്ത്രിതമായ വർദ്ധനവിനെതിരെ സുപ്രീംകോടതിയിൽ നടന്ന പോരാട്ടങ്ങളാണ് ഒടുവിൽ കേന്ദ്രത്തെ ഈ നടപടിക്ക് പ്രേരിപ്പിച്ചത്. കേന്ദ്രം വിജ്ഞാപനം ചെയ്ത ഭാരതീയ വായുയാൻ നിയമം- 2026 പ്രകാരം അസാധാരണ സാഹചര്യങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളിൽ നേരിട്ട് ഇടപെടാൻ കേന്ദ്രത്തിന് അധികാരം ഉണ്ടായിരിക്കും. 1937ലെ പഴയ എയർക്രാഫ്‌റ്റ് ചട്ടങ്ങൾക്ക് പകരമായാണ് 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യോമയാന ചട്ടങ്ങൾ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ചത്. ഇതോടെ സീസണുകളിൽ നിരക്കിന്റെ അമിത വർദ്ധന ഒരു പരിധിവരെ തടയാനാവുമെന്നാണ് പ്രതീക്ഷ. 2024ൽ ഇതിനായി ഭാരതീയ വായുയാൻ അധിനിയമം പാർലമെന്റ് പാസാക്കിയിരുന്നെങ്കിലും ചട്ടം രൂപീകരിച്ചിരുന്നില്ല. ഒന്നര വർഷമായിട്ടും അതു ചെയ്യാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതോടെയാണ് വ്യോമയാന മന്ത്രാലയം ചട്ടം തയ്യാറാക്കി വിജ്ഞാപനമിറക്കിയത്.
വിമാനക്കമ്പനികൾ തങ്ങളുടെ പ്രവർത്തനച്ചെലവുകൾ കൂടി കണക്കിലെടുത്ത് മാത്രമേ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കാവൂ എന്നും നിരക്കുകൾ അവരുടെ വെബ് സൈറ്റുകളിലും മറ്റ് ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കണമെന്നും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. കമ്പനികളുടെ ഈ നിരക്കുകൾ ഡി.ജി.സി.എ കർശനമായി നിരീക്ഷിക്കും. ഇതിലുപരിയായി, ബുക്കിംഗ് വേളയിൽതന്നെ അടിസ്ഥാന നിരക്ക്, നികുതികൾ ഒളിഞ്ഞിരിക്കുന്ന മറ്റ് ചാർജുകൾ, കാൻസലേഷൻ ഫീസ്, റീഫണ്ട് വ്യവസ്ഥകൾ എന്നിവ വെവ്വേറെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണം. ഈ വ്യവസ്ഥ വിമാനയാത്രാ രംഗത്ത് വലിയ സുതാര്യത ഉറപ്പാക്കാൻ ഇടയാക്കുന്നതാണ്. എങ്കിലും പുതിയ നിയമത്തിൽ അസാധാരണ സാഹചര്യം എന്താണെന്ന് നിർവചിച്ചിട്ടില്ലാത്തത് ആശങ്കയ്ക്ക് ഇടനൽകുന്നു. സാധാരണ ദിവസങ്ങളിൽ വിമാനക്കമ്പനികൾക്ക് സ്വന്തം നിലയിൽ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം പുതിയ നിയമവും നൽകുന്നുണ്ട്.
എന്നാൽ കൊവിഡ് പോലുള്ള ആഗോള പ്രതിസന്ധികളോ യുദ്ധ സാഹചര്യങ്ങളോ അല്ലെങ്കിൽ റൂട്ടുകളിലെ വിമാന സർവീസുകൾ ഒറ്റയടിക്ക് റദ്ദാക്കുമ്പോൾ മാത്രമേ കേന്ദ്രം ഇടപെടുകയുള്ളൂ എന്നുവന്നാൽ സാധാരണക്കാർക്ക് ഇതുകൊണ്ട് പറയത്തക്ക പ്രയോജനം ഉണ്ടാകാനിടയില്ല. കേരളത്തിലെ ഗൾഫ് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഓണവും ക്രിസ്‌മസും പെരുന്നാളും സ്‌കൂൾ അവധിക്കാലവുമെല്ലാം 'അസാധാരണ സാഹചര്യം' തന്നെയാണ്. ഈ സമയത്തും ടിക്കറ്റ് കൊള്ള നടത്താതിരിക്കാനുള്ള ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്. നിയമം എങ്ങനെ നടപ്പാക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത് സാധാരണ യാത്രക്കാർക്ക് എങ്ങനെ പ്രയോജനകരമായി മാറും എന്നത്. വിമാനക്കമ്പനികളുടെ അമിത ലാഭക്കൊതിക്കുമേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഈ നിയമം വഴി കേന്ദ്ര സർക്കാരിന് കഴിയണം. പൊതുജന താത്‌പര്യം സംരക്ഷിക്കുംവിധം നിയമം നടപ്പാക്കിയാൽ മാത്രമേ പുതിയ വ്യോമയാന നിയമം ഉദ്ദേശിച്ച ഫലം കാണുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |