
യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിനും റിപ്പബ്ളിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. യു.എസ് കോൺഗ്രസിന്റെ ഇരു സഭകളിലും ഡെമോക്രാറ്റിക് പാർട്ടി വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾ സ്വന്തമാക്കിയിരിക്കുകയാണ്. 100 അംഗ സെനറ്റിലും ഡെമോക്രാറ്റുകൾ നിർണായക ഭൂരിപക്ഷം നേടി. റിപ്പബ്ളിക്കൻ കോട്ടയായിരുന്ന ടെക്‌സസ് സെനറ്റ് സീറ്റിൽ 38 വർഷത്തിന് ശേഷം ഇതാദ്യമായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിച്ചത് റിപ്പബ്ളിക്കൻ പാർട്ടിക്ക് വലിയ ആഘാതമായി. സൗത്ത് കരോലിന, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംപിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ പരാജയപ്പെടുകയാണ് ഉണ്ടായത്. അമേരിക്കൻ പ്രസിഡന്റിന് ജനസ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലം.
ട്രംപിന്റെ രണ്ട് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ കണക്കാക്കാം. ഏതൊരു തിരഞ്ഞെടുപ്പിലും ജനങ്ങളുടെ ജീവിതഭാരം കൂടുമ്പോഴാണ് അവർ നിലവിലുള്ള ഭരണകൂടത്തിനെതിരെ വോട്ട് രേഖപ്പെടുത്തുന്നത്. അമേരിക്കയിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നതും വർദ്ധിച്ച ജീവിതച്ചെലവും പണപ്പെരുപ്പവുമാണ് ജനങ്ങളെ പ്രധാനമായും ട്രംപിനെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് അനുമാനിക്കാം. ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഇതുവരെ വിജയം നേടാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അമേരിക്ക ഇറാന്റെ മുന്നിൽ പതറിപ്പോയ കാഴ്ചയാണ് ലോകം കണ്ടത്. അമേരിക്കയുടെ ഒരു ഭീഷണിയും വകവച്ചു കൊടുക്കാൻ യുദ്ധം ഇത്രയും കാലം നീണ്ടു നിന്നിട്ടും ഇറാൻ തയ്യാറായിട്ടില്ല എന്നത് ലോക പൊലീസുകാരൻ എന്ന അമേരിക്കയുടെ വിളിപ്പേര് തന്നെ ഉലയ്ക്കാൻ കാരണമാവുകയും ചെയ്തു.
ഇറാനിലെ ഭരണമാറ്റം എന്നതായിരുന്നു ഈ യുദ്ധത്തിന്റെ ആദ്യ ലക്ഷ്യമായി അമേരിക്ക കണ്ടിരുന്നത്. അത് സാദ്ധ്യമാക്കാൻ കഴിയില്ലെന്ന് അമേരിക്കയ്ക്ക് മാത്രമല്ല മറ്റ് ലോക രാജ്യങ്ങൾക്കും ബോദ്ധ്യമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് അടച്ചിട്ടതോടെ ലോകം മുഴുവൻ ഇന്ധന വിലയും ജീവിതച്ചെലവ് കൂടാനും ഇടയാക്കിയതും ട്രംപിനെതിരെ തിരിയാൻ അമേരിക്കൻ ജനതയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. സാമ്പത്തിക ശാസ്‌ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള ട്രംപിന്റെ താരിഫ് യുദ്ധവും ആഗോള വിപണിയിലും യു.എസിലും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രധാനമായും ഇതാണ് റിപ്പബ്ളിക്കൻമാരുടെ പരാജയത്തിന് ആക്കം കൂട്ടിയത്. യു.എസ് കോൺഗ്രസിന്റെ ഇരു സഭകളിലും ഡെമോക്രാറ്റുകൾക്ക് നിയന്ത്രണം ലഭിച്ചതോടെ ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും നിയമ നിർമ്മാണവും ഇനി പഴയപടി നടക്കില്ല.
വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ ശേഷം ട്രംപും കുടുംബവും നടത്തിയ ബിസിനസ് ഇടപാടുകൾ, വിവാദമായ കുടിയേറ്റ നയങ്ങൾ എന്നിവയിൽ ശക്തമായ അന്വേഷണം നടത്താൻ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടേക്കാം. എന്തായാലും ഇനിയുള്ള രണ്ട് വർഷം ട്രംപിന്റെ ഭരണം സുഗമമാവില്ല എന്നത് ഉറപ്പാണ്. ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തീരുമാനിച്ചാൽ ലോകത്തിനും അമേരിക്കൻ ജനതയ്ക്കും അത് നൽകുന്ന ആശ്വാസം ചെറുതാകില്ല. യൂറോപ്യൻ യൂണിയൻ, നാറ്റോ സഖ്യകക്ഷികൾ എന്നിവരുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും നയതന്ത്ര ചർച്ചകളിലൂടെ സമാധാനം കൊണ്ടുവരാനും ട്രംപ് ഭരണകൂടം നിർബന്ധിതമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |