
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബാലാരിഷ്ടതകൾ പിന്നിട്ട് നല്ല നിലയിൽ പ്രവർത്തിച്ചുവരുമ്പോൾ അതിനെ തകർക്കാനുള്ള ഗൂഢനീക്കം അണിയറയിൽ നടക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ഓപ്പൺ യൂണിവേഴ്സിറ്റി എന്ന ആശയത്തിന്റെ അടിസ്ഥാനം തന്നെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുക എന്നതാണ്. കേരളത്തിൽ ഇത് നടത്താനുള്ള അധികാരം ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മാത്രമാക്കിയ യൂണിവേഴ്സിറ്റി ആക്ട് 2021 നിലവിൽ വരികയും ചെയ്തു. ഇത് ഭേദഗതി ചെയ്ത് മറ്റ് യൂണിവേഴ്സിറ്റികൾക്കും പ്രൈവറ്റ് രജിസ്ട്രേഷൻ നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഓപ്പൺ യൂണിവേഴ്സിറ്റിയെ തകർക്കാൻ നീക്കം എന്ന തലക്കെട്ടിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇതിനുള്ള നീക്കം ചില നിക്ഷിപ്ത താത്‌പര്യക്കാർ നടത്തുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ ബിരുദമെടുക്കാൻ ശ്രമിക്കുന്നവരിൽ കൂടുതലും മുപ്പത് വയസിൽ താഴെയുള്ളവരാണ്. ഇതിൽതന്നെ ഒരു അധിക ബിരുദം എടുക്കാൻ ശ്രമിക്കുന്നവരാണ് കൂടുതലും. നിലവിൽ 1,05,000 വിദ്യാർത്ഥികൾ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കീഴിൽ പഠിക്കുന്നുണ്ട്. മറ്റ് യൂണിവേഴ്സിറ്റികൾ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തിയിരുന്നപ്പോൾ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ മാത്രമാണ് നൽകിയിരുന്നത്. നേരിട്ട് ക്ളാസ് നൽകിയിരുന്നില്ല. അതിനാൽ വിദ്യാർത്ഥികൾ വലിയ ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളിൽ പോയാണ് പഠിച്ചിരുന്നത്. എന്നാൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ യു.ജി.സി യോഗ്യതയുള്ള അദ്ധ്യാപകർ ശനി, ഞായർ ദിവസങ്ങളിൽ ജില്ലകളിലെ പഠനകേന്ദ്രങ്ങളിൽ നേരിട്ട് ക്ളാസ് എടുക്കുന്നുണ്ട്. ഇതിനു പുറമെ ഓൺലൈൻ ക്ളാസും എടുക്കുന്നു. ഫീസ് വളരെ കുറവുമാണ്.
മറ്റ് യൂണിവേഴ്സിറ്റികൾക്കും പ്രൈവറ്റ് രജിസ്ട്രേഷൻ വഴി വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി നൽകിയാൽ അത് ഗുരുദേവന്റെ പേരിലുള്ള ഈ യൂണിവേഴ്സിറ്റിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നതിന് തുല്യമായിരിക്കും. മാത്രമല്ല മറ്റ് യൂണിവേഴ്സിറ്റികൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ നൽകാൻ യു.ജി.സി നിയമം നിലവിൽ അനുവദിക്കുന്നില്ല. വരുമാനം മാത്രം ലക്ഷ്യമിട്ടാണ് മറ്റ് യൂണിവേഴ്സിറ്റികളിലും പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ആക്ഷേപമുണ്ട്. ഇങ്ങനെ രജിസ്ട്രേഷൻ നൽകിയാൽ അതിന്റെ ഗുണം ലഭിക്കുന്നത് വലിയ ഫീസ് വാങ്ങി ക്ളാസുകൾ എടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. പുതിയ തലമുറയ്ക്കായി പ്രത്യേക കോഴ്സുകൾ നടത്തുന്നതിന് പുറമെ 16 യു.ജി പ്രോഗ്രാമുകളും 14 പി.ജി കോഴ്സുകളും നടത്തുന്നു.
കേരളത്തിലങ്ങോളമിങ്ങോളം 61 പഠന സഹായ കേന്ദ്രങ്ങളും നടത്തുന്നു. ഒരേ സമയം രണ്ട് ഡിഗ്രി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. യു.ജി.സി യോഗ്യതയുള്ള രണ്ടായിരത്തിലധികം കൗൺസലേഴ്സ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. പല കാരണങ്ങളാൽ പാതിവഴിയിൽ പഠനം മുടങ്ങിയവരെ കണ്ടെത്തി പഠനം പൂർത്തിയാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് യൂണിവേഴ്സിറ്റി വളരുവാൻ തുടങ്ങുന്ന സന്ദർഭത്തിലാണ് യൂണിവേഴ്സിറ്റിയെ തകർക്കാൻ ശ്രമം നടക്കുന്നത് എന്നത് ഖേദകരമാണ്. വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ചുമതല മറ്റ് യൂണിവേഴ്സിറ്റികളുമായി പങ്കിടാൻ ഒരു കാരണവശാലും അനുവദിക്കരുത്. അങ്ങനെ വന്നാൽ ഭാവിയിൽ ഈ യൂണിവേഴ്സിറ്റി തന്നെ ഇല്ലാതാകാൻ അതിടയാക്കും. അതിനാൽ നിയമ ഭേദഗതിക്കായി തത്പരകക്ഷികൾ നടത്തുന്ന നീക്കങ്ങൾ മുളയിലേ നുള്ളാൻ സർക്കാർ തയ്യാറാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |