
ഒക്ടോബർ 27നായിരുന്നു ഇസ്രയേൽ തിരഞ്ഞെടുപ്പ്. ഗാസ, ഇറാൻ യുദ്ധങ്ങൾക്കുശേഷം സംഭവിച്ചതുകൊണ്ട് തന്നെ സുപ്രധാനം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ജനങ്ങൾ എപ്രകാരം വിലയിരുത്തുമെന്ന ഹിതപരിശോധന കൂടിയായിരുന്നു ഇത്. പക്ഷേ, പതിവുപോലെ ഈ തിരഞ്ഞെടുപ്പും ഇസ്രയേലിനെ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. ഇസ്രയേലിന്റെ ചരിത്രത്തിൽ ഒരു പാർട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടില്ല. 120 അംഗ പാർലമെന്റിൽ 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 53 സീറ്റ് നേടി നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യം മുന്നിലെത്തി.
യാഷർ പാർട്ടി നേതാവും മുൻ സൈനിക തലവനുമായ ഗാഡി ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യം 48 സീറ്റുമായി തൊട്ടുപിന്നിലുമെത്തി. നെതന്യാഹുവിന്റെ ലികുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി (27 സീറ്റ്). പക്ഷേ, സർക്കാർ രൂപീകരണം ചോദ്യചിഹ്നമായി. ഇവിടെയാണ് രണ്ടു സഖ്യത്തിലും പെടാത്ത റാ ആം, ജോയിന്റ് ലിസ്റ്റ് എന്നീ അറബ് പാർട്ടികൾ കിംഗ് മേക്കറാകുന്നത്. രണ്ടുപേർക്കും കൂടി 19 സീറ്റ്.
ഇരുകൂട്ടരും പ്രതിപക്ഷത്തിനൊപ്പം ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തു. ഐസൻകോട്ടിന്റെ പിന്തുണ ഇതോടെ 67 ആയി. അതായത് അടുത്ത പ്രധാനമന്ത്രിയാകാനുള്ള വഴി ഐസൻകോട്ടിന് മുന്നിൽ തെളിഞ്ഞു. പക്ഷേ, ഇതുകൊണ്ടൊന്നും രാഷ്ട്രീയ പ്രതിസന്ധി ഒഴിയാൻ പോകുന്നില്ല.
സർക്കാർ രൂപീകരിക്കാനുള്ള ദൗത്യം നാളെ പ്രസിഡന്റ് ഐസൻകോട്ടിന് ഔദ്യോഗികമായി നൽകിയേക്കും. എന്നാൽ 28 ദിവസത്തിനുള്ളിൽ സഖ്യ സർക്കാർ രൂപീകരിക്കുക (14 ദിവസം കൂടി നീട്ടാം) അത്ര എളുപ്പമല്ല. ശരിക്കും 'അവിയൽ' പോലെയാണ് പ്രതിപക്ഷ സഖ്യം. ഇടതുപക്ഷം മുതൽ വലതുപക്ഷംവരെ നീളുന്ന, വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള പാർട്ടികൾ ചേർന്നതാണ് പ്രതിപക്ഷം. ഐസൻകോട്ടിന്റെ ഭൂരിപക്ഷം പൂർണമായും അറബ് പാർട്ടികളെ ആശ്രയിച്ചുള്ളതാണ്. നെതന്യാഹുവിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യംമുന്നിൽക്കണ്ട് മാത്രമാണ് അറബ് പാർട്ടികൾ പിന്തുണയ്ക്കുന്നത്.
അറബ് സഹകരണം മദ്ധ്യ, വലതുപക്ഷ സയണിസ്റ്റ് പാർട്ടികളെ സംബന്ധിച്ചിടത്തോളം ആശയ വിരുദ്ധമാണ്. കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള അറബ് സഹകരണം, ഭാവിയിൽ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്ന പഴികേൾപ്പിക്കുമെന്നത് തീർച്ച. അറബ് സഹകരണം 'രാജ്യദ്രോഹം' എന്ന കനലിന് നെതന്യാഹു ഇതിനോടകം തിരികൊളുത്തി.
എത്ര നാൾ?
ഐസൻകോട്ടിന്റെ ക്യാബിനറ്റിന്റെ ഭാഗമാകില്ലെന്നാണ് അറബ് പാർട്ടികൾ നൽകുന്ന സൂചന. പകരം സർക്കാർ രൂപീകരണത്തിന് പുറത്തുനിന്ന് പിന്തുണയ്ക്കും. ഐസൻകോട്ട് പ്രധാനമന്ത്രിയായാൽ പോലും കാലാവധി തികയ്ക്കുമോ എന്നും കണ്ടറിയണം. സഖ്യകക്ഷികൾ പല വിഷയങ്ങളിലും ഇടഞ്ഞേക്കാം. ഗാസ അടക്കം വിഷയങ്ങളിൽ അറബ് പാർട്ടികളുടെ നിലപാടും പ്രതിസന്ധിയിലാക്കും.
അധികാരത്തിനു മേലുള്ള പിടി ദുർബലമായെങ്കിലും, നെതന്യാഹു പൂർണമായും പരാജയപ്പെട്ടെന്ന് പറയാനാകില്ല. പുതിയ പ്രധാനമന്ത്രി അധികാരത്തിലേറും വരെ കാവൽ പ്രധാനമന്ത്രി നെതന്യാഹുവാണ്. പ്രസിഡന്റ് നൽകുന്ന സമയത്തിനുള്ളിൽ പാർലമെന്റിൽ അവിശ്വാസ വോട്ട് ജയിച്ച് അധികാരത്തിലേറാൻ ഐസൻകോട്ടിന് കഴിഞ്ഞില്ലെങ്കിൽ പന്ത് നെതന്യാഹുവിന്റെ കോർട്ടിൽ വീഴും. നെതന്യാഹുവിന് സർക്കാർ രൂപീകരിക്കാം.
പരാജയപ്പെട്ടാൽ വീണ്ടും തിരഞ്ഞെടുപ്പ്. ഐസൻകോട്ടിനെയും സയണിസ്റ്റ് പാർട്ടികളെയും ചേർത്ത് ദേശീയ സർക്കാർ എന്ന ആശയം നെതന്യാഹു മുന്നോട്ട് വച്ചിരുന്നു. ഐസൻകോട്ട് ഇതിന് തയ്യാറല്ല. ഐസൻകോട്ട് പ്രധാനമന്ത്രിയായാൽ പോലും അത് നെതന്യാഹുവിന്റെ രാഷ്ട്രീയ പതനമായി കാണേണ്ട. കൂടുതൽ ശക്തനായി തിരിച്ചെത്താനുള്ള അവസരമാക്കി നെതന്യാഹു അതിനെ മാറ്റും. പ്രതിപക്ഷ നേതാവായി മാറുന്ന നെതന്യാഹു, സർക്കാരിനെ താഴെയിറക്കാൻ സകല തന്ത്രങ്ങളും പ്രയോഗിക്കുമെന്നതിൽ സംശയവുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |