SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.31 AM IST

പ്രീമിയം വർദ്ധന പ്രവാസികൾക്ക് തിരിച്ചടി

insurance

നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയിലെ പ്രീമിയം മൂന്നിരട്ടിയായി വർദ്ധിപ്പിച്ച തീരുമാനം പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഗൾഫിലെ നിലവിലെ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ കഴിയുന്ന പ്രവാസികൾക്ക് ഉയർന്ന പ്രീമിയം തുക താങ്ങാവുന്നതിലും അധികമാണെന്നാണ് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അഞ്ചുലക്ഷം രൂപയുടെ ഫാമിലി ഫ്ളോട്ടർ പോളിസി പ്രീമിയം 13,411 രൂപയിൽ നിന്ന് ഒറ്റയടിക്ക് 35,664 രൂപ മുതൽ 77,773 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന ഗൾഫിലെ സാധാരണ തൊഴിലാളികളായ പ്രവാസികൾക്ക് ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയാവും വരുത്തിവയ്ക്കുക. പ്രവാസി മലയാളികൾ, വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ, ഇതര സംസ്ഥാനങ്ങളിലുള്ള പ്രവാസികൾ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതിയാണിത്.

ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ പരിശോധനകളില്ലാതെ, നിലവിലുള്ള രോഗങ്ങൾക്കും ആദ്യദിനം മുതൽ പരിരക്ഷ ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. ക്യാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സാ ചെലവുകൾ വർദ്ധിച്ചതിനാൽ ഇൻഷ്വറൻസ് കമ്പനിക്കുണ്ടായ നഷ്ടമാണ് പ്രീമിയം കൂട്ടാൻ കാരണമായി പറയപ്പെടുന്നത്. പ്രീമിയം കൂട്ടില്ലെന്ന് കരുതി സ്വകാര്യ ഇൻഷ്വറൻസ് ഒഴിവാക്കി നോർക്കയിൽ ചേർന്ന പ്രവാസികളും വെട്ടിലായിരിക്കുകയാണ്. സ്വകാര്യ കമ്പനികളുടെ താത്‌പര്യങ്ങൾക്ക് കീഴടങ്ങിയാണ് പ്രീമിയം തുക വർദ്ധിപ്പിച്ചതെന്നും ഈ സമീപനം തിരുത്തി പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

51- 60 പ്രായപരിധിയിലുള്ളവർക്ക് മാത്രം പഴയ നിരക്കിനെ അപേക്ഷിച്ച് 22,253 രൂപയുടെ അധിക ബാദ്ധ്യതയാണ് ഉണ്ടാവുക. ചികിത്സാ ആവശ്യങ്ങൾ ഏറ്റവും വേണ്ടിവരുന്ന പ്രായമാണത്. അങ്ങനെയുള്ളവരുടെ മുന്നിൽ പ്രീമിയം തുക ഇത്രയും വർദ്ധിപ്പിച്ചാൽ അവർ എങ്ങനെ പദ്ധതി പുതുക്കുമെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. ഇൻഷ്വറൻസ് കമ്പനിക്ക് നഷ്ടമുണ്ടായെങ്കിൽ ക്ളെയിമുകൾ ഉൾപ്പെടെയുള്ള യഥാർത്ഥ കണക്കുകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. പശ്ചിമേഷ്യയിലെ സംഘർഷം കാരണം പ്രവാസികൾ അവരുടെ ഏറ്റവും പരിതാപകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് അവരെ ചേർത്തുപിടിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ വിലയിരുത്തുമ്പോൾ അവരുടെ ക്ഷേമത്തിനായി സർക്കാർ ചെലവഴിക്കുന്ന തുക ഒരു ബാദ്ധ്യതയായി കണക്കാക്കാനാവില്ല.

കേരള മൈഗ്രേഷൻ സർവേ- 2023 പ്രകാരം കേരളത്തിലേക്കുള്ള വാർഷിക പ്രവാസി പണമയയ്ക്കൽ 2,16,893 കോടി രൂപയായിരുന്നു. 2025ലെ കണക്കനുസരിച്ച് കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപം 2,93,622 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അതായത് പ്രതിവർഷം ശരാശരി 2 ലക്ഷം കോടി രൂപ കേരളത്തിലേക്ക് എത്തിക്കുന്ന ഒരു സമൂഹമാണ് പ്രവാസികളുടേത്. അതിനാൽ പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതൽ തുക ചെലവഴിക്കുന്നത് ഒരു നഷ്ടമായി സർക്കാർ കണക്കാക്കരുത്. നല്ല പ്രായത്തിൽ അന്യനാട്ടിൽ പോയി ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസികളിൽ ഭൂരിപക്ഷവും ജോലി നഷ്ടമായാൽ വെറും കൈയുമായി നാട്ടിലേക്ക് തിരിച്ചുവരേണ്ട അവസ്ഥയിലുള്ളവരാണെന്നതാണ് യാഥാർത്ഥ്യം. അതിനാൽ പ്രവാസി സംഘടനകളുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ച് പ്രീമിയം വർദ്ധന കുറയ്ക്കാനുള്ള മറ്റ് വഴികളെക്കുറിച്ച് സർക്കാർ ആലോചിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSURANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION