
ജനാധിപത്യത്തിൽ സർക്കാരുകൾ മാറും. പാർട്ടികൾ ജയിക്കുകയും തോൽക്കുകയും ചെയ്യും. എന്നാൽ ജനവിധി രേഖപ്പെടുത്തുന്ന സംവിധാനത്തോടുള്ള വിശ്വാസം നിലനിൽക്കണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെ പരിശോധിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും എല്ലാവർക്കും അവകാശമുണ്ട്. അതുപയോഗിക്കുമ്പോൾ വസ്തുതകളോടുള്ള ഉത്തരവാദിത്വവും വേണം. ഒരു പരാതിയും ഒരു രാഷ്ട്രീയ ആരോപണവും തെളിയിക്കപ്പെട്ട ക്രമക്കേടും ഒരേ കാര്യമല്ല. ഇവയെ വേർതിരിക്കാതെ തിരഞ്ഞെടുപ്പ് സംവിധാനത്തെയാകെ സംശയത്തിലാക്കുന്നത് ജനാധിപത്യത്തിന് ഗുണം ചെയ്യില്ല.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ, അഥവാ എസ്.ഐ.ആർ സംബന്ധിച്ച വിവാദങ്ങളിൽ ഈ വ്യത്യാസം പ്രധാനമാണ്. പട്ടികയിൽ അർഹരായ എല്ലാവരും ഉൾപ്പെടണം. മരിച്ചവരുടെ പേരുകളും ഒന്നിലധികം രജിസ്ട്രേഷനുകളും തുടരരുത്. താമസം മാറിയവരുടെ വിവരങ്ങൾ പുതുക്കണം. ഇത്തരം പരിശോധനകൾ നടത്താതിരിക്കുന്നതും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കും. അതുകൊണ്ട് പട്ടിക പുതുക്കലിന്റെ ആവശ്യകത അംഗീകരിച്ചുകൊണ്ടാണ് അതിന്റെ നടത്തിപ്പിനെ വിലയിരുത്തേണ്ടത്.
പട്ടികയിൽനിന്ന് പേരുകൾ ഒഴിവാകുന്നു എന്നതുമാത്രം ക്രമക്കേടിന്റെ തെളിവാകുന്നില്ല. ഒഴിവാക്കലിന്റെ കാരണവും തുടർന്നുള്ള പരിശോധനയുമാണ് നിർണായകം. '13 കോടി വോട്ടർമാരെ നീക്കം ചെയ്തു' എന്ന പ്രചാരണത്തിലും ആദ്യം വ്യക്തമാക്കേണ്ടത് ഏതു ഘട്ടത്തിലെ കണക്കാണ് ഉദ്ദേശിക്കുന്നതെന്നാണ്. കമ്മിഷന്റെ വിശദീകരണമനുസരിച്ച്, ഏകദേശം 13 കോടി എന്നത് കരട് പട്ടിക തയ്യാറാക്കുന്നതിനിടെ മരിച്ചതായോ സ്ഥലത്തില്ലാത്തതായോ താമസം മാറിയതായോ ഒന്നിലധികം രജിസ്ട്രേഷനുകളുള്ളതായോ വർഗീകരിച്ച് ഉൾപ്പെടുത്താതിരുന്ന പേരുകളെ സംബന്ധിക്കുന്ന കണക്കാണ്.
അത്രയും അർഹരായ പൗരന്മാർക്ക് അന്തിമമായി വോട്ടവകാശം നഷ്ടപ്പെട്ടു എന്ന നിഗമനത്തിലേക്ക് ഇതിൽനിന്ന് എത്താനാവില്ല. കരട് പട്ടികയും അവകാശവാദങ്ങൾ പരിഗണിച്ചശേഷമുള്ള അന്തിമ പട്ടികയും തമ്മിലുള്ള വ്യത്യാസം മറച്ചുവയ്ക്കുന്ന അവതരണം പൊതുജനങ്ങൾക്ക് തെറ്റായ ധാരണ നൽകും. അതേസമയം പ്രാഥമിക വർഗീകരണങ്ങളിൽ പിശകുണ്ടാകാമെന്നതും അംഗീകരിക്കണം. ഒരാളെ വീട്ടിൽ കണ്ടെത്താനായില്ലെന്നത് അയാളുടെ അർഹതയെക്കുറിച്ചുള്ള അന്തിമ തീരുമാനമല്ല. മരിച്ചതായോ താമസം മാറിയതായോ രേഖപ്പെടുത്തിയതിലും തെറ്റുണ്ടാകാം. അതുകൊണ്ടാണ് പരിശോധനയ്ക്കും അവകാശവാദങ്ങൾക്കും തിരുത്തലുകൾക്കും പ്രാധാന്യമുള്ളത്.
അർഹനായ ഒരാളുടെ പേര് തെറ്റായി ഒഴിവായാൽ അത് തിരികെ ചേർക്കാൻ സഹായിക്കണം. പിശകുകൾ കണ്ടെത്തി തിരുത്തുന്ന സംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്നതാണ് വിലയിരുത്തേണ്ടത്. ഒരു പിശകിനെ ചൂണ്ടിക്കാട്ടി മുഴുവൻ പ്രക്രിയയും ദുരുദ്ദേശ്യപരമാണെന്ന് പ്രഖ്യാപിക്കുന്നത് യുക്തിസഹമല്ല. ഇവിടെ രാഷ്ട്രീയ പാർട്ടികൾക്ക് ചെയ്യാനുള്ളത് പ്രസംഗങ്ങളേക്കാൾ കൂടുതൽ കാര്യങ്ങളാണ്. ബൂത്ത് തലത്തിൽ പട്ടിക പരിശോധിക്കുക, അർഹരായവരുടെ പേരുകൾ ഉറപ്പാക്കുക, ഒഴിവായവരെ കണ്ടെത്തുക, അപേക്ഷ നൽകാൻ സഹായിക്കുക, പരാതിയുടെ തീർപ്പ് പിന്തുടരുക എന്നിവ ജനങ്ങളോടുള്ള നേരിട്ടുള്ള ഉത്തരവാദിത്വമാണ്.
പൊതുവേദിയിൽ വലിയൊരു സംഖ്യ ഉയർത്തിക്കാട്ടുന്നതു കൊണ്ടുമാത്രം പേര് നഷ്ടപ്പെട്ട ഒരാൾക്ക് സഹായമാകില്ല. അയാളുടെ പേര് തിരികെ ചേർക്കാൻ നടത്തുന്ന ഇടപെടലാണ് പ്രയോജനപ്പെടുന്നത്. തെളിവുകളുള്ള പരാതികൾ കമ്മിഷന്റെ മുമ്പാകെ സമർപ്പിക്കുകയും നിയമപരമായ മാർഗങ്ങൾ പിന്തുടരുകയും വേണം.
ഉറപ്പുള്ള പൊതുപിന്തുണ
ടി.എൻ.ശേഷന്റെ കാലം ഇന്ത്യ ഓർമ്മിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങൾ ദൃഢമായി പ്രയോഗിച്ചതിന്റെ പേരിലാണ്. രാഷ്ട്രീയ സൗകര്യങ്ങൾക്കുമപ്പുറം ചട്ടങ്ങൾ നടപ്പാക്കാൻ കഴിയുന്ന സ്ഥാപനമാണത് എന്ന ബോദ്ധ്യം ആ കാലം ശക്തിപ്പെടുത്തി. അത്തരമൊരു സ്ഥാപനത്തെ മാനിക്കുന്നത് അതിന്റെ ഓരോ തീരുമാനത്തോടും യോജിക്കുന്നതല്ല. തീരുമാനത്തെ ചോദ്യം ചെയ്യുമ്പോഴും സ്ഥാപനത്തിന്റെ നിയമാനുസൃതമായ അധികാരത്തെ അംഗീകരിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ വാദിക്കുകയും ചെയ്യാവുന്നതാണ്.
ഭരണഘടനാ സ്ഥാപനങ്ങളോടുള്ള ബഹുമാനവും അവയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പരിശോധനയും ഒരുമിച്ചാകാം. ഈ ഉത്തരവാദിത്വം കമ്മിഷന്റെ ആശയവിനിമയത്തിലും പ്രതിഫലിക്കണം. കരട് പട്ടികയിലെ ഒഴിവാക്കലുകൾ, ലഭിച്ച അവകാശവാദങ്ങൾ, തിരികെ ചേർത്ത പേരുകൾ, നിരസിച്ച അപേക്ഷകൾ, തീർപ്പാകാത്ത പരാതികൾ എന്നിവയുടെ സംസ്ഥാനതല കണക്കുകൾ ലളിതമായി ലഭ്യമാക്കുന്നത് പൊതുജനങ്ങൾക്ക് പ്രക്രിയ മനസിലാക്കാൻ സഹായിക്കും.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഡിജിറ്റൽ സംവിധാനങ്ങൾ പരിചയമില്ലാത്തവർക്കും അപേക്ഷ നൽകാനുള്ള സഹായം ഉറപ്പാക്കുന്നതും പ്രധാനമാണ്. ഇത്തരം നടപടികൾ കമ്മിഷന്റെ പ്രവർത്തനത്തിന് കൂടുതൽ ഉറപ്പുള്ള പൊതുപിന്തുണ നൽകും. വ്യക്തമായ വിവരം ലഭിക്കുമ്പോൾ തെറ്റായ പ്രചാരണങ്ങൾക്കുള്ള ഇടവും കുറയും.
സംശയത്തെ
വസ്തുതയാക്കരുത്
തിരഞ്ഞെടുപ്പ് സംബന്ധിച്ച ആരോപണങ്ങൾ മാദ്ധ്യമങ്ങൾക്കും പ്രത്യേക ഉത്തരവാദിത്വം നൽകുന്നു. ആരോപണം ആരുടേതാണ്, അതിന് എന്ത് തെളിവുണ്ട്, കമ്മിഷന്റെ വിശദീകരണം എന്താണ്, പരാതി ഏതു ഘട്ടത്തിലാണ് എന്നെല്ലാം വായനക്കാരന് അറിയണം. സംശയത്തെ വസ്തുതയായും കരട് കണക്കിനെ അന്തിമ ഫലമായും അവതരിപ്പിക്കരുത്. തിരുത്തിയ വിവരം ആദ്യത്തെ ആരോപണത്തിന് ലഭിച്ച പ്രാധാന്യത്തോടെ നൽകുകയും വേണം. രാഷ്ട്രീയ ആവേശത്തിൽ പ്രചരിക്കുന്ന സന്ദേശം പൗരന്മാരുടെ മനസിൽ ദീർഘകാല അവിശ്വാസം സൃഷ്ടിക്കാം. അതിനാൽ വാക്കുകളിലും കണക്കുകളിലും കൃത്യത ആവശ്യമാണ്.
തെളിവില്ലാതെ പ്രചാരണം
ചോദ്യം ചെയ്യണം
രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് തെളിവില്ലാതെ അവിശ്വാസം വളർത്തുന്ന പ്രചാരണം ആരിൽനിന്നുണ്ടായാലും അതിനെ ചോദ്യം ചെയ്യണം. പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതും പരാതിയെ തുടർച്ചയായ അസ്വസ്ഥതയ്ക്കുള്ള ആയുധമാക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
നിയമാനുസൃതമായ പരിശോധനയും തിരുത്തലും തടസപ്പെടുത്തുന്നതോ പരിശോധിക്കാത്ത ആരോപണങ്ങളിലൂടെ പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നതോ ജനാധിപത്യ ഉത്തരവാദിത്വമായി കാണാനാവില്ല. രാജ്യതാത്പര്യം ആവശ്യപ്പെടുന്നത് അർഹരായ വോട്ടർമാരുടെ സംരക്ഷണവും തിരഞ്ഞെടുപ്പ് സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ഒരുപോലെ ഉറപ്പാക്കുകയാണ്.
ജനാധിപത്യത്തിൽ ജാഗ്രത വേണം. അതിന് വസ്തുതകളും പങ്കാളിത്തവും നിയമപരമായ ഇടപെടലുമാണ് അടിത്തറ. തിരഞ്ഞെടുപ്പ് കമ്മിഷന് പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ, പ്രവർത്തിക്കാനുള്ള പിന്തുണ നൽകണം. അർഹനായ പൗരന് പിശക് തിരുത്താനുള്ള സഹായവും ലഭിക്കണം.
പാർട്ടികളുടെ താത്കാലിക നേട്ടങ്ങളെക്കാൾ വലിയതാണ് ജനവിധിയിലുള്ള വിശ്വാസം. ആ വിശ്വാസം സംരക്ഷിക്കാനുള്ള ബാദ്ധ്യത കമ്മിഷനുമാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും മാദ്ധ്യമങ്ങൾക്കും പൗരന്മാർക്കും കൂടിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |