SignIn
Kerala Kaumudi Online
Sunday, 20 September 2026 2.07 AM IST

ഗുരുവരുളാൽ നിറയട്ടെ ലോകം  

gurumargam

കാലചക്രത്തിന്റെ അനന്തമായ യാത്രയിൽ സാധാരണ മനുഷ്യരേക്കാൾ എത്രയോ ഉന്നതമായ നിലയിൽ സ്ഥിതി ചെയ്യുന്ന മഹാത്മാക്കൾ ഈ ലോകത്തിൽ വന്നവതരിക്കുന്നു . അവരുടെ പാവനമായ ജീവിതവും ഉപദേശങ്ങളും അനേകലക്ഷം ജനങ്ങളുടെ സാംസ്കാരിക ആദ്ധ്യാത്മിക മാറ്റത്തിന് പ്രചോദനമായി മാറുന്നു . അവരുടെ ഉപദേശങ്ങളും ജീവിതനന്മയും ലോകത്തെ മാറ്റിമറിക്കുന്നു. അവരുടെ ഉദ്ബോധനങ്ങൾ സനാതനസത്യത്തെ മുൻനിറുത്തിയായിരുന്നു . അതുകൊണ്ടാണ് ഇങ്ങനെയുള്ള മഹാത്മാക്കളെ ലോക ഗുരുക്കന്മാരായി ജനം പ്രകീർത്തിക്കുന്നതും ആരാധിക്കുന്നതും. അവരുടെ ജന്മം ഏതെങ്കിലും കൃത്യനിർവഹണത്തിനായിരിക്കും. ഇങ്ങനെയുള്ള മഹാത്മാക്കളെ അവതാരങ്ങൾ എന്ന് വിളിക്കുന്നു. ശ്രീനാരായണ ഗുരുദേവൻ ഇങ്ങനെയുള്ള ഒരു അവതാര പുരുഷനായിരുന്നു.

ഗുരുവിന്റെ ദർശനം അദ്വൈതമായിരുന്നു. എന്നാൽ ഗുരുവിനെ അദ്വൈതിയാക്കിയ ഒരു ജീവിതമുണ്ട് . അത് തപസിന്റെ വഴിയായിരുന്നു . ചെറുപ്പകാലം മുതലേ ഉള്ളിൽ തിങ്ങിനിറഞ്ഞു നിന്ന സത്യാന്വേഷണ ത്വര, ഗുരുവിനെ നാടും വീടും വിട്ട് ഭാരതത്തിലെ പുണ്യ സങ്കേതങ്ങൾ തോറും പ്രത്യേകിച്ച് ദക്ഷിണ ഭാരതം മുഴുവനും നഗ്നപാദനായി സഞ്ചരിക്കുന്നതിലേക്ക് എത്തിച്ചു. അവധൂതനായി അലഞ്ഞ് അവസാനം മരുത്വാമലയിലെ പിള്ളത്തടം എന്ന ഗുഹാഗഹ്വരത്തിലും അരുവിപ്പുറത്തെ ഗുഹകളിലും അനുഷ്ഠിച്ച തപസിലൂടെ ഗുരു ഋഷിയായി മാറി. പുരാതനകാലത്തിന്റെ ഋഷിയായ ശ്രീനാരായണ ഗുരുദേവൻ ഉപനിഷത്തിന്റെ സാരം നമുക്ക് പച്ചയായ മലയാള ഭാഷയിൽ പറഞ്ഞുതന്നു. ഗുരുദേവൻ ഭാരതീയ ഋഷി പരമ്പരയിൽപ്പെട്ട ഒരു കണ്ണിയായി നിൽക്കുമ്പോഴും വേദാഗമ സാരങ്ങൾ അറിഞ്ഞ് അതിലെ ഭേദത്തെ കൈവിട്ടു വ്യത്യസ്തനാകുകയും ചെയ്തു. ഭാരതീയരുടെ ബൗദ്ധിക വിചാരത്തിന്റെയും ജീവിത പദ്ധതികളുടെയും ആധാരശിലകൾ ആണ് ഭാരതീയ ദർശനങ്ങൾ. ഒരു നൂറു ജന്മം എടുത്താലും പഠിക്കാൻ കഴിയില്ല, അത്ര ആഴത്തിലുള്ള ദർശനം. ദർശനം എന്നു പറഞ്ഞാൽ എന്തുകൊണ്ടാണോ വസ്തുതത്വം അറിയപ്പെടുന്നത് അതാണ് ദർശനം. ആ തത്വം അറിഞ്ഞ ഗുരുവാണ് നമ്മെ കൈ പിടിച്ചുയർത്തി ഇന്ന് കാണുന്ന നിലയിലെത്തിച്ചത് . ആത്മീയ അടിത്തറയിലൂന്നി ഭൗതികമായി വളർന്ന് പരമപുരുഷാർത്ഥത്തെ പ്രാപിക്കാം എന്ന് പഠിപ്പിച്ച മറ്റൊരു ഗുരു ലോകത്തുണ്ടാകുകയില്ല . എല്ലാവരും ആത്മീയത മാത്രം പഠിപ്പിച്ചപ്പോൾ, ഭൗതികമായിട്ടുള്ള വളർച്ച മനുഷ്യന്റെ ജീവിതവൃത്തിക്ക് അത്യന്താപേക്ഷിതമാണെന്ന് ഗുരു കണ്ടു . ഭാരതീയ ദർശനങ്ങളിൽ ജീവൻ, ഈശ്വരൻ, ജഗത്ത്, ജനന മരണങ്ങൾ, സ്വർഗ്ഗ നരകങ്ങൾ , ധർമ്മാ അധർമ്മങ്ങൾ, ബന്ധ മോക്ഷങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് വിചാരം ചെയ്യപ്പെടുന്നത്. ഗുരുദേവനും മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഊന്നി നിന്ന് അവിടുത്തെ രചനകൾ നടത്തിയതെന്ന് ഗുരുവിന്റെ ഓരോ കൃതികളിലൂടെയും കടന്നുപോകുമ്പോൾ കാണാനാകും.

 കവിയായ ഋഷി

സംസ്കൃത ഭാഷയിലുള്ള ഗുരുവിന്റെ അഗാധമായ പാണ്ഡിത്യത്തിനൊപ്പം തന്നെയുണ്ട്, മലയാളഭാഷയുടെ ഗരിമ. അതുപോലെ തമിഴ് ഭാഷയിലും സാഹിത്യത്തിലും ഉണ്ടായ അപാരമായ അവഗാഹം ഇതെല്ലാം ചേർന്ന കവിതാ വൈഭവമായിരുന്നു കൈമുതൽ. ഭാരതചരിത്രത്തിൽ മഹാഭാരത കർത്താവായ വ്യാസന് ശേഷം നമ്മുടെ കേരളത്തിൽ വന്ന് അവതരിച്ച അല്ലെങ്കിൽ ഗുരുവിന്റെ ഭാഷയിൽ പറഞ്ഞാൽ സരളാദ്വയഭാഷ്യകാരനായ ശങ്കരാചാര്യർക്കും ശേഷം ഗുരുവിനെപ്പോലെ ഒരു കവി ഉണ്ടായിട്ടില്ല എന്ന് കാണാനാകും. കവി എന്നാൽ ഋഷി എന്നാണ് അർത്ഥം . ഉദാഹരണം എടുത്താൽ പല ഉപനിഷത്തുക്കൾക്കും വ്യാഖ്യാനങ്ങൾ രചിച്ച വ്യാഖ്യാതാക്കളെ നമുക്ക് കാണാം. എന്നാൽ കാവ്യ രൂപത്തിൽ ഈശാവാസ്യ ഉപനിഷത്തിന് പച്ചമലയാളത്തിൽ ഗുരുദേവൻ മൊഴിമാറ്റം ചെയ്ത് നമുക്ക് നൽകി. ഇതു തന്നെ ഗുരുവിലെ കവിയെ വെളിപ്പെടുത്തുന്നു . ഗുരു കവിയാണ്, അതേപോലെ സംഗീതജ്ഞനാണ്, നവോത്ഥാന നായകനാണ്, വിപ്ലവകാരിയാണ് , സാമൂഹിക പരിഷ്കർത്താവാണ്, ദാർശനികനാണ്, യോഗീശ്വരനാണ് ഇതെല്ലാമാണ്. ഗുരു സ്പർശിക്കാത്ത ഒരു മേഖലയുമുണ്ടായിരുന്നില്ല. യോഗസ്ഥനായ ഗുരു അദ്വൈതിയായി നിന്നുകൊണ്ടാണ് കർമ്മപഥത്തിലൂടെ ബ്രഹ്മവിത്തായി ഉപദേശാധികാരികൾ ചെയ്ത് സമൂഹത്തിൽ വിരാജിച്ചത്. ഇത് മനസിലാക്കാതെ അന്ധൻ ആനയെ കണ്ടതുപോലെ ലോകർ ഗുരുവിനെ സാമൂഹിക പരിഷ്കർത്താവായി മാത്രം കണ്ടു. ചിലർ വിപ്ലവകാരിയായി. മറ്റുചിലരാവട്ടെ നവോത്ഥാന നായകനായി കാണുന്നു. അവരോട് ഒന്ന് മാത്രം, ഗുരുവിനെ ഒന്നുമാത്രമായി കാണരുത് എന്നാണ്. അങ്ങനെ കാണാതിരിക്കണമെങ്കിൽ ഗുരുവിന്റെ വാങ്മയ ചിത്രങ്ങളായ രചനകൾ പഠിക്കണം. അപ്പോൾ ഈ കൈരളിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം എന്തായിരുന്നു എന്ന് മനസിലാക്കാനാകും.

 പാശ്ചാത്യലോകത്തും വേണം ധർമ്മപ്രചാരകർ

ഇത്രയും കുറിക്കാൻ കാരണം ശ്രീനാരായണ ഗുരുദേവൻ 73 സംവത്സരക്കാലം കർമ്മരംഗത്ത് വിരാജിച്ചു കടന്നുപോയി മഹാസമാധി പ്രാപിച്ചതിന്റെ 99-ാം വർഷത്തിൽ എത്തിനിൽക്കുന്നു. നമ്മുടെ ജീവിതത്തിൽ ഗുരുവിന്റെ ജീവിത ദർശനം എത്രമാത്രം ഉൾക്കൊള്ളാനായി എന്നതിന്റെ ഒരു ആത്മപരിശോധനയുടെ സമയം അധികരിച്ചില്ലേ ?. മഹാസമാധിയുടെ ശതാബ്ദിയിലേക്ക് എത്തുമ്പോൾ ഏകത്വബോധം പഠിപ്പിച്ച ഗുരുവിന്റെ ദർശനം ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിന് ജാതിമതഭേദമില്ലാതെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മലയാളി സമൂഹവും സർക്കാരുകളും ശിവഗിരി മഠത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കേണ്ടുന്ന കാലമാണിത്. മുൻ കേരള മുഖ്യമന്ത്രി ഗുരുദേവന്റെ പേരിൽ ഒരു സർവകലാശാല സ്ഥാപിച്ചത് ചരിത്രം. അതുപോലെ ഇപ്പോഴത്തെ മുഖ്യമന്ത്രി കഴിഞ്ഞദിവസം ഡൽഹി ആസ്ഥാനമായി അന്താരാഷ്ട്ര ശ്രീനാരായണ പഠന കേന്ദ്രം കേരള സർക്കാർ നടപ്പിലാക്കുവാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു, സന്തോഷകരമായ പ്രഖ്യാപനം. പാശ്ചാത്യ സംസ്കാരം ഉൾക്കൊള്ളുന്ന ജനതയുടെ മനസിൽ ഗുരുവിന്റെ ദർശനം എത്തിക്കണം. അതിന് ജർമൻകാരനായ സായിപ്പ് ഗുരുദേവനിൽ നിന്നും സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി ഏണസ്റ്റ് കർക്കിനെ പോലെ ശിഷ്യനായി മാറിയ പോലെ പാശ്ചാത്യ ദേശത്തെ ആളുകൾ ഗുരുവിന്റെ ശിഷ്യപ്രശിഷ്യ പരമ്പരയിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു . ആയതിലേക്ക് ഞങ്ങൾ സന്യാസിമാർക്കും വലിയൊരു ഉത്തരവാദിത്വമുണ്ട് . ഗുരു ഒരിക്കൽ മൊഴിഞ്ഞു - കഴിവും യോഗ്യതയും ഉള്ള യുവാക്കൻമാരെ ബ്രഹ്മവിദ്യ അഭ്യസിപ്പിച്ച് സന്യാസ ദീക്ഷ നൽകി നാടിന്റെ നാനാഭാഗങ്ങളിലേക്ക് ധർമ്മപ്രചാരകരായി പറഞ്ഞു വിടണം എന്ന് . അല്ലാതെ ഒരിടത്ത് ഒന്നിച്ച് നിൽക്കാനല്ല പറഞ്ഞത് .



(ശിവഗിരി മഠത്തിന്റെ ശിവഗിരി ആശ്രമ ഒഫ് നോർത്ത് അമേരിക്ക ഇൻചാർജാണ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY