SignIn
Kerala Kaumudi Online
Saturday, 04 July 2026 3.14 AM IST

ചക്കയെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല

a

ഇന്ന് ചക്ക ദിനം

കേരളത്തിൽ വിളയുന്ന ചക്കയുടെ സിംഹഭാഗവും പാഴായി പോകുകയാണ്. ഒൗഷധമൂല്യമുണ്ടെന്നു കണ്ടെത്തിയിട്ടും ചക്കയോട് എന്തുകൊണ്ടാണ് ഈ അയിത്തം. കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. ലോകത്തിലെ ഏറ്റവും വലിയ പഴമെന്ന വിശേഷണവും ചക്കയ്ക്കു സ്വന്തം. ഭാരതത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ അമ്പതുശതമാനത്തോളം വിളയുന്ന കേരളത്തിൽ, അതിന്റെ നല്ലപങ്കും ഉപയോഗിക്കപ്പെടാതെ പാഴാകുന്നു എന്നതാണ് ദുര്യോഗം. ഇത് സർക്കാർ ഗൗരവപൂർവം പഠന വിഷയമാക്കേണ്ട കാര്യമാണ്. പരിഹാരവും ഉണ്ടാകണം.

ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്തിടെ നടന്ന ഒരു പഠനറിപ്പോർട്ട് ചക്കയെ ഗൗരവത്തിലെടുക്കണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ്. മുൻ പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാറിന്റെ നേതൃത്വത്തിൽ അഞ്ചു ഡോക്ടർമാർ അടങ്ങിയ സംഘം നൂറ് പ്രമേഹ രോഗികളിൽ നടത്തിയ പഠനത്തിൽ പുറത്തുവന്ന വിവരം ചക്ക കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞുവെന്നാണ്. കൂടാതെ രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ട്രൈഗ്ളിസറൈഡ് എന്നിവയിലും കുറവുണ്ടായതായി പഠനറിപ്പോർട്ട് പറയുന്നു.

അന്താരാഷ്ട്ര മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട്, ഈ രംഗത്ത് കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്നുണ്ട്. പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ.തോമസ് വർഗീസ് നടത്തുന്ന പഠനങ്ങളും ഏറെ പ്രതീക്ഷ പകരുന്നതാണ്. കീമോതെറാപ്പിയെടുക്കുന്നവർക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ ലഘൂകരിക്കാൻ പച്ചച്ചക്ക പൊടിക്കു കഴിയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. പൊണ്ണത്തടി, കരൾ രോഗങ്ങൾ എന്നിവയ്ക്കും ഇത് ഫലം ചെയ്യുന്നതായ പ്രഥമിക സൂചനകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം തുടർപഠനം നടത്തിവരികയാണ്. ചക്കയുടെ ഈ ഔഷധമൂല്യ സാദ്ധ്യതകളിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്.

പ്രമേഹഭക്ഷണമെന്ന പേരിൽ രോഗികൾ കഴിച്ചുവരുന്ന ഗോതമ്പിനേക്കാളും ഓട്സിനേക്കാളുമെല്ലാം അനുയോജ്യം ചക്കതന്നെ എന്ന് തിരുവനന്തപുരത്ത് ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ നടത്തിയ യോഗത്തിൽ ഡോ.പദ്മകുമാർ പറഞ്ഞത് കേരളത്തെ സംബന്ധിച്ച് ആശാവഹമാണ്.

ചക്ക ആരോഗ്യദായകമായ ഭക്ഷണം എന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും, പുതുതലമുറ ഇതിനോട് അകലം പാലിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമെന്ന ദുഷ്‌പേരുള്ള കേരളത്തെ അതിൽനിന്നു മോചിപ്പിക്കാൻ ചക്കയ്ക്കും ഒരു പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നതെങ്കിൽ അതെന്തുകൊണ്ട് കുട്ടികളിലേക്കു പകർന്നുകൂടാ. ചക്ക സദ്യകളിലൂടെയും മറ്റുംസ്‌കൂളുകൾ വഴി അവബോധം സൃഷ്ടിക്കാവുന്നതേയുള്ളൂ.

മൂല്യവർദ്ധിത

ഉത്പന്നങ്ങൾ

സീസണൽ ഭക്ഷ്യവിളയായ ചക്ക സംഭരിച്ച് ശീതീകരണിയിൽ സൂക്ഷിക്കുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി ആഭ്യന്തര​, വിദേശ വിപണികളിൽ എത്തിക്കുന്നതിനും കർഷകരെ സഹായിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനും സഹായിക്കാനാകും.

വേണ്ടവിധം കണ്ടറിഞ്ഞ് ഉപയോഗിച്ചാൽ ചക്ക കേരളത്തിന് പ്രധാന വരുമാന സ്രോതസാകുമെന്നതിൽ സംശയം വേണ്ട. നമ്മുടെ തനതായ പ്ലാവിനങ്ങളുടെ കൃഷി വ്യാപനത്തിനും പദ്ധതി വേണം.

അമ്പരപ്പിക്കും കണക്ക്

നമ്മൾ വെറുതെ കളയുന്ന ചക്കയുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. പ്രതിവർഷം 14.3 ലക്ഷം ടൺചക്ക കേരളത്തിൽ വിളയുന്നുവെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അതിൽ ഇവിടെ ഉപയോഗിക്കുന്നത് കഷ്ടിച്ച് രണ്ടുലക്ഷം ടൺ മാത്രം. പാഴാക്കിക്കളയുന്ന ചക്കയ്ക്ക് കിലോയ്ക്ക് 10 രൂപ പ്രകാരം കണക്കാക്കിയാൽ ഒരു വർഷം നമ്മുടെ വരുമാനനഷ്ടം ഏകദേശം 1200 കോടി എന്നു കണക്കാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JACKFRUIT DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY