
2023ലെ കടുത്ത ജലക്ഷാമത്തിലും ലോഡ് ഷെഡിംഗ് എന്ന വാക്ക് കേൾക്കാതെ കേരളത്തെ നയിച്ച കെ.എസ്.ഇ.ബി.ക്ക്, 2026ൽ ജലസംഭരണത്തിൽ വലിയ കുറവില്ലാത്ത സാഹചര്യത്തിൽപ്പോലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത് സർക്കാരിന്റെ ഭരണപരമായ പരാജയത്തിന്റെ നേർചിത്രമാണ്.2026 ജൂലായ് 17ലെ കണക്കുകൾ പ്രകാരം ജലാശയങ്ങളിൽ 28.39% വെള്ളമുണ്ടായിരുന്നു. 2023നെ അപേക്ഷിച്ച് കൂടുതൽ ഉത്പാദന സാദ്ധ്യത ഉണ്ടായിട്ടും ഇന്ന് കേരളം ഇരുട്ടിലാകുന്നു എന്നത് ആസൂത്രണത്തിലെ ഗുരുതര പാളിച്ചകളെയാണ് കാണിക്കുന്നത്.
ആസൂത്രണത്തിലെ വീഴ്ച
2023ൽ കേരളം കടുത്ത ജലക്ഷാമവും കുറഞ്ഞ ജലവൈദ്യുതി ഉത്പാദനവും നേരിട്ടിരുന്നു.മേയ് 10ന് 465 മെഗാവാട്ട് ശേഷിയുള്ള ദീർഘകാല ഡി.ബി.എഫ്.ഒ. ഒ വൈദ്യുതി വാങ്ങൽ കരാറുകൾക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നിഷേധിച്ചതോടെ കെ.എസ്.ഇ.ബി.ക്ക് തുറന്ന വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നു. എന്നിട്ടും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പാക്കേണ്ടിവന്നില്ല. ഡേ-അഹെഡ് മാർക്കറ്റ്, റിയൽ ടൈം മാർക്കറ്റ്, ടൈം അഹെഡ് മാർക്കറ്റ് എന്നിവയിൽ നിന്ന് ആവശ്യമായ വൈദ്യുതി വാങ്ങിയും മറ്റുമാണ് വൈദ്യുതി വിതരണം നിലനിറുത്തിയത്.
2026ൽ മഴക്കുറവിനെക്കുറിച്ച് ലോക കാലാവസ്ഥാ സംഘടനയും അമേരിക്കൻ എൻ.ഒ.എ.എയും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പും മാസങ്ങൾക്കു മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എൽനിനോയും അതുമൂലമുള്ള മഴക്കുറവും അപ്രതീക്ഷിത സംഭവമായിരുന്നില്ല. അതിനാൽ ജൂൺ മാസത്തിലെ ജലലഭ്യത കുറയാനുള്ള സാദ്ധ്യത കണക്കാക്കി ആവശ്യമായ വൈദ്യുതി വാങ്ങൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
2026 ഏപ്രിൽ 27ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 118.26 ദശലക്ഷം യൂണിറ്റും പീക്ക് ലോഡ് 6033 മെഗാവാട്ടും ആയിരുന്നിട്ടും ലോഡ് ഷെഡിംഗ് ഉണ്ടായില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം,ജൂലായ് 16ന് ഉപഭോഗം 91.78 ദശലക്ഷം യൂണിറ്റിലേക്കും പീക്ക് ലോഡ് 4443 മെഗാവാട്ടിലേക്കും കുറഞ്ഞു. എന്നിട്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പീക്ക് ലോഡ് ആവശ്യകത ഗണ്യമായി കുറഞ്ഞിട്ടും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വന്നത് ഭരണകൂടത്തിന്റെ പരാജയമാണ്.
മുൻസർക്കാരിന്റെ
ദീർഘവീക്ഷണം
വൈദ്യുതി മേഖലയിൽ കേരളം ദീർഘകാല സുരക്ഷ ഉറപ്പാക്കിയത് എൽ.ഡി.എഫ് ഭരണകാലത്ത് ഒപ്പുവച്ച കരാറുകളിലൂടെയാണ്. പീക്ക് സമയങ്ങളിൽ പോലും വളരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉറപ്പാക്കുന്ന ഇത്തരം കരാറുകൾക്ക് വൻ പ്രചാരണം നൽകി സ്വന്തം നേട്ടമായി യു.ഡി.എഫ് സർക്കാർ കൊട്ടിഘോഷിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്.
എസ്.ഇ.സി.ഐ 500 എം.ഡബ്ല്യു കരാർ: 2024 സെപ്റ്റംബർ 12ന് ഒപ്പുവച്ച ഈ കരാർ വഴി പകൽ സൗരോർജവും വൈകിട്ടത്തെ പീക്ക് സമയത്ത് ബാറ്ററി സ്റ്റോറേജ് വഴി 250 എം.ഡബ്ല്യു വൈദ്യുതിയും ലഭ്യമാകും. യൂണിറ്റിന് 3.49 എന്ന കുറഞ്ഞ നിരക്കിൽ പീക്ക് സമയത്തെ വൈദ്യുതി ലഭ്യമാക്കുന്ന ഈ പദ്ധതി ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
2.93 നിരക്കിലെ 200 എം.ഡബ്ല്യു സോളാർ ആന്റ് 100 എം.ഡബ്ല്യു/400 എം.ഡബ്ല്യു.എച്ച് ബി.ഇ.എസ്.എസ് കരാർ:ഈ പദ്ധതിയുടെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയത് എൽ.ഡി.എഫ് ഭരണകാലത്താണ്. റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരത്തിനായി സമർപ്പിച്ച ഈ പദ്ധതിയെ യു.ഡി.എഫ് സർക്കാർ തങ്ങളുടെ നേട്ടമായി അവകാശപ്പെടുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. നിർമ്മാണം പൂർത്തിയാക്കി വൈദ്യുതി ലഭ്യമാകാൻ 2027ന്റെ അവസാനം വരെ കാത്തിരിക്കണം.
അടിയന്തര ഇടപെടൽ വേണം
ദീർഘകാല പദ്ധതികൾ പൂർത്തിയാകുന്നതുവരെ വർത്തമാനകാലത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഉപഭോക്താക്കളെ വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. സുതാര്യമായ ഭരണവും ജനങ്ങൾക്ക് തടസമില്ലാത്ത വൈദ്യുതിയും ഉറപ്പാക്കാൻ സർക്കാർ ഇനിയെങ്കിലും മുന്നിട്ടിറങ്ങണം.രാഷ്ട്രീയ വിശദീകരണങ്ങളല്ല, മറിച്ച് വ്യക്തമായ ആസൂത്രണവും അടിയന്തര വൈദ്യുതി വാങ്ങൽ നടപടികളുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
എൽ.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത ബൃഹദ് പദ്ധതികൾ
(പദ്ധതിയുടെ പേര് - ശേഷി (പവർ/എനർജി) - നിലവിലെ അവസ്ഥ എന്നീ ക്രമത്തിൽ)
മൈലാട്ടി ബി.ഇ.എസ്.എസ് - 125 MW / 500 MWh - 2026 ഫെബ്രുവരിയിൽ തറക്കല്ലിടൽ
ശ്രീകണ്ഠാപുരം - 40 MW / 160 MWh - 2025 ജൂലായിൽ കരാർ ഒപ്പുവച്ചു
മുള്ളേരിയ - 15 MW/60 MWh - 2025 ജൂലായിൽ കരാർ ഒപ്പുവച്ചു
അരീക്കോട് - 30 MW / 120 MWh - 2025 ജൂലായിൽ കരാർ ഒപ്പുവച്ചു
പോത്തൻകോട് - 40 MW / 160 MWh - 2025 ജൂലായിൽ കരാർ ഒപ്പുവച്ചു
ബ്രഹ്മപുരം - 250 MW / 500 MWh - നടപടികൾ പുരോഗമിക്കുന്നു
( ലേഖകൻ സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് മുൻ മന്ത്രിയാണ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |