
80 സീറ്റുകളിൽ ബി.ജെ.പി - ബി.ഡി.ജെ.എസ് കൂട്ടുകെട്ട് നിർണായക ശക്തി
ഈഴവ ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. ഈ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃത്വം
തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 'കേരളകൗമുദി"ക്കു നൽകിയ അഭിമുഖത്തിന്റെ
പ്രസക്തഭാഗങ്ങൾ:
? അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണോ? കോൺഗ്രസിലെ മുഖ്യമന്ത്രി
തർക്കമാണ് ഇപ്പോൾ ചർച്ച. ഇത് കോൺഗ്രസിനെ എവിടെയെത്തിക്കും?
യു.ഡി.എഫ് ഭരണത്തിലേക്കു വരാൻ തടസം, ആര് മുഖ്യമന്ത്രിയാകുമെന്ന പ്രശ്നമൊന്നുമല്ല. എന്നാൽ, പ്രശ്നമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ അതുല്യമായ വിജയം 2019-ലും ഇപ്പോൾ 2024-ലും ആവർത്തിച്ചു. ഇതു രണ്ടും കാണിക്കുന്നത് യു.ഡി.എഫ് കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന ഘടകം തന്നെയാണെന്നാണ്. ജനങ്ങൾക്ക് യു.ഡി.എഫിനോട് വിരോധമൊന്നുമില്ല. അപ്പോൾ യു.ഡി.എഫിന് പ്രസക്തിയുണ്ട്.
പക്ഷേ, ഞാൻ ഈ കേരള രാഷ്ട്രീയത്തെ ഇപ്പോൾ രണ്ടായിട്ടാണ് കാണുന്നത്. ഒന്ന് ഭാരതപ്പുഴ വരെയുള്ള, അല്ലെങ്കിൽ പാലക്കാട് മുതൽ വടക്കോട്ട്. പിന്നെ, തൃശൂർ മുതൽ തെക്കോട്ട്. പഴയ തിരു- കൊച്ചി പ്രദേശത്ത് 80 നിയമസഭാ സീറ്റുകളാണ്. ബാക്കി അറുപത്. ഈ 80 സീറ്റുകളിൽ ബി.ജെ.പി- ബി.ഡി.ജെ.എസ് കൂട്ടുകെട്ട് ഒരു നിർണായക ശക്തിയാണ്. കേരളം മുഴുവൻ എടുത്തിട്ട് കാര്യമില്ല. ബി.ഡി.ജെ.എസ് കൂട്ടുകെട്ടിന് മലപ്പുറത്തു കിട്ടിയ വോട്ടൊന്നും കൗണ്ടബിൾ അല്ല. ഇവിടെ അതല്ല. കുന്ദംകുളം തന്നെയെടുത്താൽ, 2006-ൽ ബി.ജെ.പിക്ക് 6000 വോട്ട് ആയിരുന്നു. 2011-ൽ 10,000 ആയി. 2016-ൽ 30,000 ആയി ഉയർന്നു . ബി.ഡി.ജെ.എസ് വന്നതിനു ശേഷമാണിത് . അപ്പോൾ ബി.ഡി.ജെ.എസ്-എസ്.എൻ.ഡി.പി ഐക്യത്തിന്റെ പ്രാധാന്യം അർഹിക്കുന്ന ഗൗരവത്തോടെ ബി.ജെ.പിയെ എതിർക്കുന്നവർ എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്.
ബി.ജെ.പിയുടെ വളർച്ചയിൽ കിട്ടുന്ന നൂറു വോട്ടിൽ, ഒരു മുപ്പത് വോട്ട് ഈ ഐക്യത്തിനു ശേഷം കിട്ടുന്നതാണ്. വമ്പിച്ച കുതിച്ചുചാട്ടമുണ്ടായി. തൃശൂർ ജില്ലയിലെ ഓരോ അസംബ്ലി മണ്ഡലം എടുത്താൽ ഇരിങ്ങാലക്കുട, കുന്ദംകുളം, പുതുക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ 40 ശതമാനത്തോളം ഈഴവരാണ്. അവിടുത്തെ എസ്.എൻ.ഡി.പി ഏതാണ്ടൊരു ബൂത്തിന് സമാനമാണ്.
? സി.പി.എമ്മിന്റെ ബേസ് വോട്ടുകളുടെ ഭാഗമായിരുന്നല്ലോ ഈഴവ സമുദായം; ഇപ്പോഴും ആണ്. വോട്ടു ചോർച്ച ഉണ്ടായപ്പോൾ ആ വോട്ടുകൾ കോൺഗ്രസിനു കിട്ടിയില്ല, ബി.ജെ.പിയ്ക്കു കിട്ടിയോ.
അതിൽ നിന്നു മാത്രമല്ല ചോർച്ച. അതാണ് വ്യത്യാസം. നമ്മുടെ ഒരു തെറ്റായ ധാരണയാണ്. ഈഴവ സമുദായം നൂറുശതമാനവും സി.പി.എം ഒന്നുമല്ല. പേരുകൾ പറയുമ്പോൾ മനസിലാകുമല്ലോ, ആർ. ശങ്കർ,
കെ.കെ. വിശ്വനാഥൻ. ഈഴവ കമ്മ്യൂണിറ്റിയുടെ ഗണ്യമായ പിന്തുണ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുണ്ട്. സി. കേശവൻ എന്ന മുഖ്യമന്ത്രിയെ സംഭാവന ചെയ്തത്, ആർ. ശങ്കർ എന്ന മുഖ്യമന്ത്രിയെ സംഭാവന ചെയ്തത് കോൺഗ്രസ് അല്ലേ? എന്റെ പോയിന്റ്, കേരളത്തിലെ യു.ഡി.എഫിന് ഗണ്യമായി ഈഴവ വോട്ട് കിട്ടിയിരുന്നു. അതിപ്പോൾ ഇല്ലയെന്നാണ്. അതാണ് വിഷയം.
? ഇപ്പോൾ രണ്ട് എം.പിയും ഒരു എം.എൽ.എയും മാത്രമായി. അത് കോൺഗ്രസ് നേതൃത്വം മനസിലാക്കുന്നുണ്ടോ.
ആ വിഷയം അഡ്രസ് ചെയ്യണമെന്നാണ് സി.എം.പിയുടെ അഭിപ്രായം. അത് ഇരുട്ടുകൊണ്ട് ഓട്ട അടച്ചിട്ടൊന്നും കാര്യമില്ല. അതിന് എന്താണോ ചെയ്യേണ്ടത് അതു ചെയ്യണം. അതിനു വേണ്ടിയാണ് കെ. കരുണാകരൻ എസ്.ആർ.പി രൂപീകരിച്ചത്. പിന്നെ എ.കെ. ആന്റണി വന്നപ്പോൾ ഗൗരിഅമ്മ പുറത്തുവന്നു. ഗൗരിഅമ്മയും ഷാജുവും മാത്രമേ ഉള്ളൂ ജെ.എസ്.എസിൽ നിന്ന്. എസ്.എൻ.ഡി.പിക്ക് അവർ മൂന്നു സീറ്റ് കൊടുത്തു. അതിൽ നിന്നല്ലേ രാജൻ ബാബു കരുനാഗപ്പള്ളിയിൽ ജയിച്ചത്. നാല് എം.എൽ.എ മാർ ജയിച്ചു.
അന്ന് ഗൗരിഅമ്മ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞു. പഴയ തിരുവിതാംകൂറിൽ നിങ്ങൾക്ക് (സി.പി.എം) ഒന്നും, എനിക്ക് നാലും ആണെന്ന്. ആ യാഥാർത്ഥ്യം 2001 വരെ കൃത്യമായി കരുണാകരനും എ.കെ ആന്റണിയും മനസിലാക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നു. ശേഷമാണ് ബി.ജെ.പിയുടെ വളർച്ച. അമിത് ഷാ ആണെന്നാണ് മനസിലാക്കുന്നത്; വളരെ കൃത്യമായി ഷാ കേരള രാഷ്ട്രീയം പഠിച്ചു. പണ്ട് സി.എച്ച് കണാരൻ പഠിച്ചു എന്ന് പറയുന്നതു പോലെ! സി.എച്ച് കണാരൻ പറയുമായിരുന്നത്രേ, ഭൂപരിഷ്കരണം നടപ്പിലാക്കണമെങ്കിൽ മുസ്ലീം- ഈഴവ ഐക്യം ഉണ്ടാക്കണമെന്ന്. അവരാണ് ഫീൽഡിൽ നിൽക്കുന്ന കൂട്ടർ. അതിന്റെ ഫലമാണ് 67-ലെ ഗവൺമെന്റ്.
അപ്പോൾ അതുകൊണ്ട് യു.ഡി.എഫിന് ഒരു ആന്തരിക ദൗർബല്യമുണ്ട്. അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാധിക്കുന്നില്ല, പക്ഷേ നിയമസഭാ തിരഞ്ഞടുപ്പിൽ 2006 മുതൽ ബാധിക്കുന്നുണ്ട്. 2006 മുതൽ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രശ്നം പരിഹരിക്കണം. അതാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് ഞാൻ പറയുന്നു. സി.എം.പിയുടെ അഭിപ്രായമാണ് ഇത്. അതിന് എന്തു ചെയ്യണമോ, അതു ചെയ്യണം, അതാണ് എ.ഐ.സി.സിയോട് പറയാനുള്ളത്. അതുപോലെ തന്നെ, കേരള കോൺഗ്രസ് (എം) വിട്ടുപോയത് നമ്മുടെ കയ്യിൽ നിന്നു പറ്റിയ അബദ്ധമായിരുന്നു. കേരള കോൺഗ്രസ് (എം) കൂടെയുണ്ടായിരുന്നെങ്കിൽ യു.ഡി.എഫിന് 78 സീറ്റെങ്കിലും കിട്ടുമായിരുന്നു. അപ്പോൾ ഈ രണ്ട് ആന്തരിക ദൗർബല്യങ്ങൾ യു.ഡി.എഫിനുണ്ട്. അത് തെക്കൻ കേരളത്തിലാണ്; മലബാറിലില്ല.
മലബാറിലെ സി.പി.എമ്മിന്റെ തകർച്ച എന്നു പറഞ്ഞാൽ അവര് പോലും തലയിൽ കൈവച്ചിരിക്കുകയാണ്, എന്താ സംഭവിച്ചതെന്ന്. ധർമ്മടത്തു പോലും തോൽവിയുടെ അടുത്തെത്തി. മട്ടന്നൂർ 65,000 വോട്ടിന് ശൈലജ ടീച്ചർ ജയിച്ചിടത്ത് 2000 വോട്ടിനോ മറ്റോ ആണ് ഭൂരിപക്ഷം. കല്യാശേരി ഒന്നും കൂടി ഉത്സാഹിച്ചിരുന്നേൽ തോറ്റുപോകുമായിരുന്നു. തളിപ്പറമ്പിൽ തോറ്റു കഴിഞ്ഞു. അപ്പോൾ മലബാറിൽ സി.പി.എമ്മിന്റെ അടിത്തറ തകർന്നു. പണ്ട് തോൽക്കാറുണ്ടെങ്കിലും അടിത്തറ തകരാറില്ലായിരുന്നു.
? ബേസ് വോട്ടുകൾ പോയെന്ന് അവർ സമ്മതിക്കുന്നുണ്ട്.
ബേസ് വോട്ടുകൾ ഒലിച്ചുപോയി.
? അടുത്ത തവണ യു.ഡി.എഫ് അധികാരത്തിൽ വരുമോ.
അധികാരത്തിൽ എത്തണമെങ്കിൽ നല്ലവണ്ണം ഹോംവർക്ക് ചെയ്യണം.
? താങ്കൾ യു.ഡി.എഫിലേക്കു വന്നിട്ടും ജയിക്കുന്ന സീറ്റ് നൽകുകയോ, ഒരു എം.എൽ.എ ആക്കാനുള്ള ശ്രമങ്ങളോ
യു.ഡി.എഫിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല...
പൂർണമായി ഇല്ലെന്നു പറയാൻ പറ്റില്ല. ഞാൻ അത് പ്രിഫർ ചെയ്യാത്ത പ്രശ്നവുമുണ്ട്. എം.വി.ആറിനെ ജയിപ്പിക്കുക എന്നൊരു ദൗത്യമാണ് പാർട്ടിക്ക് അന്നുണ്ടായിരുന്നത്. അപ്പോൾ, അതിനു കീഴ്പ്പെട്ടുകൊണ്ടാണ് അന്നത്തെ എന്റെ മത്സരമൊക്കെ.
? അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ.
മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. 2011-ൽ ഞാൻ 480 വോട്ടിനല്ലേ എന്റെ നാട്ടിൽ പരാജയപ്പെട്ടത്. യു.ഡി.എഫ് അങ്ങനെ അവഗണിച്ചു എന്നൊന്നും പറയാൻ പറ്റില്ല. രണ്ടു തവണ ഞാൻ പ്ലാനിംഗ് ബോർഡിൽ മെമ്പർ ആയിരുന്നു. കഴിഞ്ഞ തവണയും സീറ്റ് തന്നു. ഞാൻ എന്റെ പാർട്ടിയിലെ വിജയകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് വാശിപിടിച്ചിട്ടാണ് നെന്മാറയിൽ നിറുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |