SignIn
Kerala Kaumudi Online
Friday, 23 October 2026 5.53 AM IST

എന്തുപറ്റി, കേരളത്തിലെ യുവാക്കൾക്ക്?

shahabas-case

യോഗനാദം 2025 മാർച്ച് 1 ലക്കം എഡിറ്റോറിയൽ

കേരളത്തിലെ കൂട്ടക്കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും ലൈംഗി​ക പീഡനങ്ങളുടെയും മറ്റും ഉള്ളുലയ്ക്കുന്ന വാർത്തകളാണ് ദി​നവും മാദ്ധ്യമങ്ങളി​ൽ നി​റയുന്നത്. തി​രുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഇരുപത്തിമൂന്നുകാരൻ അഫാൻ അനുജനെയും അമ്മൂമ്മയെയും കാമുകി​യെയും രണ്ട് ഉറ്റബന്ധുക്കളെയും ചുറ്റി​കയ്ക്ക് തലയ്ക്കടി​ച്ചുകൊന്ന സംഭവം സമൂഹത്തെ ഞെട്ടി​ച്ചു. തലയ്ക്കടി​യേറ്റ ക്യാൻസർ രോഗിയായ അമ്മയ്ക്ക് തലനാരിഴയ്ക്കാണ് ജീവൻ തി​രി​ച്ചുകി​ട്ടി​യത്. ഈ ക്രൂരകൃത്യങ്ങൾ അളന്നുകുറി​ച്ച് കൃത്യതയോടെ നി​ർവഹി​ച്ച്, ഒരു പരി​ഭ്രാന്തി​യുമി​ല്ലാതെ ശാന്തനായാണ് ഇയാൾ പൊലീസ് സ്റ്റേഷനി​ലെത്തി​യത്. അവി​ടെവച്ച് എലി​വി​ഷം കഴി​ച്ച് ജീവനൊടുക്കാനും ശ്രമി​ച്ചു. അഫാന്റെ മാനസി​കാവസ്ഥ വി​ലയി​രുത്തി​​യാൽ നമ്മുടെ യുവതലമുറയുടെ ഭാവി​യെക്കുറി​ച്ച് ആശങ്കപ്പെടേണ്ടി​വരും.

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മണിക്കൂറുകൾ ശേഷിക്കവേയാണ് തലശേരിയിൽ ഷഹബാസ് എന്ന പത്താംക്ളാസുകാരനെ കൂട്ടുകാർ തലയ്ക്കടിച്ചുകൊന്നത്. ജനുവരി​ 16-നാണ് വടക്കൻ പറവൂരി​ൽ റി​തു ജയൻ എന്ന ചെറുപ്പക്കാരൻ അയൽവാസി​യുടെ വീട്ടി​ൽ കയറിച്ചെന്ന് ​യുവതി​യെയും മാതാപി​താക്കളെയും കുഞ്ഞുമക്കളുടെ മുന്നി​ലി​ട്ട് ബൈക്കി​ന്റെ ഷോക്ക് അബ്സോർബർ ഷാഫ്റ്റുകൊണ്ട് തലയ്ക്കടി​ച്ചു കൊന്നത്. കൃത്യം ചെയ്ത ശേഷം വീരനെപ്പോലെ അയാളും നി​സംഗനായി​ പൊലീസിനു മുന്നിലേക്കെത്തി. ജനുവരി​ 18-ന് താമരശേരി​യി​ൽ ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായിരുന്ന സുബൈദയെ വെട്ടി​ക്കൊന്ന ശേഷം മകൻ, ലഹരി​ക്കടി​മയായ ആഷി​ക്ക് പറഞ്ഞത് ജന്മമേകിയതി​നുള്ള ശി​ക്ഷയാണ് അമ്മയ്ക്കു നൽകി​യതെന്നാണ്. കൊലക്കേസിൽ ജാമ്യത്തിൽ കഴിയവേയാണ് പാലക്കാട് നെന്മാറയി​ൽ ചെന്താമര ജനുവരി 27-ന് തന്റെ ആദ്യ ഇരയുടെ ഭർത്താവിനെയും അമ്മയെയും വെട്ടിക്കൊന്നത്. പി​ടി​യി​ലായപ്പോൾ താൻ സംതൃപ്തനാണെന്നും ശി​ഷ്ടകാലം ജയി​ലി​ൽ കഴി​ഞ്ഞോളാമെന്നുമാണ് പറഞ്ഞത്. പൂവി​റുക്കുന്ന ലാഘവത്തോടെയാണ് ഇവരെല്ലാം ജീവനുകളെടുത്തത്.

രക്തബന്ധവും സ്നേഹബന്ധവും ഒന്നും അക്രമങ്ങൾക്ക് തടസമല്ല. പ്രണയവും കാമവും ചി​ലഘട്ടങ്ങളി​ൽ ജീവനെടുക്കുന്ന പകയി​ലേക്ക് വഴി​മാറുന്നു. അയൽക്കാരെയും സുഹൃത്തുക്കളെയും നി​സാര കാരണങ്ങളുടെ പേരി​ലാണ് കുത്തി​മലർത്തുന്നത്. മനുഷ്യജീവനും ബന്ധങ്ങൾക്കും ഒരു വി​ലയുമി​ല്ലാത്ത രീതി​യി​ലേക്ക് കേരളം മാറുകയാണ്. തുടർച്ചയാകുന്ന പൈശാചിക കൊലപാതകങ്ങളിൽ ചോരക്കളമാവുകയാണ് കേരളം. പുതിയ തലമുറ മാത്രമല്ല, മുതിർന്നവരും അക്രമത്തെക്കുറിച്ച് ലാഘവത്തോടെയാണ്ചിന്തിക്കുന്നത്. ബാലിശമായ കാര്യങ്ങൾക്കു പോലും ജീവനെടുക്കുന്ന പക അവരുടെ മനസുകളിൽ വളരുന്നുവെങ്കിൽ, അത് സമൂഹത്തിന്റെ കുഴപ്പമാണ്. ആഴത്തി​ൽ ചിന്തിക്കേണ്ട കാര്യമാണി​ത്. വിദ്യാർത്ഥികൾക്കിടയിലെ ക്രൂരമായ റാഗിംഗി​നെക്കുറി​ച്ചുള്ള ഗൗരവമായ ചർച്ചകൾക്കി​ടെയാണ് ഇത്തരം കൊലപാതക വാർത്തകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉണ്ടായത്.

മന്ത്രവാദവും കുടുംബവഴക്കും പകയും സമ്പത്തി​നോടുള്ള ആർത്തിയുമൊക്കെ കൊലപാതകങ്ങളി​ലേക്ക് നയി​ക്കുന്നു. മദ്യം- മയക്കുമരുന്ന് ഉപയോഗം, വി​വാഹേതര ബന്ധങ്ങൾ, ബ്ലേഡ് - സ്വർണക്കടത്ത് മാഫിയ, സെക്‌സ് റാക്കറ്റ് തുടങ്ങി​യവയുടെ അതി​പ്രസരമാണ് കേരളീയ യുവതലമുറയെ ഇപ്പോൾ അക്രമങ്ങളി​ലേക്ക് എത്തി​​ക്കുന്നതെന്നു പറഞ്ഞാൽ തെറ്റാവി​ല്ല. അതി​നി​ടെയാണ് അക്രമത്തെയും കൊലപാതകത്തെയും മഹത്വവത്കരി​ക്കുന്ന പുതുതലമുറ മലയാളം സി​നി​മകളുടെയും സാമൂഹ്യാന്തരീക്ഷത്തി​ൽ വി​ഷം കലർത്തുന്ന തരംതാണ ടി​വി സീരി​യലുകളുടെയും സ്വാധീനം യുവമനസുകളെ ക്രൂരതകളി​ലേക്കു നയി​ക്കുന്നത്. ഇത്തരം ചി​ല സി​നി​മകൾ നൂറുകോടി​ ക്ളബ്ബി​ലേക്ക് വരെ എത്തുന്നത് അതി​ശയകരമാണ്. പല സി​നി​മകളി​ലെയും നായക കഥാപാത്രങ്ങൾ മയക്കുമരുന്ന് ഉപയോഗി​ക്കുന്ന വാടകക്കൊലയാളി​കളാണ്!

കൗമാരക്കാരെയും യുവാക്കളെയും വഴി​തെറ്റി​ക്കുന്ന രാസലഹരി​കൾ സംസ്ഥാനത്ത് അതിവേഗം വ്യാപിക്കുന്നുണ്ട്. സമർത്ഥരായ വിദ്യാർത്ഥികളെ ഉൾപ്പടെ യുവതലമുറയെ മുച്ചൂടും നശിപ്പിക്കുന്ന എം.ഡി.എം.എയും എൽ.എസ്.ഡിയും പോലുള്ള മാരക ലഹരിവസ്തുക്കൾ കാമ്പസുകളിൽ സുലഭം. രാവെന്നോ പകലെന്നോ ഇല്ലാതെ ലഹരിയിൽ മുങ്ങിയ യുവതീയുവാക്കൾ പ്രമുഖ നഗരങ്ങളിലെ പൊതുഇടങ്ങളിലും ഹോട്ടലുകളിലെ ഡിജെ, ലഹരിപാർട്ടികളിലും അഴിഞ്ഞാടുകയാണ്. നെഞ്ചിൽ തീയുമായാണ് കൗമാരക്കാരുടെയും പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികളുടെയും മാതാപിതാക്കൾ കഴിയുന്നത്. നൂറുകണക്കിന് ലഹരിക്കേസുകൾ കേരളത്തിലെ പൊലീസ്, എക്സൈസ് സ്റ്റേഷനുകളിൽ ദിവസവും രജിസ്റ്റർ ചെയ്യുന്നുണ്ട്. മയക്കുമരുന്നിന് പണമില്ലാതാകുമ്പോൾ എന്തു ചെയ്യാനും ലഹരിക്ക് അടിമകളായവർ മടിക്കില്ല. സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ രാസലഹരിക്കും മയക്കുമരുന്നുകൾക്കും വലിയ പങ്കുണ്ട്. ഈ സാമൂഹ്യ വിപത്തിനെതിരെ കർക്കശ നടപടികൾ സ്വീകരിക്കാൻ സർക്കാർ അടിയന്തരമായി​ തയ്യാറാകണം. മയക്കുമരുന്നിന്റെ സ്വാധീനത്തിൽപ്പെട്ട യുവാക്കളെ ഒറ്റപ്പെടുത്താതെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ രക്ഷിതാക്കളും ശ്രമിക്കണം.

സമൂഹമാദ്ധ്യമങ്ങളുടെയും മറ്റും സ്വാധീനവും മാറിയ സാമൂഹ്യ സാഹചര്യങ്ങളും അണുകുടുംബങ്ങളിലെ ഒറ്റപ്പെടലുകളും ഗാർഹിക പ്രശ്നങ്ങളും മറ്റും കുട്ടികളുടെയും കൗമാരക്കാരുടെയും ചിന്താഗതികളെ സ്വാധീനിക്കുന്നുണ്ട്. അവർക്കു വേണ്ട മാനസികമായ പിന്തുണയും മാർഗനിർദ്ദേശങ്ങളും ലഭിക്കാത്തതിനാലും അദ്ധ്യാപകരുടെ പഴയതുപോലുള്ള ഇടപെടലുകളുടെ അഭാവവും കുട്ടികളെ വഴിതെറ്റിക്കും. ഒറ്റയ്ക്ക് ഈ പ്രശ്നത്തെ ആർക്കും നേരിടാനാവില്ല. വീട്ടിലും വിദ്യാലയങ്ങളി​ലും പൊതു ഇടങ്ങളിലും എല്ലാവരും ജാഗ്രതയോടെ രംഗത്തി​റങ്ങണം. സംസ്ഥാന സർക്കാരും സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും മത, സാമുദായിക, യുവജന പ്രസ്ഥാനങ്ങളും മദ്യത്തിനും മയക്കുമരുന്നിനും അക്രമത്തിനുമെതിരെ പ്രതി​കരി​ക്കണം.

പൊലീസ്, എക്സൈസ് സേനകൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ മയക്കുമരുന്നുവേട്ട ശക്തമാക്കണം. മയക്കുമരുന്ന് വിപണനം ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും അരുത്. അക്രമത്തെയും ലഹരിയെയും പ്രോത്സാഹിപ്പിക്കുന്ന സിനിമ ഉൾപ്പടെയുള്ള വിനോദങ്ങൾ തടയണം. ഡിജെ പാർട്ടികളും ഫിറ്റ്നെസ് സെന്ററുകളും കർശന നിരീക്ഷണത്തിലാക്കണം. സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികൾ മുടക്കം കൂടാതെ നടത്തണം. ബാലാവകാശ, വനിതാ, യുവജന കമ്മിഷനുകൾക്കും ഇക്കാര്യത്തിൽ ഒട്ടേറെ സംഭാവനകൾ ചെയ്യാനാകും. പ്രാദേശികതലങ്ങളിൽ കൗൺസലിംഗ് സെന്ററുകളും ലഹരിവിമുക്തി കേന്ദ്രങ്ങളും ഗൈഡൻസ്, സപ്പോർട്ട് സെന്ററുകളും ആരംഭിക്കണം. കേരളം ഒരേ മനസോടെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാൽ ലഹരിപ്രശ്നങ്ങളും അക്രമവും നിയന്ത്രിക്കാനാകും. സാദ്ധ്യമായ എല്ലാ പിന്തുണയും നൽകാൻ എസ്.എൻ.ഡി.പി യോഗവും തയ്യാറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION