
കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ, പിണറായി വിജയൻ സഖാവല്ലേ... അല്പമൊന്ന് ബഹുമാനിച്ചേക്കാമെന്ന് മാത്രമാവും, മുൻ പ്രതിപക്ഷനേതാവു കൂടിയായ പാവം രമേശ് ചെന്നിത്തല കരുതിയത്. അതുകൊണ്ടാണ് അടിയന്തര പ്രമേയ ഉപക്ഷേപം അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ, പുട്ടിനി പീരയിടും പോലെ ഇടയ്ക്കിടെ 'മിസ്റ്രർ ചീഫ് മിനിസ്റ്റർ" എന്ന പ്രയോഗം അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നത്. അല്ലാതെ, ജൂലിയസ് സീസർ എന്ന വിഖ്യാത നാടകത്തിലെ മാർക്ക് ആന്റണിയുടെ പ്രസംഗമൊന്നും മനസിൽ ഓർത്തിട്ടല്ല. അങ്ങനെയുള്ള ദുഷ്ടബുദ്ധിയൊന്നും ചെന്നിത്തലയ്ക്കില്ല. പക്ഷെ ചെന്നിത്തലയുടെ മനസിന്റെ നൈർമല്യം മുഖ്യമന്ത്രി കാണാതെ പോയി. അതുകൊണ്ടാണല്ലോ അദ്ദേഹം ഇടയ്ക്ക് ക്ഷുഭിതനായത്.
വിഷയം 'ലഹരിവ്യാപന" മായതിനാൽ ചർച്ചകളിലും അതിന്റെ വീര്യമൊക്കെ കാണാനായി.
സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണെന്നും ഇപ്പോൾ രാസലഹരിയാണെന്നും മറ്റും പറഞ്ഞു തുടങ്ങിയ ചെന്നിത്തല, ഒമ്പതുവർഷത്തെ ഭരണത്തെക്കുറിച്ച് പറഞ്ഞാണ് 'മിസ്റ്റർ ചീഫ് മിനിസ്റ്റർ" പ്രയോഗം ആദ്യം നടത്തിയത്. പിന്നീട് നിശ്ചിത ഇടവേളകളിൽ കൃത്യമായി ഈ പ്രയോഗം ആവർത്തിച്ചുകൊണ്ടിരുന്നപ്പോഴേ, മുഖ്യമന്ത്രിക്ക് ഈർഷ്യയായി. എസ്.എഫ്.ഐ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ പരാമർശിച്ച്, 'മിസ്റ്റർ ചീഫ് മിനിസ്റ്റർ, എന്തു സന്ദേശമാണ് അത് നൽകുന്നതെ"ന്ന് ചോദിച്ചതോടെ മുഖ്യമന്ത്രി എഴുന്നേറ്റു.
'ഇടയ്ക്കിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു വിളിച്ചാൽ പോരാ, നാടിന്റെ പ്രശ്നങ്ങൾ എന്തെന്നറിയണ"മെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതോടെ ട്രഷറി ബെഞ്ചിന് ഉത്സാഹമായി. ഇതിനിടെ, മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷുമൊക്കെ താന്താങ്ങളുടേതായ ന്യായങ്ങളും നിരത്തി. അപ്പോൾ ആത്മഗതം പോലെ ചെന്നിത്തലയുടെ വാക്കുകൾ, 'മിസ്റ്രർ ചീഫ് മിനിസ്റ്റർ അൺപാർലമെന്ററിയല്ല" എന്ന്. ഈ ബഹളത്തിനിടെ സ്പീക്കർ എ.എൻ. ഷംസീറും തന്റെ അധികാരം പ്രയോഗിച്ചു, 'ഹെൽത്തി ഡിസ്കഷൻ വേണം, റലവന്റായ ടോപ്പിക്കിലേക്ക് വരണം" എന്ന് സഭയെ ഓർമിപ്പിച്ചു. കിട്ടിയ അവസരം വേണ്ടപോലെ ഉപയോഗിച്ച രമേശ് ചെന്നിത്തല, ടി.പി. വധക്കേസിലെ പ്രതികൾക്ക് പരോൾ വാരിക്കോരി കൊടുത്തതടക്കമുള്ള കാര്യങ്ങൾ നന്നായി വിസ്തരിച്ചു.
വിദ്യാർത്ഥി പ്രസ്ഥാനം വഴി സി.പി.എം മുഖ്യധാരയിലേക്ക് എത്തിയ ആളാണെങ്കിലും കെ.വി. സുമേഷിന് ഇഷ്ടം ഗാന്ധിവചനങ്ങളാണ്. ഒരാൾ ഒറ്റയ്ക്ക് ഓടിയാൽ ജയിക്കില്ലെന്നും മറ്റുള്ളവർ കൂടെ ഓടുന്നതിനാലാണ് ഒരാൾ ജയിക്കുന്നതെന്നും മറ്റും പറഞ്ഞാണ് സുമേഷ് തുടങ്ങിയത്. എല്ലാവർക്കും ജയിക്കണമെന്ന ചിന്തയാണ് ഇപ്പോഴത്തെ സർവ കുഴപ്പങ്ങൾക്കും കാരണമെന്നും അദ്ദേഹം സമർത്ഥിച്ചു. ഇതിനിടെ മുൻമന്ത്രി കൂടിയായ കെ.പി. മോഹനൻ എന്തോ പറയാൻ എഴുന്നേറ്റു. പക്ഷെ അദ്ദേഹത്തിന്റെ ദൃഷ്ടി, സുമേഷിലേക്കായത് സ്പീക്കർ ശ്രദ്ധിച്ചു. 'അവിടെ നോക്കിയാൽ മൈക്ക് കിട്ടില്ലെന്നു" പറഞ്ഞ് സഭാരീതി ഓർമപ്പെടുത്തി മോഹനന് മൈക്ക് അനുവദിച്ചു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു വിളിച്ച ചെന്നിത്തലയ്ക്ക് കരുത്തുറ്റ പിന്തുണയുമായി എത്തിയ റോജി എം. ജോൺ, വാഴ്ത്തുപാട്ട് എഴുതാനും മംഗളപത്രം കൊടുക്കാനുമല്ല തങ്ങൾ ഇവിടെ ഇരിക്കുന്നതെന്ന് ഭരണപക്ഷത്തെ ഓർമിപ്പിച്ചു.
ജലീലിന്റെ ഊഴമെത്തി. വിദ്യാർത്ഥി സംഘടനാരംഗത്ത് പ്രവർത്തിക്കുകയും ഒരു വ്യാഴവട്ടത്തിലേറെ കോളേജ് അദ്ധ്യാപകനായിരിക്കുകയും ചെയ്ത അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിട്ടതിലുള്ള അമർഷം മറച്ചുവച്ചില്ല. കത്തിക്കയറിയ ജലീൽ അവസാനം കുന്തമുന പാവം ചെന്നിത്തലയ്ക്കു നേരെ തിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ടി.പി. വധക്കേസ് പ്രതികൾക്ക് ആദ്യം പരോൾ അനുവദിച്ചത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണെന്ന് പറഞ്ഞപ്പോൾ, ചെന്നിത്തലയും ഒന്നു പകച്ചുകാണും. ലഹരി വ്യാപനം തടയാൻ മൈക്കുവച്ച് സെമിനാർ നടത്തിയാൽ പോരെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഉപദേശം. കുറ്റകൃത്യങ്ങൾക്ക് പൊളിറ്റിക്കൽ പേട്രണേജ് കൊടുക്കരുതെന്ന് അഭ്യർത്ഥിച്ച സതീശൻ, 'എടോ ഗോപാലകൃഷ്ണാ" എന്ന പഴയ പ്രയോഗം ഓർമ്മപ്പെടുത്തിയത്, 'ചീഫ് മിനിസ്റ്റർ" സംബോധനയിൽ മുഖ്യമന്ത്രി കാട്ടിയ നീരസത്തിന് മറുപടിയായിട്ടാണ്.
കുട്ടികൾക്ക് മണ്ണിനോടോ പ്രകൃതിയോടോ സഹജാതരോടോ സ്നേഹമുണ്ടാവാത്തതിന് കാരണം മൂന്ന് പെട്ടികളാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. വീട്ടിലെ മുറി എന്ന പെട്ടിയിൽ നിന്ന് സ്കൂൾ ബസ് എന്ന പെട്ടിയിലേക്കും, പിന്നെ ക്ളാസ് മുറി എന്ന പെട്ടിയിലേക്കും കൈമാറ്റം ചെയ്യപ്പെടുകായാണ് ബാല്യമെന്നും അദ്ദേഹം സഹതപിച്ചു. കുട്ടികൾ അഭിമുഖീകരിക്കുന്ന വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ഒരു താത്വിക അവലോകനവും നടത്തി. 'തുറന്ന വിപണിയുടെ എല്ലാവിധ സൗകര്യങ്ങളും സാദ്ധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് നമ്മുടെ പുതിയ തലമുറ ഇവിടെ വളരുന്നത്. കമ്പോളം നിശ്ചയിക്കുന്ന ഒരു മദ്ധ്യവർഗ ഉപഭോക്തൃ ജീവിതക്രമമാണ് ഇന്ന് പൊതുവിൽ പലരെയും നയിക്കുന്നത്..."
കാക്കികുപ്പായത്തിനുള്ളിൽ കവിഹൃദയമുണ്ട് എന്നു പറയുംപോലെ , കർക്കശക്കാരനെന്ന് തോന്നുമെങ്കിലും നമ്മുടെ മുഖ്യമന്ത്രി ശ്രീനാരായണ ഗുരുവിനെയും പന്തളം കേരളവർമ്മയെയും ഉള്ളൂരിനെയും എന്തിന്, എഴുത്തച്ഛനെയും വരെ ഉദ്ധരിച്ചാണ് ഇന്നലെ തന്റെ മറുപടി പ്രസംഗം സമ്പുഷ്ടമാക്കിയത്. വിദ്യാർത്ഥികൾ 'കൊല്ലുന്നതുമെങ്ങനെ ജീവികളെ" എന്ന ശ്രീനാരായണ ഗുരുവിന്റെ കാവ്യശകലം പഠിക്കണമായിരുന്നു.
'കോപംകൊണ്ടു ശപിക്കരുതാരും" എന്നൊക്കെയുള്ള കാവ്യശകലങ്ങൾക്ക് പുതിയ കാലത്ത് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. 'നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവണം" എന്നും, 'ദുഷ്ടസംസർഗം വരാതെയായീടണം, ശിഷ്ടരായുള്ളവർ തോഴരായീടണം" എന്നും, 'നമുക്കു നാമേ പണിവതു നാകം, നരകവുമതു പോലെ" എന്നുമൊക്കെയുള്ള ഭാഗങ്ങൾ കുട്ടികളെ മനസിലാക്കിക്കമെന്നും അദ്ദേഹം നിർദ്ദേശം പോലെ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |